Tuesday, June 25, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: ഉണങ്ങിയ പുഴയുടെ നാമം
അദ്ധ്യായം33: അപ്പക്കാളയും വെള്ളക്കൊക്കും   


അല്പ നേരം വിനോദിൻറെ കണ്ണുകളിൽ അങ്ങിനെ നോക്കി നിന്നപ്പോഴാണ് അവൾക്ക് സ്ഥലകാല ബോധമുണ്ടായത്. പെട്ടെന്നവൾ കണ്ണുകൾ പിൻവലിച്ചു. അവളുടെ മനസ്സ്, അനുഭവങ്ങളുടെ അഗ്നിശിലകൾ പാകിയ പാതയിലൂടെ അതിവേഗം ഓടുകയായിരുന്നു.

മറ്റേതൊരു പുരുഷനെയും പോലെ വിനോദും, അവസരം മുതലാക്കാൻ നോക്കുകയാണോ? ചിലപ്പോൾ ആവും. പക്ഷെ, അവൻറെ ശബ്ദത്തിലെ ശോകം അങ്ങിനെ വിശ്വസിക്കാനും സമ്മതിക്കുന്നില്ല. അവൻ സത്യം പറയുകയാണെങ്കിലോ? ആണെങ്കിൽ തന്നെയെന്ത്? ആണെങ്കിലും അല്ലെങ്കിലും തനിക്കിപ്പോൾ അത് സമയമാണ്.

അവളുടെ മൗനത്തിനിടയിലവൻ തുടർന്നു. "താനിതൊന്നും കാര്യമാക്കണ്ടാട്ടൊ.. അതെക്കെ വിട്ടേക്കൂ. നീ കഴിക്കാൻ നോക്ക്. മോളുടെ പേര് ചോദിച്ചില്ലായിരുന്നെങ്കിൽ, ഞാനിത് പറയില്ലായിരുന്നു... അല്ലെങ്കിലും.. ഇനിയത് പറയേണ്ട ആവശ്യമില്ലല്ലോ?"

അവൾ മുഖമുയർത്തി അവനെ നോക്കി. അവൻ നല്ല തെളിച്ചമുള്ളൊരു പുഞ്ചിരി മുഖത്ത് പിടിപ്പിച്ചിട്ടുണ്ട്. അവളുടെ കണ്ണുകളിൽ നോക്കി അവൻ തുടർന്നു.

"വർഷാന്തരങ്ങളുടെ പൊടിപിടിച്ചൊരു മോഹത്തെ, പാടേ മറക്കാൻ കഴിയാത്തൊരു മനസ്സിൻറെ വികൃതിയായി... മോളുടെ പേര് കണ്ടാൽ മതി. ചില സ്വപ്‌നങ്ങൾ സൂര്യനെ പോലെയാണ്. അത് നഷ്ടപ്പെട്ടതിൻറെ ശേഷം കിട്ടുന്നത് എണ്ണയാൽ കത്തുന്ന ദീപങ്ങൾ പോലെയും. അസ്തമയത്തിൻറെ ശേഷം ദീപങ്ങൾ കൊളുത്തും. പക്ഷെ അതൊരിക്കലും സൂര്യന് പകരമാവില്ല. എന്നാലും ദീപങ്ങൾ നമ്മളുപേക്ഷിക്കാറില്ലല്ലോ..."

അവൾ നിശബ്ദം കേട്ടിരുന്നു. ഒരു സ്കൂൾ മാഷായത് കൊണ്ടാവും, വിനോദ് നന്നായി സംസാരിക്കുന്നു. അവൻറെ സംസാരം കേട്ടിരിക്കാനൊരു രസമുണ്ട്.  

"ഇനിയിപ്പോളതൊന്നും പറഞ്ഞിട്ട് കാര്യമില്ല... നീ കഴിക്ക്.."

വിനോദ് പറഞ്ഞു നിർത്തി തൻറെ ഭക്ഷണത്തളികയിലേക്ക് മുഖം താഴ്ത്തി. പക്ഷെ പിന്നെ ഭക്ഷണം രുചി തോന്നിയില്ല; രണ്ടാൾക്കും.  രണ്ടു പേരും ഭക്ഷണം കഴിച്ചെന്നു വരുത്തി എഴുനേൽക്കുകയാണ് ചെയ്തത്. 

അവൾക്ക് നല്ല മൂത്രശങ്കയുണ്ടായിരുന്നു. കേരളം സംഗതിയൊക്കെ നമ്പർ വൺ ആണത്രേ. ഒരു പെണ്ണിന് മൂത്രമൊഴിക്കാൻ മുട്ടിയാൽ, അടിനാഭി പൊട്ടുമ്പോലെ വേദനിച്ചാലും കൊള്ളാവുന്ന ഒരു മൂത്രപ്പുര പോലും പബ്ലിക്കായി ഇല്ല. ഇനി വല്ല പെട്രോൾ പമ്പിലോ ഹോട്ടലിലോ മറ്റോ സാധിക്കാമെന്നു വച്ചാലോ? അവിടെ വല്ലവനും ക്യാമറ വച്ചിട്ടുണ്ടോ എന്ന് ദൈവത്തിന് മാത്രമേ അറിയൂ. അവൾ ഹോട്ടലിലെ ടോയ്‌ലറ്റിൽ ഒന്ന് കയറി. സൂക്ഷമമായി ഒന്ന് പരിശോധിച്ചു. സംശയാസ്പദമായതൊന്നും കണ്ടില്ല. 

പുറത്തേയ്ക്കിറങ്ങി വരുമ്പോൾ ഒരു സൈൻബോർഡിലേക്ക് ചാരിനിന്ന്, സിഗരറ്റ് വലിച്ചൂതുന്ന വിനോദിനെ കണ്ടപ്പോൾ, കൗതുകമായി. അവളെ കണ്ടപ്പോൾ അവൻ സിഗരറ്റ് താഴെയിട്ട് ചവിട്ടിക്കെടുത്തി. പോലീസ് കണ്ടാൽ ഫൈനടിക്കില്ലേ എന്ന അവളുടെ ചോദ്യത്തിന്, സർക്കാരിനും വേണ്ടേ എന്തെങ്കിലുമൊരു വരുമാനം എന്നവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.  ഒരുമിച്ച് റോഡ് മുറിച്ച് കടന്നു. സ്റ്റേഷനിൽ ചെന്നു. CI എത്തിയിട്ടില്ല. പിന്നെയും മുഷിഞ്ഞ കാത്തിരിപ്പ്. വീട്ടിൽ നിന്നും ഇടവേളകളില്ലാതെ വിളിക്കുന്നു അമ്മയും വേണുവും ബാബുവും. സിദ്ധുവിൻറെ മെസേജുകൾ കൊണ്ട് വാട്ട്സ് ആപ്പിൻറെ ഇൻബോക്സ് നിറഞ്ഞു.

സമയം നാലുമണിയാകാനായപ്പോഴാണ് CI വന്നത്. നല്ല തിരക്കുള്ളത് കൊണ്ടായിരിക്കും, കൂടുതൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ല. ചില ക്ലാരിഫിക്കേഷൻസ്. അത്രമാത്രം. നാലര മണിക്ക് ആ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങുമ്പോൾ മാത്രമാണ് അവൾക്ക് ശ്വാസം ശരിക്കൊന്ന് വീണത്. 

വിനോദിന് സ്റ്റേഷനിൽ നല്ല പിടിപാടുണ്ട് എന്നവൾക്ക് മനസ്സിലായി. വിനോദ് ഇല്ലായിരുന്നെങ്കിൽ കാര്യങ്ങൾ ഇത്ര ഈസിയാവില്ലായിരുന്നു. അവൾക്കവനോട് നന്ദി തോന്നി. ഒരേകാന്ത സഞ്ചരിക്കൊരു കൂട്ടുകാരനെ കളഞ്ഞു കിട്ടിയാലെന്ന പോലെ, ഒരു സന്തോഷമുണ്ട് ഉള്ളിൽ. 

സ്‌റ്റേഷൻറെ പുറത്തേയ്ക്കിറങ്ങാൻ നേരമാണ് വിനോദ് ചോദിച്ചത്..

"സുകുവിനെ കാണണോ നിനക്ക്?"

അവൾക്ക് പെട്ടെന്ന് മറുപടി പറയാൻ കഴിഞ്ഞില്ല. അവൾ പെട്ടെന്നവൻ അങ്ങിനെ ചോദിച്ചതിൻറെ ഒരു അമ്പരപ്പിലായിരുന്നു. അവൾക്ക് വിനോദിനെ തീരെ മനസ്സിലായില്ല. കുറച്ച് മുൻപവൻ സംസാരിച്ചത്, അവൻറെ നഷ്ട പ്രണയത്തെ കുറിച്ചായിരുന്നു. തന്നോടൊരിക്കലും പറയാതിരുന്ന പ്രണയത്തെ കുറിച്ച്. ഇപ്പോഴവൻ ചോദിക്കുന്നത് സുകുവിനെ കുറിച്ചാണ്. തൻറെ മനസ്സ് തൊട്ടറിഞ്ഞത് പോലെ..

