ഞാൻ കാതോർത്തു.. ഒരു താരാട്ട് കേൾക്കുന്നുണ്ടോ? ഉണ്ടാവും.... ഉണ്ടാവണം... ഹാ... കഷ്ടം. അത് കേൾക്കുവാനുള്ള കാതെനിക്ക്, പരിശുദ്ധനായ രക്ഷിതാവ് തന്നില്ലല്ലോ...
ഞാനാകാശത്തേയ്ക്ക് മിഴികൾ നീട്ടി. സൂഷ്മം നോക്കി. അവിടെ വാനലോകത്തിൻറെ വാതിൽ തുറക്കുന്നുണ്ടോ? ഉണ്ടായിരിക്കും. അതിലൂടെ വിശുദ്ധരായ മാലാഖമാർ മണ്ണിലേക്കിറങ്ങി വരുന്നുണ്ടാവും. അവളുടെ താരാട്ട് കേൾക്കാൻ.. അവളുടെ കുഞ്ഞിനെ കാണാൻ.. അവരുടെ കയ്യിൽ സ്വർഗീയ സുഗന്ധങ്ങളുണ്ടാവും. സ്വർഗ്ഗത്തിലെ പുഷ്പങ്ങളുണ്ടാവും. പഴങ്ങളുണ്ടാവും.... ഏതൊരു മനുഷ്യമനസ്സിൻറെയും സങ്കൽപ്പസീമയുടെ അപ്പുറത്തെവിടെയോ നിൽക്കുന്ന, മഹനീയമായ വസ്ത്രങ്ങളുണ്ടാവും... അതെല്ലാം അവൾക്കും, അവളുടെ കുഞ്ഞിനും വേണ്ടിയാണ്.
നിർഭാഗ്യവാനായ എനിക്ക് അതൊന്നും കാണുവാനോ കേൾക്കുവാനോ ആവുന്നില്ലല്ലോ.. അല്ലെങ്കിലും പടച്ചവൻറെ ഹിക്മത്തിൻറെ വ്യാപ്തി, എനിക്കെങ്ങനെ അറിയാൻ? ഞാനൊരു മനുഷ്യൻ മാത്രമല്ലേ?
ക്ഷമയായിരുന്നു അവളുടെ വസ്ത്രം. സഹനമായിരുന്നു അവളുടെ പാദുകം. അവൾ സുന്ദരിയായിരുന്നു. താരുണ്യ തളിർമണ്ഡപത്തിൽ നിന്നും, മറ്റേതൊരു പെൺകിടാവിനെയും പോലെ, ഏറെ കിനാക്കൾ കണ്ട്, നമ്മ്രമുഖിയായി, നവോഢയായി, വ്രീളാവിവശയായി, ജീവിതത്തിൻറെ മണിയറയിലണഞ്ഞവൾ....
പെണ്ണായാൽ പ്രസവിക്കണം. ആണായാൽ പ്രസവിപ്പിക്കണം. ഇതിനായില്ലെങ്കിൽ പിന്നെ അവർ ആണും പെണ്ണുമല്ല. ജീവനുള്ള വെറും ശവങ്ങൾ മാത്രമാണ്. ഈ ലോകനാട്യത്തിൻറെ വൈതാളികന്മാർ, അവരെ മച്ചിയെന്നും ഷണ്ഡനെന്നും വിളിക്കും. ഉരുക്കിയ ലോഹം പോലെ, ആ വിളികൾ അവരുടെ കാതിൽ തിളയ്ക്കും. അവർ വേദനയുടെ ചതുപ്പിലേക്കാണ്ട് പോകും. ആശ്വാസത്തിൻറെ ഒരു പിടിവള്ളിക്കായി കൈകൾ നീട്ടും. അവരുടെ കണ്ണുകളിലെ വേദന കണ്ടാസ്വദിക്കുന്ന തിരക്കിൽ ലോകം അഭിരമിച്ചിടും. സമൂഹമാണ് ഏറ്റവും വലിയ സാഡിസ്റ്റ്.
അവളവളുടെ ഭർത്താവിനെ സ്നേഹിച്ചു. പ്രണയിച്ചു. പരിചരിച്ചു. ശുശ്രൂഷിച്ചു. ജീവനിൽ പാതിയായല്ല, ജീവൻറെ ജീവനായി. ഭർത്താവിൻറെ മാതാപിതാക്കളെ പരിചരിച്ചു. മകളെ പോലെ അല്ല. അതിനേക്കാൾ നന്നായി.
