Sunday, March 1, 2020

മായാവിപഞ്ചിക


കടലാഴം മനസ്സുള്ള പെണ്ണേ, നിൻറെ -
കരളിലെ കിളിയിന്നു പാടുന്നുണ്ടോ?
കരിമിഴിയിണകളിൽ, നീന്തും -
കിനാവിൻറെ, കനകമത്സ്യങ്ങളുണ്ടോ?
കല്പനവിടരുമാ ലോലകപോലത്തിൽ,
കാശ്മീരജം പടർന്നൊഴുകുന്നുവോ? 

ഇന്നീ സുന്ദര സന്ധ്യയിലെന്നുടെ
മാറിൽ മുല്ലയായ് നീ പടരൂ.
പത്മലതാതല്പത്തിലെന്നുടെ
ചാരത്തു പ്രേയസീ നീയിരിക്കൂ.
നിന്നുടെ പവിഴാധരത്തിൽ വിടരും
അനുരാഗപുഷ്പങ്ങളെനിക്കേകൂ.

ആർദ്രനിലാമഴ പെയ്യുന്ന രാവിൽ
ആലോലം പാടി നീയരികിലെത്തൂ.
താവകമാനസ മായാവിപഞ്ചിക
മീട്ടുവാൻ ലാസികേയനുവദിക്കൂ.
നിന്നുടെ നൂപുരനാദത്തിലുണരുമെൻ
മോഹാഗ്നിജ്വാലയേ നീയണക്കൂ.

അബൂതി

1 comment:

  1. ആർദ്രനിലാമഴ പെയ്യുന്ന രാവിൽ
    അരികിലണയുന്ന  മായാവിപഞ്ചിക
    പോലൊരു മോഹാഗ്നിജ്വാല...!

    ReplyDelete