Sunday, December 1, 2019

ഋതുക്കൾ


മനസ്സിൻറെ ഇടനാഴിയിലൊരു പദനിസ്വനം.
കൊതിച്ചു കാതോർക്കവേ.. നേർത്തുനേർത്തില്ലാതായത്!
അടുക്കുകയായിരുന്നില്ല... അകലുകയായിരുന്നെന്ന്
അപ്പോൾ മാത്രമാണ് വേദനയോടെ തിരിച്ചറിഞ്ഞത്!

പ്രിയമുള്ളൊരാളുടെ വരവെന്നോർത്തു
നെഞ്ചിലൊരു കൂടൊരുക്കി..
വസന്തത്തെ അതിൽ കുടിയിരുത്തി.
വാടിക്കരിഞ്ഞ സ്വപ്‌നങ്ങൾ ബാക്കിയാക്കി,
വസന്തം മെല്ലെ മെല്ലെ പിരിഞ്ഞു പോയി!

ശിശിരത്താൽ നഗ്നനാക്കപ്പെട്ട മാമരത്തിൽ
ചേക്കൊഴിഞ്ഞ കൂട്ടിലെ ഓർമ്മത്തൂവലുകൾ
തഴുകിയും തലോടിയും മിനുക്കിയും 
ഏകാന്തതയുടെ തണുത്ത രാത്രികളുറങ്ങാതെ വെളുത്തു!

ഒരു ശലഭപ്പുഴുവായി കാത്തിരിക്കുകയായിരുന്നു.
സ്വപ്നങ്ങളിലേക്ക് ചിറകുകൾ വിടർത്താൻ.
വസന്തം വർണ്ണകമ്പളം പുതയ്ക്കുന്ന
മലഞ്ചെരുവുകളിലേക്ക് പറന്നുല്ലസിക്കാൻ!

എന്നിട്ടും; പിറവിക്കു മുൻപേ വസന്തം പിരിഞ്ഞു.
വേനലിൽ നീർച്ചോലകൾ വരണ്ട;
പൂക്കളും പൂമ്പാറ്റകളുമില്ലാത്ത;
ഇടവഴികൾ മാത്രം മനസ്സിൽ ബാക്കിയായി!

ഋതുക്കളുടെ പടിവാതിലിൽ വസന്തവും കാത്ത്
ഇനിയെത്രകാലം കാത്തിരിക്കേണ്ടി വരുമാവോ?
മഴ പൈതീ മണ്ണിനൊരിക്കലുയിർ വെക്കും.
അന്ന് ഞാൻ നട്ട വിത്തുകൾ മുളക്കാതിരിക്കില്ല!

01/12/2019 
അബൂതി 

1 comment:

  1. ഒരു ശലഭപ്പുഴുവായി കാത്തിരിക്കുകയായിരുന്നു.
    സ്വപ്നങ്ങളിലേക്ക് ചിറകുകൾ വിടർത്താൻ.
    വസന്തം വർണ്ണകമ്പളം പുതയ്ക്കുന്ന
    മലഞ്ചെരുവുകളിലേക്ക് പറന്നുല്ലസിക്കാൻ!

    ReplyDelete