Wednesday, September 30, 2020

ഭാവനാത്മകം



കിനാവസന്തം 

പൂക്കൾ വിടർത്തിയ 

മനസ്സിൻറെ 

മരതകത്താഴ്വരയിൽ;

കുഞ്ഞുകുഞ്ഞലകളാൽ 

പാട്ടുമൂളുമീ 

നീലാകായലിലൂടെ 

ചന്ദനത്തോണിയേറി   

വന്നയമ്പിളിപ്പൂവേ;

പ്രണയകലഹത്തിന്നിടയിൽ 

ചിതറിയ നിൻറെ 

വളപ്പൊട്ടുകളല്ലെയോ 

വിണ്ണിലീവിധം 

വിതറിയ താരകങ്ങൾ!

അതല്ല, 

നിൻറെ നൂപുരമണികൾ 

നീ വാരിയെറിഞ്ഞതോ!


എനിക്കവ പൂക്കളുടെ 

പുഞ്ചിരി പോലെ.

നിൻറെ പരിഭവത്തിൻറെ 

ചുംബനം പോലെ.  

നിൻറെ കണ്ണിലെ ലജ്ജയുടെ 

പൂക്കൾ പോലെ. 

അത്രമേൽ ചേതോഹരം!

 

ഈ കൊച്ചുകാറ്റുലച്ച 

ഞാവൽ മരം തന്ന 

നൂറുനൂറു ഞാവലുകൾ 

കടുംവർണമാക്കിയ

ചുണ്ടുകൾ പിന്നെയും 

ചുംബനം കൊതിക്കുന്നു!

എൻറെ ദാഹമുണരട്ടെ

നിൻറെ കൂമ്പിയ 

താമരമൊട്ടുകളാ ദാഹം

തഴുകിത്തഴുകി വിടർത്തട്ടെ!


ഒരിക്കലും സൂര്യനുദിക്കാത്ത         

ഈ നീലരാവിൽ പ്രിയേ; 

പകുത്തു വച്ച ജീവൻറെ പങ്ക് 

നീയെനിക്ക് തരിക!

പകരം നിന്നിലെ നിൻറെ 

നാളമായെരിഞ്ഞിടാം ഞാനിനി 

എന്നാത്മാവകലുവോളം!


ഞാനൊരു പൂവാടിയാകാം 

നീയൊരു വസന്തമാവുക!

ഞാനൊരു പുഴയാവാം 

നീയൊരു വർഷമാവുക!

ഞാനുടൽ ചൂടിൻ പുതപ്പാവാം 

നീയൊരു മഞ്ഞുകാലമാവുക!

ഞാനൊരു വാകമരമായിടാം 

നീയെരിയുന്ന വേനലാവുക!

ഋതുക്കൾ നമ്മിൽ വീണലിയട്ടെ!       

വാനവും ഭൂമിയും 

നമ്മെ കണ്ട് കൊതിക്കട്ടെ!

 

ഉടലിൽ നിന്നുടലിലേക്കല്ല പ്രിയേ 

മനസ്സിൽ നിന്നും മനസ്സിലേക്ക് 

പടരാമിനി നമുക്കെന്നും 

കാട്ടു തീ പോലെ;

എരിഞ്ഞെറിഞ്ഞിടാം പരസ്പരം!  


അബൂതി

1 comment: