Wednesday, May 22, 2019

ഗ്രാമത്തിലെ പെൺകുട്ടി...

അദ്ധ്യായം 28: ഭ്രാന്തൻ 



മായക്കാഴ്ചയിലെ അത്ഭുത വർണ്ണരാജികൾ പോലെ, മാറിയ ഗ്രാമത്തിൻറെ മുഖം അവരുടെ കണ്ണുകളിൽ ഛായാചിത്രങ്ങൾ വരച്ചു. അവളുടെ ഹൃദയം തുള്ളിത്തുളുമ്പുന്നുണ്ടായിരുന്നു. ഗ്രാമത്തിൽ നിന്നും പട്ടണത്തിലേക്കുള്ള റോഡ് വീതി കൂടിയിരിക്കുന്നു. മുൻകാലങ്ങളിൽ കാടും പടലും പിടിച്ചു കിടന്നിരുന്ന റോഡരികുകൾ ഇപ്പോൾ വീടുകളും കച്ചവട സ്ഥാപനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു.  മിക്കപ്പോഴും ഇതേതാ സ്ഥലം എന്നതിശയിച്ച് പോകുന്നു. പണ്ടത്തെ ഓടിട്ട കെട്ടിടങ്ങൾക്ക് പകരം കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ ഗ്രാമത്തിലെ പഴയ അങ്ങാടി അമ്പരപ്പ് നിറഞ്ഞ മിഴികളോടെ അവൾ നോക്കിക്കണ്ടു. തോടിൻറെ പൊടിപോലുമില്ലായിരുന്നു. നല്ല വീതിയുള്ള ടാറിട്ട റോഡിലൂടെ കാർ പതുക്കെ നീങ്ങിയപ്പോൾ അവളുടെ ഹൃദയം ഒരു പെരുമ്പറ പോലെ രുദ്രതാളത്തിൽ കൊട്ടാൻ തുടങ്ങിയിരുന്നു. തൊലിപ്പുറങ്ങളിലൂടെ ഓടിനക്കുന്ന വികാരഹർഷങ്ങൾ രോമരാജികളെ തഴുകിയുണർത്തി. 

ഇടവഴിക്ക് പകരം ടാറിട്ട റോഡ് കണ്ട അവളും അമ്മയും മുഖത്തോട് മുഖം നോക്കിയപ്പോൾ ശാരദക്കുട്ടി മാത്രം അത്ഭുതത്തോടെ പറഞ്ഞു. 

"ഈശ്വരാ.. ദെന്തൊരു മാറ്റാ ഇവിടെ. എട്ടനറ്യോ, ഇതൊക്കെ വെറും ഇടവഴി മാത്രമായിരുന്നു. ദാ, ഇതൊക്കെ തോടായിരുന്നു. ദൈവമേ, അവിടെ ഒരു ചീനിമരമില്ലായിരുന്നോ? ദുഷ്ടന്മാർ. ഒക്കെ വെട്ടി. അയ്യോ.. ഏട്ടാ.. ഇവിടെയൊക്കെ ഇല്ലിക്കൂട്ടമായിരുന്നു. എനിക്കൊക്കെ എന്ത് പേടിയായിരുന്നെന്നോ? പാമ്പുണ്ടാകും.. അയ്യോ.. ഇവിടെയൊക്കെ നിറയെ വീടായിട്ടോ..."

"അത്, കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ടല്ലേ നാട്ടുമ്പുറങ്ങളൊക്കെ മാറുന്നത്." വാഹനമോടിക്കുന്നതിനിടയിൽ ബാബു പറഞ്ഞു. അതെ എന്നർത്ഥത്തിൽ തല കുലുക്കുന്നുണ്ടായിരുന്നു വേണു. 

പഴയ ഇല്ലിക്കൂട്ടം നിന്നിരുന്ന ഭാഗത്തെത്തിയപ്പോൾ അവളിൽ ഓർമ്മകളുടെ പെരുമഴപ്പെയ്ത്തായിരുന്നു.. അതിൽ സ്വപ്നങ്ങളുടെ ആലിപ്പഴക്കുളിരുണ്ടായിരുന്നു. കണ്ണുനീരിൻറെ ഉപ്പുരസമുണ്ടായിരുന്നു... 

ഇടിഞ്ഞുപൊളിഞ്ഞു നുരുമ്പിച്ച ആ കൂര, തകർന്ന ചിതല്പുറ്റു പോലെ നിൽക്കുന്നു. കാടുംപടലും പിടിച്ച തൊടിയുടെ  നടുവിൽ, സ്വപ്നങ്ങളും, സുഖങ്ങളും, സന്തോഷങ്ങളും, ദുഃഖങ്ങളും, ശരീരങ്ങളും പങ്കിട്ട ആ പഴയ വീട്ടിലേക്ക് നോക്കുമ്പോൾ, അമ്മയുടെ കണ്ണുകൾ രണ്ടരുവികളായി മാറിയിരുന്നു. കഴുത്തിലൊരു താലിച്ചരട് കെട്ടി, അമ്പലത്തിൽ നിന്നും നടന്നു വന്ന ഒരു കൊച്ചു ഘോഷയാത്രയിൽ, നമ്രമുഖിയായി വാസ്വേട്ടൻറെ കൂടെ ഇവിടേയ്ക്ക് വന്നത് ഇന്നലെയെന്ന പോലെ അമ്മ ഓർത്തുപോയി. പിന്നെ എല്ലാം നഷ്ടപ്പെട്ട, ജീവിതം അതിൻറെ കറുത്ത നിഴലുകളിൽ തങ്ങളെ നിർത്തിയതും, ഈ വീട്ടിൽ തന്നെയല്ലേ? അമ്മയുടെ ഓർമ്മകൾ തേങ്ങിക്കരഞ്ഞു. 

വേണുവും സിദ്ധുവും ശാരദക്കുട്ടിയുമാണ് ആദ്യം ഇറങ്ങിയത്. വാഹനം വന്നു നിന്നപ്പോൾ അയൽവാസികളായ ചില ആളുകൾ അവിടെവിടെ നിന്ന് എത്തി നോക്കുന്നുണ്ട്. ഒറ്റ നോട്ടത്തിൽ ആരെയും തിരിച്ചറിഞ്ഞില്ല. സിദ്ദുവിൻറെ കണ്ണുകളിൽ കൗതുകവും,   ശാരദക്കുട്ടിയുടെ കണ്ണുകളിൽ ഒരു റാന്തൽ വിളക്ക് പോലെ സന്തോഷവും തെളിഞ്ഞു നിൽക്കുന്നു. അനിർവചനീയമായ വികാരത്തള്ളിച്ചയിലായിരുന്നു എല്ലാവരും.  

ആകാംഷയോടെ, അതിനേക്കാൾ കൗതുകത്തോടെ അയൽവാസികൾ ചിലരൊക്കെ അങ്ങോട്ടേക്ക് വന്നു. സിദ്ധു അതിനോടകം തന്നെ പുല്ലുകൾ തിങ്ങിയ മുറ്റത്തേക്ക് കയറിയിരുന്നു. ശാരദക്കുട്ടി വണ്ടിയിലേക്ക് നോക്കി, അപ്പോഴും വാനിൽ അന്തം വിട്ടിരിക്കുന്ന അവളെയും അമ്മയെയും വിളിച്ചു..

"വാ അമ്മാ... വാ ചേച്ചി... വാ... ദാ കണ്ടോ... നമ്മുടെ ആ പഴേ ചെമ്പരത്തിയാ... എന്തോരമായി ആല്ലേ..."

വിറയ്ക്കുന്ന കാലുകളോടെ അവർ ആ മണ്ണിലേക്കിറങ്ങി. അവൾ മൂക്ക് വിടർത്തി ആ മണ്ണിൻറെ ഗന്ധം ഒന്നാഞ്ഞു വലിച്ചു. ദൈവമേ... അച്ഛൻറെ മണമാണല്ലോ ഇവിടെയെങ്ങും നിറഞ്ഞു നിൽക്കുന്നത്... 

രാധേച്ചീ എന്ന ശാരദക്കുട്ടിയുടെ വിളി കേട്ടാണ് ഞെട്ടിപ്പിടഞ്ഞു നോക്കിയത്. തൊടിയതിരിൽ നിന്നും എത്തി നോക്കുന്ന രാധേച്ചിക്ക്, അങ്ങേയറ്റം കൗതുകമായി. അത്ഭുതം നിറഞ്ഞ ശബ്ദത്തോടെ അവർ ചോദിക്കുന്നത് കേട്ടു...

"അഅആ.. ശാരദക്കുട്ട്യേ... എന്റീശ്വരാ... ഈ കുട്ടി ഇത്രേം വളർന്നോ..."

അവരധിവേഗം നടന്നു വന്നു. ആദ്യം അവളുടെ മുഖത്തേയ്ക്ക് നോക്കി കുറച്ചു നേരം നിന്നു.. അവളുടെ കൈകളിൽ കൂട്ടിപ്പിടിച്ചു.. നോക്കിനിൽക്കെ ആ മുഖത്തൊരു സുന്ദരമായ പുഞ്ചിരി തെളിഞ്ഞുവന്നു. പിന്നെ ഉടുമ്പിനെ പോലെ അവളെ കെട്ടിപ്പിടിച്ചു. 

കൂടിക്കൂടി വരുന്ന ആളുകൾക്കിടയിൽ പരിചയമുള്ള ഒരുപാട് മുഖങ്ങൾ തെളിഞ്ഞു വന്നു. എല്ലാവര്ക്കും അത്ഭുതമായിരുന്നു. പത്തു കൊല്ലമായില്ലേ പോയിട്ട്. പിന്നെ ഈ വഴി ഒന്ന് വന്നിട്ട് പോലുമില്ലല്ലോ. ഇപ്പോൾ ദാ, പെട്ടെന്നൊരീസം, ഇങ്ങനെ മാനത്തു നിന്നും പൊട്ടി വീണപോലെ വന്നിരിക്കുന്നു. എല്ലാ മുഖങ്ങളിലും സന്തോഷമുണ്ടായിരുന്നു. പരിചയമില്ലാത്ത പുതുമുഖങ്ങളിൽ വലിയ കൗതുകവും..

എവിടെയായിരുന്നു? എന്തായിരുന്നു? ഓരോരുത്തർക്കും ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നു. ഇതുവരെ തൊടിയിലേക്കൊന്നു ശരിക്ക് കയറാൻ കഴിഞ്ഞിട്ടില്ല. അപ്പോഴാണ് സിദ്ധു പേടിച്ചരണ്ട മുഖവുമായി അങ്ങോട്ട് ഓടിവന്നത്. വീടിൻറെ പിൻഭാഗത്തേയ്ക്ക് കൈചൂണ്ടി അവൻ വിറച്ചു കൊണ്ട് പറഞ്ഞു..

"അമ്മാ.. ദേ...  ഒരു മാഡ്മാൻ..."

എല്ലാവരും അങ്ങോട്ട് നോക്കി. അവിടെ ഒരു വീടൊന്നും അവൾക്ക് കാണാനായില്ല. ഇടിഞ്ഞു പൊളിഞ്ഞു നിലം പൊത്തിയ ഒരു കൂരയുടെ വീഴാനാഞ്ഞു നിൽക്കുന്ന മൺചുവരുകൾ മാത്രം. ശൂന്യതയിലേക്ക്, ദൂരെ മാനത്തേയ്ക്ക് നോക്കി അനാഥമായി നിൽക്കുന്ന ഒരു സ്മാരകം മാത്രമാണത്.  നോക്കി നിൽക്കെ ചുമരുകൾക്കപ്പുറത്ത് നിന്നും, മേനിയാകെ കരിയും മണ്ണും പുരണ്ടൊരു രൂപം മുൻവശത്തെ മുറ്റത്തേയ്ക്ക് വന്നു. ആ രൂപം ആ കൊച്ചു സംഘത്തെ തുറിച്ചു നോക്കിക്കൊണ്ട് നിന്നു.

അതൊരു വല്ലാത്ത രൂപമായിരുന്നു. ജട കുത്തിയ മുടിയും താടിമീശയും. കറുത്തിരുണ്ട്, മെലിഞ്ഞുണങ്ങിയ ശരീരം. അങ്ങേയറ്റം മുഷിഞ്ഞ വേഷവിധാനങ്ങൾ. എല്ലാം കൊണ്ടും, ഒരു ചലിക്കുന്ന കറുത്ത കങ്കാളം. അയാൾ കുറെ നേരം അവരെ അങ്ങിനെ നോക്കി നിന്നു. പിന്നെ ആടിയാടി അവരുടെ അരികത്തേയ്ക്ക് വന്നു. നേരിയ ഭയപ്പാടോടെ, ആ കവിളൊട്ടിയ മുഖത്തേയ്ക്ക്, കുഴിഞ്ഞ കണ്ണുകളിലേക്ക് അവൾ പകച്ചു നോക്കി. ഓർമയുടെ വിദൂര തീരത്തേതോ ഒരു നിഴലാട്ടമുണ്ട്. ആരെന്ന് തീർത്ത് പറയാനാവാത്ത ഒരു കേവല നിഴലാട്ടം.

അയാളോരോരുത്തരെയും മാറിമാറി നോക്കി. അവസാനം അവളുടെ കണ്ണുകളിലേക്ക് അയാൾ തൻറെ കുഴിഞ്ഞ കണ്ണുകൾ തറച്ചു വച്ചു. പിന്നെ, കറുത്ത കറ വീണ  പല്ലു കട്ടി ഇളിച്ചു കാണിച്ചുകൊണ്ടയാൾ പറഞ്ഞു...

"കറുത്ത മാനം, കറുത്ത മണ്ണ്, കൂടെ.. കറുത്തവൻറെ കരിഞ്ഞു പോയ കറുത്ത  സ്വപ്‌നങ്ങളും.. കറുത്ത മനസ്സുള്ള പെണ്ണൊരുത്തിയും...  ഹഹഹ..."

ഭയമരിക്കുന്ന മനസ്സുമായി അവൾ അമ്പരന്നിരിക്കെ, വിഷാദം ഘനീഭവിച്ച ശബ്ദത്തോടെ ആ ഭ്രാന്തൻ തുടർന്നു...

"അവൾ പോയീ.... അവൾ പോയീ.... ഒന്നും മിണ്ടാതെ പോയീ.... ചത്താണ് പോയിരുന്നെങ്കിൽ....  കൊറേ കരഞ്ഞാൽ സങ്കടം തീരൂലേ... ഉം.... ഇതിപ്പോ, ചത്തല്ലല്ലോ പോയത്.....  ചത്തല്ലല്ലോ പോയത്....."

അവളുടെ മുഖത്തേയ്ക്ക് കൈ ചൂണ്ടി അയാൾ കൈകൾ കൊണ്ടെന്തോക്കെയോ ആംഗ്യം കാണിച്ചു.. പിന്നെ അവസാന വാചകം ആവർത്തിച്ചു പറഞ്ഞ് റോഡിലൂടെ താഴേക്ക് നടന്നു.... 

ആളെ മനസ്സിലായോ എന്ന രാധേച്ചിയുടെ ചോദ്യം കേട്ടാണ് അവൾ നോക്കിയത്. എല്ലാ മുഖങ്ങളും രാധേച്ചിയിലേക്ക് തിരിഞ്ഞു.

"മേലേപ്പ്രത്തെ സുകുവാ... പ്രാന്താ.. പെരും പ്രാന്ത്... എത്ര കൊല്ലായീന്നോ.. എത്ര ആട്ടിയാലും പോവൂല. ഇവിടെ വന്നാ കെടത്തം. ആരിം ഉപദ്രവിക്കൊന്നൂല്ല. ന്നാലും കുട്ട്യാൾക്ക് പേട്യാ..."  

അവളത് മുഴുവനും കേൾക്കുന്നില്ലായിരുന്നു. ആടിയാടി പോകുന്ന ആ കറുത്ത രൂപത്തെ നോക്കി ശില പോലെ നിന്നു. ബാബു വളരെ അടുത്തു വന്ന്, സ്വകാര്യമായി ചോദിച്ചു. 

"ചേച്ചീ, അയാളാണോ ആ മറ്റേ സുകു?"

നിറഞ്ഞ കണ്ണുകളുമായി അവളവനെ ദയനീയമായി നോക്കി. അവളെ ചാരി നിൽക്കുകയായിരുന്ന സിദ്ദുവിൻറെ മുഖത്തപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു ഭാവം തളം കെട്ടി നിൽക്കുന്നുണ്ടായിരുന്നു.  

തുടരും 

1 comment:


  1. "കറുത്ത മാനം, കറുത്ത മണ്ണ്, കറുത്ത പെണ്ണ്. കറുത്തുപോയതിനാലെ കരിഞ്ഞു പോയീ കറുത്തവൻറെ സ്വപ്‌നങ്ങൾ!... ഹഹഹ... അവൾ പോയീ.... അവൾ പോയീ.... ഒന്നും മിണ്ടാതെ പോയീ.... അവൾ ചത്താണ് പോയിരുന്നെങ്കിൽ കൊറേ കരഞ്ഞാൽ സങ്കടം തീരൂലേ... ഉം.... ഇതിപ്പോ, ചത്തല്ലല്ലോ പോയത്..... ചത്തല്ലല്ലോ പോയത്....."

    ReplyDelete