പക്ഷെ ലോകം അതൊന്നും കണ്ടില്ല. അവരുടെ കൂർത്ത നോട്ടങ്ങൾ അവളുടെ അവികസ്വരനാഭിയിൽ തറച്ചു നിന്നു. എന്താടീ വിശേഷമൊന്നും ആയില്ലേ എന്ന ചോദ്യത്തിൽ നിറയെ പരിഹാസമായിരുന്നു. തൊഴുത്ത് മാറിക്കെട്ടിയാൽ ചിലപ്പോൾ പെറ്റേക്കുമെന്ന, അയല്പക്കത്തെ സ്ത്രീകളുടെ ക്രൂരമായ തമാശ, അവളെ മാത്രമല്ല, അയാളെയും വേദനിപ്പിച്ചു. ആ വേദനയിലും അവളെ തൻറെ മാറോട് ചേർത്ത് അയാൾ പറഞ്ഞു. നീയതൊന്നും കാര്യമാക്കണ്ട... നീ സുന്ദരമായി ക്ഷമിക്കുക... സുന്ദരമായ ക്ഷമയുടെ പ്രതിഫലം സുബർക്കമത്രേ...
മാസക്കുളിയുടെ മുറ തെറ്റുമ്പോൾ, കണ്ണീരുകൊണ്ടവർ നനയ്ക്കുന്ന സ്വപ്നങ്ങൾക്ക് പുതുനാമ്പ് മുളയ്ക്കും. പക്ഷെ, കാര്യമില്ല. സന്തോഷത്തിൻറെ എണ്ണപ്പെട്ട ദിവസങ്ങൾ കടന്നുപോകുമ്പോഴേക്കും, അവളിൽ നിന്നും രക്തത്തിൻറെ മലവെള്ളപ്പാച്ചിലുണ്ടാകും. ഉള്ളിലൂറിയ സ്വപ്നത്തിൻറെ അരുമയായ വേരുകൾ പോലും അവളിൽ നിന്നും പിഴുതെറിഞ്ഞുകൊണ്ട്...
അയാൾ വെറുമൊരു മദ്രസാദ്ധ്യാപകനായിരുന്നു. തുച്ഛമായ വരുമാനം. എന്നിട്ടും അവർ ഡോക്ട്ടർമാരുടെ മുഖത്തേയ്ക്ക് പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരുന്നു. അവസാനം ഒരു ഡോക്ട്ടർ അവരോട് പറയുക തന്നെ ചെയ്തു. നിങ്ങൾ വെറുതെ കാശു കളയണ്ട. ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനോ പ്രസവിക്കാനോ അവളുടെ ഗർഭപാത്രത്തിനാവില്ല. അന്നവൾ അയാളുടെ മടിയിൽ മുഖം പൂഴ്ത്തിയേറെ കരഞ്ഞു. അവളുടെ മുഴിയിഴകളിലൂടെ അയാളുടെ ആശ്വാസത്തിൻറെ വിരൽത്തുമ്പുകൾ, പരതിനടന്നു.
നിങ്ങൾ വേറൊരു കല്ല്യാണം ചെയ്‌തോളൂ. അവളത് പറയുമ്പോൾ, ഒരു കുഞ്ഞിനെ ലാളിക്കാനുള്ള അടങ്ങാത്ത ദാഹമാണോ, അതല്ല, ഹൃദയം നുറുങ്ങുന്ന വേദനയാണോ, ആ മുഖത്തങ്കുരിച്ചു നിന്നതെന്നയാൾക്ക് മനസ്സിലായില്ല. ഒരു ചെറു ചിരിയോടെ അയാൾ പറഞ്ഞു..
നിന്നെക്കാൾ നല്ലൊരു പെണ്ണിനെ നീയെനിക്ക് കാണിച്ചു താ.
അയാൾക്കുറപ്പായിരുന്നു.. അങ്ങിനെ ഒരാളെ കാണിച്ചുകൊടുക്കാൻ ആർക്കുമാവില്ലെന്ന്.
ഒരിക്കൽ തൻറെ ബാല്യകാലസഖിയുടെ പ്രസവവാർത്തയറിഞ്ഞപ്പോൾ, കുഞ്ഞുടുപ്പുകളും, എണ്ണയും, സോപ്പും, ഇത്തിരി പൊന്നിൻറെ കുഞ്ഞുമോതിരവുമൊക്കെയായി അവൾ കാണാൻ ചെന്നു. സാധാരണ അവൾ അങ്ങിനെ പോകാറില്ല. പ്രസവിക്കാനാവാത്ത പെണ്ണോ, നന്നേ ചെറുപ്പത്തിൽ കുഞ്ഞുങ്ങൾ മരിച്ച ഉമ്മമാരോ, കുഞ്ഞു പൈതലുകളെ കണ്ടാൽ, കുഞ്ഞുങ്ങൾക്കസുഖം വരുമെന്ന് നാട്ടിലൊരു നടപ്പു വിശ്വാസമുണ്ട്. ക്രൂരതയുടെ വിനോദം അങ്ങിനെയൊക്കെയാണ്. പരിഹാസത്തിൻറെ നഖമുനകളേറ്റു മുറിഞ്ഞ ഹൃദയങ്ങളിൽ പിന്നെയും ചുര മാന്തുന്നത്...
അവളെ കണ്ടപ്പോൾ കൂട്ടുകാരിയുടെ ഉമ്മയുടെ മുഖം വെള്ളമൊഴിച്ച അടുപ്പ് പോലെ കറുത്തുപോയി. അവളത് കണ്ടില്ലെന്ന് നടിച്ചു. ആ പിഞ്ചു പൈതലിനെ അവളെടുത്ത് കൊഞ്ചിക്കുന്നത് കണ്ടപ്പോൾ കൂട്ടുകാരി ഊറിച്ചിരിച്ചു. ചില മനുഷ്യരങ്ങിനെയാണ്. മറ്റുള്ളവരുടെ ഹൃദയം അവർക്ക്, കണ്ണാടിയിലെ സ്വന്തം പ്രതിബിംബമെന്നോണം തെളിഞ്ഞു കാണാം.
കുഞ്ഞുണർന്നു കരഞ്ഞപ്പോൾ അവൾ സ്വന്തം മാറിലെ വസ്ത്രം ഒരല്പം മാറ്റി, തൻറെ മുലക്കണ്ണുകൾ ആ കുഞ്ഞിൻറെ വായയിൽ വെച്ചുകൊടുത്തു. അത്ഭുതത്തോടെ കൂട്ടുകാരി ചോദിച്ചു. നീയെന്താണീ ചെയ്യുന്നത്?
ഒരു നേർത്ത ഇക്കിളികൊണ്ട് മുഖം ചുളിഞ്ഞ അവൾ പറഞ്ഞു. ഒരു കുഞ്ഞിന് മുലകൊടുക്കാൻ ഒരു പൂതി. നിൻറെ കുട്ടി എന്റേത് കൂടിയല്ലേ?
കുഞ്ഞിനെ വാങ്ങാൻ നീട്ടിയ കൈകൾ കൂട്ടുകാരി പിൻവലിച്ചു. അവളുടെ ചുണ്ടിലെ മന്ദഹാസത്തിന് നിലാവിനേക്കാൾ കുളിർമയുണ്ടായിരുന്നു. ഇക്കിളിയാവുന്നു എന്നവൾ പറഞ്ഞപ്പോൾ, കൂട്ടുകാരിക്ക് അതൊരു തമാശ മാത്രമായിരുന്നു. കല്ല്യാണം കഴിഞ്ഞിട്ടെത്രയായി പെണ്ണേ... ഇപ്പോഴും മാറിയില്ലേ? എന്നൊരു കൃസൃതി ചോദ്യം കൊണ്ട് കൂട്ടുകാരി അവളുടെ മനസ്സിൽ തൊട്ടു. അവളുടെ മുഖം ലജ്ജയിൽ കുതിർന്നു പോയി.
എന്നാൽ കുഞ്ഞിന് അതിലത്ര താല്പര്യമില്ലായിരുന്നു. ഒരല്പനേരം ചപ്പിനോക്കിയിട്ട് പാൽ കിട്ടാതെ വന്നപ്പോൾ അവൻ കരയാൻ തുടങ്ങി. കുഞ്ഞിനെ കൂട്ടുകാരിക്ക് കൊടുത്ത്, അവൾ ആ കുഞ്ഞ് മുലകുടിക്കുന്നത് കൗതുകത്തോടെ നോക്കിയിരുന്നു. കുടിച്ചു നിറഞ്ഞ കുഞ്ഞിനെ പിന്നെയും വാങ്ങി അവൾ കളിപ്പിക്കവേ കൂട്ടുകാരിയുടെ ഉമ്മ വന്ന് അവളിൽ നിന്നുമാ കുഞ്ഞിനെ പറിച്ചെടുത്തു. കുളിപ്പിക്കണം എന്ന് പറഞ്ഞ് ചവിട്ടിത്തുള്ളി അവർ പോയപ്പോൾ വിഷാദത്തോടെ അവൾ കൂട്ടുകാരിയെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. മെല്ലെ അവൾ അവിടന്നിറങ്ങി. അപ്പോഴും വെള്ളം നനഞ്ഞ് കരയുന്ന കുഞ്ഞിൻറെ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരുന്നു.
ആ രാത്രി അവളയാളുടെ വിരിപ്പിൽ നിന്നുമെഴുനേറ്റു. കുളിച്ച് ശുദ്ധിവരുത്തി. ആകാശലോകത്തേയ്ക്ക് കയ്യുയർത്തി, ഒലിച്ചിറങ്ങുന്നു മിഴികളോടെ അവൾ പടച്ച തമ്പുരാനോട് ചോദിച്ചു...
പടുകിഴവിയായ സാറായ്ക്ക് ഇസ്ഹാഖിനെ കൊടുത്ത രക്ഷിതാവേ.. എനിക്കൊരു കുഞ്ഞിനെ തന്നൂടെ.....
അവളുടെ തേങ്ങൽ കേട്ടാണ് അയാളുണർന്നത്. അയാളാ പ്രാർത്ഥന കുറെ നേരം കേട്ടിരുന്നു. പിന്നെ എഴുനേറ്റ് അവളുടെ അരികത്തിരുന്നു. അവളെ തന്നിലേക്ക് ചേർത്തു. മെല്ലെ അവളോട് പറഞ്ഞു.
തന്നൂടെ എന്ന് ചോദിക്കാതെ... തരൂ എന്ന് പറയൂ.. നിങ്ങൾ ചോദിക്കൂ.. ഞാൻ തരാം എന്നല്ലേ പടച്ചോൻ പറഞ്ഞത്. അതുകൊണ്ട് നമുക്ക് ചോദിച്ചുകൊണ്ടേയിരിക്കാം. അല്ലാഹുവിൻറെ കാരുണ്യത്തിലുള്ള പ്രതീക്ഷ ഇല്ലാതാവുന്നത് നിർഭാഗ്യവാന്മാരുടെ ഹൃദയത്തിൽ മാത്രമാണ്. അത്തരക്കാരുടെ മുന്നിലാണ്.. ഇരുട്ടിനു മേൽ ഇരുട്ട് വന്നു മൂടുന്നത്..
ഒരിക്കലവൾ അയാളോട് പറഞ്ഞു. നിങ്ങളെനിക്ക് സ്വർഗ്ഗത്തിലെ കുട്ടികളെ കുറിച്ച് പറഞ്ഞുതരൂ.
സ്വർഗ്ഗത്തിലെ കുഞ്ഞുങ്ങൾ. അവർ ഉദ്യാനങ്ങളിൽ വാരി വിതറപ്പെട്ട മുത്തുകൾ പോലെയാണ്. സ്വർഗ്ഗവാസികളുടെ പരിസരങ്ങളിൽ അവർ ചിരിച്ചുല്ലസിച്ചും, കൊഞ്ചിക്കളിച്ചും ഓടിനടന്നുകൊണ്ടിരിക്കും. അവരെന്നും അങ്ങിനെത്തന്നെയായിരിക്കും. അവരെ കാണുന്ന ഒരാൾക്കും ആനന്ദമല്ലാതെ മറ്റൊന്നുമുണ്ടാവുകയില്ല.
സ്വർഗ്ഗത്തിലെത്തുന്ന എല്ലാർക്കും കിട്ടുമോ ഈ കുഞ്ഞുങ്ങളെ? അവൾക്ക് സംശയം.
പിന്നെ... സ്വർഗത്തിൽ ഒരുകാലത്തും ഒന്നിലും നിരാശയില്ല...
അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു. പിന്നീടൊരിക്കൽ അവൾ അയാളോട് ചോദിച്ചു. സ്വർഗ്ഗത്തിലെ കുട്ടികളുടെ ഉമ്മമാർ ആരായിരിക്കും?
ഉം... ഇവിടെ കൊച്ചു കുഞ്ഞുങ്ങളായിരിക്കെ മരിച്ചു പോവുന്ന മക്കളാണത്രെ സ്വർഗ്ഗത്തിലെ കുഞ്ഞുങ്ങൾ. കുഞ്ഞുങ്ങളായിരിക്കെ മരിച്ചുപോയാൽ അവർ വളരെ പരിശുദ്ധരായിരിക്കും. അവർ സ്വർഗത്തിലേക്ക് വരുന്ന അവരുടെ ഉമ്മമാരെ കാത്തിരിക്കുകയാവും...
അവളുടെ വേദന നിറഞ്ഞ ചോദ്യം; സ്വർഗ്ഗത്തിലെത്തണമെങ്കിൽ ഖബറിലെ ജീവിതം കൂടി കഴിയണമല്ലോ? ചെറുചിരിയോടെ അയാൾ പറഞ്ഞു: നീ ക്ഷമയോടെ കാത്തിരിക്കൂ. ഏറ്റവും സുന്ദരമായ ക്ഷമയോടെ..
അവരുടെ പ്രാർത്ഥനകളിലൂടെ ദിനങ്ങൾ ഓടിമറഞ്ഞു. വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം അസർ നമസ്കരിക്കാൻ പള്ളിയിലേക്ക് പോയ അയാളുടെ ചേതനയറ്റ ശരീരമേ തിരിച്ചു വന്നുള്ളൂ. അയാളുടെ വിയർപ്പിൻറെ മണം അപ്പോഴും വിട്ടുപോകാത്ത വിരിപ്പിൽ കമഴ്ന്നു കിടന്ന് അവൾ തേങ്ങി. ആർത്തലച്ചു വരുന്ന കരച്ചിലിനെ പ്രയാസപ്പെട്ട് തടുത്തു. അയാൾ അവളെ പണ്ടേ പറഞ്ഞു പഠിപ്പിച്ചിരുന്നു. ക്ഷമ എന്നത് ആദ്യം കാണിക്കുന്നതാണെന്ന്.
പിന്നീടുള്ള രാത്രികളിൽ ഒരു കുഞ്ഞിന് വേണ്ടി അവൾ പ്രാർത്ഥിച്ചിട്ടുണ്ടാവുമോ? അറിയില്ല. ഒരു പുരുഷനും പ്രാപിക്കാതെ, നക്ഷത്രസമാനനായ ഈസയെ പ്രസവിച്ച കന്യാമറിയാമിനെ പോലെ, ഒരു ദിവ്യഗർഭം എനിക്കും നൽകൂ എന്നവൾ പ്രാർത്ഥിച്ചിട്ടുണ്ടാകുമോ? അറിയില്ല.
മദീന; പ്രവാചകൻറെ നഗരം. ഞാൻ ഗാഢ നിദ്രയിലായിരുന്നു. മൊബൈൽ ഫോണിൻറെ നിർത്താതെയുള്ള ശബ്ദമാണ് എന്നെ ഉണർത്തിയത്. പരിചയമുള്ള ഒരാൾ. നാട്ടിൽ നിന്നും ഉംറയ്‌ക്കു വന്നൊരു ഗ്രൂപ്പിലെ, ഒരു സ്ത്രീ മരണപ്പെട്ടിരുന്നു. കാര്യമായ അസുഖമൊന്നും ഇല്ലായിരുന്നത്രെ. ഒരു ചെറിയ നെഞ്ചു വേദന. അത്രമാത്രം. അവരുടെ മയ്യത്ത് ഇവിടെ ഖബറടക്കണം. അതിന് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കാനാണ് അവരെന്നെ വിളിച്ചത്.
പിറ്റേന്ന് വൈകുന്നേരമായപ്പോഴേക്കും മദീനയിലെ ജന്നത്തുൽ ബഖീഇൽ, അനേകലക്ഷം പ്രവാചകാനുയായികൾ മറപ്പെട്ടുകിടക്കുന്ന ആ വലിയ ശ്മശാനത്തിൽ, ഞങ്ങൾ അവൾക്കൊരു ഖബറൊരുക്കി. അപ്പോഴേക്കും എൻറെ നെഞ്ചിൽ അവളൊരു മാലാഖയായിരുന്നു. കൂടെ വന്ന കൂട്ടുകാരിയുടെ കണ്ണീരുപ്പു കലർന്ന വാക്കുകൾ എൻറെ കാതുകളിലല്ല, ഹൃദയത്തിലാണ് മുഴങ്ങിയത്.
പച്ചമണ്ണിലേക്ക് അവളെ ചേർത്തു വെക്കുന്ന നേരമാണ്, ശ്മശാനത്തിൻറെ അങ്ങേ തലയ്ക്കൽ നിന്നും ഞങ്ങളെ ആരോ ഉറക്കെ വിളിച്ചത്.
നോക്കുമ്പോൾ നാലഞ്ച് അറബികളായ പുരുഷന്മാരുടെ ഒരു സംഘം. അതിലൊരാളുടെ കയ്യിൽ മാറോടു ചേർത്തൊരു കുഞ്ഞു പൈതലിൻറെ മയ്യത്തുണ്ടായിരുന്നു. ആ മനുഷ്യൻറെ കണ്ണീർധാരയാൽ ആ ശവക്കച്ച നനഞ്ഞിരുന്നു. ഞങ്ങളുടെ മുൻപിൽ വന്ന ആ മനുഷ്യൻ വിതുമ്പിക്കൊണ്ട് ഞങ്ങളോട് പറഞ്ഞു.
ഇതെൻറെ മകളാണ്. ജനിച്ചപ്പോൾ തന്നെ ഇവൾ മരണപ്പെട്ടുപോയി. ഇവിടെ വന്നപ്പോഴാണ് ഒരു സ്ത്രീയെ ഖബറടക്കുന്ന വിവരം അറിഞ്ഞത്. നിങ്ങൾക്ക് വിരോധമില്ലെങ്കിൽ എൻറെ കുഞ്ഞിനെ ഇവരുടെ കൂടെ ഈ ഖബറിൽ കിടത്താമോ? അവൾ ഖബറിലൊരു ഉമ്മയുടെ കൂടെയാണ് കിടക്കുന്നതെന്ന് എനിക്കെൻറെ പൊന്നുമോളുടെ ഉമ്മയോട് പറയാമല്ലോ?
ആ കുഞ്ഞിനെ ഏറ്റുവാങ്ങുമ്പോൾ എൻറെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. എൻറെ നെഞ്ചിലേക്ക് ആ പിഞ്ചു പൈതലിനെ ചേർത്തു വെക്കുമ്പോൾ, ആ ശരീരത്തിന് അപ്പോഴും ചൂടുള്ളത് പോലെ തോന്നി. ഞാനയാളോട് ചോദിച്ചു.
നിങ്ങളീ കുഞ്ഞിന് പേരെന്തെങ്കിലും വിളിച്ചിട്ടുണ്ടോ?
ഉണ്ട്.. അയാൾ ആവേശത്തോടെ പറഞ്ഞു.. ഞാനവളെ മിന്നത്തുല്ലാഹ് എന്ന് വിളിക്കുന്നു.
ആഹാ.. എത്ര സുന്ദരമായ നാമം. അല്ലാഹുവിൽ നിന്നുള്ളത് എന്നത്രെ ആ പേരിൻറെ അർത്ഥം. ഞങ്ങൾ ആ കുഞ്ഞിനെ അവളുടെ നെഞ്ചോട് ചേർത്ത് വലം ഭാഗത്ത് വച്ചു.
ഖബർ മൂടി തിരികെ മടങ്ങുമ്പോൾ ഞാനൊന്ന് തിരിഞ്ഞു നോക്കി. ഒന്ന് കാതോർത്തു നോക്കി. ഒരു താരാട്ട് കേൾക്കുന്നുണ്ടോ?
ഹാ... കഷ്ടം.. എനിക്കത് കേൾക്കാനുള്ള കാതുകളില്ലാതായി പോയല്ലോ...
ശുഭം....

അത്ഭുതമായല്ലോ!
ReplyDeleteആശംസകൾ
പ്രസവിക്കാൻ പറ്റാത്ത ഒരു പെണ്ണിന്റെ നൊമ്പരങ്ങളിൽ
ReplyDeleteതുടങ്ങി മിന്നത്തുല്ലാഹ് എന്ന കൊച്ചുകുഞ്ഞിന്റെ മറ്റൊരു
ഉമ്മയോടോപ്പമുള്ള ഖബറടക്കം വരെയുള്ള വരികൾ കൊണ്ടുള്ള
വിസ്മയങ്ങൾ തീർത്തിരിക്കുകയാണ് അബൂതി ഭായ്