Wednesday, November 20, 2019

മരുപ്പക്ഷികൾ



ദവാദ്മിയുടെ മലനിരകളിൽ നിന്നും വീശുന്ന കാറ്റിനിപ്പോൾ, യാദവൻറെ കണ്ണീരിൻറെ ഉപ്പുരസമാണ്. പ്രിയപ്പെട്ടവരുടെ നെഞ്ചിനെ പോലും നീറ്റാൻ കഴിയാത്ത, ഇടയൻറെ കണ്ണീരിൻറെ ഉപ്പു രസം. പക്ഷെ... അത് മനുഷ്യത്വത്തിൻ്റെ നെഞ്ചിലൊരു കാട്ടുതീയായെരിയുന്ന...

റഫായയിലെ പൊട്ടക്കിണറ്റിൽ വീണടിഞ്ഞുപോയ അവൻറെ സ്വപ്നങ്ങൾക്ക്, അവൻ കയ്യെത്തിപ്പിടിക്കാൻ ശ്രമിച്ച പ്രാവിൻറെ വിലപോലുമില്ലായിരുന്നു. കഷ്ടം... അങ്ങേയറ്റം കഷ്ടം... ആ ജീവനും, സ്വപ്നവും, നിലവിളിയും ഒരു പ്രാമുട്ട പോലെ വീണുടഞ്ഞു. ഏകാന്തയിൽ... മരുഭൂമിയിലെ വന്യമായ ഏകാന്തതയിൽ... അവൻറെ നിലവിളി കേൾക്കാൻ ആരുമുണ്ടായില്ല! 

മറ്റേതൊരു പ്രവാസിയെയും പോലും അവനും, അരവയർ പട്ടിണി കിടന്നത്, നാട്ടിലെ പ്രിയപ്പെട്ടവർക്ക് വേണ്ടിയായിരുന്നു. അവരുണ്ണണം. അവരുടുക്കണം. അതായിരുന്നു അവൻറെ സ്വപ്നം. തുച്ഛമായ ശമ്പളവും വാങ്ങി, ദവാദ്മിയുടെ മണൽക്കാടുകളിൽ, ഏകാന്തകളോട് തൻറെ സങ്കടങ്ങൾ പറഞ്ഞ്, അവനൊട്ടകങ്ങളെ മേച്ചു നടന്നു. അവനൊരു സ്വപ്നമുണ്ടായിരിക്കും. ഈ മണൽക്കാട്ടിൽ നിന്നും തിരികെ തൻറെ കുടുംബത്തിൻറെ കൂടെ ചെന്നു ചേരുന്നൊരു സ്വപ്നം... 

ഇനിയവന് സ്വപ്നങ്ങളില്ല. ഉണക്കറൊട്ടി മുക്കിക്കഴിക്കാൻ മരുഭൂമിയിലെ ഇടയന്മാർക്ക് കറിവെക്കാൻ ഉടുമ്പോ കാട്ടുമുയലോ പ്രാവോ കാടയോ ഒക്കെയാവും കിട്ടുന്നത്. റഫായയിലെ മരുഭൂമിയിൽ പൊട്ടക്കിണറിൻറെ വക്കിൽ, ഒരുപാട് പ്രാവുകൾ കൂടു കൂട്ടിയിട്ടുണ്ട്. ആ മരണത്തിൻറെ വക്കിലെ ഒരു പ്രാക്കൂട്ടിലേക്ക് ഇക്കഴിഞ്ഞൊരു സന്ധ്യാസമയം അവൻ കൈനീട്ടിയപ്പോൾ, മരണം അവനെ ആ പൊട്ടക്കിണറ്റിലേക്ക് വലിച്ചിട്ടു. അവിടെ അവൻറെ സ്വപ്നങ്ങളിലിപ്പോൾ അനാഥപ്രേതങ്ങളായി അലഞ്ഞു നടക്കുകയാണ്.

യാദവ് റാം അജോറിന് ഭാര്യയും ആറു മക്കളുമുണ്ട്. അഞ്ചു പെൺകിടാങ്ങളും ഒരാൺകുട്ടിയും. സ്വപ്നങ്ങളില്ലാത്ത യാദവൻറെ പ്രേതം നാട്ടിലേക്കയക്കാൻ സ്പോൺസർ തയ്യാറാണ്. അതിൻറെ  ചിലവുകൾ അയാളെടുക്കാനും തയ്യാറാണ്....

പക്ഷെ, അഫിഡവിറ്റിക്കായി, ഉടലും ജീവിതവും പങ്കിട്ട ഭാര്യയെയും, ജീവനും രക്തവും പങ്കിട്ട മക്കളെയും ബന്ധപ്പെട്ടപ്പോൾ, തിരിച്ചിങ്ങോട്ടൊരു ചോദ്യം. യാദവൻറെ ഇൻഷൂറൻസ് തുക കിട്ടാൻ ഇനി ഞങ്ങളെന്താണ് ചെയ്യേണ്ടത്. അത് ആദ്യം ശരിയാക്കിത്തരൂ. അഫിഡവിറ്റി അപ്പോൾ തരാം...

മനുഷ്യത്വത്തിൻറെ ചങ്കിലാണ് ചോദ്യം തറച്ചു കയറിയത്. ഈ മണൽക്കാട്ടിൽ, അന്യൻറെ സ്വപ്നത്തിന് അടയിരിക്കുന്ന മരുപ്പക്ഷികളായ പ്രവാസികൾ, നാട്ടിലുള്ളവർക്ക് ആത്യന്തികമായി വെറും പണമുണ്ടാക്കുന്ന യന്ത്രം മാത്രമാണെന്ന് യാദവൻറെ മൃതശരീരം ഉച്ചൈസ്തരം ഉൽഘോഷിക്കുന്നുണ്ട്.  

സ്വപ്‌നങ്ങൾ കൂടൊഴിഞ്ഞ വെറുമൊരു കളിമൺകലമായി, ശീതീകരണ യന്ത്രത്തിനാൽ മാംസവും അസ്ഥിയും ദൃഢമായി, അവനവിടെ കാത്തിരിക്കുന്നു. സംസ്കരണത്തിൻറെ ആ ഭാഗ്യമുഹൂർത്തവും കാത്ത്. ആ വിധം കാത്തിരിക്കുന്ന അനവധി മൃതശരീരങ്ങളുടെ കൂടെ..... 

ജീവരക്തമൂറ്റിപ്പിഴിഞ്ഞ് കുടുംബത്തെ ജീവിപ്പിക്കുന്നവർ വീണുപോയാൽ, അവരാൽ ജീവിച്ചവർക്കവരോട് കുറച്ചു കൂടിയൊക്കെ കരുണ കാണിക്കാം.... അല്ലെ..

സസ്നേഹം
അബൂതി 

2 comments:

  1. നാട്ടിലുള്ളവർക്ക് ആത്യന്തികമായി വെറും പണമുണ്ടാക്കുന്ന യന്ത്രം മാത്രമാണെന്ന് യാദവൻറെ മൃതശരീരം ഉച്ചൈസ്തരം ഉൽഘോഷിക്കുന്നുണ്ട്. മരിച്ചാലും......
    ആശംസകൾ

    ReplyDelete

  2. ജീവരക്തമൂറ്റിപ്പിഴിഞ്ഞ് കുടുംബത്തെ ജീവിപ്പിക്കുന്നവർ വീണുപോയാൽ, അവരാൽ ജീവിച്ചവർക്കവരോട് കുറച്ചു കൂടിയൊക്കെ കരുണ കാണിക്കാം.... അല്ലെ..

    ReplyDelete