Tuesday, July 23, 2019

സന്ധ്യയ്ക്കു മുൻപേ



ഇനിവരും സന്ധ്യയ്ക്കു മുൻപേ
നീയെൻറെ മുറ്റത്ത് വിടരുമോ പൂവേ?
ചെമ്പട്ടു ചുറ്റിയണയുന്ന സന്ധ്യയിൽ
മാമകമാനസപ്പൂമുഖത്തിന്നു നീ
നറുദീപമായി തെളിഞ്ഞിടാമോ?

രാകിനാപ്രാവുകൾ കുറുകിയുണരുമീ, 
പാൽക്കടൽ തീരത്തിരിക്കുവാൻ വായോ,
നക്ഷത്രപുഷ്പങ്ങളിതളിട്ടു വിടരുമീ,
രാജിതരജനിതൻ പൂവാടി തോറും,
ശലഭങ്ങളായി പറക്കുവാൻ വായോ.

പുലരിയിൽ പൂക്കളിൽ തൂമഞ്ഞുതുള്ളിയായ്
നിൻറെ സ്വപ്നങ്ങൾ വീണു മയങ്ങുന്ന നേരം,
എൻ ഹൃദയാർദ്രവാഹിനീ തീരത്ത് പൂത്തിടും
ചുംബനച്ചെമ്പകപ്പൂവുകൾ കോർക്കാം
നിന്നുടെ മാറത്ത് മാലയായ് ചാർത്താം.

-- 23/07/2019 --    

1 comment:

  1. ചെമ്പട്ടു ചുറ്റിയണയുന്ന സന്ധ്യയിൽ
    മാമകമാനസപ്പൂമുഖത്തിന്നു നീ
    നറുദീപമായി തെളിഞ്ഞിടാമോ...?

    ReplyDelete