Friday, April 3, 2020

നീയും ഞാനും


നീ...!
നീയുത്കൃഷ്ടയായൊരു
നക്ഷത്രജ്യോതിയാണ്!
നിൻറെ സഞ്ചാരം,
പ്രപഞ്ചത്തിൻറെ, എല്ലാ
അതിരുകളും തേടി.
നീ ഖഗോളത്തെ
തിളക്കമുള്ളതാക്കി.
നിദ്രയില്ലാത്തവർ,
നിന്നെ നോക്കി; സായൂജ്യമായി.
മണ്ണിൽ വസന്തചുംബനത്താലു-
ണർന്ന പൂക്കൾ,
നിന്നെ കൊതിച്ചു.
നിൻറെ കാന്തിയും ചാരുതയും
അവരിൽ അസൂയയുണ്ടാക്കി!
ഞാനോ...?
ഞാനൊരു മഞ്ഞുതുള്ളി മാത്രം.
പ്രപഞ്ചം എന്നിൽ
കണ്ണാടി നോക്കുന്നെന്ന്,
വൃഥാ ധരിച്ച ഹിമമണി മാത്രം.
ഒരു ചെറുകാറ്റിൻറെ,
ചുംബനം പോലും താങ്ങുവാൻ,
കെൽപ്പില്ലാതെ വീണുപോയത്.
പൂവിതളുകളിൽ ജനിക്കുമ്പോൾ,
ഞാൻ കൊതിച്ചതതിന്നുള്ളിലെ,
മധുബിന്ദുവാകുവാനായിരുന്നു.
എന്നാലെനിക്കായിയിതളുകൾ
കൂമ്പിയടയുന്നൊരു പൂവിനെ
ഞാൻ കണ്ടതേയില്ല!
പകരമെൻറെ ഭാരം
താങ്ങുവാനാവാതെയെത്രയോ,
പൂവിതളുകളീ മണ്ണിൽ
വെറുതെ വീണുപോയി!
നീ....!
നിലാവിനെ മാറോട് ചേർത്തു.
കുളിരിനെ പുൽകി നിന്നു.
പുഷ്പഗന്ധങ്ങൾ വാരിച്ചൂടി.
ഋതുകന്യകയുടെ മുഗ്ദമാറിടം
നിൻറെ മുൻപിൽ
പെയ്യാൻ തുളുമ്പി നിന്നു.
നീയൊന്ന് തൊട്ടപ്പോളീ മണ്ണിൽ,
നൂറു നൂറു പൂക്കൾ വിരിഞ്ഞു.
അങ്ങിനെ നീ ഭൂവാസികൾക്ക്
ജീവൻറെ അടയാളമായി!
പ്രണയത്തിൻറെ ചാലകമായി!
ഞാനോ...?
ഞാനൊരുണങ്ങിയ
ഉതിർദളത്തിൻറെ മാറിലേക്ക്,
ഇടറി വീണൊരു
നേർത്ത നനവ് മാത്രമായി.
ഉയിർ നല്കാനായില്ലെന്നാൽ,
അതിൻറെ ജീർണ്ണതയെ,
ഞാനെത്രയോ ത്വരിതമാക്കി.
വാടിയ പൂവിതളുകളെ,
അങ്ങിനെയാണ് ഞാൻ,
മണ്ണിൻറെ മറവിയിലേക്ക്,
വലിച്ചുകൊണ്ടു പോകുന്നത്!
അപ്പോഴൊക്കെ,യിന്നലെകളിൽ,
എന്നെയലങ്കാരമാക്കിയ,
പൂക്കൾ പറയുന്നുണ്ടായിരുന്നു.
ഞാനൊരെടുക്കാത്ത
നാണയം മാത്രമാണെന്ന്!
ഇന്നലെ അവരെന്നിൽ കണ്ട,
പുലരിയുടെ പുഞ്ചിരി, വെറും
പ്രതിബിംബം മാത്രമത്രെ!
എങ്കിലും.....!?
ഒരിക്കൽ നിൻറെ സ്വപ്നപാത,
എൻറെ ജീവരേഖ മുറിച്ച്
കടന്നു പോകും.
അന്ന് നിനക്ക് ദാഹമുണ്ടാകും.
വീണുപോയൊരെൻറെ
സ്വപ്നദളത്തിലപ്പോഴും,
ഒരു കുഞ്ഞു തുള്ളിയായി,
ഞാൻ ബാക്കിയുണ്ടാവും!
നിൻറെ നാവിൽ വീഴാൻ!
നിന്നിലേക്കലിഞ്ഞു ചേരാൻ!
അന്നു നമ്മളൊന്നായിമാറും.
അതിൽ പിന്നെയീ മണ്ണിൽ,
എന്നും വസന്തമായിരിക്കും!
അന്നീ ചാരുപുഷപങ്ങൾ,
നമ്മളോടു പറയുമായിരിക്കും.
നീയില്ലെങ്കിൽ ഞാനും,
ഞാനില്ലെങ്കിൽ നീയും,
ഒരിക്കലുമുണ്ടാകില്ലായിരുന്നെന്ന്!
നമ്മളില്ലായിരുന്നെങ്കിൽ,
ഇവിടെ വസന്തവും
ഉണ്ടാകുമായിരുന്നില്ലെന്ന്!
അന്നോളം....
ഞാനീ സ്വപ്നത്തിൻറെ
കരിയിലകൾ വീണ,
വഴിയിലൊരേകാന്ത മുത്തായി,
നിൻറെ പ്രകാശത്തെ
പ്രതിഫലിപ്പിക്കാം!
അബൂതി
03/04/2020

2 comments: