Friday, March 13, 2020

വനജ്യോത്സ്ന....


എവിടെയായിരുന്നിത്രനാളെന്നോർത്തു...
ഈ കാനനസഞ്ചാരിയുടെയേകാന്തപാതയിലേക്ക്,
ഇടയ്ക്കിടെ തെളിഞ്ഞും മറഞ്ഞും..
വനജ്യോത്സന പോലെ നീയെത്തിനോക്കിയപ്പോൾ!
ഒരു മാരിമേഘമായെത്തിയെൻ ജീവനിൽ
കുളിർ തൂവിക്കടന്നുപോയ കവിതേ..
എന്നോർമ്മ തൻ മുറ്റത്ത് നിൽക്കുമൊരു
തുളസിക്കതിരായി, ഇനി നിന്നെ പൂജിച്ചിടാം!
എൻ കിനാപൂക്കൾക്കന്യമായ് പോയൊരു
വസന്തമന്ദസ്മിതത്തിൻറെ ചാരുതയ്ക്കു മേൽ..
എങ്ങുനിന്നോ വീണൊരീ നിഴൽ തൂവലുകൾക്കു മേൽ...
മിഴിവാർത്തു നിൽക്കയായ് വിരഹമീ പ്രാണനിൽ.
ഇന്നെൻറെയക്ഷരങ്ങൾക്കെന്തിത്ര നാണം?
നിന്നാർദ്ര മിഴികളിൽ നോക്കി വിടപറഞ്ഞീടാൻ....
ഒരു സാഗരം തിരതല്ലുന്നുള്ളിൽ സ്നേഹാക്ഷരങ്ങളായ്..
എന്നിട്ടുമെന്തേയെൻ നനഞ്ഞ തൂലികയിടറുന്നു?
നിനക്ക് നേദിക്കാനിനിയെൻറെ കയ്യിലൊന്നുമില്ലെങ്കിലും;
വനഗായികെ... നിൻ മലർ വീണയിൽ...
ഒരു ദേവരാഗമായ്... വീണലിഞ്ഞീടുവാൻ
തപം ചെയ്തു വരം തേടി.. ഞാനലഞ്ഞു നിൻ വീഥിയിൽ!
സ്വപ്നമായിരുന്നിളം വെയിൽ ചാഞ്ഞൊരെൻ വീഥിയിൽ
നിന്നോട് ചേർന്നൊരിത്തിരി ദൂരം നടക്കുവാൻ!
പൊൻവെയിൽ നീരാളം ഞൊറിഞ്ഞുടുത്തെത്തുമ്പോൾ
നിൻ ശ്രീലവദനമെൻ കൈകുമ്പിളിൽ കോരുവാൻ! 
ഇനിയിരിക്കാം ഞാനീ മരത്തണലിലിത്തിരി നേരം...
മടക്കയാത്രയ്ക്ക് മുന്നേ.. നിന്നെ മാത്രമോർത്തിത്തിരി നേരം!
മറക്കുവാനരുതാത്ത മനസ്സിനെയുറക്കുവാൻ
ആവുമോ ഇനിയെനിക്കെൻറെ ജീവനിൽ??

അബൂതി 

1 comment:

  1. വനഗായികെ... നിൻ മലർ വീണയിൽ...
    ഒരു ദേവരാഗമായ്... വീണലിഞ്ഞീടുവാൻ
    തപം ചെയ്തു വരം തേടി.. ഞാനലഞ്ഞു നിൻ വീഥിയിൽ!
    സ്വപ്നമായിരുന്നിളം വെയിൽ ചാഞ്ഞൊരെൻ വീഥിയിൽ
    നിന്നോട് ചേർന്നൊരിത്തിരി ദൂരം നടക്കുവാൻ ...!

    ReplyDelete