Thursday, September 10, 2020

ലൗമാഷും കുട്ട്യോളും

ഫെയ്‌സ്ബുക്കും വാട്ട്സാപ്പുമില്ലാത്ത തൊണ്ണൂറുകളുടെ പകുതി, വെങ്ങാലൂരിലെ സകലമാന തരുണീമണികളെയും പഞ്ചാരയടിക്കാനുള്ള അവകാശം, ഞങ്ങൾ ഞങ്ങൾക്ക് തന്നെ തീറെഴുതിയിരുന്ന ഒരു സുവർണ്ണകാലമായിരുന്നു.


ഞങ്ങൾ നാട്ടിൽ മദിച്ചു കൂത്താടി നടന്നിരുന്ന ആ കാലത്താണ്, ചാളക്കണ്ടി ശറഫുദ്ധീൻറെ മൂത്താപ്പ കുഞ്ഞാല്യാക്ക തിരികെ നാട്ടിലേക്ക് വന്നത്. പുള്ളി പണ്ടെങ്ങാണ്ട് കപ്പക്കിഴങ്ങ് വാങ്ങിക്കാൻ ഉമ്മ കൊടുത്ത കാലണയും കൊണ്ടൊരു പോക്ക് പോയതാണ്. അതങ്ങ് മൈസൂര് വരെ ചെന്നു. അവിടെ പെണ്ണൊക്കെ കെട്ടി സുഖമായി ജീവിക്കുന്നതിനിടയിലാണ്, സ്വന്തം നാട്ടിലേക്ക് വരാനും, സ്വന്തബന്ധങ്ങളുടെ വേരും കുറുന്തോട്ടിയുമൊക്കെ മാന്താനും തോന്നിയത്. മൂപ്പർ വന്നു. കെട്ടിപ്പിടുത്തമായി, കരച്ചിലായി, മൂക്ക് പിഴിയലായി. അങ്ങിനെ അറ്റ് പോയ കണ്ണികൾ  പൂർവ്വാധികം ശക്തിയോടെ, വീണ്ടും വിളങ്ങിച്ചേർന്നു. 


മൂപ്പർ തിരികെ മൈസൂരിലേക്ക് പോയപ്പോൾ, ഇവിടിത്തെ കോളേജിൽ ചേർന്ന് പഠിക്കാനായി മകനെ ഇവിടെ നിർത്തി.  മൈസൂരൊന്നും ഒരു കോളേജില്ലാത്ത പോലെ. സംഗതിവശാൽ ആ മുതലിനെക്കൊണ്ട്, ഏറ്റവും കൂടുതൽ തൊന്തരവുണ്ടായത് ഞങ്ങൾക്കാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അവനൊരു പൊന്നുങ്കുരിശ് തന്നെയായിരുന്നു.


കള്ളിമുണ്ടുടുത്ത്,  അതും മടക്കിക്കുത്തി, കള്ളിക്കുപ്പായമിട്ട്, സൽ‍മ ബീഡിയോ ദിനേശ് ബീഡിയോ വലിച്ച് നടന്നിരുന്ന ഞങ്ങളെ മാത്രം കണ്ടു ശീലിച്ച ലെങ്ങാലൂരിലെ കൗമാരക്കാരികൾക്കിടയിലേക്കാണ്,   ചുണ്ടിൽ വിൽസ് സിഗരറ്റും, ഇസ്തിരിയിട്ട പാന്റും, പളപളാ തിളങ്ങുന്ന ചെത്ത് കുപ്പായവുമൊക്കെയിട്ട അവൻ വെള്ളിടി പോലെ വെട്ടിയിറങ്ങിയത്. നശൂലത്തിനാണെങ്കിൽ ഒടുക്കത്തെ സൗന്ദര്യവും. 


അക്കണ്ടകാലം വരെ ഞങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ സുന്ദരന്മാരെന്നും, സ്മാർട്ടന്മാരെന്നും കരുതിയിരുന്ന വെങ്ങാലൂരിലെ പെണ്മണികൾ, ഈ ചങ്ങായിയെ കണ്ടപ്പോൾ, അന്തം വിട്ട് കുന്തം മറിഞ്ഞുപോയി. അവൻറെയാ എയര്‍ സ്റ്റൈലും, ഇണ്ണിക്കാമ്പിൻറെ നിറവും, ബളബളാന്ന്‌ തമാശ പറയുന്ന സ്വഭാവവും, പോരാത്തതിന് പൂച്ചക്കണ്ണും കൂടിയായപ്പോള്‍, ഞങ്ങള്‍ ഇന്നലെ വരെ കണ്ടിരുന്ന നാരീജനങ്ങളൊന്നുമല്ല ഇന്നീ കാണുന്നതെന്ന്‌, ഒരു ഞെട്ടലോടെ ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഞങ്ങളുടെ ചുണ്ടിലെരിയുന്ന ബീഡിക്കുറ്റിക്ക്‌ എങ്ങിനെ നോക്കിയാലും, അവൻറെ ചുണ്ടിലെരിയുന്ന വില്‍സിൻറെ പവറില്ലായിരുന്നു.


