Monday, May 27, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: ഭ്രാന്തൻ
അദ്ധ്യായം 29: മോക്ഷം തേടുന്നവർ  




വളവിൽ മറഞ്ഞു പോയ ആ കറുത്ത രൂപം; അത് സുകുവാണെന്നോ? അവൾക്ക് വിശ്വസിക്കാനായില്ല. എങ്ങിനെ? എങ്ങിനെയാണ്, കണ്ടിട്ട് തിരിച്ചറിയാൻ പോലുമാവാത്ത ഈ രൂപാന്തരം? അവൾ ചോദ്യഭാവത്തോടെ രാധേച്ചിയെ നോക്കിയപ്പോൾ അവർ പറഞ്ഞു.

"ആ, ഓൻറെ കെട്ട്യോള് ഒരു തമിഴൻറെ കൂടെ പോയി. ഇവിടെ റോഡ് പണിക്ക് വന്നതായീനു. ഒരു ചെള്ള് ചെക്കൻ. അതീ പിന്നെ ഇവനിങ്ങനാ. എന്തോ ഒരു ശാപം കിട്ട്യ പോലെ. അല്ലെങ്കിലും ഓല് വല്ല്യ രസത്തിലൊന്നുമല്ലായിരുന്നു..."

ഹാ കഷ്ടം. അടർന്നീ മണ്ണിലലിഞ്ഞു ചേർന്നിട്ടും, പിന്നെയും മനസ്സിൽ മയില്പീലിയാട്ടിയ എൻറെ സ്വപ്നമോ, ഈ പേക്കോലം പൂണ്ട്, ഭ്രാന്ത് പിടിച്ചു നടന്നു പോയത്? ഈ കാഴ്ച കാണാനാണോ ആറ്റുനോറ്റ് ഞാനീ നാട്ടിലേക്ക് വന്നത്. അവളുടെ മനസ്സിൽ മുഴുവൻ തീയാളുന്ന ചിന്തകളായിരുന്നു. വേദനയോടെ അവൾ അമ്മയെ നോക്കിയപ്പോൾ; സാരമില്ല.. നീ വിഷമിക്കുകയൊന്നും വേണ്ട.. അവനർഹിക്കുന്നത് അവനു കിട്ടി.. എന്നമ്മ മൗനമായി പറയുന്ന പോലെ. പക്ഷെ അവൾക്കങ്ങിനെ ആശ്വസിക്കാനാവുന്നില്ല.

ആ സങ്കടം മനസ്സിലൊരു കല്ലായി കിടന്നെങ്കിലും, അവൾ അത് പുറത്തു കാണിച്ചില്ല. ചുറ്റുപാടുമുള്ളരുടെ സന്തോഷം നിറഞ്ഞ മുഖങ്ങൾ കാണുമ്പോൾ, നെഞ്ചിലൊരു ചെറുകാറ്റു വീശുന്നുണ്ട്. അവൾ നോക്കി. സിദ്ധുവിൻറെ അതിരില്ലാത്ത സന്തോഷം കാണെ, അവൾ പതുക്കെ പതുക്കെ ആ വേദനയുടെ മൂടൽമഞ്ഞിൽ നിന്നും പുറത്തു വന്നു. 

സിദ്ധു മാത്രമല്ല, എല്ലാവർക്കും വലിയ സന്തോഷമായിരുന്നു. അയൽവാസികൾക്ക് പോലും. അവരിൽ പലരും അവരുടെ ചുറ്റിലും കൂടി. പലപല വിശേഷങ്ങൾ ചോദിക്കുകയും പറയുകയും ചെയ്തു. അവളെയും ശാരദക്കുട്ടിയെയും തേടി പഴയ കൂട്ടുകാരികളൊക്കെ വന്നു. അടുത്ത സ്ഥലങ്ങളിലേക്ക് കെട്ടിച്ചു വിട്ടിടത്ത് നിന്നും ഓടിപ്പിടഞ്ഞു വന്നവരും ആ കൂട്ടത്തിലുണ്ട്. 

നാട്ടുകാർക്ക് ഇപ്പോൾ തന്നോടുള്ള മനോഭാവം അങ്ങേയറ്റം മാറിയിരിക്കുന്നു എന്നവൾക്ക് മനസ്സിലായി. കണാരേട്ടനും രാജേട്ടനും സുകുവുമൊക്കെ അവളോട് എന്താണ് ചെയ്തത് എന്നും, ജീവിതത്തോട് അവളെത്രത്തോളം മല്ലിട്ടും എന്നും, ഇപ്പോൾ അവർക്കെല്ലാം അറിയാം. അവരിൽ മിക്കവരും ആ സിനിമ കണ്ടവരാണ്. അതുകൊണ്ട് തന്നെ അവർക്കെല്ലാം ഇപ്പോൾ അവളോട് അനുകമ്പയാണുള്ളത്. 

അവളുടെ മനോമുകുരത്തിൽ ഒരു മുഖം തെളിഞ്ഞു വന്നു. പതിനാലാം രാവിൻറെ അമ്പിളിയെ പോലെ ആ മുഖം പുഞ്ചിരിച്ചു. ദൈവമേ. ഇനിയൊരിക്കൽ കൂടി അദ്ദേഹത്തെ കാണാൻ കഴിഞ്ഞെങ്കിൽ; എനിക്ക് മതിവരെ അദ്ദേഹത്തോട് നന്ദി പറയാമായിരുന്നു. ജീവിതത്തെ ഇങ്ങിനെ മാറ്റിത്തന്നതിന്. 

സിദ്ധുവിൻറെ ഇംഗ്ലീഷ്‌ കലർന്ന മലയാളം, അയല്പക്കത്തെ കുട്ടികൾക്കൊക്കെ കൗതുകമായി. പൊളിഞ്ഞു വീണ വീടിൻറെ മുറ്റത്തു നിന്നും പാടത്തേയ്ക്ക് നോക്കിയപ്പോൾ, പണ്ടത്തെ പോലെ കാഴ്ച്ച അത്ര സുതാര്യമല്ല. ഇടയിൽ വളർന്നു വന്ന തെങ്ങുകൾ കാഴ്ചയ്ക്ക് അലോസരമുണ്ടാക്കുന്നുണ്ട്. എങ്കിലും ഇന്നും ആ ചെറുകുന്നിൻറെ താഴ്വരയിലെ പാടത്തേക്കുള്ള കാഴ്ച ചേതോഹരം തന്നെ. വേണുവിന് അത് വല്ലാതെ ഇഷ്ടപ്പെടുകയും, ഇടയ്ക്കിടയ്ക്ക് അത് ആവർത്തിച്ച് പറയുകയും ചെയ്തു. കിണറ്റിലെ തണുത്ത വെള്ളം ഒരു കൈക്കുമ്പിൾ കോരിക്കുടിച്ചപ്പോൾ വേണു ആത്മഗതം ചെയ്തു. 

"ഇത്രയും ശുദ്ധമായ വെള്ളം ഇവിടെ ഉണ്ടായിട്ടാണോ ആ ക്ലോറിൻ കലർന്ന വെള്ളം കുടിച്ച് ഇവർ ആമാശയം കേടുവരുത്തിയിരുന്നത്?"

ഉച്ചയൂണ് രാധേച്ചിയുടെ വീട്ടിലായിരുന്നു. ഊണൊക്കെ കഴിഞ്ഞ് വിശ്രമിക്കവേ, ഇനിയങ്ങോട്ട് ഇവിടെ തന്നെ താമസിക്കാനുള്ള പരിപാടിയല്ലേ എന്നൊരു ചോദ്യം രാധേച്ചി എടുത്തിട്ടു. അമ്മ അവളുടെ മുഖത്തേക്കൊന്നു നോക്കി. തീരുമാനിച്ചിട്ടില്ല എന്നവൾ പറഞ്ഞപ്പോൾ ആ മുഖത്ത് നിരാശയുണ്ടായിരുന്നു. ഇവിടെ താമസിക്കാൻ ഇപ്പോൾ ഇഷ്ടമില്ലാഞ്ഞിട്ടല്ല. സിദ്ധുവിൻറെ പഠിപ്പൊക്കെ പ്രശ്നമാവും. മാത്രമല്ല. നഗരത്തിലിപ്പോൾ ചെറുതെങ്കിലും ഒരു സ്ഥാപനവുമുണ്ടല്ലോ? ദിവസവും പോക്കുവരവൊക്കെ ചെലവേറിയ കാര്യമാണ്. അവളങ്ങിനെ ഓരോന്നാലോചിച്ചിരിക്കെയാണ് വേണു ചോദിച്ചത്.

"അല്ലേച്ചീ.. നമുക്കിവിടെ ഒരു നല്ല വീടങ്ങ് വച്ചാലോ? എനിക്കെന്തോ, ഇവിടമൊക്കെ വല്ല്യ ഇഷ്ടമായി. സ്വന്തമായി ഒരു വീടുണ്ടാവുക എന്നതൊരു വല്ല്യ കാര്യമല്ലേ?" 

എല്ലാവരും അവളെ നോക്കി.

"അപ്പൊ, സിദ്ധുവിൻറെ പഠിപ്പോ? അവിടത്തെ കാര്യങ്ങളോ?" 

വേണുവിന് ആലോചിക്കാനൊന്നുമില്ലായിരുന്നു. "അതിനെന്താ? അവനിപ്പോ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ. അവിടത്തെ കാര്യങ്ങളൊക്കെ നോക്കാൻ ഞാൻ പോരെ. ചേച്ചി വല്ലപ്പോഴും വന്നാൽ മതിയല്ലോ. എന്തായാലും അവിടെ വാടക കൊടുക്കണം. ഞാനും സിദ്ധുവും ബാബുവുമൊക്കെ അവിടെയങ്ങു കൂടാം. ആഴ്ചയിൽ രണ്ടു ദിവസം ഇങ്ങോട്ട് വന്നാ പോരെ. ചേച്ചിക്കറിയാലോ, ഒരു കൊച്ചു വീട് വെക്കാൻ വേണ്ടി ഞാൻ കുറച്ച് പൈസയൊക്കെ ഒരുക്കൂട്ടി വച്ചിട്ടുണ്ട്. എത്രയൊക്കെയായാലും, ഇത് നിങ്ങളുടെ സ്വന്തം നാടല്ലേ?"

അവൾക്കൊന്നും പറയാൻ കഴിഞ്ഞില്ല. ഇനിയെന്ത് പറയും. അവൾ സിദ്ധുവിൻറെ മുഖത്തേയ്ക്കു നോക്കിയപ്പോൾ അവനും സമ്മതഭാവം. അമ്മയും ശാരദക്കുട്ടിയുമൊക്കെ പ്രതീക്ഷയോടെ തന്നെ നോക്കുന്നു. വേണുവിനോട് വേണ്ട എന്ന് പറയാൻ, എന്തോ കഴിയുന്നില്ല. അവളുടെ സമ്മതം ഒരു തലയാട്ടലിൽ മാത്രമൊതുങ്ങി.

വേണുവിനും ശാരദക്കുട്ടിക്കും വലിയ സന്തോഷമുണ്ടാക്കുന്ന ഒന്നായിരുന്നു അത്. അമ്മയുടെ മുഖം ഉദയസൂര്യനെ പോലെ തിളങ്ങി. അവസാനം ഏതു മണ്ണിലാണോ തനിക്കലിഞ്ഞു ചേരേണ്ടത്, ആ മണ്ണിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നു. ഒരിക്കലും അതുണ്ടാകുമെന്ന് കരുതിയതല്ലല്ലോ?

ഒരു നാലു മണി കഴിഞ്ഞപ്പോഴാണ് ഇടവഴിയിലൊരു മോട്ടോർ സൈക്കിൾ വന്നു നിൽക്കുന്ന ശബ്ദം കേട്ടത്. അവർ രാധേച്ചിയുടെ വീടിൻറെ ഉമ്മറത്ത് സംസാരിച്ചിരിക്കുകയായിരുന്നു. രാധേച്ചി ഏന്തിവലിഞ്ഞു നോക്കി. ആ മുഖത്ത് പരിഭ്രമമാണോ, അതല്ല അത്ഭുതമാണോ എന്ന് ആർക്കും തിരിച്ചറിയാനായില്ല. അവരെല്ലാവരും ആശങ്കയോടെ റോഡിലേക്ക് നോക്കി.

അതൊരു ചെറുപ്പക്കാരനായിരുന്നു. ഒരു പെൺകുഞ്ഞിനെ എടുത്തിട്ടുണ്ട്. അയാൾ റോഡിൽ നിന്നും ചുറ്റും നോക്കുകയാണ്. അവസാനം അവരെ കണ്ടപ്പോൾ രാധേച്ചിയുടെ വീടിൻറെ മുറ്റത്തേയ്ക്ക് പതുക്കെ വന്നു. എല്ലാവരും പകച്ചു നോക്കവേ, രാധേച്ചിയാണ് അവരോട് സ്വകാര്യം പോലെ പറഞ്ഞത്. 

"ആളെ മനസ്സിലായില്ലേ... കണാരേട്ടൻറെ മോനാ... സുന്ദരൻ."

