Saturday, August 15, 2020

നിന്നെയും തേടി




പുഷ്പമാസ കാലമായോമനേ  

ഇനിയെങ്കിലും വിടരുക  

നീയെൻറെ ജീവനിൽ. 

എത്രയോ കാലമായോമനേ  

ഈ കാനനപൂക്കളിലെല്ലാം 

നിന്മുഖം തേടുന്നു ഞാൻ.  

നേർത്തൊരീ കാറ്റിൻറെ 

പാട്ടു കേട്ടുണരുമീ 

പൂക്കളിലൊന്നായി നീ 

മെല്ലെ പുഞ്ചിരിച്ചുണരവേ 

നിൻ കണി ഞാനായിരിക്കാൻ 

നിന്നെയും തേടി 

തേടിയലയുന്നു ഞാൻ. 

ഇന്നീ തുഷാരഹാരം 

നിനക്കായി കോർത്ത 

പുലരിക്കിടാത്തി തൻ 

കുങ്കുമച്ചെപ്പ് തുറന്നൊരു 

സിന്ദൂര ചുംബനക്കുളിർ 

നിന്നെറ്റിയിൽ തൂകുവാൻ 

നിന്നെയും തേടി 

തേടിയലയുന്നു ഞാൻ. 

മോഹമാന്തളിരുണ്ട് 

കണ്ഠം തെളിഞ്ഞൊരെൻ 

മാനസപ്പൂങ്കുയിൽ പാടുന്ന 

പഞ്ചമം കേട്ടുണരുക

നീയിനിയെന്നുടെ 

കിനാകായലിന്നരികിലെ 

തൂവള്ളിക്കുടിലേക്കെത്തുക 

നിന്നെയും കാത്ത് 

കാത്തു ഞാനെത്ര നാളായിരിപ്പൂ. 

ഹേമപുഷ്പങ്ങൾ 

പൂവിട്ട പുലരിയിൽ 

മഞ്ഞിൽ തണുപ്പിച്ച 

പൂവിതളുകൾ കൊണ്ടൊരു 

മാറണിക്കച്ചയണിയിച്ചിടാം 

ചെന്താമരപ്പൂവിതളൊത്ത 

നിൻ ചുണ്ടിലൂറുമാ 

അനുരാഗ മാക്ഷികം 

മെല്ലെ മെല്ലെ നുകർന്നു

ഞാനെന്നെ മറക്കട്ടെ 

ഒരിത്തിരി നേരം.

പാതിരാപ്പൂക്കളെ 

പ്രേമിച്ചുണർത്തിയ 

രാകുളിർ കാറ്റിൻറെ 

കരലാളനങ്ങളിൽ 

എന്നെഞ്ചിലെ ചൂട് ഞാൻ  

നിനക്ക് നൽകാം 

കരളിലെ സ്വപ്നവും 

നിനക്ക് നൽകാം 

ഒരു പാഴ്ക്കിനാവായി 

ഞാനൊടുങ്ങാതിരിക്കാൻ 

ആരും കേൾക്കാത്ത 

പാട്ടായി മറയാതിരിക്കാൻ 

വേനലും വർഷവും 

ശിശിരവും വസന്തവും 

എത്തിനോക്കാത്തൊരു 

മരുഭൂമിയാകാതിരിക്കാൻ 

എന്നിലെ ഞാനായി 

നിന്നെയെന്നിലേക്കു ചേർക്കാൻ

നിന്നെയും തേടി 

തേടിയലയുന്നു ഞാൻ. 

 

അബൂതി 

1 comment:

  1. എന്നിലെ ഞാനായി

    നിന്നെയെന്നിലേക്കു ചേർക്കാൻ

    നിന്നെയും തേടി തേടിയലയുന്നു ഞാൻ.

    ReplyDelete