ബീഡി വലിക്കുന്നവരെയല്ല, എനിക്കിഷ്ടം സിഗററ്റു വലിക്കുന്നവരെയാണെന്ന്‌ കാമ്പ്രത്തെ സല്‍മാബി എന്നോട് പറയുക കൂടി ചെയ്തപ്പോൾ,  എല്ലാം പൂർണമായി. നാട്ടിലുള്ള പെമ്പിള്ളാരൊക്കെ അവൻറെ കമ്പനി. ബാക്കിയുള്ളവരെയൊന്നും ഇപ്പോളൊരുത്തിക്കും ഒരു മൈൻഡുമില്ല. വല്ലപ്പോഴും നോക്കിചിരിച്ചിരുന്നവരൊക്കെ ഇപ്പോൾ പൊരുത്തു കോഴിയെ പോലെ മുഖം വക്രിച്ച് നടക്കുന്നു. ഇതിങ്ങനെ വിട്ടാൽ ശരിയാവില്ലെന്നും, ഇവനെ ഇനിയും വളരാൻ വിട്ടുകൂടെന്നും, ഞങ്ങൾക്ക് വെളിപാടുണ്ടായി. 


ഇതിനകം അവന് നാട്ടിലൊരു പേര് വീണിരുന്നു. ലൗമാഷെന്ന്. പെൺകിടാങ്ങളൊക്കെ ലൗമാഷെക്കുറിച്ച് ഉൾപുളകത്തോടെയും, ഞങ്ങളൊക്കെ മൂത്തുമുഴുത്ത അസൂയയോടെയും സംസാരിച്ചുകൊണ്ടിരുന്നു. അവനൊരു പണി കൊടുക്കാൻ ഞങ്ങൾ തല പുകഞ്ഞാലോചിക്കാതിരുന്നില്ല. പക്ഷെ ഒരു ഉപകാരവും കിട്ടിയില്ലെന്നു മാത്രം. 


ഇരുട്ടടിയടിച്ച് ഈ നാട്ടിൽ നിന്ന് തന്നെ ഓടിച്ചാലോ എന്നാണ് ആദ്യം ആലോചിച്ചത്. ചാളക്കണ്ടിയിലെ ആണുങ്ങളൊക്കെ മുഴുത്ത മസിലുള്ള തനി നാടൻ കാക്കാമാരാണ്. അടിച്ചത് ഞങ്ങളാണ് എന്നെങ്ങാനും അവരറിഞ്ഞാൽ, ഞങ്ങളുടെ കുലാവി എപ്പക്കാച്ചിയെന്ന് ചോദിച്ചാൽ മതി. ആ ബോധമുള്ളതുകൊണ്ട്, ആ ആലോചന ഒന്നാം മണിക്കൂറിൽ തന്നെ അലസിപ്പോയി. 


പിന്നെ കിട്ടിയ ഉപാധി നാട്ടിലെ പെൺകുട്ടികൾക്കിടയിൽ അവനെ കുറിച്ച് അപവാദം പറഞ്ഞു പരത്തുക എന്നതായിരുന്നു. ആണ്ട ബാധ കൊണ്ടേ പോകൂന്നല്ലേ. ഞങ്ങൾ പറഞ്ഞതൊന്നും സ്വീകരിക്കാൻ ഞങ്ങളുടെ സ്വന്തം വീട്ടിലെ പെണ്ണാടുകൾ പോലും തയ്യാറായില്ല. പിന്നെയെല്ലേ നാട്ടിലെ പെൺകുട്ടികൾ. അങ്ങിനെ ഈ ചെങ്ങായി, ഞങ്ങൾക്കൊരു ചോദ്യചിഹ്നമായി അങ്ങിനെ നിന്നു.


ഇനി മൈമൂനയെ കുറിച്ച് കുറച്ചു പറയാം. അവളുടെ കാര്യം പറഞ്ഞാൽ, കറിയൊക്കെ നന്നായിട്ടുണ്ട്, വിളമ്പിയത് കോളാമ്പിയിലായിപ്പോയി എന്ന് പറഞ്ഞപോലെയാണ്. പെണ്ണ് അതിസുന്ദരിയാണ്. പക്ഷെ അവൾക്കൊരു അങ്ങളയുണ്ട്. ശിഹാബ്. വെളിവും വെള്ളിയാഴ്ചയും ഇല്ല എന്ന് പോട്ടെ. രാവെന്നോ പകലെന്നോ നോക്കാതെ തല്ലുംപിടിയുമായി നടക്കുന്ന ഒരുത്തനാണ്. ഇഷ്ടന് തല്ലാനും പേടിയില്ല, തല്ല് കൊള്ളാനും പേടിയില്ല. അവനെ അറിയാവുന്ന ഒരുത്തനും മൈമൂനയെ പഞ്ചാരയടിക്കാൻ പോയിട്ട്, ഒന്ന് നോക്കാറ് പോലുമില്ല. 


ശിഹാബിനെ പറ്റി വല്ല്യ പിടിപാടൊന്നുമില്ലാത്ത ലൗമാഷ് മൈമൂനയെ കണ്ടു. അവൻ ചിരിച്ചു. അവളും ചിരിച്ചും. ഒന്നും രണ്ടും സംസാരമായി. സംഗതി ജോറായി. അത് കണ്ടപ്പോൾ ഞങ്ങളുടെ കുരുട്ടു ബുദ്ധി പ്രവർത്തിച്ചു.


ഒരു വെയ്ക്കുന്നേരം, ഇബ്രാഹീം കാക്കാൻറെ ചായപ്പീടികയിൽ, ചായ കുടിച്ചുകൊണ്ടിരിക്കുന്ന അവനോട്, ഏഷണി കൂട്ടാൻ ഞങ്ങൾ ചെന്നു. തൻറെ പെങ്ങളെ എങ്ങാനും കിടന്ന ഒരു അലവലാതി, പഞ്ചാരയടിച്ചു ശല്ല്യം ചെയ്യുന്നു എന്നറിയുമ്പോള്‍, ഈ ലോകത്തിലെ ഏതൊരു വിവരമില്ലാത്ത ആങ്ങളയും ചെയ്യുന്ന പോലെ, ആരെടാ, ഞാനെടാ എന്ന മട്ടില്‍ ശിഹാബ്‌ ചാടിയിറങ്ങുമെന്നും, അങ്ങിനെ ചാടിയിറങ്ങുന്ന ആള്‍ ശിഹാബായതിനാല്‍ ലൗമാഷിൻറെ കാര്യം, അനിസ്‌പ്രേയുടെ പരസ്യം പോലെയാകുമെന്നും, ഞങ്ങൾ വൃഥാ വ്യാമോഹിച്ചു. 


എന്നാല്‍, ശിഹാബവനെ മൈസൂർ പാക്കു പോലെ ആക്കുമെന്നു കരുതിയ ഞങ്ങളുടെ മോഹത്തിൻറെ ചില്ലു മേടയിലേക്ക്‌ വലിയ വലിയ ഉറുളന്‍ കല്ലുകള്‍ വലിച്ചെറിഞ്ഞ ശിഹാബ്‌, ഞങ്ങളോടൊരു ചോദിച്ചതൊരു ഒന്നൊന്നര ചോദ്യമായിരുന്നു!


"അതിനെന്തിനാടാ മൈ-കളേ... അനക്കൊക്കെ തൂറാമ്മുട്ടുന്നത്‌? ഓളെ കെട്ടിക്കാന്‍ അൻറെയൊന്നും ബാപ്പാൻറെ കബറീന്നു മാന്തിക്കൊണ്ടോന്നു തരൂല്ലല്ലൊ.. ഓനോളെ പറ്റീട്ടുണ്ടെങ്കില് കെട്ടിക്കോട്ടെടാ... "


താനെന്തൊരു ഒലക്കമലെ ആങ്ങളയാടാ കെഴങ്ങാ? തന്നെ പോലൊരു പരമ ടാഷിനെ പേടിച്ചാണോ ഇക്കണ്ട കാലം ഞങ്ങളാ പെണ്ണിനെ കാണുമ്പൊ വഴി മാറി നടന്നത്‌? ഞങ്ങളെ അങ്ങു തല്ലിക്കൊല്ലെടാ... എന്നിങ്ങനെ മനസ്സില്‍ പറഞ്ഞു കൊണ്ട്‌ ഞങ്ങള്‍ പരസ്പരം കണ്ണില്‍ നോക്കി.

 

എന്തായാലും ഞങ്ങള്‍ കൊണ്ടു വന്ന പരിപ്പ്‌, ശിഹാബെന്ന ഓട്ടക്കലത്തില്‍ വേവൂല്ലാന്ന്‌ തിരിച്ചറിഞ്ഞപ്പോൾ, പുതിയൊരു പദ്ധതിക്കായി തല പുകക്കാന്‍ തുടങ്ങി. അവസാനം കൂട്ടത്തിലേറ്റവും കുരുത്തംകെട്ട മൊല്ലക്കുട്ടി ഒരു സൂത്രം പറഞ്ഞു തന്നു.  അവൻറെ ബുദ്ധിവൈഭവത്തിൻറെയും ശുഷ്കാന്തിയുടെയും മുൻപിൽ ഞാൻ മനസ്സാ നമിച്ചു. അവനെ കെട്ടിപ്പിടിച്ച് മുഖത്തൊരു ഉമ്മ കൊടുക്കാൻ തോന്നിയെങ്കിലും, അവൻറെ മുഖത്തെ സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പോലുള്ള മുഖക്കുരുകൾ കണ്ടപ്പോൾ, വേണ്ടെന്നു വച്ചു.  


ലൗമാഷുമായി ഞങ്ങൾ കൂട്ടുകൂടി. ഒന്നും രണ്ടും പറഞ്ഞ് അവനെ ഞങ്ങളുടെ വല്ല്യ ദോസ്താക്കി. ആ പാവം കഥയൊന്നുമറിയാതെ ഞങ്ങളുടെ കൂടെ സിനിമയ്ക്ക് വരാൻ തുടങ്ങി. ആനക്കയം പുഴയിൽ ചാടിക്കുളിക്കാൻ വരാൻ തുടങ്ങി. ഞങ്ങൾക്കും ഇത്രയൊക്കെ മതിയായിരുന്നു. 


അങ്ങിനെ ആ ഞായറാഴ്ചയെത്തി. അന്നായിരുന്നു ഞങ്ങള്‍ ഞങ്ങളുടെ ശത്രുവായ കൂട്ടുകാരനെ കുരിശില്‍ തറക്കാന്‍ തീരുമാനിച്ചിരുന്നത്‌. അന്ന്‌ ആനക്കയം പുഴയിലേക്ക് കുളിക്കാൻ പോകാം എന്ന് പറഞ്ഞാണ് ഞങ്ങൾ തുടങ്ങിയത്. പാവം, അതും വിശ്വസിച്ച്‌ ഷര്‍ട്ടിൻറെ കീഴെ തോര്‍ത്തും വട്ടം ചുറ്റി വന്നു. അപ്പോഴുണ്ട് ഞങ്ങൾ രണ്ടു ചേരിയായി കച്ചറയോടു കച്ചറ.  


പുഴയിലേക്കില്ലെന്നൊരു കൂട്ടർ. തല്‍ക്കാലം മാങ്ങാട്ടെ കുളത്തില്‍ പോയി ഒന്നു മുങ്ങിക്കുളിച്ച്, നര്‍ത്തകിയില്‍ ഓടുന്ന സ്പീഷസ്‌ എന്ന ഇംഗ്ലീഷ് പടത്തിന്, മാറ്റിനിക്കു പോകാമെന്ന്. സ്പീഷസിൻറെ  പോസ്റ്ററില്‍ വട്ടത്തിനകത്ത്‌ "എ" എന്നതു കണ്ടതിനാലാവണം ഇഷ്ടന്‍ ചാടിക്കേറി അവരുടെ ഒപ്പം കൂടി. ആനക്കയം പുഴ അവിടെ എന്നുമുണ്ടാകും.  സ്പീഷസ്‌ ഇന്നോ നാളെയോ പോകും. അതാണ് ന്യായം. പാവത്തിനറിയില്ലല്ലൊ! ഇതെല്ലാം ഒരു നാടകത്തിൻറെ തിരക്കഥയനുസരിച്ചാണ്‌ നടക്കുന്നത്‌ എന്ന്‌. അങ്ങിനെ എല്ലാവരും മാങ്ങാട്ടെ കുളത്തിലേക്ക്‌. 


