Monday, October 5, 2020

പൂവിതളിലെ കവിതകൾ




ഞാൻ മരിച്ചെന്നറിഞ്ഞാൽ 

നിങ്ങളെൻറെ സ്വപ്നഗന്ധിയുടെ 

ചുവട്ടിലേക്കെത്തണം.

നിങ്ങൾക്കു വേണ്ടി പിന്നെയും 

വിരിയുവാനൊരു പൂവതിൽ   

ഞാൻ ബാക്കി വെച്ചിരിക്കും.

ഒരു മൃദുചുംബനം കൊണ്ടത് 

ആയിരമിതൾ വിടർത്തും.

അതിൻറെ ഓരോ ഇതളിലും

പ്രണയത്തിൻറെ സുന്ദരമായ 

കവിതകളുണ്ടായിരിക്കും.

ആ കവിതകൾക്കെല്ലാം 

പ്രിയപ്പെട്ടൊരവകാശിയുണ്ട്.

ഏകയായൊരവകാശി!


എത്രയോ പൂക്കൾ വെറുതെ 

വാടിക്കരിഞ്ഞു പോയൊരെൻ 

സ്വപ്നന്ധിയുടെയരികിലേക്ക്

അന്നെൻറെ പ്രണയത്തിൻറെ 

നേർത്ത ഗദ്ഗദമായവൾ വരും.

നിങ്ങളവളെ സ്വീകരിക്കണം. 

ഉള്ളുപൊള്ളയായൊരെൻറെ 

ഉടലിൻറെയരികിലിരുത്തണം. 

മുനകൂർത്ത നോട്ടങ്ങൾ കൊണ്ട് 

നിങ്ങളവളെ ശല്ല്യം ചെയ്യരുത്. 

ശ്മശാനത്തിലേക്കെൻറെ 

ശമഞ്ചലിനെയനുഗമിക്കാൻ  

അവളെ വിളിക്കരുത്.

എന്നിലേക്ക് മഴയായി പെയ്തതും 

മഞ്ഞായി വീണതും 

എന്നിൽ പൂവായ് വിരിഞ്ഞതും 

വെയിലായുരികിയൊലിച്ചതും 

അവൾ മാത്രമായിരുന്നു.


ഓർമ്മകൾ ചുരമാന്തുന്ന 

ഹൃദയങ്ങളേ ക്ഷമിക്കുക

എന്നെയുപേക്ഷിക്കുന്ന 

ശ്മശാനത്തിൽ നിങ്ങളാ  

ഓർമ്മകളുപേക്ഷിക്കുക.

വിസ്മൃതിയുടെയിരുണ്ട ഗുഹയിൽ 

നിങ്ങളെന്നെയടക്കുക.

പിന്നെ നിങ്ങൾക്കെന്നെ മറക്കാം. 

മറക്കുവാനാവാതെയവൾ മാത്രം 

എൻറെ കവിതകൾ 

പിന്നെയും പിന്നെയും വായിക്കട്ടെ.

അവൾക്കു മാത്രമായി 

ഞാനെഴുതിയത്രെയതെല്ലാം!  


അബൂതി

1 comment: