Saturday, October 3, 2020

വെട്ടുകാളയും ഞാനും!



"അറബി നാട്ടിലിവിടെ വന്നിട്ടറബി തെറീം കേട്ട്‌, 

പകലും രാവും പണിയെടുത്ത് കറു കറുത്ത്‌ പോയീ" 


ഇങ്ങിനെ ഒരു പാരഡിപ്പാട്ട്‌ സ്വയമുണ്ടാക്കി,  "അറബിനാട്ടിലകലെയെങ്ങാണ്ടിരിക്കും ബാപ്പ അറിയാൻ", എന്ന മാപ്പിളപ്പാട്ടിൻറെ രീതിയിൽ, അത്‌ സ്വയം പാടി,‌ ഒരഞ്ചാറു മാസം റിയാദിൻറെ തെരുവോരങ്ങളില്‍, ഒരു പാട്ട വണ്ടിയുമായി തെണ്ടിത്തിരിഞ്ഞു നടന്നതിൻറെ ശേഷമാണ്‌ സജിച്ചായൻറെ പരിചയക്കാരൻറെ സഹായത്തോടെ അന്‍വാല്‍ യുനൈറ്റഡ്‌ ട്രേഡിംഗ്‌ കമ്പനി എന്ന സ്ഥാപനത്തില്‍ കേറിപ്പറ്റിയത്‌.


കുടുംബത്തെ കൂടെ താമസിപ്പിക്കണം എന്നെ പിടിവാശിയുള്ളതു കൊണ്ടു തന്നെ, ചെറിയ ശമ്പളമായിരുന്നെങ്കിലും ഉണ്ടായിരുന്ന ജോലി സ്വന്തം കൊണവതിയാരം കൊണ്ട്‌ കളഞ്ഞു കുളിച്ചതിൻറെ പിന്നെയങ്ങോട്ട്‌, സത്യം പറഞ്ഞാല്‍ വെള്ളം കുടിക്കുകയായിരുന്നില്ല; നിലയില്ലാ വെള്ളത്തില്‍ കിടന്ന്‌ കൈകാലിട്ടടിക്കുകയായിരുന്നു. അങ്ങിനെ കഷ്ടപ്പാടിൻറെ പടുകുഴിയില്‍ കിടന്ന്‌ ഒന്നെ, രണ്ടെ, മൂന്നെ എന്നിങ്ങനെ നക്ഷത്രമെണ്ണിക്കഴിയുന്നതിന്നിടയിലാണ്‌ അന്‍വാലില്‍ interview-വിന്‌ പോകുന്നത്‌! കണ്ടകശ്ശനി അങ്ങിനെയാണ്‌. അതിരിക്കുന്നിടത്തേക്ക്‌ നമ്മെ ആളെ അയച്ചു വിളിപ്പിക്കും! 


കോട്ടിട്ട ഒട്ടകപ്പക്ഷിയെ പോലിരിക്കുന്ന, ജോര്‍ദ്ദാന്‍ പൌരത്വമുള്ള ഫലസ്‌തീനിയനായ ഐടി മാനേജറുടെ മുമ്പില്‍ ഇരിക്കുമ്പോള്‍ മനസ്സില്‍ ഒരേ ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ. പടച്ചോനെ, ഇയാളുടെ മനസ്സിപ്പോള്‍ ശൂന്യമായിപ്പോയി, എന്നോടൊന്നും ചോദിക്കാന്‍ കഴിയാതാവണേ എന്ന്‌. അന്നത്തെ ആ interview-വിൻറെ  ചുരുക്ക രൂപം ഇങ്ങിനെയാണ്‌. 


ചോദ്യം: മുൻപ് എവിടെയായിരുന്നു ജോലി ചെയ്‌തിരുന്നത്‌?

ഉത്തരം: അല്‍-മുല്‍ഹം എന്ന കമ്പനിയില്‍! (മനസ്സില്‍: പിന്നെ, അതറിഞ്ഞിട്ട്‌ നിനക്കെന്താ.. നീയാ കന്പനി വാങ്ങിക്കാന്‍ പോകുന്നുണ്ടോ?) 


ചോദ്യം: അഞ്ചു വര്‍ഷം അവിടെ ജോലി ചൈതിട്ട്‌ പെട്ടെന്നെന്താ ജോലി മാറാന്‍ നോക്കുന്നത്‌?

ഉത്തരം: കോണ്‍ട്രാക്റ്റ്‌ കഴിഞ്ഞു! (മനസ്സില്‍: പിന്നേ.. ൻറെ കയിലിരിപ്പു കൊണ്ടവര്‍ പറഞ്ഞു വിട്ടതാണെന്നു പറയാനെനിക്ക്‌ പിരാന്തല്ലെ?) 


ചോദ്യം: -------- 

ഉത്തരം: --------


ചോദ്യം: ഓക്കെ.. ഒരു ചെറിയ ടെസ്റ്റു തരാം. അതൊന്നു ചെയ്‌തു കാണിക്കാമോ?

ഉത്തരം: ഓ.. പിന്നെന്താ! (മനസ്സില്‍: പണ്ടാറടങ്ങാനായി ഇനിയതുമുണ്ടോടാ.. കാലമാടാ.. !)


എന്തായാലും ആ ജോലി കിട്ടുക തന്നെ ചെയ്‌തു. ദോഷമൊന്നും പറയരുതല്ലൊ, നഷ്ട്ടപ്പെട്ട ജോലിയെക്കാള്‍ മെച്ചപ്പെട്ട ജോലിയും, മെച്ചപ്പെട്ട ശമ്പളവും. പക്ഷെ, പള്ളിക്കകത്ത്‌ കിണറുള്ള കാര്യം മൊല്ലാക്കാക്കു മാത്രമല്ലെ അറിയൂ. പാവം ഞമ്മക്കറിയില്ലല്ലോ!!


ജോലിയില്‍ കയറി ചില ചില്ലറ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒരു കാര്യം മനസ്സിലായി. ആ കമ്പനിയിൽ ഒരു ദിനോസറുണ്ട്‌. ചെയർമാൻ. കമ്പനി മുതലാളി.. പുള്ളിയുമായി ആദ്യം മുഖാമുഖമൊന്നു മുട്ടാനുള്ള അവസരം ലഭിച്ചത്‌ ജോലിക്കു കയറി മാസങ്ങള്‍ കഴിഞ്ഞതില്‍ പിന്നെയാണു.


പുള്ളിയെക്കുറിച്ച്‌ ധാരാളം കേട്ടറിവിള്ളത്‌ കൊണ്ടു തന്നെ അത്യധികം സന്തോഷത്തോടു കൂടി, ആനന്ദ പുളകിതനായി നോട്ട്‌ പാഡും കയ്യിലെടുത്ത്‌ പുള്ളിക്കാരൻറെ ആപ്പീസിലോട്ട്‌ ചെന്നു. എന്നെ കണ്ടപ്പോള്‍ പുള്ളി ആകെ മൊത്തത്തിലൊന്നു നോക്കി. ടോം ജെറിയെ നോക്കുന്ന പോലുള്ള ആ നോട്ടം കണ്ടപ്പോള്‍ ഞാന്‍ കൂടുതല്‍ ഹാപ്പിയായി. 


തലേ ദിവസം അയച്ചു നൂറു നൂറ്റമ്പത്‌ പേജുള്ള sales റിപ്പോര്‍ട്ടിലെ തൊണ്ണൂറാം പേജും കയ്യില്‍ പിടിച്ചാണ്‌ ഗഡിയുടെ ഇരിപ്പ്‌. അതിലായാൽ ചുവന്ന മഷികൊണ്ടോരു വട്ടം വരച്ചിട്ടുണ്ട്. എന്നോട് പുള്ളി ഒരു ചോദ്യമേ ചോദിച്ചുള്ളൂ. ആ വട്ടം വരച്ചതിൻറെ അകത്തുള്ള സംഖ്യ എത്രയാണെന്ന്‌! 


ഞാന്‍ നോക്കിയപ്പോള്‍ എൻറെ കണ്ണിലാകെ ഇരുട്ട്‌ കയറുന്നതു പോലെ തോന്നി. ആ സംഖ്യ എത്രയാണെന്നു പറയാന്‍ ഇനി പടച്ച തമ്പുരാനല്ലാതെ മറ്റു വല്ലോര്‍ക്കും കഴിയ്യോ!!?? എന്താ കഥ എന്നല്ലേ..? പറയാം.. !


സാധാരണ ദിവസങ്ങളില്‍ ഓരോ കടയിലും ഒരഞ്ചക്ക സംഖ്യയുടെ കച്ചവടം നടന്നേക്കാം. അത്‌ മാക്സിമമാണ്‌ എന്നാണ്‌ വെപ്പ്‌. ആ വിവരത്തിൻറെ അടിസ്ഥാനത്തില്‍ ഒട്ടകപ്പക്ഷിയായ മാനേജറുടെ നിര്‍ദേശപ്പ്രകാരമാണ്‌ റിപ്പോര്‍ട്ടില്‍ സെയില്‍സ്‌ വാല്യൂ വരുന്ന കോളത്തിന്‌ അഞ്ച്‌ അക്കങ്ങള്‍ക്കുള്ള സൈസ്‌ കൊടുത്തത്‌. എൻറെ കഷ്ടക്കാലത്തിന്, ഏതോ ഒരു കൂതറക്കടയില്‍, ആ മാസത്തിലെ ഏതോ ഒരു തല തിരിഞ്ഞ ദിവസത്തെ സെയില്‍ ഒരു ലക്ഷത്തിൻറെ മുകളില്‍ കടന്നു. അപ്പോളെന്തായി? അവിടെ ##### എന്നു മാത്രം കാണാം!


നൂറ്റമ്പതോളം പേജുകളുള്ള ആ റിപ്പോര്‍ട്ടില്‍ നിന്നും, ആ ഒരു സംഭവം മാത്രം ഇത്ര ക്രിത്യമായി ഭൂതക്കണ്ണാടി വച്ചു കണ്ടെത്തിയ ഇവനെയൊക്കെ വെടി വച്ചു കൊല്ലാന്‍ ഈ നാട്ടില്‍ തീവ്രവാദികളൊന്നുമില്ലെ എന്ന്‌ ഞാന്‍ ന്യായമായും സംശയിച്ചു. കശ്മലന്‍, കാപ്പിരി എന്നെല്ലാം മനസ്സില്‍ കൊത്തിയരിഞ്ഞു പ്രാകുകയും ചെയ്‌തു. ഇവനാണെങ്കിലോ, ഇതു കണ്ട ദേഷ്യത്തില്‍ മാനേജറെ വിളിച്ച്‌ നല്ല പുളിച്ച അറബി തെറി കൊണ്ട്‌, രാരീരം പാടിയപ്പോൾ, ആ ഒട്ടകപ്പക്ഷിയാണ്‌ റിപ്പോര്‍ട്ട്‌ ഞാന്‍ ചെയ്‌തതാണെന്നു പറഞ്ഞത്‌. 


അങ്ങിനെയാണ്‌ ആ തിരു മുമ്പില്‍ വായില്ലാ കുന്നിലപ്പനെ പോലെ അങ്ങിനെ നില്‍ക്കാനുള്ള യോഗം എനിക്കുണ്ടായത്‌. ഏസിയുടെ എല്ലില്‍ കുത്തുന്ന തണുപ്പിലും ഞാന്‍ സാമാന്യം നന്നായി വിയര്‍ത്തു. എങ്കിലും ഞാന്‍ അവനോടു പറഞ്ഞു. 


സാർ.. ഇത്‌ സൈസിന്റെ പ്രശ്നമാണ്‌. കോളത്തിന്‌ ഒരിത്തിരി സൈസ്‌ കൂട്ടിക്കൊടുത്താല്‍ അക്കം ശരിയാവും.


പോരെ പൂരം. ഒരു രണ്ടു മണിക്കൂറ്‌ നേരം സുവിശേഷമായ തെറികള്‍. ആ ഹഹഹ.. എന്തു രസമുള്ള വിവിധയിനം തെറികള്‍. കൂട്ടത്തില്‍ തന്തക്കും തള്ളക്കുമൊക്കെ വിളിച്ചിരുന്നോ എന്നൊരു സംശയം. അവസാനം പാതി ജീവനായപ്പോള്‍ രണ്ടു മിനിറ്റു കൊണ്ട്‌ ശരിയാക്കിക്കൊണ്ടു വാ എന്നും പറഞ്ഞു വിട്ടു. 


അത്രേ ഉണ്ടായിരുന്നുള്ളൂ പ്രശ്ണം. ഒരു രണ്ടു മിനിറ്റു പോലും വേണ്ട അതൊന്നു ശരിയാക്കാന്‍. അതിനാണ്‌ അവനിത്രയും വലിയ നിലയില്‍ കോമരം തുള്ളിയത്‌. കിഴങ്ങനാ.. തനി കാട്ടു ജന്‍മം.


ദിസങ്ങളും മാസങ്ങളും കഴിഞ്ഞു. അവനുമായി പിന്നെയും എത്രയെത്ര കൂട്ടി മുട്ടലുകള്‍. ഉല്‍ക്കകള്‍ ഭൂമിയില്‍ വന്നു പതിക്കുന്നത്‌ പോലെ ആ ശപ്പൻറെ വിളി വരും. 


കാന്‍ യു കം റ്റു മൈ ഓഫീസ്‌.....? 


യെസ്‌..സര്‍.. 


പിന്നെ.. പ്രാകിപ്പറഞ്ഞു കൊണ്ട്‌ ചെല്ലും. അതങ്ങിനെയാണ്‌. അവൻറെ വിളി വന്നാല്‍ ആദ്യം ഒന്നു പ്രാകും. പിന്നെ നാലു തെറി വിളിക്കും. അപ്പോള്‍ സഹ പ്രവര്‍ത്തകര്‍ക്കു മനസ്സിലാവും, അറക്കാന്‍ വിളിച്ചിട്ടുണ്ടെന്ന്‌. കൂടെ ജോലി ചെയ്യുന്നവര്‍ സഹതാപത്തോടെ നോക്കും. 


അവൻറെ ഓഫീസിൻറെ  വാതിലിൻറെ മുമ്പില്‍ ചെന്നു നിന്ന്‌ ഒന്നു രണ്ടു പ്രാവിശ്യം ആയത്തുല്‍ കുര്‍സിയൊക്കെ ഓതിയൂതും. . യാസീനോതി ഊതാനുള്ള നേരം കിട്ടാത്തതു കൊണ്ടാണു കേട്ടൊ. യാസീന്‍ എന്നത്‌ ഖുര്‍ആനിലെ ഒരു അദ്ധ്യായമാണെന്നും, ആയത്തുല്‍ കുര്‍സി എന്നത്‌ ഖുര്‍ആനിലെ ഒരു വചനമാണെന്നും, ഇവ രണ്ടും അറിയാത്തവരുടെ അറിവിലേക്കായി ഉണര്‍ത്തുന്നു. രണ്ടും പൈശാചിക ഉപദ്രവങ്ങള്‍ക്ക്‌ അത്യുത്തമമാണെന്ന്‌ പൊതു മുസ്ലിം സമൂഹം വിശ്വസിക്കുന്നു. 


ഒരിക്കല്‍ റിപ്പോര്‍ട്ടിലെ ഒരു റിസല്‍റ്റിൻറെ ഫോര്‍മുല ചോദിച്ചപ്പോള്‍ ഞാന്‍ കാല്‍ക്കുലേറ്ററെടുത്തു. ഉടനെ പറഞ്ഞു. 


ഡോണ്ട്‌ ടച്ച്‌ ഫക്കിംഗ്‌ കാല്‍ക്കുലേറ്റര്‍.. 


പിന്നെ... കാല്‍ക്കുലേറ്ററെന്താ അവൻറെ കെട്ട്യോളാണല്ലൊ.. ഞമ്മളു തൊടാതിരിക്കാന്‍! വായുവിലെഴുതി കൂട്ടിപ്പറയാന്‍ ഞാനാരാ? ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റീനാണോടാ നാറീ എന്നു മനസ്സു കൊണ്ട്‌ ചോദിച്ചു. 


ഒരിക്കല്‍ അവൻറെ ഓഫീസിലേക്കു ചെന്ന ഞാന്‍ അവന്‍ കയ്യില്‍ പിടിച്ച റിപ്പോര്‍ട്ടിലേക്കൊന്ന്‌ എത്തിപ്പാളി നോക്കിയതാണ്‌. 


നിനക്കെന്താ, എൻറെ മടിയില്‍ കേറിയിരിക്കണോ.. 


നോ സര്‍.. 

മനസ്സിൽ: പിന്നേ.... ഇരിക്കാമ്പറ്റിയ ഒരു മടിയും... 


എന്നാ പിന്നെ അങ്ങോട്ടു മാറി നില്‍ക്കെടാ 


പിന്നീട് ചെന്നപ്പോൾ ഇനി അവൻറെ അടുത്ത്‌ പോയി നിന്ന്‌ ചീത്ത കേള്‍ക്കണ്ട എന്നു കരുതി ഒരല്‍പ്പം മാറി നിന്നു. അപ്പോഴത്തെ ചോദ്യമാണ്‌ ചോദ്യം.


ഞാനെന്താടാ നായയാണോ? നീയങ്ങ്‌ ദൂരെ പോയി നിൽക്കാൻ? 


പിന്നേ.. നിന്നെ നായയായി കണ്ടിട്ടു വേണം മാണിയാശാരിയുടെ നായയുടെ കടി എനിക്ക്‌ ഇനിയും കൊള്ളാനെന്ന്‌ മനസ്സു കൊണ്ട്‌ പറഞ്ഞു. സംഗതി നമ്മുടെ പാസ്പോട്ട്‌ ആ കരിംനായയുടെ കയ്യില്‍ പെട്ടു പോയല്ലൊ. തല കൊണ്ടു കൊടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലൊ. ദൈവ സഹായം കൊണ്ട്‌ ചുമലിലുള്ള പ്രാരാബ്ധങ്ങള്‍ കാരണം സഹിക്കുന്നതാണ്‌. അല്ലായിരുന്നെങ്കില്‍ അവനെ കൊന്ന്‌ ഞാനെന്നോ എൻറെ തല സൗദി സര്‍ക്കാരിനു കൊടുത്തിട്ടുണ്ടാകും. 


ഒരിക്കല്‍ ബിസിനസ്‌ മീറ്റിംഗില്‍ പെട്ടു പോയി. അന്നാണു മനസ്സിലായത്‌, ഇവനിതെ വരെ എന്നെ ഒരു തെറിയും വിളിച്ചിട്ടേ ഇല്ല എന്ന്.‌ ആ കമ്പനിയുടെ പ്രധാന തസ്‌തികകളില്‍ (ജനറല്‍ മാനേജറു മുതല്‍) ഇരുക്കുന്നവരെ മുഴുവന്‍ കുടുംബത്തോടെ ഇംഗ്ളീഷിലും അറബിയിലും അവന്‍ തെറി വിളിക്കുന്നത്‌ കേട്ടപ്പോള്‍ എനിക്ക്‌ രോമാഞ്ചമുണ്ടായി. നമ്മളെക്കാൾ ഗതികെട്ടവന്മാർ  നമ്മുടെ ചുറ്റുമുണ്ടെന്നറിയുമ്പോൾ, എന്താണെന്നറിയില്ല. ഒരു മനസ്സുഖം.


ഇടക്കൊരു വേള ഫിനാൻസ് മാനേജരെ തെറി പറയുന്ന കൂട്ടത്തില്‍ എന്നോട്‌ വളരെ വിനയത്തോടെ ഒരു റിപ്പോര്‍ട്ട്‌ ചോദിച്ചു. ഞാനാണെങ്കില്‍ സര്‍ക്കാരാപീസില്‍ ഫയലുകള്‍ കൂട്ടി വച്ച പോലെ കെട്ടുക്കണക്കിനു റിപ്പോര്‍ട്ടുകളുമായി അവൻറെ കൈപ്പാട്ടില്‍ തന്നെ ഇരിക്കുകയാണ്‌. ഒരു രണ്ടു നിമിഷം നേരം അവന്‍ ചോദിച്ച റിപ്പോര്‍ട്ട്‌ ഞാനൊന്നു തിരഞ്ഞു പോയി. അപ്പോ ദാണ്ടെ വരുന്നു ഡയലോഗ്‌. 


ഐ ആം നോട്ട്‌ ബെഗിംഗ്‌ യു.. ഐ ആം ഓര്‍ഡറിംഗ്‌ യു.. ഗിവ്‌ മി ദ ഫക്കിംഗ്‌ റിപ്പോര്‍ട്ട്. 


മറ്റൊരിക്കല്‍ ലവൻറെ ആപീസ്‌ മുറിയില്‍ വച്ച്‌ പുള്ളിക്കാരന്‍ തെറി പറയുന്ന കൂട്ടത്തില്‍ ചോദിച്ചു. 


ഡു യു വാണ്ട്‌ ഫക്ക്‌ മീ. 


എന്തു നല്ല ചോദ്യം. സത്യത്തില്‍ എനിക്ക്‌ അങ്ങേയറ്റത്തെ വ്യസനം തോന്നി. എൻറെ കമ്പനിയുടെ മുതലാളി ഒരു സ്‌ത്രീയായിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ ആ നിമിഷം ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു പോയി. ഇതിപ്പോള്‍ നമ്മള്‍ എവിടെയിട്ട്‌ ഒണ്ടാക്കാനാ.? 


എന്തായാലുംആ വക മനോവിചാരമൊന്നും അവനോടു പറഞ്ഞില്ല. അത്യധികം വിനയത്തോടെ പറഞ്ഞു. 


നോ സര്‍.. ഐ ആം നോട്ട്‌ ഇൻട്രസ്റ്റിംഗ്‌. 


എന്താ കഥ. മുണ്ടേങ്ങര ക്ഷേത്രത്തിലെ താലപ്പൊലിക്ക്‌ നീലാണ്ടന്‍ കോമരം പള്ളി വാളെടുത്ത്‌ തുള്ളുമ്പോള്‍, ശങ്കരേട്ടൻറെ ഭാര്യ ഇട്ടേക്കി  മുടിയഴിച്ചിട്ട്‌ തുള്ളുന്നത്‌ പോലെ ഒരു തുള്ളലായിരുന്നു. ശരിക്കും പറഞ്ഞാല്‍ നന്നായി അച്ചാറിട്ടു പുഴുങ്ങിയെടുത്തു എന്നു പറഞ്ഞാല്‍ മതിയല്ലൊ. ഒരു മനുഷ്യനെങ്ങിനെ ഇത്രേം നേരം നിര്‍ത്താതെ, ഇത്രേം ഉച്ചത്തില്‍ മനുഷ്യരെ ചീത്ത വിളിക്കാന്‍ കഴിയുന്നു എന്ന്‌ ഞങ്ങള്‍ അത്ഭുതപ്പെടാറുണ്ട്‌.


അവസാനം മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം, ഏകദേശം ഒരു വര്‍ഷത്തെ കഠിനാദ്ധ്വാനത്തിനും കാലു പിടിത്തതിനും ശേഷം ഞാന്‍ ആ കമ്പനിയില്‍ നിന്നും തടിയൂരി. രണ്ടായിരത്തി ആറു മുതല്‍ രണ്ടായിരത്തി ഒന്‍പതു വരെ അന്‍വാല്‍ എന്ന്‌ ആലയില്‍ കെട്ടിയ കോവര്‍ കഴുതയായിരുന്നു ഞാനെന്ന്‌ എനിക്കിപ്പോള്‍ ഇടക്കിടക്ക്‌ തോന്നാറുണ്ട്‌. 


ശുഭം 

3 comments: