Monday, April 20, 2020

എൻറെ നിറങ്ങൾ


ആദ്യമെനിക്ക് വെളുപ്പ് നിറമായിരുന്നു.
അന്നെനിക്ക് അമ്മയുടെ മാറിടം
അന്നമൂട്ടിയിരുന്നു.
അന്ന് വിശക്കുമ്പോഴൊക്കെ ഞാൻ
ആർത്തു കരഞ്ഞിരുന്നു..

പിന്നെ നീലനിറമായി...
അന്നെനിക്ക് ബുദ്ധി കുറവും
ദാഹം കൂടുതലുമായിരുന്നു..
എന്നിട്ടും കുടിക്കാനൊരു തുള്ളി
വെള്ളം പോലും കിട്ടിയില്ല..

അതിൽ പിന്നെ ചുവപ്പായി.
എനിക്കൊരായുധം തരൂ
എന്നെൻറെ കൈകൾ നിലവിളിച്ചു.
ഒരു പുൽനാമ്പ് പോലും കിട്ടിയില്ല...
ഒഴിഞ്ഞ ആവനാഴി ഭാരമായപ്പോൾ
എനിക്കതുപേക്ഷിക്കേണ്ടി വന്നു.

പിന്നെ ചാരവർണ്ണമായി...
എൻറെ നിരാശയുടെ നിലവിളികൾ
എൻറെ സ്വന്തം കാതുകൾ പോലും
കേട്ടതായി നടിച്ചില്ല.
അങ്ങിനെ ചത്തു പോയ നിലവിളികൾ
പ്രേതങ്ങളായി, പിന്നെ പേക്കിനാവുകളായി,

ഇപ്പോൾ എനിക്ക് കടും കറുപ്പാണ് നിറം..
അത് കൊണ്ട് തന്നെ ഈ ഇരുട്ടിൽ
എന്നെ ആരും തിരിച്ചറിയുന്നില്ല.
അവിടിവിടെ ചില അഗ്നിശലഭങ്ങളുണ്ട്
അവയുടെ നേരിയ പ്രഭയും.

*ശുഭം*

4 comments:

  1. പരിണാമങ്ങൾ
    ആശംസകൾ

    ReplyDelete
  2. അതെ ഓരോ നിറങ്ങളും
    ഓരൊ അവസ്ഥാവിശേഷങ്ങളാണ് 

    ReplyDelete
  3. നിറങ്ങള്‍ പല നിറ കവിതളില്‍ വിളയാറണ്ട് ....നിറങ്ങളില്‍ നീറുന്ന കവിതകളുമുണ്ട്...ബഹു നിറ അഭിനന്ദനങ്ങള്‍ !

    ReplyDelete
  4. അഭൂതി ഏഴുതാറുണ്ട് എന്നറിയിലായിരുന്നു.കുറെ ആയി എല്ലാവരും ബ്ലോഗ്‌ എഴുത്തുകൾ നിർത്തിയതല്ലേ.പരിവർത്തനങ്ങളുടെ നിറങ്ങളിലൂടെ കവിത ഗംഭീരമായാടി ട്ടാ.സലാം

    ReplyDelete