Sunday, June 21, 2020

നിന്നോർമ്മകൾ!


ചന്ദ്രോദയത്തിൻറെ തൊട്ടുമുൻപ്,
സൂര്യാസ്തമയത്തിൻറെ തൊട്ടുപിന്നെ,
ചുവപ്പിലേക്കിരുട്ട് പടരുന്ന,
ശൂന്യമായ ചുവന്ന നിമിഷങ്ങളുടെ,
മൗനമാളത്തിൽ വച്ചാണ്,
നമ്മളാദ്യം കണ്ടതല്ലേ?
അതെ.. ഞാനോർക്കുന്നു!
ഞാനതോർക്കുന്നു!

ഇന്നാ ഓർമ്മകൾക്ക് ചിത്തഭ്രമമായിരിക്കുന്നു.
ഗർഭപാത്രത്തിലേക്ക് ബീജം തേടിയ 
സുരതസുഖ തല്പത്തിൽ തളർന്നുറങ്ങുന്ന, 
കുടഞ്ഞെറിഞ്ഞാലുമകന്നുപോകാത്ത,
നീയെന്ന കനലിൻറെ നീറുന്നയോർമ്മകക്ക്,
അലറിവിളിച്ചാർത്തട്ടഹസിക്കുന്ന ഭ്രാന്ത്!
ഒരുവട്ടം കൂടി പ്രാപിക്കാനാവാത്തവൻറെ
ഒരിക്കലും മാറാത്ത നോവിൻറെ ഭ്രാന്ത്!
ഈ ഇരുട്ടിൽ ഞാനൊറ്റയ്ക്കാണെന്ന്
എത്രമേൽ വിളിച്ചലറിയിട്ടും
കേൾക്കാനാരുമില്ലാത്ത നോവിൻറെ ഭ്രാന്ത്!

തൊലിയടർത്തുന്ന നോവൂറിടും,
പുനർജനിയുടെ അന്ധതയിലറിയാതെ,
ഓടിവന്നെന്നെ ദംശിച്ചു പോയൊരു
നാഗകന്യകയാണു നീയെന്നോർമ്മയിൽ!
തീ കൊണ്ടൊരു പുതപ്പും
മഞ്ഞു കൊണ്ടൊരെണ്ണവും തന്നു നീ
മഞ്ഞുരുകിത്തീർന്നിട്ടും
തീ മാത്രം ബാക്കിയാണോർമ്മയിൽ!
ഇനിയീ തീയിലുരുകാൻ
ഞാനുമെൻറെ ബാക്കിജീവിതവും
നിൻറെ ഓർമ്മകളിൽ 
കുളിച്ചൊരുങ്ങിക്കാത്തിരിക്കാം!

അബൂതി 

1 comment:

  1. ബാക്കിയുള്ള ജീവിതം മുഴുവൻ ഇനി നിന്റെ ഓർമകളാൽ  തുടിക്കട്ടെ ...

    ReplyDelete