ഈ ജ്വാലയിനിയും ആളിത്തെളിയണം.
ഹൃദയങ്ങൾ തോറും പടർന്നിടേണം.
ഇനിയുമീ നിശബ്ദ ശവമഞ്ചലിൽ
മൗനമായ് കിടക്കുവാനില്ല നമ്മൾക്ക്.
ഇനിയുമീയനീതിക്കെതിരെ നടക്കാഞ്ഞാൽ
ഈ മണ്ണിന്നത്മാവ് ചിതൽ തിന്നു പോകും.
ഇന്നലെയിവിടെ നമ്മളുണ്ടായിരുന്നു.
ഇനി നാളെയും നമ്മളീ മണ്ണിൽ നടക്കണം.
ഞാനാര് നീയാര് അവനാരെന്നുള്ളൊരീ
നീച ചോദ്യങ്ങളെ തുടച്ചു കളയണം.
ജാതിയായ് വർണ്ണമായ് മതങ്ങളായ് നാം നമ്മെ
വെട്ടിമുറിക്കാതൊരൊന്നായി നിൽക്കണം.
ഇവിടെ ജനിച്ച നാമിവിടെ മരിക്കുവാൻ
ഇടറാതെയടരാടി മുന്നോട്ട് നീങ്ങണം.
ഉണരുക... ഉണ്മയുടെ പ്രഭാതമണയും വരെ
ഉറങ്ങാതെ പൊരുതിയുണർന്നിരുന്നീടുക.
കാട്ടാളക്കാൽക്കീഴിൽ പുഴുവായ് കിടക്കാതെ
പൊരുതാം നമുക്ക്... നമ്മളായിടാം.
ഈ മണ്ണിൽ നമ്മൾ... നമ്മളായ് ജീവിച്ചിടും..
ഈ മണ്ണിൽ നമ്മൾ... നമ്മളായ് മരിച്ചിടും..
സത്യം ജയിക്കണം... സത്യം ജയിച്ചിടും...
സത്യത്തിനല്ലാതെ ജയമില്ല പാരിൽ.
സത്യത്തിൻ പൊൻപ്രഭയൂതിക്കെടുത്തുവാൻ
ആവില്ലയാവില്ല കളവിൻ മുഖങ്ങൾക്ക്.
ഈ ജ്വാലയിനിയും ആളിത്തെളിയണം
ഹൃദയങ്ങൾ തോറും പടർന്നിടേണം.
27/02/2020
അബൂതി
സത്യമേവ ജയതേ ...
ReplyDeleteസത്യം ജയിക്കണം... സത്യം ജയിച്ചിടും...
സത്യത്തിനല്ലാതെ ജയമില്ല പാരിൽ...
സത്യത്തിൻ പൊൻപ്രഭയൂതിക്കെടുത്തുവാൻ
ആവില്ലയാവില്ല കളവിൻ മുഖങ്ങൾക്ക്.
ഈ ജ്വാലയിനിയും ആളിത്തെളിയണം
ഹൃദയങ്ങൾ തോറും പടർന്നിടേണം.