Tuesday, July 30, 2019

എൻറെ മൗനങ്ങളിൽ ഒളിപ്പിച്ചത്....



നീണ്ട മൗനത്തിലൊളിക്കുന്ന മുന്നേ
നമുക്കന്യോനമെല്ലാം പറഞ്ഞിടാം.
നിനക്കായി ഞാനും, എനിക്കായി നീയും,
നെഞ്ചിൽ കൊരുത്ത പദങ്ങളൊക്കെയും.
നടന്നകന്ന നിഴലിനെയോർത്തു നാം
നാളെ നെടുവീർപ്പിടാതിരിക്കാൻ,
നമുക്കിന്നേയെല്ലാം പറഞ്ഞിടാം.

നിഴൽ പൊലിഞ്ഞൊരീ മരങ്ങളും
നിറങ്ങളന്യമായൊരീ പൂക്കളും
നീ കാണാത്ത ഹൃദയനോവിൻ
നിശബ്ദമാമടയാളങ്ങൾ മാത്രമാണ്.
നിഷ്ഠൂരമായ വിധിവേനലുകൾ 
നീർത്തടങ്ങളടർത്തിയെടുത്തൊരു
നീറും മനസ്സിൽ ബാക്കിയായവ.

നിൻറെ മൗനമിന്നെന്നോട് പറയുന്നു;
നിനക്കു വേണ്ടതീ സ്വപ്നങ്ങളുടെ,
നിർഗുണമായ പതം പറച്ചിലല്ല! മറിച്ച്
നീ നിത്യമോർക്കുന്നൊരു വാക്കാണ്.
നീയെൻറെ പുനർജന്മ സപ്നങ്ങളുടെ
നിറമായിമാറിയ നിമിഷങ്ങളിലെപ്പോഴോ
നിന്നോട് ഞാനത് പറഞ്ഞിരുന്നല്ലോ?

നാളെയുടെ പുലരിയിൽ ഞാനൊരു
നീഹാരബിന്ദുവായി പുനർജനിക്കാം;
നിൻറെ മാറിലൊരു കുളിരായിപ്പടരാം!
നിൻറെ മന്ദസ്മിതത്തിൻറെയിതളിലൊരു, 
നീലശലഭമായ് ഞാൻ വന്നിരിക്കാം!
നീയുറങ്ങുവാനെൻറെ മന്ത്രവീണയിൽ
നിതാന്തകാമുകനായ് വിരൽ മീട്ടാം!

* ശുഭം *

1 comment:

  1. നാളെയുടെ പുലരിയിൽ ഞാനൊരു
    നീഹാരബിന്ദുവായി പുനർജനിക്കാം;
    നിൻറെ മാറിലൊരു കുളിരായിപ്പടരാം!
    നിൻറെ മന്ദസ്മിതത്തിൻറെയിതളിലൊരു,
    നീലശലഭമായ് ഞാൻ വന്നിരിക്കാം!
    നീയുറങ്ങുവാനെൻറെ മന്ത്രവീണയിൽ
    നിതാന്തകാമുകനായ് വിരൽ മീട്ടാം..!

    ReplyDelete