മുൻ അദ്ധ്യായം: കരിനാഗം
അദ്ധ്യായം 20: വറുതിയുടെ കാലം
പിഴക്കുന്നത് പെണ്ണാന്നെങ്കിൽ, പിന്നെ കുലം മുടിയും. നാട് നശിക്കും. ആകാശം മഴകൊണ്ട് ഭൂമിയെ മുക്കും. കടൽ തിരകൾ ആകാശം മുട്ടും. എല്ലാം... എല്ലാം പെണ്ണ് പിഴച്ചാൽ മാത്രം. ആണുങ്ങൾ പിഴക്കുമ്പോൾ, ഇവിടെ കൊടുങ്കാറ്റടിക്കാറില്ല... ഭൂമി പിളരാറില്ല... കടൽ കരയെ വിഴുങ്ങാറില്ല... നദികൾ കരകവിയാറുമില്ല... അവരെ ആരും പിഴച്ചവരെന്നു വിളിക്കാറുമില്ല...
അദ്ധ്യായം 20: വറുതിയുടെ കാലം
കിരാതമായൊരു ചുടുകാറ്റിൽ പാടങ്ങളിലെ പുൽനാമ്പുകൾ കരിഞ്ഞുണങ്ങി. വയൽ മണ്ണ് പോലെ വിണ്ടു കീറിയ മനസ്സുമായി കർഷകർ പാടങ്ങളിൽ നെടുവീർപ്പോടെ വിണ്ണിലേക്ക് കണ്ണുകൾ പാകി. വേനൽ മഴയുമായൊരു മേഘത്തിൻറെ തുണ്ടെങ്കിലും വരുന്നുണ്ടോ? പ്രതീക്ഷയുടെ വിടർന്ന കണ്ണുകൾക്ക് മുകളിൽ കൈപ്പത്തി ചെരിച്ചു പിടിച്ച്, വിണ്ണിൻറെ അങ്ങേയറ്റത്തേയ്ക്കു നോക്കുന്നവർ, നാഗങ്ങളെ പോലെ സ്വന്തം നെഞ്ചിലെരിയുന്ന ആധിയുടെ അടുപ്പിലേക്ക് ചുരുണ്ടു. അതൊരു വറുതിയുടെ കാലമായിരുന്നു. വസന്തം വരാൻ മറന്നൊരു കാലം.
ഗ്രാമവാസികളിൽ ചിലർ ആളുന്ന മനസ്സുമായി പറഞ്ഞു നടന്നു. ഗ്രാമം നശിക്കാൻ തുടങ്ങിയിരിക്കുന്നു. കാലം വഴിമാറി നടക്കാൻ തുടങ്ങിയിരിക്കുന്നു. പിഴച്ചവർ വാഴുന്ന നാട്ടിൽ ഇതല്ലാതെ വേറെന്ത് വരാൻ. അവരിൽ മിക്കവരുടെയും വിരലുകൾ നീണ്ടു വന്നത് ഞങ്ങളുടെ കൊച്ചു കൂരയ്ക്ക് നേരെയാണ്. അപശകുനത്തിൻറെ കറുത്ത മുദ്രയാണ് അവർക്ക് ഞാനും, എൻറെ കൊച്ചു വീടും.
ഗ്രാമവാസികളിൽ ചിലർ ആളുന്ന മനസ്സുമായി പറഞ്ഞു നടന്നു. ഗ്രാമം നശിക്കാൻ തുടങ്ങിയിരിക്കുന്നു. കാലം വഴിമാറി നടക്കാൻ തുടങ്ങിയിരിക്കുന്നു. പിഴച്ചവർ വാഴുന്ന നാട്ടിൽ ഇതല്ലാതെ വേറെന്ത് വരാൻ. അവരിൽ മിക്കവരുടെയും വിരലുകൾ നീണ്ടു വന്നത് ഞങ്ങളുടെ കൊച്ചു കൂരയ്ക്ക് നേരെയാണ്. അപശകുനത്തിൻറെ കറുത്ത മുദ്രയാണ് അവർക്ക് ഞാനും, എൻറെ കൊച്ചു വീടും.
പിഴക്കുന്നത് പെണ്ണാന്നെങ്കിൽ, പിന്നെ കുലം മുടിയും. നാട് നശിക്കും. ആകാശം മഴകൊണ്ട് ഭൂമിയെ മുക്കും. കടൽ തിരകൾ ആകാശം മുട്ടും. എല്ലാം... എല്ലാം പെണ്ണ് പിഴച്ചാൽ മാത്രം. ആണുങ്ങൾ പിഴക്കുമ്പോൾ, ഇവിടെ കൊടുങ്കാറ്റടിക്കാറില്ല... ഭൂമി പിളരാറില്ല... കടൽ കരയെ വിഴുങ്ങാറില്ല... നദികൾ കരകവിയാറുമില്ല... അവരെ ആരും പിഴച്ചവരെന്നു വിളിക്കാറുമില്ല...
ഇനിയൊരു ഉയർത്തെഴുന്നേല്പിൻറെ വിളംബരമില്ലാത്ത ജീവിതം, എൻറെ മുൻപിൽ ഇണങ്ങാൻ തയ്യാറല്ലാത്തൊരു കറുത്ത കാട്ടുകുതിരയെ പോലെ ചിനച്ച് കൊണ്ട് നിന്നു. കറുത്ത അമാവാസിയിൽ ഭൂമിയിൽ നരകം നിറയ്ക്കാൻ ഓടിക്കിതച്ചെത്തുന്ന ചെകുത്തന്മാരെ പോലെ, മനസ്സിൽ തീ നിറയ്ക്കാൻ ഓർമ്മകൾ മാത്രമല്ല, എനിക്ക് വർത്തമാനത്തിൻറെ ദുരനുഭവങ്ങളുമുണ്ടായിരുന്നു.
അന്ന്, എൻറെ അവസാന സ്വപ്നത്തിൻറെ പടുതിരിയും നിർദയം തല്ലിക്കെടുത്തി, സുകു ഇരുട്ടിലേക്ക് നടന്നു മറഞ്ഞതിൽ പിന്നെ, എൻറെ മനസ്സിനെ പോലും ഞാൻ വെറുത്തു തുടങ്ങിയിരിക്കുന്നു. മറവിയുടെ വാതിലിന്നപ്പുറം വരിനിന്ന് മുട്ടിവിളിച്ച് വേദനിപ്പിക്കുന്ന ഓർമകൾ, ജീവിതത്തിൻറെ ക്രൂര വിനോദങ്ങൾ മാത്രമാണ്. എത്ര കരഞ്ഞാലും വറ്റാത്ത കണ്ണുനീരിൻറെ അക്ഷയപാത്രങ്ങളാകുന്നു കണ്ണുകൾ. രക്തം കലർന്ന കണ്ണുനീർ ഒഴുക്കിയൊഴുക്കി എനിക്കിപ്പോൾ മടുത്തിരിക്കുന്നു. പിന്നെയും ജീവിതം എന്തിനാണെൻറെ നെഞ്ചിലെ ചൂളയിൽ കണ്ണീർ തിളപ്പിക്കുന്നത്? ഏത് ശാപമാണ് എൻറെ സന്തോഷത്തെ കട്ടെടുത്തത്? ഏത് പാപമാണ് എൻറെ പ്രകാശം കെടുത്തിക്കളഞ്ഞത്? ഉത്തരങ്ങളിലാത്ത ചോദ്യങ്ങൾ ചേക്കേറാൻ ചില്ല കിട്ടാത്ത പക്ഷികളായി, മനസ്സിൽ പറന്നു പറന്ന് ചിറകുകൾ തളർന്ന് വീഴുന്നു.
സുകു പാടെ അടഞ്ഞ ഒരു അദ്ധ്യായമാണ്. നഷ്ടപെട്ട അവൻറെ സ്നേഹം, വിശ്വാസം തിരിച്ചു കിട്ടിയെങ്കിലോ എന്ന് കരുതി, അവനു വഴങ്ങിക്കൊടുത്ത നിമിഷം, ജീവിതത്തിലെ ഏറ്റവും വെറുക്കുന്ന മുഹൂർത്തമാണിന്ന്. കിടന്നു കൊടുത്താൽ പിന്നെ ആണുങ്ങൾ തങ്ങളെ സ്നേഹം കൊണ്ട് മൂടും എന്ന് കരുതുന്ന ഏതൊരു പെണ്ണും മൂഢസ്വർഗ്ഗത്തിലെ പാഴ്ച്ചെടി മാത്രമാണ്. ആർക്കു വേണമെങ്കിലും ചവിട്ടിയരക്കാവുന്ന വെറുമൊരു പാഴ്ച്ചെടി മാത്രം.
പിന്നീടൊരിക്കൽ കൂടി അവനെ ഇടവഴിയിൽ വച്ച് കണ്ടപ്പോൾ, ആ കണ്ണിൽ കടുക് മണിയോളം പോലും പ്രണയം കണ്ടില്ല. പകരം ആളുന്ന കാമാഗ്നി കണ്ടു. ഒരിക്കൽ വഴങ്ങിയവൾ പിന്നെ എപ്പോൾ വേണമെങ്കിലും വഴങ്ങിത്തരും എന്നു കരുതി, ഒരു നായയെ പോലെ നാവണച്ചു വന്നതാണവൻ. അന്നെൻറെ നാവിൽ വാക്കുകൾ ചുട്ടു പഴുത്തു.
കണാരേട്ടനും രാജേട്ടനും എൻറെ ഉടൽ ചെന്നായ്ക്കളെ പോലെ കടിച്ചു മുറിച്ച് തിന്നപ്പോൾ, ഞാൻ കരയുകയായിരുന്നു. അല്ലാതെ അത് ആസ്വദിക്കുകയായിരുന്നില്ല. നീയടക്കമുള്ളവർ അങ്ങിനെ കരുതിയാലും ശരി, ഇല്ലെങ്കിലും ശരി. പക്ഷെ സുകൂ, നീ എൻറെ മനസ്സാണല്ലോ തിന്നുതീർത്തത്. അവരെക്കാൾ കൂടുതൽ ആഴത്തിൽ എൻറെ ഹൃദയത്തിൽ നീയാണല്ലോ മുറിപ്പെടുത്തിയത്. പിന്നെയും നിനക്കെങ്ങനെ യാതൊരു ഉളുപ്പുമില്ലാതെ എൻറെ അടുത്തേക്ക് വരാൻ കഴിയുന്നു? എൻറെ ഉടൽ മാത്രമായിരുന്നു നിനക്ക് വേണ്ടതെങ്കിൽ, പിന്നെ എന്തിനാണ് നീയെന്ന പ്രണയം കാണിച്ച് കൊതിപ്പിച്ചത്. മരിച്ചു മാത്രം പിരിയുന്നൊരു ജീവിതം സ്വപ്നം കാണാൻ പ്രേരിപ്പിച്ചത്. ആ പാറപ്പുറത്ത് ചെന്ന് നോക്ക്. നീയെറിഞ്ഞു തന്ന നോട്ടുകൾ അവിടെയുണ്ടാകും. അത് വെറും നോട്ടുകളല്ല. നീയെറിഞ്ഞു കളഞ്ഞ എൻറെ സ്വപ്നങ്ങളാണ്. നിന്നോടൊത്ത്, നിൻറെ മക്കളെ പ്രസവിച്ച്, ഒരുമിച്ചുണ്ട്, ഒരുമിച്ചുറങ്ങി, മരണം വരെ ജീവിക്കാമെന്ന സ്വപ്നം. ഒരു പെണ്ണിൻറെ അത്തരമൊരു സ്വപ്നത്തിന് വിലയിടാൻ ഈ ലോകത്തെ മുഴുവൻ ആണുങ്ങളും ഒരുമിച്ച് വന്നാലുമാവില്ല. ഈ ലോകത്തുള്ള മുഴുവൻ പണവും സ്വരുക്കൂട്ടിയാലും ആവില്ല.. ഒരിക്കലുമാവില്ല... എന്നാലും സുകൂ.. നിങ്ങക്കെങ്ങിയാണ് എന്നോട് ഇങ്ങിനെ പെരുമാറാനായത്?
ശബ്ദം നഷ്ടപ്പെട്ടവനായി സുകു എല്ലാം കേട്ടു നിന്നു. മനസ്സിലെ മുഴുവൻ വാക്കുകളും അവൻറെ മുൻപിലിറക്കിവച്ചു തിരികെ നടന്നു. അവനെന്നെ എള്ളോളമെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാകുമോ? എൻറെ വാക്കുകളിലൂടെ? അറിയില്ല. അറിയുകയും വേണ്ട. ഇനിയൊരിക്കലും അവനെ കണ്ടു മുട്ടാതിരിക്കട്ടെ. ഓർമകൾക്ക് തിന്നു തീർക്കാൻ കണ്ണീരിൽ കുതിർന്ന ഹൃദയം ഇനിയും ബാക്കിയുണ്ട്. അത്... അതു മാത്രം മതിയെനിക്ക്.
ഇനി കാത്തു സൂക്ഷിക്കാൻ കയ്യിലും മനസ്സിലും ഒന്നുമില്ലെങ്കിലും അദ്ധ്വാനിച്ചു തിന്നാനാണ് കൊതിച്ചത്. വീട്ടുജോലിക്കാണ് ശ്രമിച്ചത്. പക്ഷെ പ്രായവും ചന്തവും എനിക്ക് ശത്രുക്കളായിരുന്നു. അവസാനം ഒരു അമ്മയും മകനും മാത്രമുള്ള വീട്ടിലേക്ക് പ്രവേശനം കിട്ടി. പതിനഞ്ച് പതിനാറ് വയസ്സോളം പ്രായമുള്ള മകനും ഉദ്ധ്യോഗസ്ഥയായ അമ്മയും. മകൻറെ കണ്ണുകൾ ശരിയല്ല എന്ന്, അവിടെ ചെന്ന അന്ന് തന്നെ എനിക്ക് മനസ്സിലായതാണ്. വസ്ത്രം തുളച്ചു കയറുന്ന വൃത്തികെട്ട കണ്ണുകൾ. എന്നിട്ടും ഗൗനിച്ചില്ല. അവൻറെ പ്രായം എനിക്കൊരു ധൈര്യമായിരുന്നു. പക്ഷെ, എൻറെ എല്ലാ കണക്ക് കൂട്ടലുകളും അവൻ തെറ്റിച്ചു.
ചെന്ന് രണ്ടാഴ്ചയോളമായപ്പോൾ ഒരു ദിനം പിറകിലൂടെ വന്നെന്നെ കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. കോപം കാരണം സമനില തെറ്റിയപ്പോൾ കൈവീശി ഒരൊറ്റ അടിയായിരുന്നു. അവൻറെ കണ്ണും കവിളും ചുവന്നു പോയി. ആ അമ്മ ഭദ്രകാളി തുള്ളി. ആൺകുട്ടികളെ പിഴപ്പിക്കാൻ നടക്കുന്ന ഒരുത്തിയായി എത്ര പെട്ടെന്നാണ് അവർക്ക് ഞാൻ മാറിയത്. ഇപ്പൊ ഇറങ്ങിക്കോണം എന്ന കല്പനയുടെ മുൻപിൽ അമ്പരന്നു നിന്നില്ല. രണ്ടാഴ്ചത്തെ പൈസ കണക്ക് പറഞ്ഞു വാങ്ങി പടിയിറങ്ങുമ്പോൾ എൻറെ ഉള്ളിൽ ഒരു പുച്ഛരസം ചിറി കോട്ടുന്നുണ്ടായിരുന്നു. എങ്കിലും എൻറെ ഉള്ളിൽ ആ മകനിൽ നിന്നും ആ അമ്മ നാളെ എങ്ങിനെ രക്ഷപ്പെടും എന്നൊരു വേവലാതിയുണ്ടായിരുന്നു. ഇനിയേതൊരു പെണ്ണിനെ കയറിപ്പിടിക്കാനും അവനൊരു മടിയോ പേടിയോ ഉണ്ടകുമോ? തുടലഴിച്ചു വിട്ടൊരു കാട്ടുനായയായി അവൻ മാറാതിരിക്കട്ടെ. മറ്റൊരു രാജേട്ടനോ സുകുവോ ആയി മാറാതിരിക്കട്ടെ.
പിന്നെയും അലച്ചിൽ. പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തൂക്കാനും തുടക്കാനുമൊക്കെ ഒരു സ്ത്രീയെ ആവശ്യമുണ്ടെന്നു കേട്ടു. ഓടിപ്പിടഞ്ഞ് ചെന്നു. റിസപ്ഷനിലൊരു കുറിയ പെണ്ണായിരുന്നു. ആ പോസ്റ്റിൽ ആള് കയറിയല്ലോ എന്നവർ പറഞ്ഞപ്പോൾ ഒരു തളർച്ച തോന്നി. എൻറെ മുഖത്തെ വിഷമം കാണ്ടാവണം, അവർ പറഞ്ഞു.
"നിങ്ങൾ MD യെ ഒന്ന് കണ്ടു നോക്കൂ. ചിലപ്പോൾ അദ്ദേഹത്തിന് നിങ്ങളെ സഹായിക്കാനാവും.. "
ഏറെ നേരം കാത്തിരുന്നതിൻറെ ശേഷമാണ് MD-യെ കാണാൻ അവസരം കിട്ടിയത്. വിയർത്തൊലിച്ച്, പതറിയ മുഖവുമായി ഞാൻ ആ മുറിയിലേക്ക് കയറി. AC യുടെ തണുപ്പിൻറെ സുഖമാണ് ആദ്യം വരവേറ്റത്. ഒരു മുപ്പത് മുപ്പത്തഞ്ച് വയസ്സ് തോന്നിക്കുന്ന യുവാവായിരുന്നു MD. അയാളുടെ കണ്ണുകളിലേക്ക് നോക്കി, ഞാനാ മുൻപിൽ കൈകൂപ്പി നിന്നു. ചിരിച്ചു കൊണ്ടയാൾ ഇരിക്കാനാവശ്യപ്പെട്ടു. പരവേശം കാരണം, എനിക്ക് നേരിയ വിറയലുണ്ടായിരുന്നു. എന്താണ് കാര്യം എന്ന ചോദ്യത്തിന് ഒരു ജോലി വേണം എന്നൊരു മറുപടി മാത്രമേ എനിക്ക് പറയാനുണ്ടായിരുന്നുള്ളൂ.
എനിക്ക് ആ മുഖഭാവം തിരിച്ചറിയാനായില്ല. സ്വന്തം കസേരയിലേക്ക് ചാരിയിരുന്ന്, അയാളെന്നെ സസൂഷ്മം നോക്കിയപ്പോൾ ഉരുകിയൊലിക്കുന്ന പോലെ തോന്നി. ഇംഗ്ലീഷിൽ എന്തോ ചോദിച്ചു. ഒന്നും മനസ്സിലാവാതെ, ഒന്നും പറയാനാവാതെ ഞാനയാളുടെ കണ്ണുകളിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നു.
തുടരും
ഇനിയൊരു ഉയർത്തെഴുന്നേല്പിൻറെ വിളംബരമില്ലാത്ത ജീവിതം, എൻറെ മുൻപിൽ ഇണങ്ങാൻ തയ്യാറല്ലാത്തൊരു കറുത്ത കാട്ടുകുതിരയെ പോലെ ചിനച്ച് കൊണ്ട് നിന്നു. കറുത്ത അമാവാസിയിൽ ഭൂമിയിൽ നരകം നിറയ്ക്കാൻ ഓടിക്കിതച്ചെത്തുന്ന ചെകുത്തന്മാരെ പോലെ, മനസ്സിൽ തീ നിറയ്ക്കാൻ ഓർമ്മകൾ മാത്രമല്ല, എനിക്ക് വർത്തമാനത്തിൻറെ ദുരനുഭവങ്ങളുമുണ്ടായിരുന്നു.
ReplyDelete