ആദ്ധ്യായം 4: പട്ടാഭിഷേകം
മീറ്റിംഗ് ഹാളിലെ ഏസിക്ക് നല്ല തണുപ്പായിരുന്നു. പരവേശവും കൂടിയായപ്പോൾ ഉള്ളിൽ നിന്നും ഒരു വിറയൽ ഉയർന്നു വരുന്നുണ്ട്. ആ വലിയ മേശയ്ക്ക് ചുറ്റും ആഢ്യന്മാരായ ഒരുപാടാളുകൾ ഇരിക്കുന്നു. എല്ലാവരും മിത്രയിലെ വലിയ വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ.
പലരെയും കണ്ട, നിറം മങ്ങിയ ചില ഓർമ്മകൾ മാത്രം. ഫ്രെഡി ഇടയ്ക്കിടെ മിത്രയിലെ സ്റ്റാഫുകളുടെ ഗെറ്റ്റ്റുഗതർ സംഘടിപ്പിക്കും. അത്തരം പരിപാടികളിൽ, പലരെയും പരിചയപ്പെടുത്തി തന്നിട്ടുണ്ട്. പക്ഷെ ആരും മനസ്സിൽ നിന്നിരുന്നില്ല. അതിന് ശ്രമിച്ചിരുന്നുമില്ല. ഇവിടെ ഇപ്പോൾ, ഇമ്മാനുവലിനെ മാത്രമാണ് കൂടുതൽ പരിചയം. മിക്കപ്പോഴും ലിസിയുടെ കല്ലറയുടെ അരികെ വിഷാദം പുതച്ച് അയാളിരിക്കുന്നത് കാണാം. അത് കാണുമ്പോഴൊക്കെ നെഞ്ചിലൊരു നീറ്റലുണ്ടാവാറുണ്ട്. “പാവം” എന്ന് മനസ്സ് പറയാറുണ്ട്.
അവൾക്ക് അരികെ വലതുവശത്തുണ്ടായിരുന്ന, കുറച്ച് പ്രായമായ ആൾ, കണ്ണട നേരെയാക്കിക്കൊണ്ട് എഴുനേറ്റു.
“ഡിയേഴ്സ്. നമ്മളിന്ന് ഈ ഇരിക്കുന്നത്… മിത്രയുടെ പുതിയ സാരഥിയെ വെൽക്കം ചെയ്യാനാണ്. നമ്മുക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യാം... മിസ്സിസ് സൂസൻ ഫ്രെഡറിക്കിനെ... അവരായിരിക്കും... ഇനി മുതൽ... നമ്മുടെ പുതിയ ആൽഫ.”
കരഘോഷത്തിൻറെ ആരവമൊടുങ്ങാൻ ഒരല്പ സമയമെടുത്തു. വല്ലാത്തൊരു വികാരത്തോടെയാണ് സൂസൻ ഇരിക്കുന്നത്. വീണ്ടും നിശബ്ദത പരന്നപ്പോൾ അയാൾ തുടർന്നു.
“നൗ.... ലെറ്റ് അസ് ഇൻട്രൊഡ്യൂസ് ഔർസെൽവ്സ്.... അറ്റ് ഫസ്റ്റ്.. ഐ ആം ഫെർണാണ്ടസ്.... CEO ഓഫ് മിത്ര.”
അയാൾ ഇരുന്നപ്പോൾ ഇമ്മാനുവൽ എഴുനേറ്റു. അയാൾക്ക് ശേഷം വേറെ ഒരാൾ. അങ്ങിനെ അങ്ങിനെ അവസാനത്തെ ആളും കഴിഞ്ഞപ്പോൾ പിന്നെ അവിടെ കനത്ത നിശബ്ദത പരന്നു. എല്ലാ കണ്ണുകളും അവളുടെ മുഖത്ത് തറച്ചു. ചിലതിൽ സഹതാപം. ചിലതിൽ പുച്ഛം. ചിലതിൽ കൗതുകം. ചിലതിൽ പരിഹാസം.
അവൾ മെല്ലെ തൻറെ കസേരയിലേക്ക് ചാഞ്ഞിരുന്നു. ഓരോരുത്തരുടെ കണ്ണുകളിലൂടെയും സഞ്ചരിച്ച്, അവളുടെ കണ്ണുകളവസാനം ഫെർണാണ്ടസിൻറെ കണ്ണുകളിൽ വന്നു നിന്നു. അവളുടെ ശബ്ദം ഉറച്ചതായിരുന്നു.
“ഇനിയൊരു പരിചയപ്പെടുത്തലിൻറെ ആവശ്യമില്ലല്ലോ അല്ലെ? ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം. ഞാൻ ഫ്രെഡിയല്ല. എനിക്ക് ഫ്രെഡിയാകാനും കഴിയില്ല. ഫ്രെഡി മിത്രയെ എങ്ങിനെയാണ് കൊണ്ടുപോയിരുന്നത് എന്ന് എനിക്കറിയില്ല. എന്നാൽ ഇനി ഇത് എങ്ങിനെ മുന്നോട്ട് കൊണ്ടു പോകണം എന്നെനിക്കറിയാം. ബട്ട്... എനിക്കതിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട്.”
അവൾ പറഞ്ഞു നിർത്തി അവരെ ഓരോരുത്തരെയായി മാറി നോക്കി. മുൻപ് പുച്ഛം നിറഞ്ഞു നിന്നിരുന്ന കണ്ണുകളിലൊക്കെ, ഭാവം മാറിയിരിക്കുന്നു. ആരുടെ കണ്ണിലും പരിഹാസമുണ്ടായിരുന്നില്ല. ആദ്യം കയ്യടിച്ചു തുടങ്ങിയത് ഫെർണാണ്ടസ് ആയിരുന്നു. പിന്നാലെ മറ്റുള്ളവരും.
“യെസ് മാഡം. നിങ്ങളെ സഹായിക്കുക എന്നത് തന്നെയാണ് ഞങ്ങളുടെ ജോലി. തീർച്ചയായും ഞാനും എൻറെ കുട്ടികളും അത് വൃത്തിയായി ചെയ്യും.”
ഫെർണാണ്ടസ് പറഞ്ഞപ്പോൾ, അവൾ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. സ്ത്രൈണത തീരെയില്ലാത്തൊരു പുഞ്ചിരി.
“സോ... ഇനി പറയുന്ന കാര്യങ്ങൾ... എനിക്കറിയണം. മിത്രയുടെ കീഴിൽ എത്ര സ്ഥാപനങ്ങളുണ്ട്... അവയുടെ സ്വഭാവം... അധികാരികൾ... ഓരോ സ്ഥാപനത്തിലെയും സ്ഥിതിവിവരക്കണക്കുകൾ... എത്ര കിട്ടാനുണ്ട്... കൊടുക്കാനുണ്ട്... സ്റ്റോക്കുണ്ട്... ആരൊക്കെയാണ് നമ്മുടെ സപ്ലയേഴ്സ്... അവരുമായുള്ള നമ്മുടെ കോൺട്രാക്ട്സ്... നമ്മുടെ സ്ഥാപനങ്ങളിലെ തൊഴിലാളി യൂണിയനുകൾ.... അവയുടെ നേതാക്കന്മാർ... അവരുടെ ജാതകം... നമ്മുടെ ബാങ്ക് അക്കൗണ്ട്സുകൾ... ലോൺസ്... and etc. etc.”
എല്ലാവരും പരസ്പരം നോക്കി. പൂച്ച പുലിയായോ. ഈ പെണ്ണിന് ബിസിനസ്സൊന്നും അറിയില്ല എന്ന് പറഞ്ഞത് ആരാണാവോ? ഫെർണാണ്ടസിന് ഒരു വിക്കലുണ്ടായി.
“അ... അല്ല... മാഡം... അതിപ്പോൾ.... പെട്ടന്ന്...”
“പെട്ടെന്ന് വേണം സാർ.....”
സൂസൻ ഇടയ്ക്ക് കയറിപ്പറഞ്ഞു. ഫെർണാണ്ടസ് മാത്രമല്ല. അവിടെയുള്ള എല്ലാവരും പകച്ചുപോയി.
“നമുക്ക് തീരെ സമയമില്ല. എനിക്ക് ഒട്ടുമില്ല. നോക്കൂ... ആദം മൂന്നരവയസ്സുള്ള ഒരു കൊച്ചു കുട്ടിയാണ്. അവൻ എന്നെയും പ്രതീക്ഷിച്ച്... ഈ മീറ്റിംഗ് ഹാളിൻറെ പുറത്ത് കാത്തിരിക്കുന്നുണ്ട്. അവനെ അവിടെയങ്ങിനെ ഒറ്റയ്ക്കിരുത്താൻ എനിക്കാവില്ല. സോ... നമുക്ക് തീരെ സമയമില്ല.”
ഫെർണാണ്ടസ് തലകുലുക്കി. “മറ്റന്നാൾ രാവിലെ ഇതെല്ലം മാഡത്തിൻറെ മുൻപിലുണ്ടാവും. നമുക്ക് ഇൻവെൻഡറി എടുക്കണം. അതിനാണ് ഇത്രയും നേരം.”
അവൾ തല വെട്ടിച്ചു. “ഞാൻ പ്രതീക്ഷിച്ചത്... നിങ്ങൾ നാളെ വൈകുന്നേരമെങ്കിലും എനിക്കിതെല്ലാം നൽകുമെന്നാണ്. ഈവൻ ദോ... ഇറ്റ് ഈസ് ഓകെ ഫോർ നൗ.”
അവൾ എഴുന്നേറ്റപ്പോൾ എല്ലാവരും എഴുനേറ്റു. അവൾ വേറെ ഒന്നും സംസാരിച്ചില്ല. നേരെ മീറ്റിംഗ് ഹാളിൻറെ പുറത്തേയ്ക്ക് നടന്നു. അവൾ വാതിൽ കടന്നു പോയപ്പോൾ കൂട്ടത്തിൽ ഒരാൾ പതുക്കെ ആരോടെന്നില്ലാതെ ചോദിച്ചു.
“ഈ സ്ത്രീ പട്ടാളത്തിലോ മറ്റോ ആയിരുന്നോ? ഇതൊരുമാതിരി വെട്ടൊന്ന് മുറി രണ്ട് പോളിസിയാണല്ലോ?”
“സ്റ്റീഫൻ......” ഫെർണാണ്ടസിൻറെ ശബ്ദമുയർന്നു.
“ഈ സ്ത്രീ എന്നോ? കാൾ ഹെർ മാഡം. ഫ്രെഡിയുടെ ഭാര്യയാണവർ. അവരുടെ വയസ്സോ പരിചയക്കുറവോ ഒന്നും നോക്കണ്ട. ഫ്രെഡിയുടെ ഭാര്യ... അത് മതി. അവരെ റെസ്‌പെക്ട് ചെയ്യാൻ. അതിപ്പോളവരുടെ പ്രസൻസിലായാലും ശരി... അല്ലെങ്കിലും ശരി. മനസ്സിലായോ?”
സ്റ്റീഫൻ ചൂളിപ്പോയി. ഫെർണാണ്ടസിൻറെ ആ താക്കീത്, അതത്രയ്ക്ക് സ്ട്രോങ്ങായിരുന്നു. ഷാർപ്പായിരുന്നു.
“എല്ലാവരും കേട്ടല്ലോ.... നാളെ ഉച്ചയാകുമ്പോൾ.. മാഡം പറഞ്ഞ എല്ലാ സംഗതികളും എനിക്കിവിടെ... എൻറെ മേശപ്പുറത്ത് വേണം. മിസ്റ്റർ ദിനകരൻ....”