ആകാശമേലാപ്പ് അപ്പാടെ തലയിലേക്ക് തകർന്നു വീണത് പോലെ അവൾ അമ്പരന്നു. എല്ലാവരും അന്യഗ്രഹജീവിയെ കണ്ടത് പോലെ പകച്ചു നോക്കുകയായിരുന്നു. അവൻ മുറ്റത്ത്, അവരുടെ മുൻപിൽ നിന്നു. ഓരോരുത്തരെ മാറിമാറി നോക്കി. അവസാനം ആ നോട്ടം അവളുടെ മിഴികളിൽ തറച്ചു നിന്നു. അവൻറെ ഭാവം എന്താണെന്ന് ഒരു പിടിയും കിട്ടിയില്ല. ആകെ മൊത്തം ഒരു നിർവികാരത. അവളുടെ മുഖത്ത് നോക്കി നിൽക്കേ, പതുക്കെ, വളരെ പതുക്കെ, അവൻറെ മുഖത്തൊരു ചെറുപുഞ്ചിരി വിടർന്നു. വളരെ സൗമ്യനായി അവൻ അവളോട് ചോദിച്ചു.

"ചേച്ചിക്ക് എന്നെ മനസ്സിലായില്ലേ.. ഞാനാ സുന്ദരൻ. നിങ്ങളൊക്കെ വന്നൂന്നറിഞ്ഞപ്പോ ഒന്ന് കാണാൻ വന്നതാ."

വേണു അവളുടെ മുഖത്തേക്കും അവൻറെ മുഖത്തേക്കും മാറിമാറി നോക്കി. അമ്മയാണ് ആദ്യം ശബ്ദിച്ചത്. ക്ഷോഭത്തോടെ..

"എന്ത്യേ... ഇനിയെന്താ വേണ്ടത്... ജീവൻ കൂടി വേണോ?"

അമ്മ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അവൻ എല്ലാവരെയും മാറിമാറി നോക്കി. പിന്നെ അമ്മയുടെ മുഖത്ത് നോക്കി വിഷാദത്തോടെപറഞ്ഞു. 

"അമ്മേ... നിങ്ങൾക്കൊക്കെ എന്നോടോരുപാട് ദേഷ്യാവും. അച്ഛൻ കാരണമല്ലേ... ഇങ്ങിനെയൊക്കെ ആയത്? ആ ദേഷ്യം എന്നോട് കാണിക്കരുത്. അമ്മയുടെ കൈകൊണ്ട് എനിക്കൊരുപാട് ചോറ് വാരിത്തന്നിട്ടില്ലേ? ഞാനാ പഴേ സുന്ദരനാണ്. നിങ്ങളുടെ ഒക്കെ പഴേ സുന്ദരൻ."

അവൻറെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻ അവളെ നോക്കി. വിറയ്ക്കുന്ന ചുണ്ടുകളോടെ തുടർന്നു.

"ചേച്ചീ.. എന്താ പറയേണ്ടൂന്നറിയില്ല.. എങ്ങിനെയാന്നും അറിയില്ല.. അച്ഛൻ ചെയ്തതെന്താണെന്നറിയാൻ കുറെ സമയമെടുത്തു... അന്ന് ഞാനൊരു കുട്ടിയായിരുന്നില്ലേ ചേച്ചീ...? എനിക്കന്ന് എന്ത് ചെയ്യാനാവും ചേച്ചീ? ഇന്നും...?"

അവനൊന്നു നിർത്തി. അവൻറെ ഒക്കത്തിരിക്കുന്ന കുഞ്ഞ് ആകെ അമ്പരിന്നിരിക്കുകയാണ്. അവൻറെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ കൈനീട്ടി തുടക്കാൻ നോക്കുന്നുണ്ട് അവൾ.

"ചേച്ചി മറന്നോ? ചേച്ചിയായിരുന്നു എൻറെ വല്ല്യ കൂട്ട്. തെച്ചിപ്പഴം പറിക്കാനും, തുമ്പികളെ പിടിക്കാനും, ഓണത്തിന് പൂക്കളമിടാനും ഒക്കെ ചേച്ചിയായിരുന്നെൻറെ കൂട്ട്. എന്നെ നീന്തൽ പഠിപ്പിച്ചത് പോലും ചേച്ചിയാ...."

ഏതോ ഒരോർമ്മയിൽ അവൻറെ ചുണ്ടിലൊരു പുഞ്ചിരി വിടരുകയും, ഉടനെ പൊഴിയുകയും ചെയ്തു. വിഷാദത്തിൻറെ കുട ചൂടിയ, കണ്ണീരിൽ നനഞ്ഞ വാക്കുകൾ പിന്നെയും ഇടറിവീണു.

"അച്ഛൻ ചെയ്യാൻ പാടില്ലാത്തതാണ് ചെയ്തത്. ചേച്ചിയുടെ ശാപം, അത് എത്ര തലമുറ കഴിഞ്ഞാണ് തീരുക എന്നറിയില്ല. ദാ.. ൻറെ മോളാ. ഇവളുണ്ടായപ്പോ മുതലെനിക്ക് പേടിയാണ്. ഉള്ളില് തീയാണ്.. നാളെ ഇവളോടാരെങ്കിലും.. അങ്ങിനെ ചെയ്യുമോ എന്ന്. ശപിക്കരുത് ചേച്ചീ. ഞങ്ങളെ ശപിക്കരുത്...." 

ആരുമൊന്നും മിണ്ടാതെ കുറെ നേരം കഴിഞ്ഞു.  വേണുവും ബാബുവും മുഖത്തോട് മുഖം നോക്കി. ശാരദക്കുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അമ്മയുടെ കണ്ണിൽ അപ്പോഴും കനലെരിയുന്നുണ്ട്. അവൾ മാത്രം തുളുമ്പിയ കണ്ണുകളുമായി ഒരു ശില പോലെ നിന്നു.

പിന്നെ  ഒരുൾപ്രേരണയാലെന്ന വണ്ണം, പെട്ടെന്ന് സുന്ദരൻറെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി കവിളിൽ ആഞ്ഞു ചുംബിച്ചു. അപരിചിതത്വം കരണമാവണം, കുഞ്ഞ് കരഞ്ഞ് സുന്ദരൻറെ നേരെ കൈകൾ നീട്ടി. അവൾ  അവൾ കുഞ്ഞിനെ അവനു തന്നെ തിരിച്ചു നൽകുന്നതിനിടയിൽ, ഒരു കാറ്റിൻറെ മർമരം പോലും തോൽക്കുന്ന മട്ടിൽ പറഞ്ഞു..

"പോടാ.. ഇത്രയൊക്കെ പറയാനുമ്മാത്രം വളർന്നോ നീ? ഞാനെങ്ങിനെയാടാ നിന്നെയൊക്കെ ശപിക്ക്യാ.. അതിനൊന്നും എന്നെ കൊണ്ടാവൂല.."

അവൾ സിദ്ധുവിനെ നോക്കി പറഞ്ഞു...
    
"പക്ഷെ... എൻറെ അച്ഛൻറെ... അമ്മയുടെ.. ഒക്കെ ശാപമുണ്ടാവും.. നിനക്കല്ല.. ഈ മോൾക്കുമല്ല...നിൻറെ അച്ഛന്. അത്രയ്ക്ക് വല്ല്യ ദ്രോഹാ അയാള് ചെയ്തത്... പിന്നെ.. ദാ.. ഇവൻറെ.. അച്ഛാന്ന് വിളിക്കാൻ ഒരു നിഴലിനെ പോലും കിട്ടാതെ പോയവൻറെ..  ൻറെ സിദ്ധുവിൻറെ ശാപമുണ്ടാവും...."

അവസാനമായപ്പോഴേക്കും അവൾ തേങ്ങിപ്പോയി. എല്ലാവരും അവളെ ദയനീയമായി നോക്കിയപ്പോൾ സിദ്ധു മാത്രം പറഞ്ഞറിയിക്കാനാവാത്ത സങ്കടത്തോടെ വന്ന് അവളുടെ ചുമലിലേക്ക് ചാഞ്ഞു. നീർമൂടിയ കണ്ണുകൾ കാഴ്ച്ചകളെ മറച്ചപ്പോൾ അവൻ തുടച്ചു കൊണ്ട് സുന്ദരനെ നോക്കി. അവൻറെ ഒക്കത്തിരിക്കുന്ന കുഞ്ഞിനെ നോക്കി. അവന് മനസ്സിലായിരുന്നു. ആ നിൽക്കുന്നത് തൻറെ അർദ്ധസഹോദരനാണെന്ന്. അവൻറെ കണ്ണുകളിൽ ഒരു തിളക്കമുണ്ടായിരുന്നു. ജലത്തേക്കാൾ കട്ടി കൂടിയ രക്തത്തിൻറെ ഒരു തിളക്കം. അവനെ നോക്കി നിൽക്കവേ സുന്ദരൻറെ കണ്ണിലുമുണ്ടായിരുന്നു, വാത്സല്യത്തിൻറെ ഒരു തിളക്കം. 

തുടരും 

1 comment: