Sunday, July 28, 2019

ഗ്രാമത്തിലെ പെൺകുട്ടി...

മുൻ അദ്ധ്യായം: വെളുത്ത അരയന്നം
അദ്ധ്യായം 41: മകൻ


കടല്പുറത്ത് ഒരുപാട് ആളുകളുണ്ടായിരുന്നു. വേണുവും സിദ്ധുവും തിരക്കില്ലാത്ത ഒരിടത്തിരിക്കുകയാണ്.   കടലിൽ നിന്നും വീശുന്ന കാറ്റിൽ സിദ്ധുവിൻറെ കോലൻ മുടി പറന്ന് കളിക്കുന്നു. അവനതൊന്നും ശ്രദ്ധിക്കാതെ കയ്യിലെ കടലമണികൾ ഓരോന്നായി വായിലേക്കെറിഞ്ഞ് രസിക്കുകയാണ്. അതൊരു കളിയാണ്. ചിലത് കൃത്യം വായിലേക്കെത്തുമ്പോൾ, വേറെ ചിലത് ലക്‌ഷ്യം തെറ്റി പറന്നു പോകും. അവർക്ക് മുൻപിലൂടെ പോയ ഒരു കൂട്ടം പെൺകുട്ടികളിൽ നിന്ന്, ഒരു കുട്ടി അവനെ ശ്രദ്ധയോടെ നോക്കി. പരിചയ ഭാവത്തിൽ കൈ ഉയർത്തിക്കാണിച്ചു. സിദ്ധു അത് ശ്രദ്ധിച്ചപ്പോൾ അവൾ വിശാലമായൊന്ന് ചിരിച്ചു. സിദ്ധു കൈ ഉയർത്തി നിശബ്ദമായി ഒരു ഹായ് കൊടുത്തു. അകന്നു പോകുന്ന ആ ചെറു പെൺകിടാങ്ങളുടെ സംഘത്തിൽ അവൾ അലിഞ്ഞു ചേർന്നു. സിദ്ധു പിന്നെയും കടലമണികൾ വായിലേക്കെറിഞ്ഞു കൊണ്ടിരുന്നു.

വേണു ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ തൻറെ കണ്ണട എടുത്തു തുടച്ചു. പിന്നെയും മുഖത്തേക്ക് വയ്ക്കുന്നതിനിടയിൽ ചോദിച്ചു..

"അതാരാ?"

അവൻ വേണുവിനെ നോക്കി. വീണ്ടും കടലിലേക്ക് നോക്കിക്കൊണ്ട് നിസാരമായി പറയഞ്ഞു.

"ഷീ? ജൂനിയറാണ്... സ്‌കൂളിലൊക്കെ കണ്ടിട്ടുണ്ട്..." 

"ഓ.. ജൂനിയർ.. ഉം... ഓക്കെ.. ഷീ ഈസ് ക്യൂട്ട്.. യു നോ...?"

"അആ... അങ്കിൾ... ഇറ്റ് ഈസ് നോട്ടിനെസ്സ്.... യു നോ...?"

"ഓഹോ... ഓക്കേ.. ദെൻ... ലീവ് ഇറ്റ്. അങ്കിൾ മോനോട് വേറെ ഒരു കാര്യം ചോദിച്ചോട്ടെ?"

സിദ്ധു കൗതുകത്തോടെ വേണുവിനെ നോക്കി.

"ഉം... എന്താ...?"

"വിനോദങ്കിളിനെ കുറിച്ച് മോൻറെ അഭിപ്രായമെന്താ? മോനങ്കിളിനെ ഇഷ്ടമാണോ?"

"ആ.. ഇഷ്ടാണ്.. നല്ല അങ്കിളല്ലേ? പാവം അങ്കിൾ. ആങ്കിളിൻറെ കാലിൽ കമ്പിയൊക്കെ തുളച്ചിട്ടിരിക്കുവല്ലേ... അങ്കിളിന് എന്തോരം വേദനയാവും.."

"പിന്നെ.. വേദനിക്കാതിരിക്ക്വോ? നല്ല വേദനയാവും. അന്ന് ആക്സിഡന്റായി അങ്കിളിൻറെ കാലൊക്കെ ഫ്രാക്ച്ചറായില്ലേ. അതൊക്കെ മാറേണ്ടെ. അപ്പൊ, മോനങ്കിളിനെ ഇഷ്ടമാണ്?"

"ഉം.. ഇഷ്ടാണ്.. എന്തെ...?"

"അങ്കിളിൻറെ മോളെയോ..."

"അയ്യോ.. അവളൊരു പഞ്ചാരമിഠായി പോലത്തെ മോളല്ലേ. എപ്പോഴും ചിരിച്ചോണ്ടിരിക്കും.. സോ സ്വീറ്റ്..."

"ഉം... എങ്കിലൊരു കാര്യം പറഞ്ഞാൽ, മോനിഷ്ടായില്ലെങ്കിൽ മോനതാരോടും പറയരുത്."

"എന്താ...." അവൻറെ മുഖത്ത് ആകാംഷ.

കുറച്ച് നേരം വേണു മൗനമായി, കടലിലേക്ക്  നോക്കിയിരുന്നു. പിന്നെ ജിജ്ഞാസയോടെ തന്നെ നോക്കിയിരിക്കുന്ന സിദ്ധുവിൻറെ മുഖത്തേക്ക് നോക്കി. 

"സിദ്ധു... നമുക്ക് തൻറെ മമ്മയേയും വിനോദങ്കിളിനെയും പിടിച്ചങ്ങ് കെട്ടിച്ചാലോ? ഐ മീൻ... കല്ല്യാണം കഴിപ്പിച്ചാലോ?"

ചോദ്യം സിദ്ധുവിന് വിഷമമാവും എന്നാണ് വേണു കരുതിയത്. എന്നാൽ അതുണ്ടായില്ല. പക്ഷെ അവനാകെ ആശയകുഴപ്പത്തിലായ പോലെ തോന്നി. കുറെ നേരം കടലിലേക്ക് നോക്കി ഒന്നും മിണ്ടാതെ എന്തോ ആലോചിച്ചിരുന്നു. കയ്യിലെ കടല മണികളുടെ തൊലി ഞെരടിക്കൊണ്ടിരുന്നു. വേണും ഒന്നും മിണ്ടിയില്ല. അവൻ ആലോചിക്കട്ടെ. ആവശ്യമുള്ളത്രയും ആലോചിക്കട്ടെ. തൻറെ മൗനത്തിലേക്ക് വേണു പതുങ്ങിയിരുന്നു. അപ്പോഴും അവൻറെ കണ്ണുകൾ സിദ്ധുവിൻറെ മുഖത്ത് തന്നെ ആയിരുന്നു.

കുറെ നേരം അവരാ ഇരുത്തം ഇരുന്നു. അവസാനം സിദ്ധു വേണുവിനോട് ചോദിച്ചു.

"അപ്പൊ, അമ്മ എന്നെ വിട്ട് പോക്വോ?" അതിൽ വിഷാദത്തിൻറെ നേർത്ത നനവുണ്ടായിരുന്നു. 

"ഛെ.. എന്തൊരു ചോദ്യമാടാ ഇത്..." വേണു അവൻറെ മുടികളിൽ വിരലോടിച്ചു.

"നിൻറെ അമ്മയങ്ങിനെ പോകുമോ? അതൊന്നുമില്ലെടാ... അവരിനി അല്ലെങ്കിലും പുതിയ വീട്ടിലല്ലേ താമസിക്കാൻ പോകുന്നത്. നമ്മൾ രണ്ടു പേരും മാത്രമല്ലെ ഇവിടെ ഉണ്ടാകൂ. മോനിഷ്ടക്കേടൊന്നുമില്ലെങ്കിൽ.. അങ്കിൾ ഈ കാര്യം മറ്റുള്ളവരോടൊക്കെ സംസാരിക്കാം. എനിക്ക് മോൻറെ സമ്മതമാണ് ആദ്യം അറിയേണ്ടത്... നോക്ക്.. മോനൊരു അനിയത്തിയെ കിട്ടും. ചിലപ്പോൾ ഇനിയും അനിയന്മാരെയോ അനിയത്തിമാരെയോ ഒക്കെ കിട്ടും. എന്ത് പറയുന്നു?"

അവനൊരൽപ്പ നേരം ആലോചിച്ച് നോക്കി. ആ മുഖം പ്രസന്നമായിരുന്നു. പെട്ടെന്ന് അവൻ ചോദിച്ചു.

"അപ്പൊ അമ്മ സമ്മതിക്ക്വോ? അങ്കിളിന് അമ്മയെ ഇഷ്ടാവ്വ്വോ?"  

വേണു അവൻറെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി. കരുതിയ പോലെ അല്ല. ചെക്കന് കാര്യങ്ങളൊക്കെ മനസ്സിലാക്കാനല്ല പക്ക്വതയുണ്ട്. അവനെന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു..

"നോക്കണം... നമുക്ക് നോക്കാം... മോൻ എൻറെ കൂടെ നിക്ക്വോ?" 

അവൻ ഉവ്വെന്ന് തലയാട്ടി. വേണുവിൻറെ മുഖത്ത് ആശ്വാസത്തിൻറെ ഒരു പുഞ്ചിരി തെളിഞ്ഞു.  കഴിഞ്ഞ കുറച്ചു ദിവസമായി അവൻ ഈ വിഷയം ആലോചിക്കുന്നുണ്ട്. വിനോദിനെ ചേച്ചിക്കും, ചേച്ചിയെ വിനോദിനും വലിയ കാര്യമാണെന്ന് ഇതിനകം തന്നെ അവൻ മനസ്സിലാക്കിയിരുന്നു. എന്നാൽ അവർ തമ്മിലുള്ള ഹൃദയബന്ധമൊന്നും  അവന് അറിയുകയും ഇല്ല. അത് കൊണ്ട് തന്നെ ഈ ആലോചന എത്ര കണ്ട് വിജയിക്കും എന്ന് നല്ല സംശയുമുണ്ട്. ആദ്യത്തെ കടമ്പ സിദ്ധു തന്നെ ആയിരുന്നു. സിദ്ധുവിന് നേരിയ അനിഷ്ടമെങ്കിലും ഉണ്ടെങ്കിൽ പിന്നെ ഈ ആലോചന മുന്നോട്ട് വെക്കുന്നത് ഉചിതമല്ലല്ലോ? അതിനാലാണ് ആദ്യം സിദ്ധുവിൻറെ മനസ്സറിയാമെന്ന് തീരുമാനിച്ചത്.

വൈകുന്നേരം വേണു അമ്മയോടും ശാരദക്കുട്ടിയോടും വിഷയം അവതരിപ്പിച്ചു. രണ്ടുപേർക്കും സമതക്കുറവില്ല എന്ന് മാത്രമല്ല, പെരുത്ത് സന്തോഷവുമായി. പക്ഷെ അപ്പോഴും എല്ലാവര്ക്കും സംശയം വിനോദിനോ അവൾക്കോ ഈ വിവാഹത്തിന് എതിർപ്പുണ്ടാകുമോ എന്നാണ്. അവസാനം അവർ ഒരു ചില പദ്ധതികൾ തീരുമാനിച്ചുറച്ചു. അത് പരിപൂർണമായ ഒരു പദ്ധതിയായി അവർ കാണുകയും ചെയ്തു.

ആഴ്ചകൾ കടന്നു പോയി.  അതൊരു ശനിയാഴ്ചയായിരുന്നു. വിനോദിൻറെ മോളെയും കൊണ്ടാണ്, അന്ന് അമ്മ ആശുപത്രിയിൽ നിന്നും വന്നത്. നല്ല സുഖമില്ലാത്തതിനാൽ, കഴിഞ്ഞ രണ്ടു ദിവസമായി ആശുപത്രിയിൽ പോവാതെ വീട്ടിൽ തന്നെയായിരുന്നു അവൾ. അവളുടെ അടുത്ത് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്ന സിദ്ധു, മോളെ കണ്ടപ്പോൾ വലിയ ഉത്സാഹത്തോടെ  അവളെ എതിരേറ്റു.

ശരീരമാസകലം പനിയുടെ നഖങ്ങൾ വേദന പോറിയിടുമ്പോഴും അവളുടെ ചുണ്ടിൽ ആ കാഴ്ച്ച ഒരു ചെറു പുഞ്ചിരിയുണ്ടാക്കി. വിനോദിന് ഇപ്പോൾ വേദനയ്‌ക്കൊക്കെ നല്ല കുറവുണ്ട്. ഡിസ്ചാർജ് ചെയ്ത് വീട്ടിൽ പോകാവുന്നതേ ഉള്ളൂ. പക്ഷെ അവിടെ ആരാണ് പരിചരിക്കാനുള്ളത്? സഹായത്തിന് ആളില്ലാതെ ഒന്നിനുമാവില്ല അവന്. ഇങ്ങോട്ട് കൊണ്ട് വന്നാൽ പിന്നെ നാട്ടുകാർ വീണ്ടും കഥപറഞ്ഞു കൂട്ടും എന്നൊരു പേടി, അമ്മയ്ക്ക്. ഇപ്പോൾ തന്നെ നാട്ടിൽ തന്നെയും വിനോദിനെയും ചുറ്റിപ്പറ്റി ചില കഥകളൊക്കെ പരന്നു തുടങ്ങിയിട്ടുണ്ടത്രെ. വിനോദിന് രാത്രി കൂട്ടുനിൽക്കാൻ വരുന്നവർ പറഞ്ഞു. നാട്ടിൽ അങ്ങിനെയൊരു കമ്പിയില്ലാ കമ്പി പരക്കുന്നുണ്ടെന്ന്. അത് സരമാക്കണ്ട എന്നും അവർ പറഞ്ഞു. ചില ആളുകൾ അന്നും ഇന്നും ഒരേ പോലെ തന്നെ. എന്തായാലും എൻറെ പനിയെന്നു മാറട്ടെ. ഡിസ്ചാർജ് ചെയ്യിച്ച് ഇങ്ങോട്ടു തന്നെ കൊണ്ടുവരണം. അത് കൊണ്ട് ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന ആകാശമൊക്കെ അങ്ങിടിഞ്ഞു പൊളിഞ്ഞു വീഴട്ടെ. അല്ല പിന്നെ.

രാത്രിയിൽ ഉറക്കം തൂങ്ങുന്ന മോളെയും കൊണ്ട് സിദ്ധു മുറിയിലേക്കു വന്നു. മോളെ അമ്മയുടെ കൂടെ കിടത്തിക്കൊള്ളാൻ പറഞ്ഞു അവൾ. സിദ്ധു അവളെയും കൊണ്ട് പോയി. അൽപ നേരം കഴിഞ്ഞപ്പോൾ വീണ്ടും തിരികെ വന്നു. കട്ടിലിലിൽ അവളുടെ ചാരെയിരുന്നു. അവനെന്തോ ചോദിക്കാനുണ്ട് എന്നാ മുഖം  വിളിച്ചു പറഞ്ഞു. പക്ഷെ എന്തോ, കഴിയാത്ത പോലെ. അവളവൻറെ കൈ പിടിച്ചു. പിന്നെ പതുക്കെ ചോദിച്ചു.

"എന്താടാ...? എന്താ ഒരു സങ്കടം?"

ഒന്നുമില്ലെന്നവൻ തല വെട്ടിച്ചു. അല്ല എന്തോ ഉണ്ട്, എന്നവളുടെ മനസ്സ് പറഞ്ഞു. "നീ അമ്മയോട് പറ."

"അമ്മേ.. കുഞ്ഞോളെ നമ്മൾക്ക് വളർത്താൻ കിട്ട്വോ?"

അവൾ അമ്പരപ്പോടെ അവനെ നോക്കി. അവളുടെ ചുണ്ടിലെ ചെറു പുഞ്ചിരി മാഞ്ഞു. വിനോദിൻറെ മോളെ കുഞ്ഞോൾ എന്നാണ് അവൻ വിളിക്കുന്നത്. അവൻ അങ്ങിനെ വിളിച്ചു വിളിച്ച്, ഇപ്പോൾ അവരെല്ലാം അങ്ങിനെയാണ് വിളിക്കുന്നത്. ഒരല്പ നേരം ഒന്നും മിണ്ടാതെ സിദ്ധുവിൻറെ മുഖത്തേക്ക് തന്നെ നോക്കി. കിടക്കയിൽ എഴുന്നേറ്റിരുന്നു. അവൻറെ ശിരസ്സിൽ തലോടിക്കൊണ്ട് മൃദുവായി ചോദിച്ചു.

"അവൾക്കൊരച്ഛനില്ലേ മോനെ..? മക്കളെയൊന്നും ആരും അങ്ങിനെ ആർക്കും കൊടുക്കൂല. നിന്നെ ആരെങ്കിലും ചോദിച്ചാൽ അമ്മ കൊടുക്ക്വോ? ആരെങ്കിലും വിളിച്ചാൽ നീ പോക്വോ?"

അവളെന്തോ ആലോചനയിലേക്ക് വീണുപോയി. സിദ്ധു തല കുലുക്കി. ശരിയാണ് എന്നർത്ഥത്തിൽ. എന്നിട്ടും ഒരല്പ നേരം കഴിഞ്ഞപ്പോൾ പതുക്കെപ്പതുക്കെ അവനൊരു ചോദ്യമെറിഞ്ഞു.

"ദെൻ,, യു ഷുഡ് ഹാവ് മാരീഡ് ഹെർ ഫാദർ.. ഡൂ യൂ..?"

അവളവനെ തുറിച്ച് നോക്കി. നെറ്റി ചുളിഞ്ഞു. സ്വല്പം പരിഭവം ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ..

"ഇതെന്തൂട്ടാ... എനിക്കീ ഇംഗ്ലീഷൊന്നും അറീലാന്ന് മോനറീലെ? മോനെ.. ഒരാളോട് വർത്താനം പറയുമ്പോൾ... അവർക്ക് മനസ്സിലാവുന്ന രീതിയില് വേണ്ടേ നമ്മള് പറയാൻ... അല്ലെങ്കിൽ മോശമല്ലേ..."

സിദ്ധു ഒരു ഇളിഭ്യ ചിരി ചിരിച്ചു.. പിന്നെ വെട്ടിത്തുറന്ന് ഒരൊറ്റ ചോദ്യമായിരുന്നു.

"അമ്മയ്‌ക്കെന്താ കുഞ്ഞോളെ അച്ഛനെ കല്ല്യാണം കഴിച്ചാൽ? അപ്പോൾ കുഞ്ഞോളെപ്പോഴും നമ്മുടെ കൂടെയുണ്ടാവൂലെ?"

വിനോദിനെ കല്ല്യാണം കഴിച്ചൂടെ എന്ന്. ദൈവമേ.. ഞാനെന്താണീ കേൾക്കുന്നത്? ആരാണിത് ചോദിക്കുന്നത്? മകൻ. തൻറെ മകൻ. അവനെത്ര പ്രസന്നമായ മുഖത്തോടെ, ലാഘവത്തോടെയാണ് അത് ചോദിക്കുന്നത്? അവനെങ്ങിനെ ഇത്ര ലാഘവത്തോടെ അത് ചോദിക്കാനായി??

അമ്പരപ്പിൻറെ ഒരു മഹാസമുദ്രം അവളുടെ ഉള്ളിൽ അലയടിച്ചു. പകപ്പിൻറെ പുകമൂടിയ കണ്ണുകൾ സിദ്ധുവിൻറെ മുഖത്ത് തറച്ചു നിന്നു. പിന്നെ പിന്നെ അവളുടെ ഉള്ളിൽ നിന്നും അവാച്യമായ ഒരു കോരിത്തരിപ്പ് പൊട്ടിപ്പുറപ്പെട്ടു. അതവളുടെ ഉടലിലൂടെ പനിച്ചൂടിൻറെ കൂടെ ഓടിനടന്നു. അറിയാതെ മിഴികളിലേക്ക് ഒരു കടലിരമ്പി വന്നു. ചുണ്ടുകൾ വിറകൊണ്ടു. മെല്ലെ സിദ്ധുവിൻറെ മുഖം തൻറെ മുഖത്തോട് ബലമായി ചേർത്തു. അവളുടെ കണ്ണുനീർ അവൻറെ മുഖത്ത് പൊള്ളലുണ്ടാക്കിയപ്പോൾ ആ പിടിയിൽ നിന്നും മാറാൻ അവൻ ചെറുതായൊന്ന് കുതറി നോക്കി. അവൾ വിട്ടില്ല. അവനെ തൻറെ നെഞ്ചിലേക്ക് അണച്ച് കൂട്ടിപ്പിടിച്ച് അവൾ ചോദിച്ചു..

"നീ പറഞ്ഞതെന്താണെന്ന് നിനക്കറിയ്വോ?"

ഉം... അവനൊന്ന് മൂളി...

"നിനക്ക്,,, നിനക്കൊരു വെഷമവും ല്ലേ...?"

അവൻ സ്വല്പം ബലം പ്രയോഗിച്ച് അവളിൽ നിന്നും അടർന്നു മാറി. അവളുടെ മുഖത്തെ കണ്ണീർ ചാലുകൾ കണ്ട് അവനമ്പരന്നു. വിഷമത്തോടെ അവൻ പറഞ്ഞു..

"അമ്മയ്ക്ക്, ഇഷ്ടല്ലെങ്കി വേണ്ടാട്ടോ... ഞാൻ... ഞാൻ വെറുതെ ഒരിഷ്ടം പറഞ്ഞതാ..."

അവളൊരു വിളറിയ ചിരി ചിരിച്ചു. അവൻറെ മുടിയിൽ തൻറെ വിരലുകളൊന്ന് കുടഞ്ഞു. ഇത്തിരി കുസൃതി കലർത്തി പറഞ്ഞു..

"ഒന്ന് പോ ചെക്കാ അവിടന്ന്... വെറുതെ....  പോ.. പോയി കെടന്നൊറങ്ങിക്കോ... എന്നെയൊട്ടി നിന്ന് പനിക്കണ്ട."

സിദ്ധു നഖം കടിച്ചു കൊണ്ടവിടന്ന് എഴുനേറ്റ് പോയി. അമ്മ സമ്മതിച്ചില്ലല്ലോ എന്നൊരു ശങ്ക അപ്പോഴും അവൻറെ മനസ്സിലുണ്ടായിരുന്നു. മുറിക്ക് പുറത്തേക്ക് വരുമ്പോൾ കണ്ടു. വാതിലിന്നടുത്ത്,  മുത്തശ്ശിയെ.

അവർ അവനോട് ചൂണ്ടുവിരൽ ചുണ്ടോട് ചേർത്ത് ഒച്ചയുണ്ടാക്കരുത് എന്നാംഗ്യം കാണിച്ചു. അവൻറെ മുഖത്ത് പകുതി കൗതുകവും പകുതി നിരാശയും ഇടകലർന്നിരുന്നു. പക്ഷെ ആ അമ്മയുടെ മുഖത്ത് നല്ല പ്രകാശമായിരുന്നു. അവൾ വിസമ്മതം പറഞ്ഞില്ലല്ലോ. അതിൻറെ അർത്ഥം അവൾക്ക് വിരോധമില്ല എന്നല്ലേ? അവരുടെയുള്ളിൽ പുതിയൊരു പ്രതീക്ഷയുടെ നെയ്ത്തിരി നാളം തെളിഞ്ഞു.

അവളുടെ ചുണ്ടിലൊരു സുന്ദരമായ പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു.

ഈശ്വരാ... സിദ്ധു.. ൻറെ മകൻ.. അവനെന്നോട് ചോദിച്ചിരിക്കുന്നു.. വിനോദിനെ കല്ല്യാണം കഴിച്ചൂടെ എന്ന്. അവനിഷ്ടമാവില്ലെന്നാണല്ലോ ഞാൻ കരുതിയത്. എന്നാലിപ്പോൾ അവനായിട്ട് ഇങ്ങോട്ട് വന്നു ചോദിക്കുന്നു. വിനോദിനെ കല്ല്യാണം കഴിച്ചൂടെഎന്ന്..

എൻറെ മകൻ.. എൻറെ സിദ്ധു... ഈശ്വരാ... എൻറെ മകൻ.. എൻറെ സിദ്ധു...

ഒരൊറ്റ ഓട്ടത്തിന് ആശുപത്രിയിലെത്തണം. എന്നിട്ട് വിനോദിനെ ഇറുക്കെ കെട്ടിപിടിക്കണം. എന്നിട്ട് അവനോടൊരു താലി വാങ്ങാൻ പറയണം.. അവളാഗ്രഹിച്ചു.. ഓർക്കവേ ആ ചുണ്ടിലെ പുഞ്ചിരിക്ക് പിന്നെയും പിന്നെയും പ്രകാശം കൂടി വന്നു.

പെട്ടെന്ന് അവളെന്തോ ഓർത്തു.. ആ മുഖഭാവം മാറി. അവൾ സ്വയം പറഞ്ഞു.

വേണ്ട... വിനോദ് ഒന്നും ഇപ്പോഴറിയണ്ട. സമയമാവട്ടെ. ഇനിയും സമയമുണ്ടതിന്.

തുറന്നിട്ട ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി. നിലാവില്ലാത്ത ആ രാത്രിയുടെ വിളറിയ നാട്ടു വെളിച്ചത്തിൽ ജാലകത്തിൻറെ നേരെയുള്ള കൊച്ചു മാവൊരു ഇരുട്ടിൻറെ കൂടാരം പോലെ നിന്നു. ദൂരെയുള്ള ഇണപ്പക്ഷിയെ തേടുന്ന ഒരു പേരറിയാ കിളിയുടെ പാട്ട് കേൾക്കാം... രാത്രിയിലെ നഗരത്തിയ അമർത്തിയ ശബ്ദകോലാഹങ്ങൾക്കിടയിലും....

മനസ്സിലൊരു ഘോഷയാത്രയുണ്ട്... പുതിയ സ്വപ്നങ്ങളുടെ ഘോഷയാത്ര!

തുടരും 

1 comment:

  1. 'തുറന്നിട്ട ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി.
    നിലാവില്ലാത്ത ആ രാത്രിയുടെ വിളറിയ നാട്ടു വെളിച്ചത്തിൽ
    ജാലകത്തിൻറെ നേരെയുള്ള കൊച്ചു മാവൊരു ഇരുട്ടിൻറെ കൂടാരം
    പോലെ നിന്നു. ദൂരെയുള്ള ഇണപ്പക്ഷിയെ തേടുന്ന ഒരു പേരറിയാ കിളിയുടെ
    പാട്ട് കേൾക്കാം...'ഇതാണ് സാഹിത്യം

    ReplyDelete