Monday, February 24, 2020

നൂല്പാലം


നമുക്കിടയിലൊരു നൂല്പാലമുണ്ട്
അറ്റുപോകാത്തൊരു സുന്ദരമായ പാലം!
നിന്നീൾമിഴികളിൽ നിന്നുമെന്നിലേക്ക് 
സ്വപ്നങ്ങളൊഴുകുന്നതതിലൂടെയാണ്!
പ്രണയത്തിൻറെ പരല്മീനുകൾ
ഓളങ്ങളിൽ തെന്നിമാറുന്ന നിൻറെയീ
സുന്ദരമായ മിഴിപോയ്കയ്ക്കു കുറുകെ
ഞാനെൻറെ കരളിൽ കടഞ്ഞ നൂലിനാൽ
എന്നോ എപ്പോഴോ കെട്ടിയതാണാ പാലം!

നിൻറെ ഗൂഢസ്മിതത്തിനുള്ളിലൊളിപ്പിച്ച
നനുത്ത സമ്മതിൻറെ മഞ്ഞുകണങ്ങളെൻ 
നീറിനിൽക്കുമാത്മദാഹത്തെ ശമിപ്പിക്കട്ടെ!
നമ്മുടെ ചുണ്ടുകൾ നുകരാൻ കൊതിച്ചതും,
മാറിടങ്ങളന്യോനമെരിയാൻ വെമ്പിയതും,
തമ്മിലറിയില്ലെന്ന് നാം വൃഥാ നടിച്ചെങ്കിലും,
കള്ളം പറയാനറിയാത്ത കണ്ണുകളന്യോനം
വിരലുകൾ കോർത്തീ നിഴൽവീഥിയിൽ
ചേർന്നു നടക്കാറുണ്ടായിരുന്നു നിത്യവും!

എന്നിട്ടും; നമുക്കിടയിൽ മൗനം തിളയ്ക്കുന്നു.
ആ മൗനത്തിലുണ്ട്; നിൻറെ പ്രണയത്തിൻറെ
ഒരിക്കലുമളക്കാനാവാത്ത ആഴവുമന്തസ്സും!
നിൻറെ തൂലികത്തുമ്പിലൊരിക്കലെങ്കിലും
ഞാനൊരു കൊച്ചു കവിതയായ് പിറന്നിടട്ടെ!
ഒരിക്കലീ ലജ്ജയുടെ പുറന്തോടു പിളർത്തി
ഒരു ശലഭമായെന്നിലേക്ക് നീ പറക്കണം!
അന്നു നിൻറെ മാറിലെ പരിഭവപ്പാൽക്കുടങ്ങൾ 
വർഷമാരിയെന്നിലേക്ക് പെയ്തിറങ്ങണം!

അബൂതി
24/02/2020 

1 comment:

  1. സ്വപ്നങ്ങൾ സഞ്ചരിക്കും നൂൽപ്പാലം ...!

    ReplyDelete