എത്തിയ പാടെ ഞങ്ങളെല്ലാവരും ഒറ്റത്തോര്‍ത്തുമുടുത്ത്‌ കുളത്തിലേക്ക്‌ ചാടി. ഒരു അരമിനിറ്റു നേരത്തിന്നുള്ളില്‍ ചുണ്ടന്‍ മുജീബ്‌ മെല്ലെ കരക്കു കയറി, ലൗമാഷിൻ്റെ വസ്ത്രങ്ങൾ മുഴുവൻ അടിച്ചു മാറ്റി, കുറച്ചപുറത്തുള്ള തോട്ടിലെ കൈതക്കാട്ടിലൊളിച്ചു. അൽപസമയം കൂടി കഴിഞ്ഞപ്പോൾ അവൻറെ  ചൂളം വിളി ഞങ്ങളൊക്കെ കേട്ടു. 


വെള്ളത്തിലും കരയിലും ഒരേ പോലെ ജീവിക്കാന്‍ കഴിയുന്നവനാണ് തവള മൈമത്‌. ഒരുപാട്‌ നേരം വെള്ളത്തില്‍ മുങ്ങിക്കിടക്കാന്‍ കഴിയുന്നത്‌ കൊണ്ടാണ്‌ അവന്‌ തവള എന്ന പേരു വന്നതെന്ന്‌ ഞാനടക്കമുള്ള ഭൂരിപക്ഷം നാട്ടുകാരും വിശ്വസിക്കുന്നു. അതല്ല, അവനും ഞാനും കൂടി പണ്ടൊരു തവളയെ കീറിപ്പൊളിച്ച്‌ ഇറച്ചിക്കച്ചവടം ചൈതതിനാല്‍, നാട്ടുകാർ അവന്‌ തവള മൈമതെന്നും, എനിക്ക്‌ തവള ബാവയെന്നും പേരിട്ടതെന്ന്‌ ചില ദുഷ്ട ജനങ്ങളും പറഞ്ഞു നടക്കുന്നു. അവനെയാരെങ്കിലും  തവളേന്ന് വിളിച്ചാൽ, അവരുടെയൊക്കെ തന്തക്കും തള്ളക്കും അവന്‍ പിശുക്കൊന്നും കൂടാതെ വിളിക്കുന്നത് കൊണ്ട്, അവൻറെ പേര് നിലനിന്നെന്നും, എന്നെയാരെങ്കിലും തവളേന്നു വിളിക്കുമ്പോള്‍, ഒട്ടകത്തെ കണ്ട പൊട്ടനറബിയെ പോലെ ഞാന്‍ ചിരിച്ചു കാണിക്കുന്നോണ്ട്, കാലാന്തരത്തില്‍ എൻറെ വട്ടപ്പേര് മാഞ്ഞുപോയെന്നുമാണ് അവറ്റകൾ ചിലച്ചു നടക്കുന്നത്. 


ചുണ്ടൻ മുജീബിൻറെ സിഗ്നൽ കിട്ടേണ്ട താമസം. തവള മുങ്ങിച്ചെന്ന്‌ ലൗമാഷിൻ്റെ ചെകുത്താന്‍ പോലുമറിയാതെ, അവനുടുത്ത ഒറ്റത്തോര്‍ത്തും പറിച്ചോണ്ട്‌ പോന്നിരുന്നു. ഞങ്ങളൊക്കെ എടിപിടീന്ന്‌ കരക്കു കയറി. "വേഗം വാ... സിനിമക്ക്‌ നേരായി" എന്ന ന്യായം പറഞ്ഞ്,  അവിടന്ന്‌ സ്ക്കൂട്ടായി.


സംഗതി കരക്കു കയറാന്‍ നേരമാണ്‌ താനിപ്പോള്‍ പിറന്ന പടിയാണെന്ന്‌ അവനു മനസ്സിലായത്‌. എൻറെ തോർത്തെവിടെ,  തോർത്ത് താടാ, എന്നൊക്കെ അവൻ ചോദിക്കുകയും പറയുകയും ചെയ്‌തെങ്കിലും, ഞങ്ങളാരും അത് കേട്ടതേയില്ല. അങ്ങിനെ അവസാനത്തെ ആളായി അവൻ കരയിലേക്ക് കയറാൻ നേരമാണ്, താനഴിച്ചു വച്ച വസ്‌ത്രങ്ങളും കാണാനില്ല, എന്നവന് മനസ്സിലായത്.  


സംഗതി ഞങ്ങളവന് പണി കൊടുത്തതാണെന്നവന് മനസ്സിലായിക്കാണും. പക്ഷെ, കുറച്ചപ്പുറത്തെ കൈതക്കാടുകളില്‍ ഞങ്ങളൊളിച്ചിരിക്കുന്ന വിവരമൊന്നും അവനറിയാൻ വഴിയില്ല. ഉണ്ടായിരുന്നെങ്കിൽ രണ്ടു കൈകൊണ്ടും കവക്കട പൊത്തിപ്പിടിച്ച്, അവനവിടെ അന്തം വിട്ട് നിൽക്കില്ലായിരുന്നില്ലല്ലോ?   


എന്താണ്‌ ചെയ്യേണ്ടതെന്നാലോചിച്ച്‌ നില്‍ക്കുമ്പോഴാണ്‌ അവനത് കണ്ടത്. പ്രാണപ്രിയേശ്വരി മൈമൂനയും, ഓളുടെ അരവട്ടുള്ള തള്ളയും കൂടി ഒന്നും രണ്ടും പറഞ്ഞ്, വലിയൊരു കെട്ട്‌ തുണിയുമായി  കുളത്തിലേക്ക് വരുന്നു. 


താനിപ്പോൾ ജന്മനക്ഷത്രത്തിലാണല്ലോ നിൽക്കുന്നത് എന്ന ബോധോദയമുണ്ടായപ്പോൾ, പരിഭ്രാന്തിയോടെ ചുറ്റിലും നോക്കിയ അവന്‍, കുളത്തിൻറെ അരികിൽ ഒളിക്കാനൊരു സ്ഥലവും കണ്ടില്ല.  കുളത്തിൻറെ അങ്ങേ സൈഡില്‍ ഒരു ചെറിയ പാറോത്ത് മരം, കുളത്തിലേക്ക് ചാഞ്ഞിരിക്കുന്നുണ്ട്. അതിൻറെ പല ചില്ലകളും വെള്ളത്തിലാണ്. അവൻ മുങ്ങാം കുഴിയിട്ട്‌ അങ്ങോട്ടു നീന്തി. അവിടെയൊരു തവളയെ പോലെ ഒളിച്ചിരുന്നു.


കൈതക്കാടില്‍ പ്രാണികളുടെ കടിയേറ്റ് ഞങ്ങളുടെ ക്ഷമയറ്റു.  ഇടക്കിടക്ക്‌ കൈതമുള്ളും ‌ കുത്തുന്നുണ്ട്. സംഗതി മൈമൂനയും ഉമ്മയും കുളത്തിലെത്തിയ കാര്യം ഞങ്ങളറിഞ്ഞു. പ്ഠേ... പ്ഠേ... എന്ന്,‌ മൈമൂനയും ഉമ്മയും കൂടി നനച്ച തുണി അലക്കുകളിൽ മാറി മാറി അടിക്കുന്ന ശബ്ദം കേട്ടതേ, ഞങ്ങളുടെ മനസ്സു ചത്തു. സംഗതി എന്താണ് സംഭവിച്ചത് എന്നൊരു പിടിയും കിട്ടിയില്ല. ഇവനെന്താ വായുവിലേക്ക് പോയോ? അതല്ല, ഇനിയിവന് തിരസ്കരണീ മന്ത്രം വല്ലതും അറിയുമോ? ഞങ്ങളിങ്ങനെ വണ്ടറടിച്ച് പണ്ടാറടങ്ങിയിരിക്കുമ്പോൾ, ചെരട്ട മജീദിൻറെ ഒലക്കമ്മലെ ഒരു ചോദ്യം. 


"അല്ലേടാ... ഈ കൈതക്കാട്ടില് പാമ്പുണ്ടാവ്യോ?"


അതോടെ എല്ലാം പൂർണമായി. ഞങ്ങളെല്ലാവരും അവനെ നോക്കിദഹിപ്പിച്ചു. മുടിയാൻ കാലത്ത് മുച്ചീർപ്പൻ കുലക്കുമെന്ന് പറഞ്ഞപോലെ, അവനാണെങ്കിൽ ഒടുക്കത്തെ കരിനാക്കാണ്. ആ കൈതക്കാട്ടിൽ പാമ്പുകടിച്ച് ചത്തുമലർന്ന് കിടക്കുന്നത്, ഞങ്ങളൊക്കെ മനസ്സിൽ കണ്ടു.      


ഈ സമയം സ്വന്തം തലവരയെ പ്രാകിക്കൊണ്ട്‌ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍, വെള്ളത്തില്‍ കിടന്ന്‌ തണുത്തു വിറച്ച്‌ കൂട്ടിയിടിക്കുന്ന പല്ലുകളില്‍ നിന്നും ശബ്ദമുണ്ടാവാതിരിക്കാന്‍ പെടാപ്പാടു പെടുകയായിരുന്നു ലൗമാഷ്. ജനിച്ചതില്‍ പിന്നെയിന്നോളം, ഒരഞ്ചു വയസ്സുകാരിയുടെ കുളിസ്സീന്‍ പോലും കാണാത്ത തനിക്കു തന്നെ ഈ ദുര്‍വിധി വന്നല്ലൊ പടച്ചോനെ. ഇവരൊന്ന് അലക്കു കഴിഞ്ഞു പോയാൽ പിന്നെ, വല്ല വാഴയില കൊണ്ടോ, ചേമ്പില കൊണ്ടോ നാണം മറച്ച് വീട്ടിലേക്ക് പോകാമായിരുന്നു.  


ഇതൊന്നുമറിയാതെ തങ്ങളുടെ അലക്കെല്ലാം കഴിഞ്ഞ്‌ കുളിക്കാനുള്ള പുറപ്പാടിലാണ്‌ മൈമൂനയും ഉമ്മയും. ഇലച്ചാര്‍ത്തിൻറെ ഭാഗത്തേക്ക്‌ തിരിഞ്ഞു നിന്ന്‌, ഒരു തുണി തറ്റുടുത്ത്‌ പാവാടയഴിക്കാനായി ശ്രമിക്കുമ്പോഴാണ്‌ മൈമൂനയുടെ ഉമ്മ, അത് കണ്ടത്‌. പാറോത്ത് മലമ്പനി പിടിച്ച പോലെ തുള്ളുന്നു. ഒന്നു കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ കണ്ടു, ഇലകള്‍ക്കിടയിലൂടെ രണ്ടു കണ്ണുകള്‍ തങ്ങളേയും നോക്കിക്കൊണ്ടിരിക്കുന്നു.


"ഇജേത്‌ നായിൻറെ മോനാടാ... അത്ര രസോണ്ടെങ്കി അന്റുമ്മാന്റത്‌ പോയിക്കാണെടാ..." 


അവര്‍ കുളക്കരയിലെ വലിയ വലിയ കല്ലുകള്‍ പെറുക്കി ചാത്തനേറു പോലെ ചറപറാന്ന്‌ ഇലക്കൂട്ടത്തിലേക്കെറിഞ്ഞു. സംഗതി തൻറെ മധുര മനോഹര മൃദുല വികാരങ്ങളെ ആദ്യമായി ഇക്കിളിപ്പെടുത്തിയ വീരപുരുഷനാണതെന്ന്‌ തിരിച്ചറിയാത്തതിനാല്‍, ഉമ്മയുടെ കൂടെ മൈമൂനയുമെറിഞ്ഞു, നാലഞ്ച്  ഉരുളൻകല്ലുകൾ! പെണ്ണുങ്ങൾക്ക് രണ്ടാൾക്കും നല്ല ഉന്നമില്ലാത്തതിനാൽ, അവനവിടെ കിടന്നു ചത്തില്ല.


നല്ല കാണ്ഠശുദ്ധിയുള്ള, മൈമൂനയുടെ ഉമ്മാൻറെ തെറിപ്പാട്ടു കേട്ടപ്പോള്‍ മാത്രമാണ്‌ വിലങ്ങനെ പോയിരുന്ന ഞങ്ങളുടെ ശ്വാസമൊന്ന്‌ നേരെയായത്‌. ലൗമാഷ്‌ കുളത്തില്‍ കിടന്ന്‌ നഷത്രമെണ്ണി മടുക്കുകയായിരുന്നു. അവനവിടെ കിടന്നു ഉറക്കെ വിളിച്ചു പറഞ്ഞു.


"പൊന്നാരത്താത്താ... എറിയല്ലേ... ൻറെ മുണ്ട്‌ പോയതോണ്ടിവിടെ നിന്നതാണേ..."


ആര് കേൾക്കാൻ. തള്ളയും മോളും കൂടി ഒച്ച വച്ച്,  കാക്കമാരൊക്കെ ഇളകി വന്നാൽ, എല്ലാരും കൂടി തൻറെ ഇറച്ചിയും എല്ലും വേറെ വേറെ കൊട്ടയിലാക്കുമെന്ന് മനസ്സിലാക്കിയപ്പോൾ, ലൗമാഷ് പിന്നൊന്നും നോക്കിയില്ല. കുളത്തിൻറെ ഒരു ഓരത്തു കൂടി പറ്റിപ്പിടിച്ച്‌ കരക്കു കയറി. 


ആ കാഴ്ച്ച കണ്ട്‌ മൈമൂനയാണോ അതോ അവളുടെ ഉമ്മയാണോ കൂടുതല്‍ ഞെട്ടിയതാവോ? സംഗതി വശാല്‍ ജനിച്ചതില്‍ പിന്നെ അന്നോളം കാണാത്ത, കാഴ്ച  കണ്ടപ്പോള്‍ "അജ്ജേ..." എന്നാർത്തു വിളിച്ച് കണ്ണുകള്‍ പൊത്തിയ മൈമൂനയോട്, ‌"തിരിഞ്ഞു നിക്കെടീ..... ബലാലെ.." എന്നായിരുന്നു അവളുടെ ഉമ്മ ആക്ക്രോശിച്ചത്‌. കൂട്ടത്തില്‍ കൈപ്പിലക്കൊരടിയും.


എങ്ങിനെയൊക്കെയോ കരയിലേക്ക്‌ ചാടിക്കേറിയ ലൗമാഷ്,  ഇനിയൊരു ക്ഷമാപണത്തിന്‌ സ്ക്കോപില്ല എന്നു മനസ്സിലാക്കി നൂറേ നൂറ്റിപ്പത്തില്‍ പാട വരമ്പത്തു കൂടി, നാലരയിഞ്ചിൻറെ നഗ്നതയും ചൂണ്ടിപ്പിടിച്ചുകൊണ്ടോടുന്നത് കണ്ടപ്പോൾ, സത്യത്തില്‍ ഞങ്ങളുടെ പോലും കണ്ണു തള്ളിപ്പോയി.


അതിൻറെ പിന്നെ അവനെ, ഞങ്ങളാരും കണ്ടിട്ടേയില്ല. ഉച്ചഭക്ഷണം കഴിക്കാൻ പോലും നിൽക്കാതെ. ഇഷ്ടന്‍ മൈസൂർക്ക് വച്ചുപിടിച്ചു. കോളേജിലെ ടിസി വാങ്ങാന്‍ പോലും പിന്നെ ആ  ഭാഗത്തേക്ക്‌ വന്നിട്ടില്ല. അത്രയ്ക്ക് കടുപ്പം വേണ്ടായിരുന്നു എന്ന് പില്കാലത്ത് തോന്നിയിട്ടുണ്ടെങ്കിലും, അവൻ പോയതോടു കൂടി, പഴയ പടി നാട്ടിലെ പെൺകുട്ടികൾ ഞങ്ങളുടെ സൽമാ ബീഡിയും ദിനേശ്ബീഡിയുമൊക്കെ വീണ്ടും ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോൾ, ആ കുറ്റംബോധം മറക്കാൻ ഞങ്ങൾ പഠിച്ചു. 


എന്തായാലും തൻറെ ആദ്യകാമുകന്‍ തുണിയുടുക്കാതെ പച്ചപ്പകല്‍ നെട്ടോട്ടമോടുന്നതു കണ്ട വെങ്ങാലൂരിലെ ഒരേ ഒരു തരുണീമണിയാണ്‌ മൈമൂന്ന. അവളെയൊന്നു പഞ്ചാരയടിച്ചാലൊന്നും ശിഹാബിൻറെ ടെമ്പര്‍ തെറ്റില്ല എന്നറിഞ്ഞതില്‍ പിന്നെ, അവളെ കാണുമ്പോഴൊക്കെ "മൈ... മുനേ", "മൈ... മുനേ..." എന്ന് ഞങ്ങളിൽ പലരും അവളെ വിളിക്കാറുണ്ടായിരുന്നു. അതു കേള്‍ക്കെ അവള്‍ പുഞ്ചിരിക്കാറുമുണ്ടായിരുന്നു.


ശുഭം  

3 comments:

  1. അന്നൊക്കെ ഇതുപോലെ എത്രയെത്ര ലൗമാഷുമാർ നാട്ടിൽ ഉണ്ടായിരുന്നു അല്ലെ

    ReplyDelete
  2. ന്നാലും ആ ലവ് മാഷിന്റെ കാര്യം... പാവം:) :)

    ReplyDelete