Monday, July 29, 2019

ഗ്രാമത്തിലെ പെൺകുട്ടി...

അദ്ധ്യായം44: ചുവന്ന രശ്മികൾ 


അവരുടെ മുൻപിലെ വലിയ ഗേറ്റ് തുറന്നു കൊടുത്തത് കാവൽ കാരനായിരുന്നു. ആ വലിയ ബംഗ്ലാവിലേക്ക് നോക്കിയപ്പോൾ അവർക്ക് കണ്ണുതള്ളി. ഇതൊരു വീടാണോ? അതോ കൊട്ടാരമോ?

കോളിംഗ് ബെല്ലടിക്കേണ്ടി വന്നില്ല. അവരുടെ മുന്നിൽ ആ വലിയ വീടിൻറെ, കമനീയമായ വാതിൽ തുറന്നു. പനനീർപൂ പോലെ മനോഹരമായൊരു പുഞ്ചിരിയുമായി, ഒരു യുവതി. വെള്ളാരം കണ്ണുള്ള, കൊലുന്നനെയുള്ള ഒരാൾ. അവളുടെ പുഞ്ചിരിക്ക് വെഞ്ചാമരം വീശുന്നു, മനോഹരമായ നുണക്കുഴികൾ. ആനയ്ക്ക് നെറ്റിപ്പട്ടമെന്ന പോലെ അത് എടുത്ത് കാണിക്കുന്നുമുണ്ട്. ഇരുപത്തിയഞ്ച് മുപ്പതിന്നിടയ്ക്ക് പ്രായം മതിക്കുന്ന ആ യുവതി അവരെ അകത്തേയ്ക്ക് സ്വാഗതം ചെയ്തു. 

അകത്തേയ്ക്ക് കയറിയ അവരുടെ കണ്ണഞ്ചിപ്പോയി. ഓരോ ഇഞ്ചിലും പണക്കൊഴുപ്പിൻറെ പളപളപ്പ്. അന്തം വിട്ട് നിൽക്കുന്ന അവരോടായി പുഞ്ചിരിയോടെ ആ യുവതി പറഞ്ഞു... 

"ഇരിക്കൂ.. അദ്ദേഹം ഇപ്പൊ വരും... "

അവർക്കാകെ ഒരമ്പരപ്പായിരുന്നു. സോഫയിലേക്ക് ഇരിക്കുന്നതിനിടയിൽ അവളുടെ നോട്ടം ആ യുവതിയുടെ മുഖത്തു തന്നെയായിരുന്നു.  അവളുടെ പകച്ച നോട്ടം കണ്ടപ്പോൾ പുഞ്ചിരിയോടെ അവർ പറഞ്ഞു.

"എന്നെ മനസ്സിലായില്ലേ..? ഞാൻ ഗംഗ.  ഭാര്യയാണ്. എന്നോടാണ് നേരത്തെ നിങ്ങൾ സംസാരിച്ചത്. ഇരിക്കൂട്ടൊ... ഞാൻ കുടിക്കാനെന്തെങ്കിലും കൊണ്ട് വരാം."

പതുപതുത്ത സോഫയിലിരിക്കുമ്പോൾ അവളുടെ ചിന്ത മറ്റൊന്നായിരുന്നു. ഇത്രയും സൗന്ദര്യമുള്ള, ആരോഗ്യമുള്ള, ചെറുപ്പക്കാരിയായ ഒരു ഭാര്യ ഉള്ളപ്പോൾ, എന്തിനാണ് അദ്ദേഹം എന്നെ പോലൊരാളെ തേടിവന്നു. മോശം തന്നെ. എത്രയൊക്കെ ഇഷ്ടവും ബഹുമാനവും ആ മനുഷ്യനോടുണ്ടെങ്കിലും ഈ ഒരു കാര്യത്തിൽ അവൾക്ക് അയാളോട് നീരസം തോന്നി. അയ്യോ, കാശിത്തുമ്പ പോലൊരു പെൺകുട്ടി. അവളെ എങ്ങിനെ വഞ്ചിക്കാനാവുന്നു അദ്ദേഹത്തിന്. അല്ലെങ്കിലും അടുത്തറിയുമ്പോഴാണല്ലോ വിഗ്രഹങ്ങളുടഞ്ഞു പോകുന്നത്. 

"ആഹാ.... എത്തിയോ.... എൻറെ ഗ്രാമദേവത?" 

മുകളിൽ നിന്നാണ് ശബ്ദം കേട്ടത്. തലയുയർത്തി നോക്കിയപ്പോൾ മുകൾ നിലയിൽ നിന്നും കൈവരിയിൽ കയ്യൂന്നി നോക്കി നിൽക്കുന്നു അദ്ദേഹം. ആ മുഖത്തെ നിഗൂഢമായ പുഞ്ചിരിക്ക്, ഇന്നും ഒരു കോട്ടവും വന്നിട്ടില്ല. ആ കണ്ണുകളിലെ തിളക്കത്തിനും. അവൾക്ക് സന്തോഷം കൊണ്ട് ശ്വാസം വിലങ്ങി. ഞെട്ടിപ്പിടഞ്ഞവൾ ചാടിയെഴുന്നേറ്റു. അയാൾ ഓരോ സ്റ്റെപ്പുകളായി പതുക്കെ ഇറങ്ങി. അവളുടെ മുൻപിലെത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി..

"വൗ... വൗ... വൗ. അവസാനം... അവസാനം നിനക്കെന്നെ കാണാതിരിക്കാൻ പറ്റാത്ത.. ആ വിശുദ്ധ നിമിഷം ജനിച്ചല്ലേ? മൈ ഡിയർ എയ്ഞ്ചൽ? സുഖമാണോ നിനക്ക്?" 

അവളുടെ കണ്ണുകൾ അതിനകം തന്നെ നിറഞ്ഞിരുന്നു. ചുണ്ടുകൾ വിതുമ്പിത്തുടങ്ങിയിരുന്നു. അവൾക്ക് സമയത്തെ കുറിച്ചോ, സ്ഥലത്തെ കുറിച്ചോ യാതൊരു ബോധവും ഉണ്ടായിരുന്നില്ല. ഏട്ടാ എന്നൊരു വിളിയിൽ ശില പോലും അലിഞ്ഞു പോകുമായിരുന്നു. അവൾ ആ മാറിലേക്ക് ചേർന്നു. അവളുടെ കണ്ണീർ കൊണ്ട് അയാളുടെ വസ്ത്രം നനഞ്ഞു. തേങ്ങലിന്നിടയിൽ ഗദ്ഗദം പോലെ അവളുടെ ചോദ്യം...

"എന്തെ ഏട്ടാ.. എന്നെ കാണാൻ വന്നില്ല... പിന്നെ വന്നേയില്ല? ഞാനെത്ര കാത്തിരുന്നു എന്നറിയ്വോ?"

അയാൾ ആശ്വസിപ്പിക്കാനെന്ന വണ്ണം അവളുടെ മുതുകിൽ പതുക്കെ തട്ടിക്കൊണ്ടിരുന്നു. 

"ഞാൻ നിന്നെ കാണാൻ വരുന്നതിനല്ല കുട്ടീ... സുഖം. തീവ്രമായ കാത്തിരിപ്പിൻറെ.. ഈ അവസാനത്തെ നിമിഷങ്ങൾക്കാണ്. എനിക്കറിയാമായിരുന്നു... നീ എന്നെ തേടി വരുമെന്ന്.  ഞങ്ങളും.... കാത്തിരിക്കുകയായിരുന്നു."

അവളുടെ കണ്ണീർ തുടച്ചു കൊണ്ടയാൾ തുടർന്നു.

"ആരും അറയ്ക്കുന്നൊരു അഴുക്കുചാലിൽ.. ഞാനൊരു മാണിക്യത്തെ കണ്ടു. ആതെടുത്ത്.. കഴുകി ശുദ്ധമാക്കി ഉയർന്നൊരു പീഠത്തിൽ വച്ചു. ഞാനത്രയേ ചെയ്തുള്ളൂ. അത്രമാത്രം.  അത് വെറുതെ ചെയ്തതല്ല.... നീ ശരിക്കും... ഒരു മണിക്ക്യം തന്നെയാണ്." 

ബാബുവിൻറെ കണ്ണ് തള്ളിപ്പോയി.. അവൻ ചിറ്റിലും നോക്കി. ദൈവമേ.. ഇനി ഇതും കണ്ടിയാളുടെ ഭാര്യയെങ്ങാനും വന്നാൽ... ഇവിടെ വെട്ടും കുത്തും നടക്കും..

അവനങ്ങനെ ചിന്തിച്ച ആ നിമിഷം തന്നെ അത് സംഭവിക്കുകയും ചെയ്തു. കയ്യിലെ ട്രേയിൽ നാലു ഗ്ലാസുമായി ഗംഗ അങ്ങോട്ട് കടന്നു വന്നു. ഒരു കൊച്ചു കുഞ്ഞിനെ പോലെ അയാളുടെ മാറിലേക്ക് ചാഞ്ഞ് കരയുന്ന അവളെയും, അവളുടെ മുതുകിൽ തഴുകി അവളെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ഭർത്താവിനെയും കണ്ടു. ഇപ്പോൾ അവൾ കയ്യിലെ ട്രേ വലിച്ചെറിയുമെന്നും, അലറി വിളിച്ച് അവർക്കിടയിലേക്ക് ചാടി വീഴുമെന്നും, അവളുടെ മുടിക്കെട്ടിൽ ചുഴറ്റിപ്പിടിക്കുമെന്നും ബാബു കരുതിയെങ്കിലും ഒന്നും സംഭവിച്ചില്ല. 

ഗംഗ വളരെ കൂളായി അങ്ങോട്ടു വന്നു. കയ്യിലെ ട്രേ മുന്നിലെ ടീപോയിൽ വച്ചു. അന്തം വിട്ട് വായും പൊളിച്ചിരിക്കുന്ന ബാബുവിനോട് തമാശരൂപത്തിൽ ചോദിച്ചു...

"ബാബു ആണും പെണ്ണും കെട്ടിപ്പിടിക്കുന്നത് ആദ്യമായിട്ടാണോ കാണുന്നത്?" 

ചമ്മിപ്പോയ ബാബു വിളറിയ ഒരു ചിരി ചിരിച്ചു. ഗംഗയുടെ ശബ്ദം കേട്ടപ്പോൾ മാത്രമാണ് അവൾക്ക് ബോധമുണ്ടായത്. അവൾ വേഗം അയാളിൽ നിന്നും അടർന്നു മാറി. പകച്ച് ഗംഗയെ നോക്കി നിൽക്കുന്ന അവളെ അയാൾ തന്നിലേക്ക് തന്നെ ചേർത്തു നിർത്തി ഗംഗയോട് ചോദിച്ചു...

"ദാ.. നിൽക്കുന്നു.... നീ ചോദിക്കാറുള്ള ആൾ... ഞാൻ പറഞ്ഞിരുന്നില്ലേ.. ഇവളൊരിക്കൽ നമ്മളെ തേടി വരുമെന്ന്?" 

പിന്നെ അവളോടായി പറഞ്ഞു..

"ഇത് ഗംഗ... എൻറെ ഭാര്യയെന്നു പറഞ്ഞാൽ... മതിയാകാതെ വരും. എൻറെ അമ്മയും... ചേച്ചിയും... അനിയത്തിയും... കൂട്ടുകാരിയും...  മകളും... പോരാത്തതിന്... ഇടയ്ക്കൊക്കെ ടീച്ചറും കൂടിയാണ്. എൻറെ സർവ്വസ്വം.  ഞാനാകാശത്തിലോ.. കടലിലോ... പാതാളത്തിലോ ആയിക്കോട്ടെ. എവിടെയായാലും... ഇവളെനിക്ക് ഈ പറഞ്ഞതൊക്കെ തന്നെയാണ്. ഇവളറിയാത്ത രഹസ്യങ്ങളൊന്നും എനിക്കില്ല. ഇനി ഉണ്ടാവുകയും ഇല്ല. ഇവൾക്കിപ്പോൾ... നിന്നോടിത്തിരി കുശുമ്പുണ്ട്... അനിയത്തിയുടെ സ്ഥാനത്ത്... നീ കൂടി അവളുടെ കൂടെ കടന്നു കൂടിയതിന്. പെണ്ണല്ലേ.... ഇത്തിരി കുശുമ്പ്... പെണ്ണിനൊരു അലങ്കാലരാമായതോണ്ട്.... നമുക്കങ്ങ് ക്ഷമിച്ചു കളയാം.... അല്ലെ?"

അവൾ ഗംഗയുടെ നേരെ കൈ കൂപ്പി. ഗംഗ അവളുടെ തൊട്ടുമുന്നിലേക്ക് വന്ന് ആ കൈകളിൽ പിടിച്ചു. അവളുടെ കണ്ണീർ തുടച്ചു..

"ഇനി എന്തിനാ കരയുന്നത്... ഇനിയത് വേണ്ട.. ഒരായുസ്സിനുള്ളത് മുഴുവനും ഇതിനകം കരഞ്ഞു തീർത്തില്ലേ... ജീവിക്കാനും.. ഉറ്റവരെ ജീവിപ്പിക്കാനുമുള്ള നിങ്ങളുടെ വാശിക്ക് മുൻപിൽ... ഞങ്ങളാണ് കൈ കൂപ്പേണ്ടത്. അതെല്ലാവർക്കും ഉണ്ടാവുന്നതല്ല. സ്വന്തം കാര്യം നോക്കി രക്ഷപെടാൻ അവസരം കിട്ടിയിട്ടും... നിങ്ങൾ ഉറ്റവർക്ക് വേണ്ടി ത്യജിച്ചു. ആ മനസ്സിന് മുൻപിൽ ഞങ്ങളാണ് കൈ കൂപ്പേണ്ടത്." 

വികാരതീവ്രമായ നിമിഷങ്ങളായിരുന്നു അവൾക്ക് അതെല്ലാം. എല്ലാം കണ്ടും കേട്ടും ബാബു അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു.  ബാബു ആ മനുഷ്യനെ കൗതുകത്തോടെ നോക്കിക്കാണുകയാണ്. തങ്ങളുടെയൊക്കെ ജീവിതത്തെ അപ്പാടെ മാറ്റിമറിച്ച മനുഷ്യനാണാ നിൽക്കുന്നത്. ജീവിതം ജീവിതമാക്കിത്തന്ന മനുഷ്യൻ. ബാബുവിന് അയാളെ കൈകൂപ്പി തൊഴണമെന്നുണ്ടായിരുന്നു. മനസ്സിൽ ഒരായിരം വട്ടം അവനത് ചെയ്യുകയും ചെയ്തു.

ചിരിയും കളിയും കൊച്ചു കൊച്ചു വർത്തമാനങ്ങളുമായി സമയം പോയി. അവൾക്ക് ചിലതെല്ലാം ചോദിക്കാനുണ്ടായിരുന്നു. പറയാനുണ്ടായിരുന്നു. അയാൾക്കും. ഇടയ്‌ക്കൊരുവേള അവർ തനിച്ചായപ്പോൾ അത് വരെ അവളുടെ നെഞ്ചിൽ ശ്വാസം മുട്ടി നിൽക്കുകയായിരുന്ന ആ ചോദ്യം ഒരല്പം നീരസത്തോടെ തന്നെ ചോദിച്ചു.

"എന്തിനാണ് ആ പാവം കുട്ടിയെ വഞ്ചിക്കാൻ നോക്കിയത്? ഇത് പോലൊരു പാവം പിടിച്ച പെൺകുട്ടിയെ...."

അവളുടെ ചോദ്യം കേട്ടപ്പോൾ അയാളൊന്ന് പുഞ്ചിരിച്ചു. ആ ഗൂഢമായ പുഞ്ചിരിയോടെ മുന്നോട്ടാഞ്ഞിരുന്ന്, അവളുടെ കണ്ണുകളിലേക്ക് നോക്കി അയാൾ ചോദിച്ചു. 

"അതിന് ആര് പറഞ്ഞു... ഞാനന്ന് നിന്നെ ആ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചത്... നിൻറെ ശരീരത്തിന് വേണ്ടിയാണെന്ന്? നിനക്കിനിയും അത് മനസ്സിലായില്ലേ....?"

അയാളുടെ പ്രകാശമാനമായ കണ്ണുകളിലേക്ക് നോക്കിയിരിക്കവേ, അവളുടെ ചുണ്ടിലൊരു മന്ദസ്മിതം വിരിഞ്ഞു.

അവർ വിടപറഞ്ഞിറങ്ങുമ്പോൾ പടിഞ്ഞാറൻ ചക്രവാളത്തിൻറെ കവിൾ ചുവന്നു തുടങ്ങിയിരുന്നു. അവളെ പുണർന്നു കൊണ്ട് ഗംഗ പറഞ്ഞു.

"നിങ്ങൾ എത്ര കണ്ട് എന്നെ സ്വാധീനിച്ചു എന്നറിയുമോ? അതങ്ങിനെ പറഞ്ഞറിയിക്കാനൊന്നും കഴിയില്ല. നിങ്ങളെനിക്കൊരു ഊർജമാണ്. വലിയൊരു ഊർജം... ഇനിയുമൊരുപാട് കാലം ജീവിക്കാനും... പൊരുതാനുമുള്ള ഊർജം"

അവൾക്കത് ശരിക്കും മനസ്സിലായില്ലെങ്കിലും, ആ സ്നേഹം അവൾക്ക് തിരിച്ചറിയാനായി. താനറിയാത്ത കഥയുടെ മറുവശങ്ങൾ തേടേണ്ടതില്ല എന്നവൾ തീർച്ചയായിക്കി. ഒരു നന്ദിവാക്ക് കൊണ്ട് കളങ്കമാക്കാനാവാത്തത്രയും കടപ്പാട് തനിക്കാ മനുഷ്യനോടുണ്ട്. ഇപ്പോൾ ഗംഗയോടും. അതവിടെ ഒരു മുത്തു പോലെ ഇരിക്കട്ടെ. 

വണ്ടി സ്റ്റാർട്ട് ചെയ്യാൻ തുടങ്ങവേ ബാബു പതുക്കെ ചോദിച്ചൂ...

"ചേച്ചീ... അന്നാ ബാങ്ക് മാനേജർ... ഒരു ഗംഗാ മാഡത്തെ കുറിച്ച് പറഞ്ഞില്ലേ? ഇവരായിരിക്കുമോ അത്?"

ബാബുവിനെ നോക്കി അവളൊന്നു മന്ദഹസിച്ചു..

"ആവും... അല്ലെ?"

സമ്മത ഭാവത്തിൽ തലകുലുക്കിയതല്ലാതെ അവനൊന്നും പറഞ്ഞില്ല. ഓടുന്ന വാഹനത്തിലിരിക്കവേ അവൾ ആലോചിച്ചു. ചിലർ വരുന്നു. അവർ നമ്മുടെ ജീവിതത്തിൻറെ കാതലായ ഭാഗങ്ങൾ ചിതലുകൾ പോലെ തിന്നു തീർക്കുന്നു. മറ്റു ചിലർ വരുന്നു. അവരുടെ വക്കും നോക്കും, എന്തിന് ഉച്ഛ്വാസവായു പോലും, നമ്മുടെ മനസ്സിൻറെ മുറിവിനുള്ള മരുന്നായി മാറുന്നു. ജീവിതത്തെ തട്ടുതട്ടുകളായി തിരിക്കാം. ചിലരെ പരിചയപ്പെടുന്നതിൻറെ മുൻപെന്നും പിൻപെന്നും. 

മൊബൈൽ ഒരു വാട്ട്സ് ആപ് മെസേജിൻറെ വരവറിയിച്ചു. എടുത്തു നോക്കിയപ്പോൾ വിനോദാണ്. അവളുടെ ചുണ്ടിലൊരു ഹൃദയമായ പുഞ്ചിരിയുണർന്നു. 

"ഇവിടെ ഇങ്ങിനെ വാർദ്ധക്യത്തെ കാത്തിരുന്നു മടുത്തെടോ... ഒന്ന് വേഗം വയസ്സായിരുന്നെങ്കിൽ അല്ലെ...? പനിയൊക്കെ മാറിയോ? നാളെയൊന്നു വരാമോ? കണ്ണുകൾക്കിനി കാത്തിരിക്കാൻ വയ്യ... വാതിൽക്കലേയ്ക്ക് നോക്കി നോക്കി... അവ വരണ്ടുപോയിരിക്കുന്നു."

അവൾ പ്രശോഭിതമായ ഒരു പുഞ്ചിരിയോടെ ആ മെസേജിലേക്ക് നോക്കിയിരുന്നു. കൈവിരലുകൾ ചുവന്നൊരു ഹൃദയത്തിലമർന്നു. പിന്നെ സീറ്റിലേക്ക് ചാഞ്ഞിരുന്നു.

മനസ്സിൻറെ തിരശ്ശീലയിൽ മന്ദസ്മിതം തൂകുന്ന വിനോദിൻറെ മുഖമാണ്. അവനോട് ഇത് വരെ പറഞ്ഞിട്ടില്ല. ഒന്ന് ചേരാൻ വർദ്ധക്ക്യം വരെ കാത്തുനിൽക്കേണ്ടതില്ലെന്ന്. അവനോട് അത് വാക്കുകൾ കൊണ്ടല്ല പറയേണ്ടത്. കണ്ണുകളിലേക്ക് നോക്കി കണ്ണുകൾ കൊണ്ട് പറയണം. ചുണ്ടുകൾ കൊണ്ട് ചുണ്ടുകളെ തൊട്ട് പറയണം. അപ്പോൾ മാത്രമേ അവനത് ശരിക്കും മനസ്സിലാവൂ.

അവൻ വേഗം എഴുനേൽക്കട്ടെ. സ്വന്തം കാലിൽ നടക്കട്ടെ. അന്നോളം വാർദ്ധക്യത്തെ ആഗ്രഹിച്ച് അവനെന്നെ കാത്തിരിക്കട്ടെ. അതിൻറെ ശേഷം ഞാനവന്, എൻറെ ഹൃദയത്തിൽ പൊതിഞ്ഞു പാത്തു വച്ച കലർപ്പില്ലാത്ത സ്നേഹം നൽകും. ഇന്നോളം ആർക്കും നൽകാത്തത്. ഒരു താലി കഴുത്തിൽ അലങ്കാരമായ ശേഷം സുകുവിന് നല്കാൻ വേണ്ടി ഞാൻ പാത്തു വച്ചതായിരുന്നു.. അവനതിൻറെ ആവശ്യം വന്നില്ല. ഇനിയതിന് വിനോദായിരിക്കട്ടെ അവകാശി. നിഷ്കളങ്കമായൊരു പ്രണയത്തിൻറെ പ്രതിഫലം, ഏറ്റവും ചുരുങ്ങിയത് അത്രയെങ്കിലും വേണം. അവൻ പറഞ്ഞ പോലെ, തുറക്കപ്പെടേണ്ടാത്ത ഭൂതകാലത്തിൻറെ താളുകൾ, മനസ്സിൻറെ മച്ചിൽ നുരുമ്പിത്തീരട്ടെ. അങ്ങിനെ പുതിയൊരു ജീവിതം കൊണ്ട്, ഓർമകൾക്ക്  കടക്കാനാവാത്ത വിധം, മനസ്സിലൊരു വേലി തീർക്കണം. ആ വേലിക്കെട്ടിനകത്ത്, വിനോദും, ഞാനും, സിദ്ധുവും, കുഞ്ഞോളും,, പിന്നെ... പിന്നെ...

അവളുടെ ചുണ്ടിലൊരു നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി ജനിച്ചു. കൺകോണിൽ അസ്തമയ സൂര്യൻറെ ചുവന്ന രശ്മികളേറ്റ് തിളങ്ങുന്ന രണ്ടു ചുവന്ന മുത്തുകളുണ്ടായിരുന്നു. അത് തുടച്ചുകളയാൻ അവൾ മറന്നിരിക്കെ, ആ വാഹനം അവരെയും കൊണ്ട് ഇരമ്പിപ്പാഞ്ഞു.  

തുടരും 

1 comment:

  1. നല്ലൊരു ജീവിത കഥയായി മുന്നേറുന്നു ..

    ReplyDelete