Wednesday, August 28, 2019

ഓർമ്മകൾ




സ്വപ്നങ്ങളെന്നും പറയുന്നു;
കണ്ണിനോട് കരയരുതെന്ന്...
എന്നിട്ടും കണ്ണിനു കൂട്ട്
കറുത്ത ഓർമ്മകളോടാണ്..
ശൂന്യമായ മനസ്സിൻറെ
ഇരുണ്ട അറകളിൽ നിന്നും..
നരകപിശാചുകൾ പോലെ
രുദ്രഘോഷം മുഴക്കി,
കടുംഛായമാകെ പൂശി..
ആർത്തലച്ചു വരുമോർമ്മകൾ..
കാതുകൾ വിരൽ കുത്തി
കൊട്ടിയടച്ചാലും കേൾക്കാം..
അവയുടെ ചിലമ്പൊലികൾ..
മേഘഗർജ്ജനം തോറ്റു പോകും..
ഹാ.. ഈ കണ്ണുകൾ സ്വപ്നങ്ങളെ
ധിക്കരിക്കുന്നു.. പൊഴിക്കുന്നു.
അവ പെയ്തുകെണ്ടേയിരിക്കുന്നു..
തോറ്റുപോയ സ്വപ്നങ്ങളെല്ലാം,
ഓർമ്മയാം മലവെള്ളപ്പാച്ചിലിൽ,
കൊതുമ്പലുകൾ പോലെയെങ്ങോ
ഒഴുകിയൊഴുകിപ്പോകുന്നു...
പിന്നെയും ഓർമയുടെ നഖങ്ങൾ
ഹൃദയത്തിൽ കോറി രസിക്കുന്നു...
ഉണങ്ങാൻ തുടങ്ങിയ മുറിവുകൾ
പിന്നെയും ചെഞ്ചായമണിയുന്നു.
മനസ്സാകെ ചുട്ടെരിച്ചിട്ടും
മതിവരാതെ ഓർമ്മകൾ,
നിദ്രയെക്കൂടി തിന്നു തീർക്കുന്നു.
മൗനങ്ങൾക്കേറെ മൊഴിയുവാനുണ്ട്,
കേൾക്കുവാനൊരു കാത് കിട്ടിയാൽ.
അതുണ്ടാവില്ലെന്നറിയാം;
എന്നാലും മനസ്സിലുണ്ടൊരു
കാത്തിരുന്നു മുഷിഞ്ഞ മോഹം..
ദൂരെയൊരു നിഴൽ കാണെ
ചിറകടിച്ചുയരുന്ന മോഹം...
നിഴൽ മായുമിരുൾ വീഴവേ,
ചിറകുകൾ തളർന്നു വീഴുന്നു...
ആരും വരാത്ത വഴികളിൽ
മിഴികൾക്കുമില്ല താല്പര്യം..
മിഴികളും മൊഴികളും തമ്മിൽ
ഒരിക്കലും കാണുന്നുമില്ല..
ചിറകുകളുള്ളൊരു മാലാഖ
ഈ വഴിയൊരിക്കൽ വരും...
അതിനു മരണമെന്നാണ് പേര്..
അന്നോളമീ കറുത്തയോർമ്മകൾ,
ഒഴുകുന്ന മിഴികളിലൂടെ,
സ്വപ്നങ്ങളെ തോൽപ്പിച്ചിരിക്കും...
തോല്കുവാൻ സ്വപ്നങ്ങൾക്കും;
പെയ്യുവാൻ മിഴികൾക്കും;
സംഹാരമാടുവാനോർമ്മകൾക്കും;
അന്നോളം മടിയുണ്ടാവുകയില്ല...

28/08/2019 
അബൂതി 

2 comments:

  1. മനസ്സാകെ ചുട്ടെരിച്ചിട്ടും
    മതിവരാതെ ഓർമ്മകൾ,
    നിദ്രയെക്കൂടി തിന്നു തീർക്കുന്നു...

    ReplyDelete
  2. തോല്കുവാൻ സ്വപ്നങ്ങൾക്കും;
    പെയ്യുവാൻ മിഴികൾക്കും;
    സംഹാരമാടുവാനോർമ്മകൾക്കും;
    അന്നോളം മടിയുണ്ടാവുകയില്ല...
    ആശംസകൾ

    ReplyDelete