സ്വന്തം കണ്ണുകൾ മൂടിയവനും
ഗുഹ്യം പൊതിഞ്ഞവനും
ഹൃദയത്താൽ കട്ടു തിന്നാത്തവനും
അന്യൻറെ വിശുദ്ധിലേക്ക്
ഒളിഞ്ഞു നോക്കാൻ നേരമില്ലത്രെ!
അങ്ങിനെയാണിവിടെ സദാചാരം
പാപിയുടെ കയ്യിലെത്തിയത്.
അവരലഞ്ഞു നടക്കുകയാണ്.
സദാചാരത്തിൻറെ കല്ലെറിയാൻ
ഒരാളെയും തിരഞ്ഞ് !
വിശന്നൊട്ടിയ വയറിനുളളിൽ
ചുരുണ്ടുകൂടിയ ഗർഭപാത്രത്തിലേക്ക്
ബീജം വലിച്ചെറിഞ്ഞതിൽ പിന്നെയാണ്
രതിയുടെ കമ്പോളത്തിൽ നിന്നും
അയാൾക്കെപ്പോഴോ സദാചാരത്തിൻറെ
ശ്വാനശബ്ദം തിരികെ കിട്ടിയത്.
അവളുടെ ഉടൽ പുതപ്പിൽ നിന്നും
അടർന്നു മാറിയതിൽ പിന്നെയാണ്
അയാൾക്കാ ഉടലിനോടറപ്പായത്.
തന്നിലെ പാപിയെ പട്ടുടുപ്പിച്ചയാൾ
പരിശുദ്ധനാക്കി, വാഴ്ത്തപ്പെട്ടവനാക്കി.
പിന്നയാൾകൂട്ടത്തിലൊരാളായി
നിർദയമവളെ എറിഞ്ഞു കൊന്നു!
രേതസ്സ് തുപ്പിയ ഉദ്ധൃതലിംഗത്തിനപ്പോൾ
ഒട്ടും ലജ്ജ തോന്നിയില്ലത്രേ!
ഇതാണിപ്പോൾ അവൻറെ സദാചാരം!
വെണ്മളികയിലെ ശീതമുറിയിൽ
പാതിവ്രത്യം ജാരന് പങ്കുവെച്ചതിൽ
പിന്നെയാണത്രെ, പെണ്മയുടെ
ഉയിർനാദത്തിന് ബോധോദയമുണ്ടായത്.
ആണുടലിൻറെ കാമാഗ്നിയിൽ
നീരാടിക്കഴിഞ്ഞവളിപ്പോൾ
ഉച്ചൈസ്തരം ഘോഷിക്കയാണ്
നാരിക്ക് നരനോടൊപ്പമെല്ലാം വേണം.
അതായിരുന്നത്രെ അവളുടെ അടയാളം
അമർത്തിയ നിലവിളികൾ കേൾക്കാതെ
അറ്റുപോവുന്ന പാവടച്ചരടുകൾ കാണാതെ
അടിമക്കമ്പോളങ്ങളിലെ വിലപേശലറിയാതെ
അവളാർക്കോ വേണ്ടി മുഷ്ടിയെറിയുന്നു.
കപടവസ്ത്രത്തിൻറെ പളപളപ്പിൽ
അവൾക്കൊരായിരം ആരാധകന്മാർ!
ഇതാണിപ്പോൾ അവളുടെ സദാചാരം!
സമൂഹത്തിൻറെ ഉച്ചഭാഷിണിയിൽ
കുലസ്ത്രീയുടെ പരിശുദ്ധി
ആകാശത്തോളമുയർത്തപ്പെട്ടു
അവൾക്ക് ചുറ്റുമത്രെ ലക്ഷ്മണ രേഖകൾ
കടൽ ക്ഷോഭിക്കുന്നതും
ഭൂമി വിറയ്ക്കുന്നതും
തീക്കാറ്റടിക്കുന്നതും
അവൾ പിഴക്കുമ്പോൾ മാത്രം!
അതിനാലാവളെ കല്ലെറിഞ്ഞ് കൊല്ലുക!
അവനതിൻറെ പുറത്തായിരുന്നു.
അവൻറെ മേച്ചില്പുറങ്ങളിൽ
പ്രകൃതിയുടെ വികൃതിയായി
വൈവിധ്യങ്ങൾ അലഞ്ഞു നടന്നു.
അവിടെ കടൽക്ഷോഭമില്ല
അവിടെ തീമാരിയില്ല
അവിടെ ഭൂമിയെത്ര ശാന്ത
അതിനാലവനവളെ കല്ലെറിയട്ടെ!
അബൂതി
സദാചാരം പാപിയുടെ കയ്യിലെത്തിയപ്പോൾ ഉണ്ടായത്
ReplyDelete