“യെസ് സാർ...“ ദിനകരൻ എന്ന മിത്രയുടെ ഓപ്പറേഷൻ വൈസ് പ്രസിഡണ്ട് ഭവ്യതയോടെ വിളികേട്ടു.
“യു ആർ ദ റെസ്പോൺസിബ്ൾ പേഴ്സൺ. നാളെ പന്ത്രണ്ടു മണിക്ക് എന്നെ വന്നു കാണണം. വരുമ്പോൾ ഈ പറഞ്ഞ മുഴുവൻ സാധനങ്ങളും... ഒരൽപം കൂടുകയല്ലാതെ.... ഒട്ടും കുറയാതെ കയ്യിലുണ്ടാവണം. എന്ത് സന്നാഹങ്ങളും സ്വീകരിക്കാം. ആരെങ്കിലും നിസ്സഹകരിച്ചാൽ... അവർ പിന്നെ മിത്രയിലുണ്ടാവില്ല. നാളെ പന്ത്രണ്ട് മണിക്ക് ഈ ഫയലുകൾ എനിക്ക് കിട്ടിയില്ലെങ്കിൽ നിങ്ങളും. മനസ്സിലായോ...?”
“യെസ് സാർ...“ ദിനകരൻ തലയാട്ടി.
“ഗുഡ്.... വെരി ഗുഡ്.”
മീറ്റിംഗ് ഹാളിൻറെ പുറത്തേയ്ക്ക് വന്നപ്പോൾ സൂസനെയും കാത്ത് ലോബിയിൽ, ആദമിനോട് എന്തൊക്കെയോ കളികൾ പറഞ്ഞ്, ഹസ്സൻ ഇരിക്കുന്നുണ്ട്. താൻ ബോൾഡാണെന്ന് അവർക്ക് തോന്നണം. സോഫ്റ്റാണെന്ന് തോന്നുകയേ ചെയ്യരുത്. അതായിരുന്നു ഹസ്സൻറെ ഉപദേശം.
ഹസ്സനെ കണ്ടപ്പോൾ അവൾക്ക് പെട്ടെന്ന് ഒരു വികാര തള്ളിച്ച ഉണ്ടായി. വിതുമ്പിക്കൊണ്ട് അവൻറെ അരികിലെത്തി. അവളുടെ വരവ് കണ്ട് അമ്പരന്നെഴുനേറ്റ ഹസ്സൻറെ ചുമലിലേക്ക് അവൾ സ്വന്തം നെറ്റി കുത്തി.
“എനിക്ക് വയ്യ ഹസ്സൻ. ഫ്രെഡി ഇരുന്ന ചെയറിൽ.... അവനു പകരം.... അത് തീ പോലെ പൊള്ളുന്നു.”
ഹസ്സൻ അവളുടെ ചുമലിൽ മെല്ലെ തട്ടിക്കൊണ്ട് പറഞ്ഞു. “ഈസി ഗേൾ.. ഈസി. ആ ചെയറിൽ ഇനി നീയേ ഇരിക്കാവൂ. അറ്റ് ലീസ്റ്റ് ആദം അതിനാവുന്നത് വരെയെങ്കിലും. നോക്ക്.. ഇവിടെ നിൻറെ ശമ്പളക്കാരെ ഉള്ളൂ. അവരുടെ മുൻപിൽ നീ ഒട്ടും സോഫ്റ്റല്ലാത്ത ഒരാളാണ്. വളരെ ബോൾഡായ... ഒട്ടും സെന്റിമെന്റലല്ലാത്ത അവരുടെ ബോസ്. അല്ലാതെ ഇങ്ങിനെ തൊട്ടാവാടിയല്ല. നിൻറെ ദൗർബല്യങ്ങളിലേക്ക് കാലെടുത്തു വെക്കാൻ... നീയാരെയും അനുവദിക്കരുത്.”
