Tuesday, July 30, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: ചുവന്ന രശ്മികൾ
അദ്ധ്യായം 45: നിശാഗന്ധികൾ വിടരുമ്പോൾ


മഴപെയ്തു തോർന്നതിനാൽ തണുത്ത അന്തരീക്ഷമായിരുന്നു.  മഴയിൽ കുളിരുന്ന ഭൂമിക്കിടാത്തിയുടെ ലജ്ജയിൽ മുങ്ങിയ പുഞ്ചിരി പോലെ, സപ്തവര്ണങ്ങളുടെ പീലിക്കുടയുമായി ഒരു മഴവില്ല് പാടത്തു നിന്നും കുറുമാൻ കുന്നിലേക്ക് ചെരിഞ്ഞു നിന്നു. മഴ  നനഞ്ഞു തണുത്തതിനാലാവും, ഒരു  ശാരികക്കൂട്ടം തെങ്ങോലകളിൽ വരിവരിയായി, തന്താങ്ങളുടെ ചിറകിലേക്കൊതുങ്ങിയിരിക്കുന്നുണ്ട്. മഴയ്ക്ക് ശേഷമുള്ള വെയിലിൻറെ നേർത്ത ചൂട് കായുകയാണവർ. 

ഗൃഹപ്രവേശനം ഇന്നലെയായിരുന്നു. വേണുവിൻറെ മിടുക്ക് ആ വീടുപണിയിൽ തെളിഞ്ഞു കാണാമായിരുന്നു. വലിയ ഒരു വീടല്ല. പക്ഷെ നല്ല സൗകര്യമുള്ളൊരു വീട്. വീടിൻറെ അടുക്കളയിൽ പാൽ തിളച്ചു തൂവിയപ്പോൾ അമ്മയുടെ കണ്ണുകളും തിളച്ച് തൂവി. ആ പാവം, അച്ഛനെ ഓർത്ത് കരഞ്ഞതാവും. ഭൂതകാലത്തിൻറെ ഓർമ്മകൾ അവളുടെ കണ്ണിലും ഏതാനും നീർമുത്തുകളായി ഉരുണ്ടുകൂടി. സന്തോഷം ശാരദക്കുട്ടിയുടെ കണ്ണിലും നീരായി പരിണമിച്ചിരുന്നു. സിദ്ധുവും കുഞ്ഞോളും ഓരോ ശലഭങ്ങളായി മാറിയിരുന്നു. 

നാട്ടുകാരിൽ പ്രമാണിമാരും അല്ലാത്തവരുമായി ഒരുപാടാളുകൾ വന്നു. കാരണവന്മാരിൽ ചിലർക്ക് അത് അവരുടെ ചങ്ങാതി വാസൂട്ടൻറെ മോളുടെ വിജയത്തിൻറെ വിളിയാളമായിരുന്നു. ചവിട്ടിത്തേയ്ക്കാൻ ശ്രമിച്ചവർക്കൊക്കെ അവൾ കൊടുക്കുന്ന ചുട്ട മറുപടി. ചെറുപ്പക്കാർക്ക് പണ്ട് കേട്ട കഥയിലെ നായികയുടെ അഗ്നിസ്നാനം കഴിഞ്ഞുള്ള തിരിച്ചുവരവിൻറെ കാഹളഘോഷമായിരുന്നു. സ്ത്രീജനങ്ങളിൽ ചിലർ സന്തോഷിച്ചു. ചിലർ മൂക്കത്ത് വിരൽ വച്ചു. ദൂഷ്യം പറയാനും ഒരു ന്യുനപക്ഷമുണ്ടായിരുന്നു.

ആണുങ്ങളൊക്കെ കണ്ടും കേട്ടും നടന്നാൽ അവർക്ക് കൊള്ളാം. അവളെ തൊട്ടാൽ തോട്ടവർക്കൊക്കെ നാശമാണ്. കണാരേട്ടൻ ചോരതുപ്പി ചത്തു. ചെമ്പകത്തെ രാജൻ റോഡിൽ കിടന്ന് പട്ടിയെ പോലെ ചത്തു. സുകുവിന് കൊടും ഭ്രാന്തായി. പിന്നെ മണ്ണിൽ വീണ് ചിന്നിച്ചിതറി. ഇനി വിനോദ്.. പാവം അവനെങ്കിലും രക്ഷപ്പെട്ടാൽ മതിയായിരുന്നു. അവളെ പരിചപ്പെട്ടപ്പോഴേക്കും കാലൊരെണ്ണം പൊട്ടിപ്പൊടിഞ്ഞില്ലേ? അവനെ അവൾ കൈവിഷം കൊടുത്തു മയക്കിയതാണ്. ആണുങ്ങളുടെ ചോര കുടിക്കാൻ നടക്കുന്ന യക്ഷി....

അന്യൻറെ സുഖത്തിൽ നെഞ്ചു പൊട്ടുന്നവർ, സ്വയം നെഞ്ചു തടവി ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു. 

അത് ഇന്നലെയായിരുന്നു. എന്നാൽ ഇന്ന് അങ്ങിനെയല്ല. ഗ്രാമത്തിലെ അമ്പലത്തിൽ വച്ചാണ്, വിനോദ് അവളുടെ മാറിൽ മിന്നു ചാർത്തുന്നത്. ആ മുഹൂർത്തമാണ് ഇപ്പോൾ. മഴയേറ്റ് മണ്ണും, മനുഷ്യൻറെ മനസും, ഒരു പോലെ കുളിർന്നു നിൽക്കുന്ന ഈ മുഹൂർത്തം. 

ഒരു ചെറിയ ആൾക്കൂട്ടമുണ്ട്. കാരണവന്മാർ മുതൽ ചെറുപ്പക്കാർ വരെ. അന്നൊരിക്കൽ ഈ ഗ്രാമം തിരസ്കരിച്ചവളെ, ഇന്ന് അതേ ഗ്രാമം ദത്തെടുത്തിരിക്കുന്നു. പെണ്ണുങ്ങളുടെ വയ്ക്കുരവയുടെ അകമ്പടിയോടെ വിനോദ് അവളെ തൻറെ ആത്മാവിൻറെ പാതിയിലേക്ക് ചേർത്തു വച്ചു. ഒരു മഞ്ഞച്ചരടിൽ കോർത്തൊരു കുഞ്ഞു ലോഹക്കഷണത്തിനാൽ... അതൊരു വിശ്വാസത്തിൻറെ പ്രതീകമാണ്. വാഗ്ദാനത്തിൻറെ പ്രതീകമാണ്.

അനുഗ്രഹത്തിനായി തൻറെ മുൻപിൽ കുനിഞ്ഞ മകളെ ആ അമ്മ, പിടിച്ചെഴുനേൽപ്പിച്ച്, സന്തോഷം കരകവിഞ്ഞൊഴുകുന്ന കണ്ണുകളോടെ നോക്കി. ഇനി നിനക്കെന്നും നന്മകൾ മാത്രമുണ്ടാവട്ടെ മോളെ.  നന്മകൾ മാത്രമുണ്ടാവട്ടെ....

ശാരദക്കുട്ടി അവളെ വാരിപ്പുണർന്നു. ആ കവിളുകളിൽ മാറിമാറി ഉമ്മ വച്ചു. അവളുടെ മനസ്സിലും ആശീർവാദത്തിൻറെ നീർപ്രവാഹങ്ങളൊഴുകി. എൻറെ ചേച്ചീ... ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ.. നല്ലത് മാത്രം.... 

കൺക്കോണിൽ പൊടിഞ്ഞു നിൽക്കുന്നൊരു തുള്ളി നീരുമായി, പറഞ്ഞറിയിക്കാനാവാത്ത ഭാവത്തോടെ നിൽക്കുന്ന സിദ്ധുവിനോട്, ഒരു കാരണവരുടെ വക തമാശ.... നിനക്കമ്മയുടെ കല്ല്യാണത്തിന് ഉപ്പു വിളമ്പാമെന്നായിരുന്നു. സുന്ദരന് അത് തീരെ ഇഷ്ടമായില്ലെന്ന് അവൻറെ മുഖഭാവം വിളിച്ചു പറഞ്ഞു. മുൻ നിരയിൽ നിന്നും അടർന്നു പോയ പല്ലുകളുടെ വിടവ് കട്ടി ക്രൂരമായൊരു തമാശ ആസ്വദിച്ച് ചിരിച്ച കാരണവർ അവൻറെ ക്രൂദ്ധമായ നോട്ടത്തിൻറെ മുൻപിൽ ചൂളിപ്പോയി. സുന്ദരൻ സിദ്ധുവിൻറെ തോളിൽ പിടിച്ച്, വാ മോനെ, എന്നുപറഞ്ഞ് മെല്ലെ അവിടെ നിന്നും പുറത്തേക്ക് നടന്നു. സുന്ദരൻറെ കൂടെ ചേർന്നു പോവുകയായിരുന്ന സിദ്ധുവിൻറെ വലങ്കയ്യിൽ പിടിച്ച് കുഞ്ഞോള് കൂടെയുണ്ടായിരുന്നു. അതൊരു മനോഹരമായ കാഴ്ചയായിരുന്നു. അതിമനോഹരമായ കാഴ്ച.

ക്ഷേത്രനടയിൽ നിന്നും പുറത്തേയ്ക്ക് വന്ന അവരെ ഒരു കൂട്ടം ചെറുപ്പക്കാരാണ് എതിരേറ്റത്. ഒരായിരം ബെസ്റ്റ് വിഷസുകൾ കൊണ്ട് അവർ നവദമ്പതികളെ അനുമോദിച്ചു. നാട്ടിലെ ക്ലബ്ബിലെ കുട്ടികളാണവർ. വിനോദ് അവർക്ക് പ്രിയപ്പെട്ട മാഷാണ്. അവരുടെ കണ്ണിൽ ഇപ്പോൾ വിനോദാണ് ഏറ്റവും വലിയ വിപ്ലവകാരി. നാട്ടുനടപ്പിൻറെ താഴികക്കുടങ്ങളെ സ്വന്തം ജീവിതം കൊണ്ട് തച്ചുടച്ചവൻ. വിപ്ലവം ജയിക്കട്ടെ... അവർ ഒരുപാട് കാലം സുഖമായി ജീവിക്കട്ടെ... ഒരായിരം ആശീർവാദത്തിൻറെ പൂച്ചെണ്ടുകൾ.... 

പുറത്ത് റോഡിൽ അവരെയും കാത്ത്, കാറിൽ ചാരി നിൽക്കുന്ന ഗംഗയും, അവളുടെ ഏട്ടനുമുണ്ടായിരുന്നു. അലാവുദ്ധീൻറെ അത്ഭുത വിളക്കിലെ ജിന്നിനെ പോലെ, അവളുടെ ജീവിതത്തിലേക്ക് ഭാഗ്യത്തിൻറെ  മഹാപ്രവാഹത്തെ വഴിതിരിച്ചു വിട്ട മനുഷ്യൻ. അവൾ ആ കാൽക്കൽ നമസ്കരിച്ചു. അവളെ പിടിച്ചെഴുനേൽപ്പിച്ച് നെറുകിയിൽ കൈവച്ച് അയാൾ പറഞ്ഞു.

"നന്നായി വരും. എന്നും ഞങ്ങളുടെ പ്രാർത്ഥനയുണ്ടാവും.. എന്നും..."

ശേഷം വിനോദിനോടായി പറഞ്ഞു...

"ഒരായുസ്സിൽ കരയാണുള്ളത് മുഴുവനല്ല, അതിനേക്കാളെത്രയോ കൂടുതൽ, ഇതിനകം ഇവൾ കരഞ്ഞു തീർത്തിട്ടുണ്ട്. ഇനിയും ഈ കണ്ണുകൾ നിറയരുത്. ഒരിക്കലും.." 

മറുപടിയായി വിനോദ് ഒരു മനോഹരമായ പുഞ്ചിരിയാണ് നൽകിയത്. അത് മതി എന്ന അർത്ഥത്തിൽ അയാൾ തല കുലുക്കി. ഗംഗ അവളെ ഒന്ന് പുണർന്നു. പിന്നെ ആ നെറ്റിയിലൊരുമ്മ നൽകി. 

"ഞങ്ങൾ പോകുന്നു.. ഇതിനേക്കാൾ ചന്തമുള്ളൊരു കാഴ്ച്ച ജീവിതത്തിൽ കണ്ടിട്ടില്ല... സത്യം...."

അവളുടെ കവിളിൽ തോലോടിക്കൊണ്ട് പിന്നെയും നിന്നു, ഗംഗ, നിറമിഴികളോടെ ഒരല്പ നേരം കൂടി. പിന്നെ യാത്ര പോലും പറയാൻ നിൽക്കാതെ കാറിലേക്ക് കയറിയപ്പോൾ, പിന്നാലെ അദ്ദേഹവും കയറി. അകന്നു പോകുന്ന കാറിൽ നിന്നും രണ്ടു കൈകൾ ഒരുമിച്ച് നീണ്ടു വന്നു. അവ വീശിക്കൊണ്ടിരിക്കെ അകന്നു പോകുന്ന ആ വാഹനം അവളുടെ കാഴ്ചയിൽ, നേർത്ത നീർപാടയാൽ  മങ്ങിയില്ലാതായി..

ആ ചെറിയ വിവാഹാഘോഷ യാത്രാസംഘം  കാൽനടയായി മുന്നോട്ട് നീങ്ങി. നാട്ടുകാർക്കതൊരു കൗതുകമായിരുന്നു. കൗതുകം കലർന്ന പുഞ്ചിരിയോടെ, കണ്ടവരെല്ലാം അവരെ ആശീർവദിച്ചു. ഉള്ളിൽ ദുഷിപ്പുള്ളവർ മുഖം തിരിച്ചു കളഞ്ഞു. അതൊന്നും അവരെയാരെയും ബാധിച്ചില്ല. വീട്ടിലൊരു പന്തലിട്ടിട്ടുണ്ട്. അവിടെ സദ്ധ്യയൊരുങ്ങുന്നുണ്ട്. അവിടെ ഇന്ന് എല്ലാവര്ക്കും സന്തോഷം വിളമ്പുന്നുണ്ട്.

റോഡായി പരിണമിച്ച ഇടവഴിയിലേക്ക് അവർ പ്രവേശിച്ചു. ആശാരിക്കാവിൽ അതുവരെ ഉറങ്ങുകയായിരുന്ന ഒരിളം തെന്നൽ ഞെട്ടിയുണർന്നു. ഇലച്ചാർത്തുകളെ ഉലച്ചുകൊണ്ട് ആ കാറ്റ്, കുന്നിൻ ചെരുവിലൂടെ അവരുടെ അടുത്തേയ്‌ക്കോടി വന്നു. വലിയ മരങ്ങൾ പിന്നെയും പെയ്തു. നീർമണികൾ മണ്ണിലേക്കടർന്നു വീണു. തൻറെ ആത്മാവിലേക്ക് അലിഞ്ഞു ചേർന്ന കുളിരുമായി  കാറ്റവരെ ഒരു നിമിഷം നോക്കി നിന്നു. പിന്നെ വയലോലകളിലേക്ക് നീന്താൻ തുടങ്ങി. തണുപ്പറ്റ ശാരികക്കൂട്ടം, തെങ്ങോലകളിൽ നിന്നും പറന്നുയർന്നു തുടങ്ങിയിരുന്നു അപ്പോഴേക്കും.  

അച്ഛൻറെ ചിത്രത്തിനു മുൻപിലായിരുന്നില്ല, ആ ഓർമകൾക്ക് മുൻപിലായിരുന്നു, അവൾ കൈകൂപ്പി തൊഴുതു നിന്നത്. അവളുടെ അകക്കണ്ണിൽ അച്ഛൻറെ ചിരിക്കുന്ന മുഖം തെളിഞ്ഞു. വിറയ്ക്കുന്ന കൈകൾ തൻറെ മൂർദ്ധാവിൽ വച്ച് അച്ഛൻ അനുഗ്രഹിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. അവളിപ്പോൾ അച്ഛൻറെ ഗന്ധമറിയുന്നുണ്ട്. വിയർപ്പും ബീഡിയും ഇടകലർന്ന അച്ഛൻറെ ഗന്ധം...

സായന്തനത്തിൻറെ ചുവന്ന ഇടനാഴിയുടെ അങ്ങേയറ്റത്തു നിന്നും സൂര്യൻ ഒരിക്കൽ കൂടി ഗ്രാമത്തെ എത്തിനോക്കി. പിന്നെ കുറുമാൻ കുന്നിൻറെ അപ്പുറത്തേക്ക് മറഞ്ഞു. മതികലയുടെ പുഞ്ചിരിയിൽ ഭൂമിയാകെ ചന്ദനപ്പുഴയൊഴുകി. ഇണകളെ തേടി രാക്കിളികളുടെ പാട്ടുയർന്നു. നിശാഗന്ധികളെ തേടി കറുത്ത ശലഭങ്ങൾ ചിറകുകൾ വിടർത്തി. തീർച്ചയായും ഈ രാവിന് അതിയായ ചന്തമുണ്ട്....

അവസാനിച്ചു.

1 comment:

  1. മതികലയുടെ പുഞ്ചിരിയിൽ ഭൂമിയാകെ ചന്ദനപ്പുഴയൊഴുകി. ഇണകളെ തേടി രാക്കിളികളുടെ പാട്ടുയർന്നു. നിശാഗന്ധികളെ തേടി കറുത്ത ശലഭങ്ങൾ ചിറകുകൾ വിടർത്തി. തീർച്ചയായും ഈ രാവിന് അതിയായ ചന്തമുണ്ട്....

    ReplyDelete