Saturday, March 7, 2020

തേൻകുയിൽ



ഞാൻ തൊട്ട ഹൃദയമേ നിന്നിൽ
വീണലിഞ്ഞു പാടുമൊരു
പാഴ്മുളം തണ്ടായി മാറാൻ,
നിന്നുദ്യാന വാതിൽക്കൽ
സമ്മതം കാത്തു കൊതിയോടെ
ഞാൻ കാത്തിരിപ്പുണ്ടേറെയായി!

നീയെന്ന നാളം തെളിയുന്ന
ചിമ്മിനിക്കിപ്പുറമന്യനായ്
നിൽക്കുവാനിനി വയ്യ, യെൻ
പ്രണയത്തിനവസാന തുള്ളിയും
നിനക്കായി വറ്റുവാൻ, നീയെന്നിൽ
ആളുന്നയഗ്നിയായ് പടരുക!.

ഈ ഇരവിൻറെ കുളിരിൽ
ഇതളലർന്നൊരു  രാഗന്ധിയായി
നറുതേൻ ചുരത്തിയെന്നരികിൽ വരൂ.
സ്നിഗ്ദ്ധമീ നീർത്തടത്തിൻറെ കരയിലീ
കൊച്ചു വള്ളിക്കുടിലിൻറെയുള്ളിൽ
കല്പാന്തകാലത്തോളമെന്നോട് ചേർന്നിരിക്കൂ!

പാതിവിടർന്നൊരീ ചെമ്പകപ്പൂക്കളെ
പഞ്ചരിച്ചെത്തുന്നിളം കാറ്റിൻ കുളിരിൽ
അന്യോനം മെയ്ച്ചൂടു പങ്കിട്ടു നല്കിടാൻ   
ആത്മനിവൃതിയുടെ അവാച്യനിമിഷങ്ങൾ
ചെരുശീൽക്കാരങ്ങളിൽ ചലിച്ചു പങ്കിടാൻ
നീവരൂ ഇന്നെൻറെ തൂവള്ളിക്കുടിലിൽ! 

ഇന്നു നിന്നോർമ്മകൾ ശോകരാഗം മീട്ടും
നിൻമനോമലർമണ്ഡപത്തിലിനി ഞാനെൻറെ 
പ്രണയത്തിൻറെ ദേവകിന്നരം മീട്ടാം!
മതിമുഖീ ചാരുശീലേ നിൻ മലർഹാസം
ശ്രീപഞ്ചമിയായുദിക്കട്ടെയെൻ ജീവനിൽ
പഞ്ചമം പാടട്ടെ നിന്നിലെ തേൻകുയിൽ!

അബൂതി
07/03/2020

1 comment:

  1. ഹാ..ഹായ് 

    ഇന്നു നിന്നോർമ്മകൾ ശോകരാഗം മീട്ടും
    നിൻമനോമലർമണ്ഡപത്തിലിനി ഞാനെൻറെ 
    പ്രണയത്തിൻറെ ദേവകിന്നരം മീട്ടാം...ഈ ഇരവിൻറെ കുളിരിൽ
    ഇതളലർന്നൊരു  രാഗാന്ധിയായി
    നറുതേൻ ചുരത്തിയെന്നരികിൽ വരൂ.....

    ReplyDelete