അവൾ ഉത്തരം പറയാനാവാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൻ പറഞ്ഞു.

"ആ... അല്ലെങ്കിൽ വേണ്ട.  നമുക്കവനെ ഹോസ്പിറ്റലിൽ ചെന്നു കാണാം. കുറച്ചീസം കഴിഞ്ഞാലും, അതാവും നന്നാവുക. ഇവരുടെ ഈ സെല്ലിൽ... അവൻറെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ദൈവത്തിനെ അറിയൂ. കണ്ടാൽ ചിലപ്പോൾ നമുക്ക് സഹിക്കില്ല..."

അവൾ വിഷമത്തോടെ അവനെ നോക്കി. നീയെന്തിനെൻറെ മനസ്സിങ്ങനെ വേദനിപ്പിക്കുന്നു എന്ന് ചോദിക്കാൻ ആഗ്രഹിച്ചു. ചോദിച്ചില്ല. അതൊന്നും വിനോദ് ശ്രദ്ധിക്കുന്നില്ലായിരുന്നു.

"നല്ലൊരു വക്കീലിനെ ഏർപ്പാടാക്കണം. അവനു നല്ല ചികിത്സയെങ്കിലും കിട്ടണം. ഈ ഇരുട്ടിലേക്കവനെ വലിച്ചെറിഞ്ഞാൽ പിന്നെ.. ഉറങ്ങാനാവില്ല നമുക്ക്. മരണം വരെ..."   

നീർപൊടിയാൻ വെമ്പൽ കൊള്ളുന്ന കണ്ണുകളിൽ നിറയെ നന്ദിയെന്ന രണ്ടക്ഷരത്തിൻറെ മൺചെരാതുകൾ തെളിഞ്ഞു. ഇവൻ... ഇവനൊരു കൂട്ടുകാരനാണ്. കൂടെ നടക്കുമ്പോൾ, ധൈര്യമായി കൈപിടിക്കാൻ പറ്റുന്നൊരു കൂട്ടുകാരൻ.   

അവൾ വെറുതെ തലകുലുക്കി. അവർ സ്റ്റേഷനിൽ നിന്നിറങ്ങി. സ്റ്റേഷൻ വളപ്പിൻറെ പുറത്തെ ചീനിമരത്തിൻറെ ചുവട്ടിലേക്കവൾ തനിയെയാണ് വന്നത്. വിനോദ് ഇപ്പൊ വരാമെന്നു പറഞ്ഞു പോയി. അവൾ വേണുവിനെ വിളിച്ച് പറഞ്ഞു; ഞങ്ങൾ ഇറങ്ങി, പ്രശ്നമൊന്നുമില്ല എന്ന്. അവർക്ക് സമാധാനമായിക്കോട്ടെ. വാട്ട്സ് ആപ്പിൾ സിദ്ധുവിന് ഒരുപിടി ചുംബനങ്ങൾ അയച്ചു. ഇറങ്ങി എന്നൊരു വോയ്‌സ് മെസ്സേജും.

വിനോദ് തൻറെ മോട്ടോർ സൈക്കിളിൽ അവളുടെ അടുത്തെത്തി. അവൾ അമ്പരന്നു.  അവനവളോട് കയറാൻ പറഞ്ഞപ്പോൾ, അവൾ അമ്പരപ്പോടെ പറഞ്ഞു.

"എനിക്ക് പേടിയാണ്.. ഞാൻ ജീവിതത്തിലിന്നോളം ഈ കുന്ത്രാണ്ടത്തിൽ കേറീട്ടില്ല... സത്യായിട്ടും.."

വിനോദിന് ചിരിയാണ് വന്നത്. അതേ ചിരിയോടെ അവൻ പറഞ്ഞു.

"നീ കേറ് പെണ്ണെ... നിന്ന് കൊഞ്ചാതെ.... ഇനി നിന്നെ കേറ്റാൻ വേണ്ടി എനിക്ക് വിമാനം വാങ്ങാൻ പറ്റുമോ?"

അവളൊരു ചെറുപുഞ്ചിരിയോടെ അവനെ നോക്കി...

"അതേയ്.. ഞാൻ ബസ്സിലങ്ങോട്ടു പൊയ്ക്കൊള്ളാം.. വിനോദ് പൊയ്ക്കോ..."

"ഹ... അതെങ്ങിനെ ശരിയാവും.. നിന്നെ വീട്ടിൽ കൊണ്ടുചെന്നാക്കാം എന്നു പറഞ്ഞത് ഞാനല്ലേ...? എന്നിട്ട് ബസ്സ് കേറ്റിവിട്ടാൽ പിന്നെ  ഞാനാരാ? നീയിങ്ങോട്ട് കേറെടീ വെള്ളക്കൊക്കേ..."

ഒരൊറ്റ നിമിഷം കൊണ്ടവളുടെ മുഖമാകെ ചുവന്നു തുടുത്തു. ലജ്ജയോ, കൗതുകമോ, സന്തോഷമോ, കുസൃതിയോ, പിണക്കമോ എന്നൊന്നും ആർക്കും തിരിച്ചറിയാനാവാത്തൊരു വികാരം കണ്ണുകളിൽ ഇരമ്പിയാർത്തു. ശ്വാസം പിടിച്ചവൾ അവനെ തുറിച്ചു നോക്കി നിന്നു. അവനൊരു കുസൃതിച്ചിരിയോടെ അവളെ നോക്കി, പിരിക്കമിളക്കിക്കാണിച്ചു. പിന്നെ മെല്ലെ, സ്വകാര്യം പറഞ്ഞു...

"വേറെയാരും കേട്ടിട്ടില്ല... ഇനിയും ഇങ്ങോട്ടു കേറിയില്ലെങ്കിൽ എല്ലാരും കേൾക്കെ വിളിക്കും... വേണോ..."

പിണക്കം നിറഞ്ഞു നിൽക്കുന്ന ശബ്ദത്തിൽ അവൾ പറഞ്ഞു...

"നീ പോടാ... അപ്പക്കാളെ..."

വിനോദ് അറിയാതെ പൊട്ടിച്ചിരിച്ചു പോയി. ചിരിയടക്കാൻ അവൻ പാടുപെട്ടു. അപ്പുറത്തും ഇപ്പുറത്തുമൊക്കെ നിൽപ്പുണ്ടായിരുന്ന ചിലരൊക്കെ അവരെ തുറിച്ചു നോക്കി. ഒരാണും പെണ്ണും ഒരുമിച്ചു നിൽക്കുന്നത് കണ്ടാൽ തന്നെ അസ്വസ്ഥമാവുന്ന സമൂഹഹൃദയത്തിന്, ആ പൊട്ടിച്ചിരി എങ്ങിനെ സഹിക്കനാവും?

"അപ്പോൾ നീ മറന്നിട്ടില്ല.... ഞാൻ കരുതി നീയാ പേരൊക്കെ മറന്നെന്ന്.." 

"മറന്നിരുന്നു.... ഒരുപാട് കാര്യങ്ങൾ... ഇപ്പോളോർത്തു..." അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ടവൾ പറഞ്ഞു. ഇപ്പോളാ മുഖത്ത് പരിഭവമൊന്നുമില്ലായിരുന്നു. ഓർക്കാൻ സുഖമുള്ള എന്തൊക്കെയോ ഓർമ്മകൾ അവളുടെ മനസ്സിൽ തിരയിളകുന്നുണ്ടെന്നാ, കണ്ണുകൾ കണ്ടാൽ അറിയാം.
         
"ഉം... മറക്കേണ്ടതൊക്കെ മറക്കാനും, ഓർക്കേണ്ടതൊക്കെ ഓർക്കാനും വേണം... നമുക്ക് ചിലസഹായങ്ങൾ.. അല്ലെ...? നീയിങ്ങോട്ട് കേറ്..."  

അവൾക്ക് അതിൻറെ മേലേക്ക് കയറുന്നത് തന്നെ പ്രയാസമായി തോന്നി.  വീഴുമോ എന്ന പേടിയിൽ അവളവൻറെ ചുമലിൽ അള്ളിപ്പിടിച്ചപ്പോൾ, അവളുടെ നഖം തട്ടി, അവനു വേദനിച്ചു. തമാശ രൂപത്തിലവൻ പറഞ്ഞു.

"ഇതെന്താടീ കരടിനഖമോ.....?" 

അവൾക്ക് ജാള്യമായി. അവൾ കൈ പിൻവലിച്ചു. അപ്പോൾ പിന്നെയും വിനോദ് പറഞ്ഞു.

"തീരെ പിടിക്കാതിരിക്കേണ്ടെടോ... മോന്തേം കുത്തി വീണാലുമ്മറത്തെ പല്ലു പോകും. പിന്നെ കാണാനൊരു വർക്കത്തുണ്ടാവില്ല... ആ.. പറയാൻ മറന്നു. നിൻറെ സൗന്ദര്യം ഇങ്ങിനെ കൂടുന്നതിൻറെ രഹസ്യം എന്നോടും കൂടിയെന്ന് പറയണേ... ഞാനൊക്കെ കണ്ടില്ലേ.. മൂത്തു മുതുകാളയായി. നിന്നെക്കാൾ ഒരു മൂന്നോ നാലോ വയസിൻറെ മൂപ്പേ ഉള്ളൂ.... എന്നാലും ഇപ്പൊ കണ്ടാ, ഞാനച്ഛനും നീ മോളുമാണ്..."

"ആ....." ഈർഷ്യയോടെ അവൾ അമറിക്കൊണ്ട്, അവനെയൊന്നു പിച്ചാൻ തുനിഞ്ഞു. പിന്നെ വേണ്ടെന്നു വച്ചു..

"നീ മനുഷ്യനെ കളിയാക്കാനാണോ ഇതിൻറെ മൂട്ടിൽ കയറ്റിയത്... ചെലക്കാതെ വണ്ടി വിടെടാ.... അപ്പക്കാളെ..."

ചിരിച്ചുകൊണ്ട് വിനോദ് വണ്ടി മുന്നോട്ടെടുത്തു. തങ്ങളെ തന്നെ തുറിച്ചുനോക്കി നിൽക്കുന്ന പ്രായമായൊരു സ്ത്രീയെ നോക്കി അവനൊന്നു കണ്ണിറുക്കികാണിച്ചപ്പോൾ, അവർ വെറുപ്പോടെ മുഖം തിരിച്ചു. സാവധാനം മുന്നോട്ട് പോകുന്ന ബൈക്കിൽ, അവരുടെ മനസ്സുകൾ ബാല്യത്തോളം സഞ്ചരിച്ചു കഴിഞ്ഞിരുന്നു.

അവളുടെ മനസ്സിലൊരു വെള്ളിപ്പാദസരം കിലുങ്ങി. സ്‌കൂളിൽ, താഴ്ന്ന ക്ലാസിൽ പഠിക്കുമ്പോൾ, ഏതോ ഒരു കുസൃതിക്കാരൻ സമ്മാനിച്ചതാണ്, വെള്ളക്കൊക്കെന്ന ഇരട്ടപ്പേര്. ആരെങ്കിലും അങ്ങിനെ വിളിച്ചാൽ അവൾ ദേഷ്യം കൊണ്ടു വിറയ്ക്കുമായിരുന്നു. അവളെയങ്ങിനെ ശുണ്ഠിപിടിപ്പിക്കുന്നത്, ഗ്രാമത്തിലെ ആൺകുട്ടികൾക്കൊക്കെ ഒരു രസമായിരുന്നു. ശലഭങ്ങൾ പോലെ ചന്തമുള്ള ഓർമ്മകളും തനിക്കുണ്ടല്ലോ എന്നവളോർത്തു. ഒന്ന് വിളിച്ചുണർത്താനാരെങ്കിലും വരുന്നതും കാത്തിരിക്കുന്ന, ചന്തമുള്ള ഓർമ്മകൾ.

വിനോദ്, ഇടത്തെ നെറ്റിയിലെ മുറിപ്പാടിലൂടെ ഒന്ന് വിരലോടിച്ചു. അവൻറെ ഉള്ളിൽ ആർപ്പു വിളിക്കുന്ന സ്കൂൾ കുട്ടികളുടെ കൂട്ടത്തിനു നടുവിൽ, മൂച്ചിക്കലെ മൂസാൻ കുട്ടിയുമായി ഉരുണ്ടുമറിയുന്ന, തൻറെ തന്നെ ബാല്യം, വെള്ളിത്തിരയിലെന്ന വണ്ണം തെളിഞ്ഞു. അപ്പക്കാള എന്നവൻ വിളിച്ചതാണ് കാരണം. കൂടുതൽ സംസാരിക്കാതെ ചിരിച്ചു കാണിക്കുന്നതിന്, അവനിട്ട വട്ടപ്പേര്.. അതാണ് അപ്പക്കാള.

അവരെയും കൊണ്ട് നഗരത്തിലേക്ക്, ആ വാഹനം, അതിവേഗം സഞ്ചരിക്കുമ്പോൾ, അവർ രണ്ടു കുഞ്ഞുങ്ങളായി മാറിയിരുന്നു. ഓർമ്മകൾ അമ്മയും. അമ്മയുടെ മടിത്തട്ടിൽ, കുസൃതിച്ചിരിയുമായി കിടക്കുന്ന രണ്ടു കുഞ്ഞുങ്ങൾ... അപ്പക്കാളയും വെള്ളക്കൊക്കും...

തുടരും

*****************************************************

അദ്ധ്യായം 34: പാലം കടന്നു പോകുന്നവർ

വീടിൻറെ മുറ്റത്ത് ആധിയോടെ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ, മുൻകാലത്തെ ചില ദിനങ്ങൾ അവളുടെ മനസ്സിലേക്ക് കടന്നു വന്നു. എല്ലാവരുമുണ്ടായിരുന്നു; ആധിപിടിച്ച മുഖവുമായി മുറ്റത്ത് തന്നെ. അവളെ കണ്ടപ്പോൾ സിദ്ധു ഓടിവന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു..

"സോറി അമ്മാ... സോറി... ഞാൻ പറഞ്ഞിട്ടല്ലേ അങ്ങോട്ട് പോയത്? അതോണ്ടല്ലേ ഇതൊക്കെ ഉണ്ടായത്.. സോറി അമ്മാ... ഞാൻ അമ്മയുടെ ബാഡ് ലക്കാ... ഞാൻ അമ്മയുടെ.. ബാഡ് ലക്കാ.."

അവളവൻറെ ശിരസ്സിൽ തലോടിക്കൊണ്ട് പറഞ്ഞു. 

"ഒന്ന് പോടെർക്കാ.. ഓരോരോ കന്നന്തിരിവു പറയാതെ... അതിന് നമ്മക്കൊന്നും പറ്റീല്ലല്ലോ... നമ്മളിനിയും പോകും.... വീടും വെക്കും. പോരെ...?  പേടിച്ചാലൊളിക്കാൻ... ഇവിടെ കാടൊന്നുമില്ല മോനെ..."

അവൻ മുഖമുയർത്തി അവളെ നോക്കി. ആ മുഖം പ്രകാശമാനമായിരുന്നു...

"സത്യം....?"        

"സത്യം... നിയാണെ സത്യം.." അവൾ അവൻറെ നെറ്റിയിൽ ഒരുമ്മ കൊടുത്തു. എല്ലാവർക്കും ആശ്വാസമായി. തീമഴയുമായി വന്നൊരു മേഘം അകന്നകന്നു പോയിരിക്കിന്നു.

വീടിനോട് ചാരിയുള്ള ടൈലറിംഗ് യൂണിറ്റൊക്കെ വിനോദ് നടന്നു കണ്ടു. പണി കഴിഞ്ഞ സ്റ്റാഫോക്കെ പോവുന്ന നേരമായിരുന്നു. ശാരദക്കുട്ടി ചയയുമായി വന്നു. ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ വിനോദ് ശാരദക്കുട്ടിയോട് ചോദിച്ചു.

"ആഹാ... ചായയുണ്ടാക്കാനൊക്കെ പഠിച്ചല്ലോ..."

അവളൊരു പുഞ്ചിരി മാത്രം തിരിച്ചു നൽകി. വേണുവിനെ നോക്കിക്കൊണ്ട് വിനോദ് പറഞ്ഞു.

"ഇവളുണ്ടല്ലോ, ചെറുപ്പത്തിൽ ഭയങ്കര വികൃതിയായിരുന്നു. ഹാജ്യാരുടെ പറമ്പിലെ മാവിലേക്ക് ഇവളെറിഞ്ഞ ഏറ് കൊണ്ടത്, എൻറെ മണ്ടയ്ക്കായിരുന്നു. അതിൽ പിന്നെ ഒരു നാലഞ്ച് മാസം എന്നെ കണ്ടാൽ എലിവാണം വിട്ട പോലെ ഒരോട്ടമുണ്ട് ഇവൾക്ക്...."

വിനോദ് ആ ഓർമ്മയിൽ ഒന്നിളകിച്ചിരിച്ചു.

"അയ്യോ..." കൗതുകത്തോടെ ശാരദക്കുട്ടി പറഞ്ഞു. "അതൊക്കെ ഓർമ്മയുണ്ടോ..? ഈശ്വരാ... അതെത്ര ചെറുപ്പത്തിലാ... ഞാൻ സ്‌കൂളിൽ പോക്ക് പോലും തുടങ്ങീട്ടില്ല..."

സിദ്ധുവിന് അതൊരു വലിയ തമാശയായിരുന്നു. അവന് ചിരി നിയന്ത്രിക്കാനായില്ല.  

"എന്ത് രസമുണ്ടായിരുന്നു അന്നൊക്കെ അല്ലെ..?" വിനോദ് ആരോടെന്നില്ലാതെ ചോദിച്ചു. പിന്നെ അവളെ നോക്കിപ്പറഞ്ഞു...

"നമ്മളൊന്നും വളരണ്ടായിരുന്നു... അല്ലെ? കുറുക്കൻ കുണ്ടിലെ കുളിയും... പാടത്തെ കളിയും.... ആശാരിക്കാവിലെ താലപ്പൊലിയും... സ്‌കൂളിലെ കച്ചറയുമൊക്കെയായി...  എന്നും അങ്ങിനെ നിന്നിരുന്നെങ്കിൽ... എന്ത് രസായിരുന്നു അല്ലെ?"

അവളുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി മിന്നി വന്നു. ഓർമ്മകൾ മനസ്സിൽ ആലിപ്പഴം പോലെ പെയ്തിറങ്ങുന്നു..

എല്ലാവരും പുഞ്ചിരിയോടെ വിനോദിനെ യാത്രയാക്കി. അത്താഴം കഴിഞ്ഞിട്ട് പോയാൽ പോരെ എന്ന വേണുവിൻറെ ചോദ്യത്തിന്, മോൾ രാധേച്ചിയുടെ അവിടെ കാത്തിരിക്കുന്നുണ്ടാകും എന്ന് മറുപടി. അവൻറെ ആ പോക്ക് നോക്കി അവൾ വീട്ടുമുറ്റത്ത് ഒരു ശിലാപ്രത്രിമ പോലെ നിന്നു..

ദൈവമേ... എനിക്കിത്രയും പ്രിയപ്പെട്ടവരൊക്കെ ഉണ്ടായിരുന്നോ ഈ മണ്ണിൽ? അവളുടെ ഉള്ളിൽ നിന്നൊരു തണുത്ത നെടുവീർപ്പ്, ഉയർന്നു വന്നു.

ചില ദിവസങ്ങൾക്കു ശേഷം. നിറഞ്ഞ കണ്ണുകളോടെ അവൾ നോക്കിനിന്നു. ഇരുമ്പഴികൾക്കപ്പുറത്തു നിന്നും, ഒരു മന്ത്രം പോലെ സുകു അവളോട് പറഞ്ഞു കൊണ്ടേയിരുന്നു.

"പോകുമ്പോൾ ചത്തുപോകണം.... ചത്താണ് പോകുന്നതെങ്കിൽ... മറക്കാനെളുപ്പമാ... ചത്തല്ല പോകുന്നതെങ്കിൽ... പിന്നെ മറക്കാമ്പറ്റൂല്ല...."

അവനതാവർത്തിച്ചു കൊണ്ടേയിരുന്നു. ഒരുവേള വേണുവിനെ നോക്കി പകച്ചു നിന്നു. ഒന്നും മിണ്ടാതെ. പിന്നെ വിനോദിനെ നോക്കി പല്ലിളിച്ചു കാണിച്ചു. അവനെ സുകു തിരിച്ചറിയുന്നുണ്ടെന്ന് തോന്നുന്നു.  അത് കൊണ്ടായിരിക്കും അവനോട് ഒരു ബീഡി തരുമോ എന്ന് ചോദിച്ചത്. വിനോദ് കൂടെയുള്ള ഡോക്ടറെ നോക്കിയപ്പോൾ അയാൾ നിഷേധാർത്ഥത്തിൽ തല വെട്ടിച്ചു...

രണ്ടു മൂന്നു പ്രാവശ്യം ബീഡി ചോദിച്ച സുകു പിന്നെ അത് നിർത്തി.

"സുകു...." അവൾ ആർദ്രമായ ശബ്ദത്തിൽ അവനെ വിളിച്ചു..

അവൻ ഞെട്ടിപ്പിടഞ്ഞ് അവളെ തുറിച്ചു നോക്കി.. പിന്നെ കറപിടിച്ച പല്ലുകൾ കാട്ടി ഒന്നിളിച്ചു. അവൻറെ കുഴിഞ്ഞ കണ്ണുകൾ തിളങ്ങി. ആകാംഷയോടെ അവൻ അവളോട് ചോദിച്ചു...

"കണ്ടോ....? അവളെ കണ്ടോ...?"

അവൾ വേദനയോടെ ചോദിച്ചു.. "സുകുവിനെന്നെ മനസ്സിലായില്ലേ... ഇത് ഞാനാ...ശരിക്കും നോക്ക്യേ..."

അവൻ അവളെ തുറിച്ചു നോക്കിക്കൊണ്ട് കുറെ നേരം നിന്നു... പിന്നെ തിരിഞ്ഞു. ആ സെല്ലിലൂടെ ഉലാത്തുന്നതിനിടയിൽ പിറുപിറുത്തുകൊണ്ടേയിരുന്നു...

"കറുത്ത മാനം.. കറുത്ത മണ്ണ്.. കൂടെ.. കറുത്തവൻറെ കരിഞ്ഞു പോയ കറുത്ത  സ്വപ്‌നങ്ങളും.. കറുത്ത മനസ്സുള്ള പെണ്ണൊരുത്തിയും..."

ഇടയ്‌ക്കൊരുവട്ടം അവൻ സ്വന്തം തല ചുമരിൽ ആഞ്ഞടിക്കുന്നത് കണ്ടപ്പോൾ അവളുടെ നെഞ്ച് പൊടിഞ്ഞു. കണ്ടുനിൽക്കാനാവാതെ മുഖം തിരിച്ച അവളുടെ അടുത്തു വന്ന് ബാബു പറഞ്ഞു..

"വാ ചേച്ചീ... ഇതൊന്നും കണ്ടിരിക്കാനാവുന്നില്ല...."

അവളവനെ ദയനീയമായി നോക്കിയപ്പോഴേക്കും, കണ്ണുകൾ രണ്ടരുവികളെ പ്രസവിച്ചിരുന്നു. അവളത് തുടക്കാൻ മറന്നു.

തിരികെ നടക്കുന്നതിനിടയിൽ ഡോക്ടറോട് വിനോദ് സുകുവിൻറെ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങിനെ പറഞ്ഞു.

"സ്ഥിരമായി കാണുന്ന ആൾക്കാരെ പോലും തിരിച്ചറിയാൻ അവനാവില്ല. ഇവിടെ പലതരം കേസുകൾ വന്നിട്ടുണ്ടെങ്കിലും ഇതു പോലെ പെക്യുലർ കേസ് അപൂർവമാണ്..... അയാളിത്രയും കാലം ആരെയും ഉപദ്രവിച്ചില്ല എന്നതൊരു മഹാത്ഭുതമാണ്... ഒരു മൊട്ടു സൂചിയുടെ മൊട്ടിലേക്കൊരാറ്റം ബോംബിൻറെ മുഴുവൻ സംഹാരശേഷിയും ആവാഹിച്ച പോലെയാണവൻറെ മനസ്സിപ്പോൾ... അതായത്... അടുത്ത നിമിഷം അയാളെന്താണ് പ്രവർത്തിക്കുക എന്നത്... ആർക്കും പ്രവചിക്കാനാവില്ല...."

"പക്ഷെ ഡോക്ടർ....." വിനോദ് ഇടയ്ക്കു കയറി ചോദിച്ചു..

"ഇവളെ അവൻ തിരിച്ചറിഞ്ഞത് കൊണ്ടല്ലേ.... രാജനെ അവൻ തിരിച്ചറിഞ്ഞത് കൊണ്ടല്ലേ... രാജനെ കൊന്നത്?"

ഡോക്ടർ നടത്തം നിർത്തി വിനോദിനെ നോക്കി...

"നോക്കൂ.... സാനിറ്റിയും ഇൻസാനിറ്റിയും ഒരു നദിക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള  രണ്ടു കരകളാണെന്ന് വെക്കുക. ഈ രണ്ടു കരകളെ ബന്ധിപ്പിക്കുന്ന ഒരു പാലമുണ്ട്.. നമ്മളെല്ലാവരും ദിനേനെ ആ പാലത്തിലൂടെ പലവട്ടം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവരാണ്. അതായത് എല്ലാ മനുഷ്യരും ചിലപ്പോൾ നോർമ്മലും ചിലപ്പോൾ ഭ്രാന്തന്മാരുമാണ്. ഞാനും നിങ്ങളും ഒക്കെ... അപ്പോൾ...."

തൊട്ടടുത്തൊരു സെല്ലിൽ നിന്നും, ഒരു ഭ്രാന്തൻ ബാങ്ക് വിളിക്കുന്നത് കേട്ടപ്പോൾ ഡോക്ടർ ഒന്ന് നിർത്തി. പിന്നെ തൻറെ കണ്ണുകൾ അടച്ച് നിശബ്ദത പാലിച്ചു. ബാങ്ക് അവസാനിച്ചില്ല, അതിൻറെ മുൻപേ മറ്റു പല സെല്ലിൽ നിന്നും പല വിധത്തിലുള്ള ശബ്ദ കോലാഹലങ്ങൾ ഉയർന്നു. അഞ്ചാറ് നിമിഷം കൊണ്ടത് അടങ്ങി. ഭീകരമായിരുന്നു ആ നിമിഷങ്ങൾ. ആരെയും പേടിപ്പിക്കുന്നത്. ഭയന്ന് ചൂളിപ്പോയ അവൾ, ആ കടുത്ത ബഹളത്തിൻറെ പിന്നാലെ വന്ന പേടിപ്പെടുത്തുന്ന നിശബ്ദതയിൽ വിറങ്ങലിച്ചു നിന്നു. ഡോക്ടർ അപ്പോഴും കണ്ണുകളടച്ചിരിക്കുകയാണ്. അടുത്തെവിടെ നിന്നോ ശൂ ശൂ എന്നൊരു വിളി കേട്ടപ്പോൾ അവരെല്ലാവരും നോക്കി.  ഒരു തടിമാടനായ മനുഷ്യൻ സെല്ലിൻറെ അകത്തു നിന്നും അവളെ കൈകാട്ടി വിളിക്കുന്നു...

അവൾക്ക് പേടി തോന്നി. അയാൾ ചിരിച്ചു കൊണ്ടവളോട് അടുത്തേക്ക് വാ എന്നാംഗ്യം കാണിച്ചു. ചില നിമിഷങ്ങൾ കാത്തുനിന്നിട്ടും ആവളടുത്തേയ്ക്ക് വരാതായപ്പോൾ അയാൾ വിളിച്ചു ചോദിച്ചു.

"ഇജ്ജിന്നലെ കെടന്നത്... അൻറെ കെട്ട്യോൻറെ കൂടേണോ... അതോ... ഓൻറെ ബപ്പാൻറെ കൂടെ?"

ആ ചോദ്യം കെട്ടവരൊക്കെ നടുങ്ങി. ഡോക്ടർ കണ്ണ് തുറന്നു...

"പോന്നോളൂ... ഇനിയിവിടെ നിന്നാൽ... അവൻ തുണിയില്ലാതെ നിൽക്കുന്നത് കാണേണ്ടി വരും.."

ഡോക്ടർ നടന്നു തുടങ്ങി.

"അതെന്താ അയാളങ്ങിനെ ചോദിക്കുന്നത്..?"  ബാബുവിന് സംശയം അടക്കാനായില്ല...

"സ്വന്തം ഭാര്യയെ... സ്വന്തം കിടപ്പുമുറിയിൽ... സ്വന്തം പിതാവിൻറെ കൂടെ കണ്ടതാ. രണ്ടാളെയും തുണ്ടം തുണ്ടമാക്കി. ഇപ്പോളിതാ കഥ. മനുഷ്യൻറെ ഓരോരോ കാര്യങ്ങളെ. ഇതൊക്കെ ചെറുത്. ഇവിടെ ഈ സെല്ലിൽ കിടക്കുന്ന ഒരു മനുഷ്യനും ഓരോ കഥയുണ്ട്. കേൾക്കുന്നവൻറെ ചങ്ക് പൊട്ടിപ്പോവുന്ന കഥ."

ആരുമൊന്നും മിണ്ടിയില്ല... അല്ലെങ്കിൽ തന്നെ എന്ത് മിണ്ടാൻ.. ഡോക്ടർ തുടർന്നു.

"ആ... അപ്പോൾ നമ്മൾ പറഞ്ഞു വന്നത്... നോർമ്മലിൻറെയും... അബ്‌നോർമ്മലിൻറെയും ഇടയിലെ പാലത്തെ കുറിച്ച്. പറഞ്ഞല്ലോ... എല്ലാ മനുഷ്യരും പലപ്പോഴും ആ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോയിവരുന്നവരാണ്. ഇതിലാരാണോ ഇപ്പുറത്ത് കൂടുതൽ സമയം ചിലവഴിക്കുന്നത്... അവരെ നമ്മൾ നോർമ്മലെന്നു വിളിക്കും. അപ്പുറത്ത് കൂടുതൽ തങ്ങുന്നവരെ ഭ്രാന്തനെന്നും."

ഡോക്ടർ ഒന്ന് നിർത്തി. പിന്നെ അവരെ ഓരോരുത്തരെയും മാറിമാറി നോക്കി. അയാളുടെ മുഖം ആകെ വലിഞ്ഞു മുറുകിയിരുന്നു. കണ്ടാൽ പേടി തോന്നും. ആ കണ്ണുകൾ  ചുവന്നിരുന്നു. കനൽ പോലെ. മൂർച്ചയേറിയശബ്ദത്തിൽ അയാളവരോട് ചോദിച്ചു.

"ഇതിൽ എവിടെ താമസിക്കാനാണ് നിങ്ങൾക്കിഷ്ടം...?"

അവരായാളെ പകച്ചു നോക്കി. ഒന്നും മിണ്ടാനാവാതെ അവരുടെ ഭയത്തോടെയുള്ള നോട്ടം കണ്ടപ്പോൾ അയാളുറക്കെയുറക്കെ പൊട്ടിച്ചിരിച്ചു...

"കണ്ടോ.... കണ്ടോ? ഇപ്പോൾ കുറച്ചു നിമിഷങ്ങൾ ഞാനും നിങ്ങളും പാലത്തിൻറെ അപ്പുറത്തായിരുന്നു. ദേഷ്യം.... ഭയം.... അനിഷ്ടം.... സങ്കടം.... പ്രതികാരം.... കാമം.... പ്രണയം..... സ്വാർത്ഥത.... വിശപ്പ്.... ദാരിദ്ര്യം... സമ്പന്നത.... അന്ധമായ ആശയ വിധേയത്വം.... ഇതൊക്കെ മനുഷ്യനെ ആ പാലത്തിൻറെ അപ്പുറത്തേയ്ക് കൊണ്ടു പോകുന്നു. ചിലർ വേഗം തിരിച്ചു വരുന്നു. ചിലർ അവിടെത്തന്നെ നിൽക്കുന്നു. മനസിലാവുന്നുണ്ടോ?

 അവരൊന്നും പറയാതെ നോക്കി നിൽക്കെ അയാൾ തുടർന്നു...

"എവിടെ മനസ്സിലാവാൻ...! അല്ലെ...? നിങ്ങൾക്ക് തോന്നുന്നുണ്ടോ നിങ്ങൾ നോർമ്മലും..... ഈ സെല്ലിൽ കഴിയുന്നവർ ഭ്രാന്തന്മാരുമാണെന്ന്? ഹഹഹഹ..... അങ്ങിനെയല്ല. നമ്മളെല്ലാവരും ഭ്രാന്തന്മാരും... അവർ മാത്രം നോർമ്മലുമാണ്. നമ്മൾ..."


"ഡോക്ടർ....."

വേണു ഇടയ്ക്ക് കയറി വിളിച്ചപ്പോൾ അയാൾ നിർത്തി...

"ഡോക്ടർ.. പ്ലീസ്. സുകുവിനെ കുറിച്ച് പറയൂ..."

"യെസ്... യെസ്.... സുകു... സുകുവിനെ കുറിച്ച്... ഞാൻ പറഞ്ഞു വന്നത്... വളരെ സിംപിളായ ഒന്നാണ്. അതായത്... സുകുവും ഈ പാലത്തിലൂടെ... അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നവനാണ്. അപ്പുറത്തുള്ളപ്പോൾ... സുകു... സുകുവിനെപ്പോലും തിരിച്ചറിയുന്നില്ല. അവൻറെ മനസ്സിലാകെ ഒരു മൂടൽമഞ്ഞായിരിക്കും. ആ സമയങ്ങളിലെല്ലാം അവൻ... ആരെയോ കാത്തിരിക്കുകയാണ്. അതൊരു പെണ്ണാണ്. അത് ചിലപ്പോൾ ഇയാളാവാം. അല്ലെങ്കിൽ അവൻറെ ഭാര്യയാവാം. എന്നാൽ പാലത്തിൻറെ ഇപ്പുറത്തെത്തുമ്പോൾ... അവനെല്ലാവരെയും തിരിച്ചറിയുന്നുണ്ട്. അവൻറെ ജീവിതവും... അവസ്ഥയും തിരിച്ചറിയുന്നുണ്ട്. അതിൻറെ അർഥം... നിങ്ങൾ പറഞ്ഞ രാജനെ അവൻ കൊന്നത്.... ആ തിരിച്ചറിവിൻറെ പുറത്താണ്..."

അവർ വിറങ്ങലിച്ചു പോയി... വിനോദിന് ചോദിക്കാൻ വാക്കുകൾ കിട്ടിയില്ല...

"അപ്പോ..."

"യെസ്...." ഡോക്ട്ടർ അവൻറെ മുഖത്തേയ്ക്ക് നോക്കി. നടത്തം നിർത്തി.

"ഹീ വാസ് വേരിമച്ച് നോർമ്മൽ. അവനത് ചെയ്യുമ്പോൾ തികച്ചും നോർമ്മലായിരുന്നു. പോലീസുകാരുടെ റിപ്പോർട്ടിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. നാട്ടിലെ പല ആളുകളും പറഞ്ഞതായിട്ട്. ചില സമയങ്ങളിലൊക്കെ സുകു തനിച്ചിരുന്ന് കരയുന്നത് അവർ കണ്ടിട്ടുണ്ടെന്ന്. നോക്കൂ... അബ്‌നോർമ്മലായ ഒരാൾ കരയില്ല. കണ്ണീർ... ഭ്രാന്തില്ല എന്നതിൻറെ തെളിവാണ്."

അവർ നടുക്കത്തോടെ കേട്ടു നിൽക്കുകയായിരുന്നു... എന്ത് പറയണം എന്നാർക്കും അറിയില്ലായിരുന്നു.. ഡോക്ടർ ഒന്നും പറയാതെ മുന്നോട്ട് നടന്നപ്പോൾ അവരും കൂടെ കൂടി. കുറച്ചു സമയത്തിനു ശേഷമാണ് വിനോദ് ചോദിച്ചത്...

"ഡോക്ടർ... അപ്പോൾ അവൻറെ ഇൻസാനിറ്റി പ്ലീ..?"

"അതൊന്നും പ്രശ്നമല്ല.... വീ കാൻ."

വിനോദ് എന്താണ് ചോദിച്ചതെന്ന് അവൾക്കോ, ബാബുവിനോ മനസ്സിലായില്ല. അവളതിനെക്കുറിച്ച് ചിന്തിച്ചതുമില്ല.. അവളുടെ ഉള്ളിൽ ഡോക്ടർ പറഞ്ഞതായിരുന്നു...

ആ വാഹനത്തിൻറെ ഉള്ളിൽ ഞാനിരിക്കുമ്പോൾ, ആ വൃത്തികെട്ട സമയത്ത്, സുകുവിന് തന്നെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. ദൈവമേ... എനിക്കത് മനസ്സിലായില്ലല്ലോ....

**************************************

അദ്ധ്യായം 35: കറുത്ത പക്ഷികൾ 

ഇരുട്ടിൻറെ വന്യതയിലേക്ക് തുറന്നുവച്ച മിഴികളുമായി മലർന്നു കിടക്കുകയായിരുന്നു അവൾ. മനസ്സ് മുഴുവൻ സുകുവാണ്. ഒരു അഗ്നിനാഗം പോലെ, മനസ്സിലവനെക്കുറിച്ചുള്ള ഓർമ്മകളും ചിന്തകളും ഇഴഞ്ഞുനടക്കുന്നു. ഇനിയവനൊരു മടക്കമുണ്ടാകുമോ? അറിയില്ല. പ്രാർത്ഥിക്കാം. ആഗ്രഹിക്കാം. എല്ലാം മാറി അവൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നൊരു നാൾ, അധികം താമസിയാതെ ഉണ്ടാവട്ടെ.

ഹോസ്പിറ്റലിൽ നിന്നും പിരിയാൻ നേരം വിനോദ് പറഞ്ഞ  വാക്കുകൾ, ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. 

"അവനെല്ലാം മാറും.  തിരിച്ചറിവുണ്ടാകുന്ന ഒരു ദിവസം വരും. അന്ന്... നീ അവനെ  ഉപേക്ഷിക്കരുത്. കൂടെ നിർത്തിക്കൊള്ളണം. ഒരിക്കൽ പ്രിയപ്പെട്ടവൻ... പെണ്ണിനെന്നും പ്രിയപ്പെട്ടവനായിരിക്കുമെന്നറിയാം."

ഒരു മറുപടിയും പറയാനാവാതെ, വിനോദിൻറെ കണ്ണുകളിലേക്ക് പകച്ചു നോക്കിനിൽക്കേണ്ടി വന്നു. എന്ത് പറയണം അവനോട്. സുകുവിനെ സ്വീകരിക്കുക എന്നൊക്കെ പറഞ്ഞാൽ, അതൊന്നും താൻ ചിന്തിച്ചിട്ടു പോലുമില്ല. അവൻറെ ഇപ്പോഴത്തെ അവസ്ഥയിൽ വല്ലാത്ത ദുഃഖമുണ്ട്. അസഹ്യമായ വേദനയുണ്ട്. അതിൻറെ അപ്പുറമുള്ള മോഹങ്ങൾക്കൊന്നും ഉള്ളിലിപ്പോൾ ഇടമില്ല.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടു. അടുത്ത നിമിഷം ലൈറ്റ് തെളിഞ്ഞു. കണ്ണുകളഞ്ചി. മുറുക്കെ ചിമ്മിയ കണ്ണുകൾ, മെല്ലെ  തുറന്നപ്പോൾ മുന്നിൽ വിഷാദ ഭാവവുമായി നിലക്കുന്ന സിദ്ധു. അവനവളുടെ അരികെ കട്ടിലിൽ ഇരുന്നു.

"എന്താമ്മാ... സുഖമില്ലേ?" അവളുടെ നെറ്റിയിൽ പുറങ്കൈ വച്ചുകൊണ്ടായിരുന്നു ചോദ്യം. അവളാ കൈ പിടിച്ചുമാറ്റി. അവനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. അതിന്, അവൻറെ മനസ്സ് തണുപ്പിക്കാൻ മാത്രമുള്ള വെളിച്ചമില്ലായിരുന്നു.

"ഒന്നൂല്ല.... ചെറ്യേ തലവേദന." അവളൊരു കള്ളം പറഞ്ഞു. ആരുമൊന്നും മിണ്ടാതെ ഒരല്പ സമയം കഴിഞ്ഞുപോയി. വിഷമത്തോടു കൂടിയാണ്, സിദ്ധു ചോദിച്ചത്.

"അമ്മാ... ഒരു കാര്യം ചോദിക്കട്ടെ? വിഷമാവുമോ? ദേഷ്യാവുമോ?"

അവളെഴുന്നേറ്റിരുന്നു. അവനെ തന്നിലേക്ക് ചേർത്തു. ആ നെറുകിയിൽ ഒരുമ്മ വച്ചു.

"ദേഷ്യോ? നിന്നോടോ? ചോദിക്കെടാ..."

പിന്നെയും സംശയിച്ചു നിന്നു അവനൊരല്പ നേരംകൂടി.

"അമ്മയെന്തിനാ.. ആ.. ഭ്രാന്തനെ സഹായിക്കുന്നത്? അയാളമ്മയെ ഉപദ്രവിച്ച ആളല്ലേ? എനിക്കിഷ്ടമല്ല. അയാളെയും.... അയാളെ സഹായിക്കുന്നതും."

അവൾ അമ്പരക്കുക മാത്രമല്ല, കടുത്ത ഹൃദയവേദനയിലൂടെ കടന്നുപോവുകയും ചെയ്തു. സിദ്ധുവിൻറെ മുഖം മുഴുവൻ, സുകുവിനോടുള്ള വെറുപ്പായിരുന്നു. അവളുടെ മനസ്സിൻറെ ഉള്ളിലൊരു മുള്ളുകമ്പി കൊരുത്തി വലിക്കുന്നുണ്ട്. എങ്കിലും, അവൾ അതൊന്നും പുറത്തു കാണിച്ചില്ല.

"പിന്നെ... നമ്മൾ സഹായിക്കണ്ടെ? എൻറെ ജീവൻ രക്ഷിച്ച ആളല്ലേ? സുകുവിന് വേറാരും ഇല്ലല്ലോ..."

