Sunday, May 26, 2019

സ്വപ്നങ്ങൾ...



ഞാനെൻറെ സ്വപ്നങ്ങളോട്
സദാ തർക്കിച്ചിരിക്കയായിരുന്നു!
വസന്തം വിരിയിക്കാൻ മറന്നൊരാ
മലരുകളിൽ; തേൻ നിറയ്ക്കാൻ,
ഓടിയോടി മടുത്തു ഞാൻ.
ഇനിയിരിക്കണം, ഈ മരത്തണലിൽ
ഇത്തിരി നേരം കൂടി ഒറ്റയ്ക്കിങ്ങനെ.
എൻറെ ഗാനം കേൾക്കാൻ
നീയിനിയും വാശി പിടിക്കരുത്.
ഹൃദയത്തെ അത് ദ്രവിപ്പിക്കുമ്പോൾ
അസഹ്യമായ വേദനയായിരിക്കും!
അത് താങ്ങുവാനൊരിക്കലും
നിനക്കാവില്ല എന്നെനിക്കുറപ്പാണ്.
നോക്കൂ! എൻറെ സ്വപ്നസുമങ്ങളെ നോക്കൂ.
ഒരു കുഞ്ഞു മഞ്ഞുതുള്ളിയുടെ ഭാരം പോലും
താങ്ങുവാനാവാതെ ഇതളടർന്നവ!
വഴി തെറ്റി മാത്രം വരുന്ന
കറുത്ത ശലഭങ്ങൾക്ക് നുകരുവാൻ
ഒരു തുള്ളി തേൻ പോലും, മിച്ചമില്ലാത്തത്!
എന്തിനിത്ര ഇരുണ്ട സ്വപ്നങ്ങളെന്നോ?
ഈ വാടിയ പൂക്കളോടെന്തേ പ്രിയമെന്നോ?
ഈ വാടിയ പൂക്കളിലാണ് ഞാനുറങ്ങുന്നത്.
ഈ ഇരുണ്ട സ്വപ്നങ്ങളാണ് എന്നെ താങ്ങുന്നത്.
നോക്കൂ; ഈ വറ്റിയ കായലിൽ
ഇനിയുമൊരിക്കൽ കൂടി ഉറവ പൊടിയും.
അന്നെൻറെ കണ്ണുകൾ ഒഴുകുന്നത്
നീ വെറുതെ നോക്കി നിൽക്കരുത്.
നിൻറെ മൃദുലമായ വിരൽത്തുമ്പിനാൽ
നീയെൻറെ മിഴികളെ ആശ്വസിപ്പിക്കണം.
കറുത്ത് വിണ്ടൊരെന്നധരങ്ങളെ
നനച്ചു നീ മൃദുലമാക്കണം.
പിന്നെയെന്നെ നീ പുതപ്പിക്കണം;
നിൻറെ നെഞ്ചിലെ ചൂടാം പുതപ്പ്.
കാറ്റിൻറെ ചുണ്ടിൽ നിന്നും,
പ്രകൃതിയുടെ ശൃംഗാരം കലർന്ന താരാട്ട്,
നീ എനിക്ക് വേണ്ടി തട്ടിയെടുക്കണം.
നീയൊരു പുല്ലാങ്കുഴലായി മാറവെ
നിൻ മടിത്തട്ടിലെനിക്ക് ചാഞ്ഞുറങ്ങണം.
ഹാ കഷ്ടം, നാളെയീ സ്വപ്നവും
കുസുമമായിരിക്കെ മോഹഭംഗത്തിൻറെ
പുഴുക്കൾ തിന്നു തീർക്കും.
നീയെന്നെ നക്ഷത്രം ദൂരെ വിണ്ണിൽ
എന്നെ കാണാതെ ചിരിച്ചു നിൽക്കും.
അതു കാണെയെൻ  ചുണ്ടിലൊരു
വിഷാദഹാസം വിടരും.
താഴെയീ മണ്ണിലെൻ പൊടിഞ്ഞ ഹൃദയത്തെ
തിരിച്ചൊട്ടിക്കാൻ പശ തേടി ഞാനലയും.
നിറമുള്ള സ്വപ്‌നങ്ങൾ കാണാൻ
മറന്നതല്ല ഞാനൊരിക്കലും.
തുളവീണ കൈകളിൽ കണ്ണീരു പോലും
കോരിവെക്കാനാവാത്തെനിക്ക്
ഛായം നിറഞ്ഞ കനവുകൾ
എത്രമേൽ അന്യമായിരുന്നെന്നോ?
സ്നേഹമെന്ന ദാഹജലവുമായൊരു
കാറ്റ് വരുന്നുണ്ടെന്ന് തോന്നുന്നു.
പതിവ് പോലെയീ കാറ്റുമിങ്ങണയാതെ
പകുതിക്ക് വച്ചേ വഴി തെറ്റി പോയേക്കാം.
അല്ലെങ്കിൽ, ഒരു സ്വപ്നാടനത്തിൽ
ഞാനറിയാതെ നടന്നൊരു
സരുവീഥിയുടെ പാർശ്വത്തിലെ
മല്ലികാവനിയിലെ  വസന്തകന്യകയേയും
കൊണ്ടെന്നെ തേടിയീവഴി വന്നേക്കാം!
സ്വപ്നങ്ങൾ! സ്വപ്നങ്ങളാണെല്ലാം,
ഇരുണ്ട വെറും സ്വപ്നങ്ങൾ! 

ശുഭം 

1 comment:

  1. ഒരു സ്വപ്നാടനത്തിൽ
    ഞാനറിയാതെ നടന്നൊരു
    സരുവീഥിയുടെ പാർശ്വത്തിലെ
    മല്ലികാവനിയിലെ വസന്തകന്യകയേയും
    കൊണ്ടെന്നെ തേടിയീവഴി വന്നേക്കാം!

    ReplyDelete