Saturday, July 11, 2020

സ്വപ്നങ്ങളുടെ കൃഷിക്കാരൻ



 
ആർക്കുമാരെയുമറിയാത്ത
ആരുമാരെയുമോർക്കാത്ത
അനന്തമായ വീഥിയിൽ വച്ചാണ്
അയാളെ ഞാനാദ്യമായി കണ്ടത്!

അയാൾക്കൊരു പേരുണ്ടായിരുന്നു
അത് പിന്നെ അയാൾ തന്നെ മറന്നു   
അയാൾ വലിയ ഭാരങ്ങൾ ചുമന്നിരുന്നു
അത് നിറയെ സ്വപ്നങ്ങളായിരുന്നു!

അന്നാരോ എന്നോടടക്കം പറഞ്ഞു
അയാൾ സ്വപ്നങ്ങളുടെ കൃഷിക്കാരനത്രെ!
അത്ഭുതം കുറുകുന്നോരെൻറെ കണ്ണുകൾ
അയാളുടെ ശുഷ്കമേനിയിൽ കൂടുകൂട്ടി! 

ആദ്യമായ് അയാളൊരു വിത്തെടുത്തു
ആരും കാണാതെ അത് മണ്ണിലൊളിപ്പിച്ചു
ആയിരം കുടം കണ്ണീർ തേവിയിട്ടും
ആ വിത്തൊരിക്കലും മുളച്ചതേയില്ല!

അതിൽപിന്നെ അയാളൊരു ഭ്രാന്തനായി
അപ്പോൾ അയാളെ കാണാൻ ആള് കൂടി
അയാളയാളെ തന്നെ പുലഭ്യം പറഞ്ഞപ്പോൾ
ആർത്തു ചിരിച്ചുകൊണ്ടവർ ഘോഷം നടത്തി!

അന്നയാൾ തോറ്റെന്ന് കരുതിയവർ തോറ്റുപോയി
അയാൾ പിന്നെയും വിത്ത് നട്ടു 
അന്നയാൾ ഹൃദയം പിളർത്തിപ്പിഴിഞ്ഞ രക്തം
ആ മണ്ണിനെ നനച്ചുകൊണ്ടേയിരുന്നു!

അയാളുടെ കൂടെ ഞാനും കാത്തിരുന്നു
ആദ്യം കണ്ടതൊരു വെളുത്ത നാമ്പായിരുന്നു!
അന്നാദ്യമായി അയാളുടെ കണ്ണുകൾ തിളങ്ങി
അയാളുടെ പുഞ്ചിരിക്ക് മുൻപിൽ സൂര്യൻ മങ്ങി!

ആ ചെടി വളർന്നു വന്നപ്പോൾ വീണ്ടുമയാൾ 
അതിലേക്ക് ഹൃദയം പിഴിഞ്ഞുകൊണ്ടേയിരുന്നു
അയാൾ സ്വചർമ്മമുരിഞ്ഞെടുത്തതിനെ പുതച്ചു
അയാടെ പ്രാണവായുവിൽപോലും താരാട്ട് കേട്ടു!

ആയിരം പൂക്കളായിരം നക്ഷത്രങ്ങളെ പോലെ
അന്നയാൾ അഷ്ടദിക്കുകളും കേൾക്കേ ചിരിച്ചു
ആകാശഭൂമികളോടായാൽ വിളിച്ചു ചോദിച്ചു
ആയിരം പൂക്കളുള്ളൊരെൻ സ്വപ്നത്തെ കണ്ടുവോ?

ആരോ വന്നു! ഇരുട്ടിലൂടെ.. പതുങ്ങിപ്പതുങ്ങി
അയാൾ മയങ്ങവേയാ പൂക്കളെ സ്വന്തമാക്കി
അന്നയാൾ ആ മണ്ണിൽ തലതല്ലിക്കരഞ്ഞു
അങ്ങിനെയാണ് അയാളെൻ മുന്നിൽ മരിച്ചത്! 

അന്നുമുതൽ അയാളുടെ ഭാണ്ഡം എൻറെയായി
അന്നുമുതൽ ഞാനും സ്വപ്‌നങ്ങൾ നട്ടു നോക്കി
അതുണങ്ങാതിരിക്കാൻ എൻറെ കണ്ണീർ  തേവി 
അത് മതിയാവാതെ വന്നപ്പോൾ ജീവരക്തമൂറ്റി

ആയിരം വിത്തുകൾ നട്ടു; മുളച്ചില്ല!
ആയിരം വർഷങ്ങളലഞ്ഞു; ആരെയും കണ്ടില്ല!
ആകാശമൊരിക്കൽ വാതിൽ തുറക്കാതിരിക്കില്ല!
അന്ന് പെയ്യുന്ന മഴയിൽ ഞാൻ നനയാതിരിക്കില്ല! 

അന്നെൻറെ വിജനവീഥിയിലൊരു കാലൊച്ച കേൾക്കും
അയാളുടെ ഭാണ്ഡവും തേടി പുതിയൊരാളെത്തും
അയാളുടെ സ്വപ്നങ്ങളെങ്കിലും പൂത്തുവിടരട്ടെ
അയാളുടെ സ്വപ്നങ്ങളെങ്കിലുമാരും കട്ടെടുക്കാതിരിക്കട്ടെ!

അബൂതി  

2 comments:

  1. ആദ്യാക്ഷര പ്രാസത്താൽ വിരിഞ്ഞ വരികൾ ...

    ReplyDelete
  2. ആപത്തുകൾ ആവർത്തിക്കാതിരിക്കട്ടേ! ആശംസകൾ

    ReplyDelete