സിദ്ധു ഒന്നും പറഞ്ഞില്ല. എങ്കിലും  തൃപ്തനല്ല എന്നാ മുഖം കണ്ടാലറിയാം. അവൻ മെല്ലെ തിരികെ നടന്നു തുടങ്ങിയപ്പോൾ അവൾ വിളിച്ചു.

"സിദ്ധൂ...."

നോക്കുമ്പോൾ അവൻറെ കണ്ണുകൾ നനഞ്ഞിരുന്നു.

"വാ... ഇവിടെ വാ..."

അവൾ ഒരു കൈകളും നീട്ടി, ഒരു കൊച്ചുകുഞ്ഞിനെ വിളിക്കുമ്പോലെ അവനെ വിളിച്ചു.  അവനടുത്തു വന്നപ്പോൾ ബലമായി അവനെ പിടിച്ച്, തൻറെ അരികത്തിരുത്തി. അവൻറെ കോലൻ മുടിയിലൂടെ വിരലൊടിച്ചു മെല്ലെ പറഞ്ഞു.

"മോനേ.. അമ്മയ്ക്കൊരു സ്വപ്നമേ ഉള്ളൂ. അത് നീയാണ്. നീ മാത്രം. സുകുവിന് പറ്റുന്ന സഹായൊക്കെ ചെയ്യണം. അത് കടമയാണ്. ൻറെ മോൻ... അതൊന്നും ആലോചിച്ച് തല പുണ്ണാക്കണ്ട. ട്ടൊ.."

അവൻ തലകുലുക്കി. തൻറെ ചോദ്യം അമ്മയെ വിഷമിപ്പിച്ചു എന്നവൻ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ, സുകുവിനെ ഉള്ളിൻറെ ഉള്ളിൽ ഉൾക്കൊള്ളാനാവുന്നുമില്ല. ആ അന്തഃസംഘര്ഷത്തിലായിരുന്നു അവൻറെ മനസ്സ്. എങ്കിലും, അവനവളുടെ കവിളിൽ ഒരു സ്നേഹചുംബനം നൽകാൻ മറന്നില്ല.

കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. ഇന്നു രാവിലെ വേണു വന്നവളെ വിളിച്ചതാണ്. ഇന്ന്, സുകുവിനെ കോടതിയിൽ ഹാജരാക്കുന്നുണ്ട്.

"ഞാനില്ല.. നീ പോയാൽ മതി."

അവൾ പറഞ്ഞൊഴിഞ്ഞു. ഇതിനോടകം, സുകുവിനെ സിദ്ധുവിന് ഇഷ്ടമല്ല എന്ന് ഏറെക്കുറെ അവിടെ എല്ലാവർക്കും മനസ്സിലായിരുന്നു. അമ്മയും സിദ്ധുവിൻറെ പക്ഷത്ത് തന്നെയാണ്. സുകുവിനെ കുറിച്ച് സഹതാപത്തോടെ ആര് സംസാരിച്ചു തുടങ്ങിയാലും അമ്മ പറയും. "അന്ന്.. ൻറെ കുട്ടിയെൻറെ മടിയിലൊലിപ്പിച്ച കണ്ണീരിൻറെ ചൂട്... ഇപ്പളുമെന്നെ പൊള്ളിക്കുന്നുണ്ട്..."

അവനെ കാണൻ, പിന്നീടൊരിക്കലും ആവളാശുപത്രിയിൽ പോയിട്ടില്ല.  വിനോദും, വേണുവും, ബാബുവുമൊക്കെ കാര്യങ്ങൾ അന്വേഷിച്ച് നടത്തുന്നുണ്ട്. നല്ല ചികിത്സ കിട്ടിത്തുടങ്ങിയപ്പോൾ, സുകുവിന് ചില മാറ്റങ്ങളൊക്കെ ഉണ്ടത്രേ. അവളുടെ ഉള്ളിൽ, അവൻ രക്ഷപ്പെടണമെന്നേ ഉള്ളൂ. ശേഷം, അവന് അവൻറെ വഴിയും, തനിക്ക് തൻറെ വഴിയും. സിദ്ധുവിനെ വിഷമിപ്പിക്കുന്ന ഒന്നും താൻ ചെയ്യില്ലെന്നവൾ തീർച്ചപ്പെടുത്തിയതാണ്.

കുഞ്ഞുടുപ്പുകൾക്കുള്ള ഓർഡറുകൾ  ഡെലിവറി ചെയ്യാനായി പോയതായിരുന്നു ബാബു. ഒരു ഒന്നര മണിയെങ്കിലും ആയിട്ടുണ്ടാകും. ഭക്ഷണം കഴിച്ച് നടുവൊന്ന് നിവർക്കാൻ കിടന്നതാണവൾ. അപ്പോഴാണ്, വേണുവും ബാബുവും ഒരുമിച്ച് തിരിച്ചു വന്നത്. രണ്ടു പേരുടെയും മുഖം കുനിഞ്ഞിരുന്നു.

എന്താ കാര്യമെന്ന അമ്മയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവർ നിന്നപ്പോൾ, അവൾ ബാബുവിൻറെ ചുമലിൽ ഒരു കുഞ്ഞു ഇടിവച്ചു കൊടുത്താണ് ചോദിച്ചത്. "എന്താടാ... വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ... എന്താ പ്രശ്നം?"

അവനവളെ നോക്കിയപ്പോൾ, കണ്ണകൾ നിറഞ്ഞിരുന്നു. വിറയ്ക്കുന്ന ശബ്ദത്തോടെ അവൻ പറഞ്ഞു.

"ചേച്ചീ... സുകു പോയി..."

"പോക്യെ..? എങ്ങട്ട്...?"  അവൾക്ക് ഒന്നും മനസ്സിലായില്ല.

"കോടതിക്കെട്ടിടത്തിൻറെ രണ്ടാമത്തെ ഫ്ളോറീന്ന് താഴത്തേക്ക് ചാടി.... ഒന്നിനും നേരം കിട്ടീല..." വേണുവാണ് പറഞ്ഞത്.

ഈശ്വരാ.... എന്നൊരു വിളി, അമ്മയുടെ തൊണ്ടയിൽ കുരുങ്ങി. നെഞ്ചിൽ കൈവച്ചവർ പറഞ്ഞു..

"ആ കുട്ടിയെന്ത്യേ ഈ കാട്ട്യേത്‌...? കഷ്ടായിപ്പോയല്ലോ... ഈശ്വരാ."

അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എത്രയൊക്കെ ദേഷ്യമുണ്ടെന്നു പറഞ്ഞാലും, അവളുടെ ജീവൻ രക്ഷിച്ച ആളല്ലേ. ഉള്ളിൻറെ ഉള്ളിൽ അവനോടൊരു ദീനാനുകമ്പ ഇല്ലാഞ്ഞിട്ടല്ല. അവൻ ചെയ്ത പ്രവർത്തി മറക്കാനാവാത്തതു കൊണ്ടായിരുന്നു, ഉള്ളിലെ ദേഷ്യം. അവനവളുടെ ഉള്ളിലുണ്ടാക്കിയ മുറിവിൻറെ ആഴം, ആ അമ്മയ്ക്ക്, നല്ല പോലെ അറിയാമായിരുന്നല്ലോ? ഇപ്പോഴിതാ, അവൻ സ്വയം മരണത്തിലേക്കെടുത്തു ചാടിയിരിക്കുന്നു. ഇനിയെന്ത് ദേഷ്യം...? ഇനിയെന്ത് വിരോധം...?

സിദ്ധുവും അമ്പരന്നിരിക്കുകയായിരുന്നു. സുകു മരിച്ചിരിക്കുന്നു എന്ന് മാത്രമേ അവനറിയൂ. മരണമെന്താണെന്നും, അത് ജീവിച്ചിരിക്കുന്നവരിൽ നിറയ്ക്കുന്ന നോവിൻറെ ചൂടെന്താണെന്നും, സത്യത്തിൽ അവനറിയില്ല. ഓർമ്മ വെച്ചതിൽ പിന്നെ അവനൊരു മരണവും അഭിമുഖീകരിച്ചിട്ടില്ല. 

അവളുടെ മനസ്സിലൊരു കരിനാഗമിഴഞ്ഞു. ഹൃദയഭിത്തികളെ അത് കൊത്തിമുറിവേല്പിച്ചു. കണ്ണീർ നെഞ്ചിൽ കിടന്നു തിളച്ചു. അസഹ്യമായ ദുഃഖഭാരം, അവളുടെ ഉടൽ തളർത്താൻ പരിശ്രമിച്ചിട്ടും, അവൾ വീഴാതെ നിന്നു. പതറിയ കണ്ണുകൾ സിദ്ധുവിൽ ചെന്നു നിന്നു. അവൻറെ പകച്ച കണ്ണുകളിൽ, അവളുടെ കണ്ണുകൾ ഒരല്പ നേരം കൊരുത്തു നിന്നു. പിന്നെ മെല്ലെ അവൾ വേണുവിനെ നോക്കി. പെയ്യാനൊരുങ്ങി നിൽക്കുന്നൊരു ഘനഭാരം ആ കണ്ണുകളിൽ മൂടി നിന്നെങ്കിലും, അവൾ മെല്ലെ മന്ത്രിച്ചു.

"ആ.... അത്രേ വിധിച്ചിട്ടുള്ളു.... അത്രേ വിധിച്ചിട്ടുള്ളു...."

അവളുടെ ഇടറിയ ശബ്ദം കേട്ടപ്പോൾ അമ്മയുടെ നെഞ്ച് പിടഞ്ഞു. അവൾ പ്രജ്ഞതയറ്റ് വീണു പോവുകയാണെങ്കിൽ പിടിക്കാനെന്ന വണ്ണം വേണു അവളുടെ അടുത്തേയ്ക്ക് വന്നു. അവൾ സിദ്ധുവിൻറെ മുഖത്തേയ്ക്ക് നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. മാറാല പോലെ പിഞ്ഞിപ്പോയ ഒരു പുഞ്ചിരിയായി അത് മാറി.

"മോനെന്തിനാ... വെഷമിക്കുന്നത്? അതൊന്നും സാരമില്ലെടാ..."

ആരും ഒന്നും പറഞ്ഞില്ല. കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ ബാബു ചോദിച്ചു.

"ചേച്ചിക്കൊന്ന് കാണണ്ടേ? അവസാനമായി...."

"ഏഎ... വേണ്ട... വേണ്ട.... ഞാനെന്തിനാ... കാണുന്നത്... പോട്ടെ... സമാധാനായി പോട്ടെ..."

അവൾ മെല്ലെ തിരിഞ്ഞു നടന്നു. അവളിപ്പോൾ വേച്ചു വീണുപോകുമല്ലോ, എന്നാ പോക്കു കാണുന്നവർക്ക് തോന്നാം. അത്രയും ദുർബലമായിരുന്നു അവളുടെ നടത്തം. പിറകിൽ നിന്ന് അമ്മാ എന്ന സിദ്ധുവിൻറെ വിളി കേട്ടില്ല. നേരെ റൂമിൽ കയറി വാതിലടച്ചു. അവിടെയുണ്ടായിരുന്ന തോർത്തുമുണ്ടെടുത്ത് സ്വന്തം വായയിലേക്ക് കുത്തിത്തിരുകി ഒരൊറ്റ കരച്ചിലായിരുന്നു. അനിയന്ത്രിതമായ കരച്ചിൽ. ചുമരിലേക്കു ചാരി മുഖം മുഴുവൻ തോർത്തിൽ പൊതിഞ്ഞ്, കരഞ്ഞുകൊണ്ടവളിവിടെ ഇരുന്നു.

പുറത്താരും തൻറെ ശബ്ദം കേൾക്കാതിരിക്കട്ടെ എന്നവൾ ആഗ്രഹിച്ചിരിക്കാം. എന്നിട്ടും അവരാ ചില്ലുടയുന്ന പോലുള്ള കരച്ചിൽ കേട്ടു. സിദ്ധുവിന് അങ്കലാപ്പായി. അവനോടി വന്ന് വാതിലിൽ മുട്ടി വിളിച്ചു. പിന്നാലെ വന്ന അമ്മ അവനെ തടഞ്ഞു. വേണ്ടെന്ന് തല കൊണ്ടാംഗ്യം കാണിച്ചു. കരഞ്ഞുകൊണ്ട് തൻറെ ചുമലിലേക്ക് ചാഞ്ഞ സിദ്ധുവിനെയും കൊണ്ട് അമ്മ വേണുവിൻറെയും ബാബുവിൻറെയും അരികിലെത്തി. അവരെ നോക്കി, സ്വയം സമാധാനിക്കാണെന്ന വണ്ണം പറഞ്ഞു.

"അരിയറ്റു.... ചാവു വന്നു വിളിച്ചാൽ പോവാണ്ടിരിക്കാനാവില്ലല്ലോ? എന്നാലും എന്റീശ്വരാ... ഒരു വല്ലാത്ത വിധിയായിപ്പോയി.."

അവളുടെ അമർത്തിയ കരച്ചിലിൻറെ ശബ്ദം മാത്രം അവർക്കിടയിലേക്കൊരു തീക്കാറ്റു പോലെ അലച്ചലച്ചു വന്നു.

പിറ്റേന്ന് വൈകുന്നേരം; വൈദ്യുതി ശ്മശാനത്തിൻറെ പുകക്കുഴലുകളിൽ നിന്നും, കരിമ്പുക, കറുത്ത പക്ഷികളെ പോലെ വിൺമേഘക്കൂടുകൾ തേടി പറന്നുയരുമ്പോൾ, നോക്കി നിൽക്കുന്ന വിനോദിൻറെ കണ്ണുകളിൽ നീർ തുളുമ്പിയിരുന്നു...

"ഒരുമിച്ച് കളിച്ചു വളർന്നതാ. എന്തൊക്കെയായാലും.... അവനിങ്ങനെ വരരുതായിരുന്നു. പാവം.."

അവൻറെ തോളിൽ തട്ടി ആശ്വസിപ്പിച്ചു ഡോക്ടർ

"അവനാ പാലത്തിൻറെ ഇക്കരെ വന്നപ്പോൾ... ഇത്തവണ.. അക്കരെയ്ക്ക് പോകാൻ മനസ്സു വന്നിരിക്കില്ല. തൻറെ എല്ലാ ഭാരങ്ങളും ഇല്ലാതാക്കാൻ... അവനവൻറെ ശരീരത്തിൻറെ ഭാരം ഭൂമിക്ക് നൽകി. ഇനിയവൻ ജനിക്കട്ടെ. ഒരു സുവർണ്ണ ശലഭമായി."

തന്നെ നോക്കിയ വിനോദിൻറെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചുകൊണ്ടദ്ദേഹം വീണ്ടും തുടർന്നു.

"മരണത്തെ അവഗണിക്കുന്നതിനേക്കാളുത്തമം പുല്കുന്നതത്രെ. ഓരോരുത്തരുടേയും കാലടികൾ... അവരവരുടെ മരണത്തിലേക്കല്ലേ? അവനവൻറെ മരണത്തെ പുൽകി. ആശ്വാസം നിങ്ങളെ പുൽകട്ടെ.."

യാത്രപറയാനൊന്നും നിൽക്കാതെ അദ്ദേഹം മെല്ലെ അവർക്കിടയിൽ നിന്നും നടന്നകലുമ്പോൾ, അവരയാളെ നോക്കി നിന്നു.

സുകു എന്ന ആത്മാവ്, പിഞ്ഞിത്തുടങ്ങിയ ശരീരമെന്ന വസ്ത്രമുപേക്ഷിച്ച് യാത്രയായി. മണ്ണിലെ ജീവിതത്തിൻറെ യാതൊരു വിധ ആലഭാരങ്ങളുമില്ലാതെ, യാതൊരു വിധ വിഭ്രാന്തികളും പിടിക്കപ്പെടാത്തൊരു ലോകത്തിലേക്ക്, അവൻ യാത്രയായി.

ഒരു പിടി വിഭൂതിയായി, മൺകുടത്തിലവനെ ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ വിനോദിൻറെ കൈവിറച്ചു. മണ്ണിൽ ഒരുമിച്ചു നടത്തം തുടങ്ങിയ കൂട്ടരിൽ ചിലർ മുന്നേ യാത്ര പോകുന്നു. അവർ മണ്ണിൽ ജീവിച്ചിരിക്കുന്നവരുടെ ഓർമ്മകളിൽ വേദനയുടെ മുൾച്ചെടികളായി മാറുന്നു. മറവിയെന്ന വരം കാലമെന്ന മഹാസംവിധായകൻ അനുഗ്രഹിച്ചു നൽകും വരെ, അവർ കൂടെ നടന്നവരുടെ ഉള്ളിൽ നോവിൻറെ മുള്ളുകൾ തറച്ചുകൊണ്ടേയിരിക്കും. അന്നോളം അവരുണ്ടാക്കിയ ശൂന്യതയിലേക്ക് നോക്കിയിരിക്കാൻ വിധിക്കപ്പെട്ടവർ, ആ ശൂന്യതയുടെ മാളത്തിൽ നിന്നവർ, തങ്ങളിലേക്കിറങ്ങിവന്നെങ്കിലെന്ന് വെറുതെ കൊതിച്ചുപോകും...

തുടരും 

No comments:

Post a Comment