Tuesday, April 23, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: വറുതിയുടെ കാലം 
അദ്ധ്യായം21: പുതിയ വേഷം



"എന്താ ഒന്നും മിണ്ടാത്തത്?" 

ആ ചോദ്യത്തിന് വളരെ വിഷമത്തോടെ എനിക്ക് ഇംഗ്ലീഷ് അറിയില്ലെന്നു പറഞ്ഞു. അയാൾ ചുഴിഞ്ഞ് നോക്കിക്കൊണ്ട് "എത്ര വരെ പഠിച്ചു" എന്നു ചോദിച്ചപ്പോൾ, വിക്കലോടെ പറഞ്ഞു. 


"പത്തു വരെ.." 


ഉള്ള് ഉരുകുന്നുണ്ടായിരുന്നു. "പത്തിൽ തോറ്റോ" എന്നയാൾ ചോദിച്ചപ്പോൾ വേഗം തല കുലുക്കി. 


"പിന്നെ എന്തേ ശ്രമിക്കാഞ്ഞു?"


നിറഞ്ഞ കണ്ണുകളോടെ എന്താണ് പറയേണ്ടത് എന്നാലോചിച്ച് ഒരല്പ നേരം മിണ്ടാതിരുന്നു. പിന്നെ മനഃപൂർവ്വം ഒരു കള്ളം പറഞ്ഞു. 


"അച്ഛൻ മരിച്ചുപോയി."

"ആ.. സോറി.." 

ആ മുഖത്തൊരു കരുണയുടെ മിന്നലാട്ടമുണ്ടായി. വീട്ടിലാരൊക്കെയുണ്ട് എന്ന ചോദ്യത്തിന് അമ്മയും അനിയത്തിയും എന്ന് മാത്രം പറയുമ്പോൾ നെഞ്ച് പൊടിയുന്നുണ്ടായിരുന്നു. സിദ്ധുവിൻറെ കാര്യം ഒന്നും പറയാനാവാതെ ഉള്ളിൽ സങ്കടക്കടലിരമ്പി. 

"ഇതിനു മുൻപ് എവിടെയെങ്കിലും എന്തെങ്കിലും ജോലി ചെയ്തിട്ടുണ്ടോ?"

"വീട്ടുവേലക്കാരിയായി ചിലയിടങ്ങളിൽ..."

ഒരുപാട് നേരം അയാൾ പിന്നെയൊന്നും പറയാതെ എന്നെയും നോക്കിയിരുന്നു. എനിക്കാണെങ്കിൽ തണുപ്പും പരവേശവും കാരണം നല്ല പോലെ വിറക്കുന്നുണ്ടായിരുന്നു.

"ഇവിടെയിപ്പോൾ ഇയാൾക്ക് പറ്റിയ ജോലിയൊന്നും ഒഴിവില്ല."

അയാൾ പറഞ്ഞു തടുങ്ങിയപ്പോൾ, കടുത്ത നിരാശയിൽ ഞാൻ വെറുതെ തല കുലുക്കുക മാത്രം ചെയ്തു. എന്നാലിനി പോയേക്കാം. ഇരിപ്പിടത്തിൽ നിന്നും എഴുനേൽക്കാൻ തുടങ്ങുമ്പോഴാണ് അയാൾ തുടർന്ന് പറഞ്ഞത്.

"ഞാൻ അച്ഛനോടൊന്നു ചോദിക്കട്ടെ.. അദ്ദേഹമാണ് ഈ വക കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. ഒരു കാര്യം ചെയ്യൂ. മൂന്ന് ദിവസം കഴിഞ്ഞ് എന്നെ വന്ന് കാണൂ."

ഉള്ളൊന്ന് തണുത്തു. ഉറപ്പില്ലെങ്കിലും ഒരു പ്രതീക്ഷയുണ്ടല്ലൊ. തിരിഞ്ഞു നടക്കുമ്പോൾ, അയാൾ  പിറകിൽ നിന്നെന്നെ വിളിച്ചു. നോക്കിയപ്പോൾ ചുണ്ടിലൊരു ചെറു ചിരിയോടെ  അദ്ദേഹം പറഞ്ഞു..

"ഇനി വരുമ്പോൾ ഇങ്ങിനെ വിയർത്തു കുളിച്ച് വരാതെ നോക്കണം, ട്ടൊ. പെൺകുട്ടികളെ ഇങ്ങിനെ കാണുന്നത്, എന്തോ, എനിക്ക് വലിയ പ്രയാസമാണ്.."

അയ്യട എന്നായിപ്പോയി ഞാൻ. പ്രകാശമില്ലാത്തൊരു പുഞ്ചിരി അയാൾക്ക് നൽകി തിരിഞ്ഞു നടക്കുമ്പോൾ, അയാളെന്താ അങ്ങിനെ പറഞ്ഞത് എന്നൊരാലോചന എന്നെ വേട്ടയാടി. മാത്രമല്ല, മറ്റൊരു രാജേട്ടനാണോ ആ ഇരിക്കുന്നത് എന്നൊരു തോന്നൽ. എല്ലാ ആണുങ്ങളും ഒരേ പോലെയൊക്കെ തന്നെ. മനസ്സ് അങ്ങിനെ വിളിച്ചു പറഞ്ഞു.
   
രണ്ടു ദിവസം രണ്ടു വർഷങ്ങൾ പോലെയായിരുന്നു. മൂന്നാം ദിവസം അതിരാവിലെ തന്നെ ഞാൻ ആശുപത്രിയിലെത്തി. MD വന്നത് പത്തു മണിയെങ്കിലും ആയപ്പോഴാണ്. എന്നെ നോക്കി പുഞ്ചരിച്ച്, ഇരിക്കാൻ ആംഗ്യം കാണിച്ച് അകത്തേയ്ക്ക് പോയി.  അരമണിക്കൂർ കഴിഞ്ഞപ്പോൾ വിളിപ്പിച്ചു. മുഖവുരയൊന്നും കൂടാതെ പറഞ്ഞു...

"വലിയ ശമ്പളമൊന്നും പ്രതീക്ഷിക്കണ്ട. ഇവിടെ വല്ല്യ അത്യാവശ്യമുണ്ടായിട്ടല്ല. അച്ഛനില്ലാത്ത ഒരു പെൺകുട്ടി, അമ്മയ്ക്കും അനിയത്തിക്കും വേണ്ടി ജോലി ചെയ്യാൻ തയ്യാറാവുമ്പോൾ, ഒരു സഹായമാകട്ടെ എന്ന് കരുതിയാണ്. ക്ലീനിംഗ് സെക്ഷനിൽ ജോലി ചെയ്‌തോളൂ. ആഴ്ചയിൽ എല്ലാ ദിവസവും ജോലി ഉണ്ടാവും. രാവിലെ എഴു മണിക്ക് ഇവിടെ എത്തണം. വൈകുന്നേരം അഞ്ചു മണിക്ക് പോകാം. സമ്മതമാണെങ്കിൽ ഇപ്പോൾ പറയണം. അല്ലെങ്കിൽ ഇയാൾക്ക് പോകാം."

എനിക്കെന്ത് ആലോചിക്കാൻ. ഉടൻ തന്നെ സമ്മതമെന്ന് പറഞ്ഞു. അയാൾ ഫോണിൽ വിളിച്ചപ്പോൾ അമ്പത് വയസ്സ് മതിക്കുന്ന ഒരു സ്ത്രീ വന്നു. ഞാൻ അവരുടെ കൂടെ പോയി. ആദ്യത്തെ കുറച്ച് ദിവസങ്ങൾ ജോലി ഒരു പ്രയാസമുള്ള പോലെ തോന്നിയെങ്കിലും പിന്നെ സുഖമായി. പേവാർഡിലെ റൂമുകൾ വൃത്തിയാക്കുകയായിരുന്നു പണി. അമ്മയ്ക്ക് വലിയ സന്തോഷമായിരുന്നു. ജീവിതം ഒരു കരയ്‌ക്കെത്തിയ പോലെ ഒരാശ്വാസമുണ്ടായിരുന്നു. ആദ്യത്തെ ശമ്പളം കിട്ടിയ അന്നാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്. 

അടുത്ത മാസം സ്‌കൂൾ തുറക്കും. സിദ്ധുവിനെ സ്കൂളിൽ ചേർക്കണം. നല്ല ഉടുപ്പൊന്നും ഇല്ല. ഒരു രണ്ടു കൂട്ടം ഡ്രസെടുക്കണം. വൈകുന്നേരം ജോലിയൊക്കെ കഴിഞ്ഞു വന്ന് പട്ടണത്തിലേക്കൊന്ന് പോയി. അമ്മയും ശാരദക്കുട്ടിയും സിദ്ധുവും ഉണ്ടായിരുന്നു. ഒരു ചെറിയ തുണിക്കടയിൽ കയറി അമ്മക്കും എനിക്കും ഓരോ നൈറ്റിയും, ശാരദക്കുട്ടിക്കും, സിദ്ധുവിനും ഈരണ്ട് കൂട്ടം വീതവും എടുത്തു. എല്ലാം വില കുറഞ്ഞതായിരുന്നിട്ടും, എൻറെ കാഴ്ച്ചയിൽ അതൊരു വലിയ ചിലവായിരുന്നു. തുണിക്കടയിൽ നിന്നും പുറത്തേക്കിറങ്ങി വന്നപ്പോഴാണ്, എൻറെ സർവ്വാംഗങ്ങളും തളർത്തിക്കൊണ്ട് മുന്നിൽ മാനത്ത് നിന്നും പൊട്ടിവീണ പോലെ MD പ്രത്യക്ഷപ്പെട്ടത്. വെപ്രാളത്തിൽ എന്ത് ചെയ്യേണ്ടൂ എന്നറിയാതെ കുഴങ്ങി നിൽക്കുന്ന എന്നെ നോക്കി പുഞ്ചിരിയോടെ   MD ചോദിച്ചു. 

"ആഹാ... അമ്മയെയും അനിയത്തിയേയും കൊണ്ട് ഷോപ്പിംഗിനിറങ്ങിയതാണോ? ഇതാരാ ഈ കുട്ടി..."

സിദ്ധുവിനെ നോക്കി അയാളത് ചോദിച്ചപ്പോൾ എൻറെ നാവിറങ്ങിപ്പോയി. ഭൂമി പിളർന്ന് ഞാനതിലേക്ക് ആണ്ടു പോയെങ്കിലെന്നാഗ്രഹിച്ചു നിൽക്കെ, ഒരല്പം കൊഞ്ചലോടെ എൻറെ കാലിൽ കെട്ടിപ്പിടിച്ച് സിദ്ധു പറഞ്ഞു..

"എൻറെ അമ്മയാ..."

രക്തം വറ്റി വിളറി വെളുത്ത മുഖവുമായി ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. ആ മുഖം ആകെ ഇരുണ്ടിരുന്നു. ഒന്നും മിണ്ടാതെ അദ്ദേഹം പോയപ്പോൾ, അതാരാണെന്ന് അമ്മ ചോദിച്ചു. ഹോസ്പിറ്റലിൻറെ MD ആണ് എന്ന്  പറയുമ്പോൾ എൻറെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. 

രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു വിധം നേരം വെളുപ്പിച്ചു. രാവിലെ ആശുപത്രിയിലെത്തി ജോലി ചെയ്ത് കൊണ്ടിരിക്കെ, MD വിളിക്കുന്നു എന്ന് അറ്റൻഡർ വന്നു പറഞ്ഞപ്പോൾ എൻറെ ചങ്കിടിച്ചു. വിറച്ചുകൊണ്ടാണ് കയറിച്ചെന്നത്. സ്വന്തം കസേരയിലേക്ക് ചാരി കണ്ണുകളടച്ച് ഗാഢമായ ആലോചനയിലായിരുന്നു MD. കാൽപെരുമാറ്റം കേട്ട് കണ്ണ് തുറന്ന് ദഹിപ്പിക്കാനെന്ന വണ്ണം അയാളെന്നെ നോക്കി. പൂക്കുല പോലെ വിറച്ചു കൊണ്ട് ഞാനയാളുടെ മുൻപിൽ നിന്നു. 

അയാളെന്നെ ആപാദചൂഡം ഒന്ന് നോക്കി. ഞാനുരുകുകയായിരുന്നു. അവസാനം മുഖത്ത് നോക്കി അയാൾ ചോദിച്ചു..

"എന്തിനാണ് കള്ളം പറഞ്ഞിവിടെ ജോലിക്ക് കയറിയത്?"

ഒരു കുടം ഉമിനീരിറക്കി ഞാൻ ചെറിയ വിക്കലോടെ പറഞ്ഞു..

"ഞാൻ.. ഞാൻ.. കള്ളമൊന്നും പറഞ്ഞില്ല.. മോനുണ്ട് എന്ന് പറഞ്ഞില്ല എന്നെ ഉള്ളൂ..."

അയാൾ നിഷേധാർത്ഥത്തിൽ തലവെട്ടിച്ചു.

"കള്ളം.. പത്തം ക്ലാസിൽ പഠിത്തം നിർത്തിയത് അച്ഛൻ മരിച്ചിട്ടാണ് എന്നല്ലേ പറഞ്ഞത്. കല്യാണം കഴിക്കാതെ ഒരു കുഞ്ഞുണ്ട് എന്ന കാര്യം മറച്ചു വെക്കുകയും ചെയ്തു. എന്താ നിൻറെ ഉദ്ധ്യേശം?"

ദൈന്യതയോടെ ഞാൻ ചോദിച്ചു...

"എന്ത് ഉദ്ധ്യേശം സാർ.... ജീവിക്കാനൊരു ജോലി വേണം... വേറെന്താ.. ഒരു കുഞ്ഞുണ്ട് എന്ന് ഞാനെങ്ങിനെയാ പറയുന്നത്.. അവൻറെ അച്ഛനെന്തേന്ന് ചോദിച്ചാ ഞാനെന്താ പറയേണ്ടത്... പത്താം ക്ലാസ്സിൽ പഠിത്തം നിർത്തിയത് വയറ്റിലുണ്ടായിട്ടാണെന്ന് ഞാനെങ്ങിനെയാ സാറേ പറയുക.. ദയ കാട്ടണം.. ഈ ജോലി ഉള്ളതോണ്ടാ വീട്ടിൽ അടുപ്പ് പുകയുന്നത്..."

കണ്ണീരൊലിപ്പിച്ച് കൈകൂപ്പി ഞാനയാളുടെ മുൻപിൽ നിന്നു. ഒന്നും മിണ്ടാതെ അയാൾ എന്നെ പിന്നെയും കുറെ നേരം നോക്കി. ആ നോട്ടം എന്നെ ചുട്ടു പൊളിക്കുന്നുണ്ടായിരുന്നു. അയാളുടെ മുൻപിൽ പൂർണ നഗ്നായി നിൽക്കുന്ന പോലെ. കുറെ നേരം അങ്ങിനെ എന്നെ നോക്കി ദഹിപ്പിച്ച് അയാൾ ചോദിച്ചു..

"അപ്പൊ, നിനക്ക് നാട്ടിലെ ഒരു പണക്കാരനുമായിചില ഇടപാടുണ്ടായിരുന്നല്ലോ? എന്ത് പറ്റി? അയാൾക്ക് മടുത്തോ? കാദംബരി ടെക്സ്റ്റൈൽസിൻറെ ഓണറല്ലെ അയാള്? രാജേട്ടൻ.. ഉം... ഞാനറിയും..."

എന്റീശ്വരാ...  ഇതെന്തൊരു പരീക്ഷണം... നോവിച്ച് നോവിച്ച് ജീവിതമേ നിനക്ക് കൊതി തീർന്നില്ലേ.. ഞാനൊരു മരപ്പാവ പോലെ അയാളെ നോക്കിക്കൊണ്ടു നിൽക്കെ അയാൾ തുടർന്നു..

"നോക്കണ്ട... എല്ലാം ഞാൻ അന്വേഷിച്ചറിഞ്ഞു... ഇനിയിപ്പോൾ ഞാനെന്താ വേണ്ടത്?"

ആ ചോദ്യം എൻറെ ഉള്ളിൽ ഒരായിരം തവണ പ്രതിധ്വനിച്ചു.. ഇനിയിപ്പോൾ ഞാനെന്താ വേണ്ടത്? ആയിരം വണ്ടുകൾ മൂളിപ്പാറുന്ന ഹൂങ്കാര ശബ്ദത്തോടെ ആ ചോദ്യം എന്നിൽ അലയടിച്ച് കൊണ്ടിരിക്കെ, MD യുടെ ശബ്ദം വിദൂരത്ത് നിന്നെന്നാവണം ഞാൻ കേട്ടു..

"ഇപ്പോൾ പോയി ജോലി ചെയ്‌തോളൂ. പക്ഷെ, നാളെ ഒരു യാത്രയ്ക്ക് തയ്യാറായി വരണം. അച്ഛനെ ഒന്നു ചെന്നു കാണണം... ഇനിയങ്ങോട്ടുള്ള ജോലിയുടെ കാര്യമൊക്കെ അദ്ദേഹം പറയും..."

പകച്ചു നോക്കിയ എന്നോടയാൾ പൊയ്‌ക്കൊള്ളാൻ ആംഗ്യം കാണിച്ചു. ഒന്നും മനസ്സിലാകാത്ത ഞാൻ, വർദ്ധിച്ച ഹൃദയഭാരത്തോടെ ആ മുറിയിൽ നിന്നും പുറത്തേയ്ക്കു പോന്നു...

തുടരും.

1 comment:

  1. "എന്ത് ഉദ്ധ്യേശം സാർ.... ജീവിക്കാനൊരു ജോലി വേണം... വേറെന്താ.. ഒരു കുഞ്ഞുണ്ട് എന്ന് ഞാനെങ്ങിനെയാ പറയുന്നത്.. അവൻറെ അച്ഛനെന്തേന്ന് ചോദിച്ചാ ഞാനെന്താ പറയേണ്ടത്... പത്താം ക്ലാസ്സിൽ വച്ച് പഠിത്തം നിർത്തിയത് വയറ്റിലുണ്ടായിട്ടാണെന്ന് ഞാനെങ്ങിനെയാ സാറേ പറയുക.. ദയ കാട്ടണം സാറെ.. ഈ ജോലി ഉള്ളതോണ്ടാ വീട്ടിൽ അടുപ്പ് പുകയുന്നത്..."

    ReplyDelete