അവൾ മെല്ലെ ഹസ്സനിൽ നിന്നും മാറി. നോക്കുമ്പോൾ ആരൊക്കെയോ ചിലർ നോക്കി നിൽക്കുന്നു. മീറ്റിംഗ് ഹാളിൻറെ വാതിൽ തുറക്കുന്ന ശബ്ദം. അവൾ വേഗം മുഖം തുടച്ചു.
ഫെർണാണ്ടസ് അവരുടെ അടുത്തേയ്ക്ക് വന്നു. കൂടെ ഇമ്മാനുവലും, ദിനകരനും വേറെ രണ്ടുമൂന്ന് പേരും ഉണ്ടായിരുന്നു.
“ഹലോ സാർ... ഹൌ ആർ യു...?”
ഫെർണാണ്ടസ് ഹസ്സനെ വിഷ് ചെയ്തു. പുഞ്ചിരിച്ചു കൊണ്ട് ഫെർണാണ്ടസിൻറെ കൈ കുലുക്കുന്നതിനിടയിൽ ഹസ്സൻ ചോദിച്ചു.
“ഐ ആം ഫൈൻ... ആൻഡ് യു...?”
“ഫൈൻ... ഫൈൻ സാർ...”
ഹസ്സൻ സൂസനെ തന്നോട് ചേർത്തു നിർത്തിക്കൊണ്ട് ഫെർണാണ്ടസിനോട് പറഞ്ഞു.
“എനിക്കറിയാം... ഫ്രെഡിക്ക് നിങ്ങൾ ഒരു മൂത്ത സഹോദരനെ പോലെയായിരുന്നു. നിങ്ങളെ കുറിച്ച് അവനെന്നോട് ഒരുപാട് പറഞ്ഞിട്ടുണ്ട്. ഇനി നിങ്ങൾ വേണം... ഈ കമ്പനിക്കും... ഇവൾക്കും.”
“ഹോ... എൻറെ ഹൃദയം നിറഞ്ഞു സാർ. എനിക്കും ഒരനിയനെ നഷ്ടപ്പെട്ടു. ഞാനുണ്ടാകും സാർ. ഞങ്ങളെല്ലാവരും ഉണ്ടാകും.”
ഹസ്സൻ തലകുലുക്കി. “താങ്ക്യൂ... താങ്ക്യൂ വെരിമച്ച്. ഞങ്ങൾക്കിപ്പോൾ പോകാമല്ലോ അല്ലെ? സ്റ്റാഫുകളെയും മറ്റുമൊക്കെ സൂസന് നാളെ പരിചയപ്പെടാം. പോരെ?”
“പിന്നെന്താ.... ധാരാളം മതി... മാഡം ഇന്നൊന്ന് വിശ്രമിച്ചോട്ടെ. ഇനിയങ്ങോട്ട് വിശ്രമമില്ലാത്ത ഒരുപാട് നാളുകൾ വരാനുണ്ട്. ഒരു വലിയ സാമ്രാജ്യത്തിൻറെ സിംഹാസനത്തിലിരിക്കുമ്പോൾ... ഉറക്കവും വിശ്രമവും വളരെ പ്രയാസമുള്ള കാര്യമാവും.”
തുടരും
സൂസൻ തുടങ്ങിയല്ലേ...
ReplyDeleteഅവരുടെ മുൻപിൽ നീ ഒട്ടും സോഫ്റ്റല്ലാത്ത ഒരാളാണ്. വളരെ ബോൾഡായ... ഒട്ടും സെന്റിമെന്റലല്ലാത്ത അവരുടെ ബോസ്. അല്ലാതെ ഇങ്ങിനെ തൊട്ടാവാടിയല്ല. നിൻറെ ദൗർബല്യങ്ങളിലേക്ക് കാലെടുത്തു വെക്കാൻ... നീയാരെയും അനുവദിക്കരുത്.
ReplyDelete