Saturday, November 28, 2020

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 5: പിറന്നാൾ


സെമിത്തേരിയുടെ ഗേറ്റ് കടന്നപ്പോൾ തന്നെ ശ്രദ്ധിച്ചു. ലിസിയുടെ കല്ലറയ്ക്കരുകിൽ ഇമ്മാനുവൽ. അല്ലെങ്കിലും എപ്പോഴൊക്കെ സൂസൻ സെമിത്തേരിയിലേക്ക് വരുന്നുണ്ടോ; അപ്പോഴൊക്കെ ഇമ്മാനുവലും അവിടെ ഉണ്ടാകാറുണ്ടല്ലോ! 


കയ്യിലെ പൂക്കൾ സൂസൻ കല്ലറയ്ക്ക് മുകളിൽ വെച്ചു. മെഴുകുതിരി കത്തിച്ചു. പതിവിലും കൂടുതൽ ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. 


ആദം പുതിയ ഉടുപ്പ് ധരിച്ചിട്ടുണ്ട്. അവൻറെ മുഖത്ത് അതിൻറെ സന്തോഷവും ഉണ്ട്. മമ്മയുടെ കൂടെ എപ്പോഴും ഇവിടേയ്ക്ക് വരുന്നതു കൊണ്ട്, ആ കല്ലറയോട് ഇപ്പോൾ അവനൊരു ഇഷ്ടമുണ്ട്. 


മമ്മ പറഞ്ഞത്, പപ്പാ അവിടെ ഉറങ്ങുകയാണെന്നാണ്. വീട്ടിലത്രയും സ്ഥലമുണ്ടായിട്ടും പപ്പാ എന്തിനാ അവിടെ കിടന്നുറങ്ങുന്നത് എന്ന് മാത്രം അവനു മനസ്സിലായിട്ടില്ല. സ്വർഗത്തിലേക്ക് പോയവരൊക്കെ ഇവിടെയാണത്രെ ഉറങ്ങാറുള്ളത്. അതും മമ്മ പറഞ്ഞത് തന്നെ. അവൻ മമ്മയെ നോക്കി. ആ കണ്ണുകൾ നിറഞ്ഞൊലിക്കുന്നു. അത് കാണെ അവനും സങ്കടമായി.


ഫ്രെഡീ..... ഓർമ്മയില്ലേ? ഇന്ന് ജനുവരി 29. ആദമിന് നാല് വയസ്സായി. നീയില്ലാത്ത അവൻറെ ആദ്യത്തെ പിറന്നാൾ. അവൻ ചോദിച്ചായിരുന്നു. ഹാപ്പി ബർത്ത്ഡേയ്ക്ക് പപ്പാ സമ്മാനമൊന്നും തരില്ലേ എന്ന്. ഞാൻ അവനൊരു മൗത്ത് ഓർഗൻ വാങ്ങിച്ചു കൊടുക്കട്ടെ? നീ വാങ്ങിച്ച് തന്നതാണെന്ന് പറഞ്ഞോളാം. എന്നാലും നിൻറെ ഒരു ചുംബനം... അതവൻ കൊതിക്കുന്നുണ്ടാവില്ലേ? നീ എത്ര വലിയ ആഘോഷമായിട്ടായിരുന്നു അവൻറെ പിറന്നാളുകൾ ആഘോഷിച്ചിരുന്നത്?  ഇന്നിപ്പോൾ നീയില്ലാതെ.... ഞാനെങ്ങനെ? എന്നാലും അവൻറെ സന്തോഷം... അത് നടക്കട്ടെ.  ഹസ്സനും കുട്ടികളും വരും. ചേച്ചിയും മോളും വരും. പിന്നെ കിൻഡർ ഗാർഡനിലെ ടീച്ചറും കൂട്ടുകാരും പാരൻസും. അതു മതി. അവൻറെ സന്തോഷം... അതിനാ ഇത്രയെങ്കിലും.


സൂസൻറെ കവിളിൽ നീർമുത്തുകൾ തിളങ്ങിനിന്നു. ഒരു കാലൊച്ച അടുത്തു വന്നപ്പോൾ അവൾ വേഗം തുടച്ചു. ഇമ്മാനുവൽ പുഞ്ചിരിയോടെ ആദമിനോട് പറഞ്ഞു.


“ഹായ് ആദം..... ഹാപ്പി ബർത്ത്ഡേ റ്റു യു....” 


“താങ്ക്യൂ അങ്കിൾ....” ആദം ചിരിച്ചു. 


ഇമ്മാനുവൽ സൂസനെ നോക്കി. അവളുടെ മുഖത്ത് അത്ഭുതമായിരുന്നു. അവൻ എങ്ങിനെ അറിഞ്ഞു. എങ്കിലും അവളത് ചോദിച്ചില്ല. ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി.


“സോറി മാഡം...  ബർത്ത്ഡേ ആയിട്ട് ആദമിന് ഒരു മിഠായി പോലുംകൊടുക്കാനില്ല. മാഡത്തിന് വിരോധമില്ലെങ്കിൽ... ഞാൻ അവനൊരു ഐസ്ക്രീം വാങ്ങിച്ചു കൊടുത്തോട്ടെ?” 


ഓ... അതൊന്നും സാരമില്ല. വേണ്ട. എന്ന് പറയാൻ തുടങ്ങിയപ്പോഴേക്കും, “ഹായ്... ഐസ്ക്രീം” എന്ന് പറഞ്ഞ് ആദം അവൻറെ സന്തോഷം പ്രകടിപ്പിച്ചിരുന്നു. അവൾ ആകെ വല്ലാതായി. ഇമ്മാനുവലിൻറെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ പ്രതീക്ഷയോടെ നോക്കി നിൽക്കുന്നു. സമ്മതിച്ചേക്ക് മാഡം എന്നവൻറെ കണ്ണുകൾ തന്നോട് പറയുന്നുണ്ടോ? അവൾ മെല്ലെ തലകുലുക്കി. 


ഇമ്മാനുവൽ ആദമിൻറെ നേരെ വിരൽ നീട്ടിയപ്പോൾ അവൻ സന്തോഷത്തോടെ ആ വിരൽ തുമ്പിൽ പിടിച്ചു. അവർ നടന്നു തുടങ്ങി. കുറച്ചു നടന്ന് ഇമ്മാനുവൽ തിരിഞ്ഞു നോക്കിയപ്പോൾ, സൂസൻ ഒരു ശിൽപം പോലെ നിൽക്കുന്നു. തിരിഞ്ഞു നിന്ന ആദം കൈമാടി വിളിച്ചു.


“വാ മമ്മാ.....” 


സൂസൻ കല്ലറയിലൊക്കൊന്നു നോക്കി. സോറി ഫ്രെഡീ. കണ്ടില്ലേ... ആദം വലിയ സന്തോഷത്തിലാണ്. അവനെ തനിച്ചെങ്ങിനെ ഞാനവൻറെ കൂടെ വിടും...?


ഐസ്‌ക്രീം പാർലറിൽ ടേബിളിൻറെ അപ്പുറവും ഇപ്പുറവും ഇരുന്നിട്ടും ഇമ്മാനുവലിനും സൂസനും ഒന്നും പറയാനില്ലായിരുന്നു. വെയ്റ്റർ വന്നപ്പോൾ ആദ്യം തന്നെ ഇമ്മാനുവൽ ഒരു ചോക്കോ ബട്ടർ ഐസ്ക്രീം പറഞ്ഞു. പിന്നെ അവളെ നോക്കി.


“ഒരു കോഫി പറയട്ടെ മാഡം....? 


വേണോ വേണ്ടയോ എന്നവളൊന്ന് ആലോചിച്ചപ്പോഴേക്കും ഇമ്മാനുവൽ പറഞ്ഞിരുന്നു. “രണ്ടു കോഫി.”


വെയ്റ്റർ ഒന്ന് ചിരിച്ചു. പിന്നെ പോയി. ഇമ്മാനുവൽ അയാളെയും നോക്കി നിൽക്കെ സൂസൻ ചോദിച്ചു. 


“ഇമ്മാനുവലിന് എങ്ങിനെ മനസ്സിലായി... ഇന്ന് ആദമിൻറെ ബർത്ത്ഡേ ആണെന്ന്?” 


ഇമ്മാനുവലിൻറെ മുഖത്ത് വിഷാദം. “മറക്കാനാവുമോ? കഴിഞ്ഞ ജനുവരി ഇരുപത്തി ഒൻപതിന്... ആദമിൻറെ പിറന്നാളാഘോഷത്തിൽ വച്ചല്ലേ... ഫ്രെഡി സാർ ഒരു പാട്ട് പാടിയത്? ലിസിയോടൊപ്പം? എൻറെ കയ്യിലിപ്പോഴുമുണ്ട് ആ വീഡിയോ? അവര് രണ്ടു പേരും എത്ര നന്നായി പാടുമായിരുന്നല്ലേ?”  


സൂസൻറെ ചുണ്ടിൽ വേദന കലർന്നൊരു പുഞ്ചിരിയുണ്ടായി. സുഖവും വേദനയും ഒരുമിച്ച് തരുന്ന ഓർമ്മയുടെ മന്ത്രവാദമായിരുന്നു അത്!

ഫ്രെഡി നന്നായി പാടുമായിരുന്നു. സംഗീതം വലിയ ഇഷ്ടവും ആയിരുന്നു. കഴിഞ്ഞ വർഷം ഈ ദിവസം ആഘോഷത്തിന്നിടെ ലിസിയും ഫ്രെഡിയും മനോഹരമായൊരു ഗാനം പാടിയിരുന്നു. 


അവളുടെ അകക്കണ്ണിൻ ആ രംഗം ഒരു തിരശ്ശീലയിലെന്ന വണ്ണം തെളിഞ്ഞു വന്നു. ആ പാട്ട് പാടുമ്പോൾ ഫ്രെഡിയുടെ ചുണ്ടിലൊരു കള്ളചിരിയുണ്ടായിരുന്നു. ഇടയ്ക്കിടെ പ്രണയപൂർവ്വം അവനവളെ, ആ കള്ളച്ചിരിയോടെ നോക്കുന്നുണ്ടായിരുന്നു. ബെഡ്‌റൂമിൽ വച്ച് അവളത് ചോദിച്ചപ്പോൾ അവൻ പറഞ്ഞു.


“അതോ... പാടിയപ്പോൾ... ചില വരികൾ.. ഓർമ്മകളെ ആ കടപ്പുറം വരെ കൊണ്ടുപോയി. മറന്നോ നീ...?”


അവളുടെ മുഖത്ത് ഇത്തിരി നാണം ചുവപ്പു രാശി പൂശി. തത്തിക്കളിക്കുന്ന ഒരു പുഞ്ചിരിയോടെ അവൾ ചോദിച്ചു. “ഏതു വരികൾ....?” 


ചെറുചാറ്റൽ മഴയിൽ നീ നനഞ്ഞൊട്ടി 

അറിയാതെയെൻ മുന്നിൽ വന്ന നേരം.


ഫ്രെഡി പതുക്കെ മൂളവേ, അത്രയായപ്പോഴേക്കും നാണം കാരണം അവളുടെ മുഖമാകെ ചുവന്നു. “പോടാ.... കളിയാക്കാതെ... അത് തന്നെ ഓർത്തിരിക്കുവാണോ? അന്നൊന്ന് തിരിഞ്ഞു പോലും നോക്കാതെ പോയിട്ട്. ഇപ്പോൾ കളിയാക്കുന്നോ...?”  


അവളവനെ കിടക്കയിലേക്ക് തള്ളി. വീഴുന്നതിനിടയിൽ അവൻ അവളുടെ കൈ പിടിച്ച് തന്നിലേക്ക് വലിച്ചിട്ടു. 


“മാഡം. മാഡം.”


ഇമ്മാനുവൽ വിളിച്ചപ്പോൾ ഞെട്ടലോടെ ഓർമ്മകളിൽ നിന്നും സൂസൻ ഉണർന്നു. വിളറിയ ചിരിയോടെ നോക്കിയപ്പോൾ അവൻ പറഞ്ഞു. “കോഫി...” 


അവളുടെ മുൻപിൽ ആവി പറക്കുന്ന കോഫി ഉണ്ടായിരുന്നു. ആദം ഒരു സ്പൂണിൽ ഒത്തിരി ഐസ്ക്രീം വാരി വായിലേക്കിട്ട് തണുത്തു ചൂളിയപ്പോൾ അവൾ പറഞ്ഞു.


“കുറേശെ കഴിക്ക് മോനെ... ഒരുപാട് വാരിത്തിന്നാൽ തൊണ്ടവേദന വരും.”


അവനവളെ നോക്കി ചിരിച്ചു. ഇമ്മാനുവൽ കോഫി ഊതി കുടിക്കുന്നത് ഒരു കൗതുകത്തോടെ അവൾ നോക്കിയിരുന്നു.


“ഇമ്മാനുവലിന് ലിസിയെ ഒത്തിരി ഇഷ്ടമായിരുന്നല്ലേ?”


പെട്ടെന്ന് അങ്ങിനെ ഒരു ചോദ്യം കേട്ടപ്പോൾ, വിഷാദം നിറഞ്ഞൊരു പുഞ്ചിരിയായിരുന്നു ആദ്യത്തെ പ്രതികരണം. അതേതാനും നിമിഷങ്ങൾ നീണ്ടു നിന്നു. പിന്നെ ഒരു നെടുവീർപ്പോടെ പറഞ്ഞു. 


“ജീവനായിരുന്നു. അവളില്ലാതെ ഞാനെങ്ങനെ ജീവിച്ചിരിക്കുന്നു എന്നെപ്പോഴും അത്ഭുതപ്പെടാറുണ്ട്.  അല്ലെങ്കിലെന്തിന് വേണ്ടിയാണെന്ന് ചോദിക്കാറുണ്ട്.” 


അവനൊന്നു നിർത്തി. അവളുടെ കണ്ണുകളിൽ നോക്കി. പിന്നെ പതുക്കെ ചോദിച്ചു.


“ആത്മഹത്യ ചെയ്താൽ കർത്താവിന് നിരക്കുകേലല്ലോ.... അല്ലെ? തെമ്മാടിക്കുഴിയിൽ കിടക്കാനല്ല.... അവളുടെ ചാരെ കിടക്കാനാണ് ഇഷ്ടം.”


അവൾ തല കുലുക്കി. പിന്നെ ആരും ഒന്നും പറഞ്ഞില്ല. മെല്ലെ മെല്ലെ കോഫി ഊതിക്കുടിച്ച് അവരവരുടെ ലോകത്തിലൊളിച്ചിരുന്നു. അപരിചിതരെ പോലെ! 


പാർലറിൽ നിന്നും പുറത്തേയ്ക്കിറങ്ങി കാറുകളിലേക്ക് പോകുമ്പോൾ, തിരിഞ്ഞു നിന്ന് കൊണ്ട് അവൾ വിളിച്ചു. “ഇമ്മാനുവൽ....”


അവൻ തിരിഞ്ഞുനോക്കി


“ഇന്ന് വൈകുന്നേരമൊരു കൊച്ചു പാർട്ടിയുണ്ട്. മിത്രഹാളിൽ. ആദമിനൊരു സന്തോഷമായിക്കോട്ടെ എന്ന് വച്ചു. ഇമ്മാനുവൽ വരണം.” 


അവൻ സമ്മതഭാവത്തിൽ തലയാട്ടുക മാത്രം ചെയ്തു. സൂസൻ കാറോടിച്ച് പോകുമ്പോഴും അവൻ തൻറെ കാർ സ്റ്റാർട്ട് ചെയ്തിട്ടില്ലായിരുന്നു. ഏതോ ചിന്തയിൽ അവൻ മുഴുകിയിരുന്നു. 


വൈകുന്നേരം ഇമ്മാനുവൽ എത്തുമ്പോൾ അയാളുടെ കയ്യിൽ സാമാന്യം വലിയൊരു സമ്മാനപ്പൊതി ഉണ്ടായിരുന്നു. സന്തോഷത്തോടെ ആദം അത് വാങ്ങി. അവന് പരിചയമുള്ള ആരും അപ്പോൾ അവിടെ അതിഥികളായി ഉണ്ടായിരുന്നില്ല. കുറെ അപരിചിതർ. ആദമിൻറെ സഹപാഠികളുടെ മാതാപിതാക്കൾ ആണെന്ന് തോന്നുന്നു. സുന്ദരിയായ ഒരു യുവതി സന്തോഷത്തോടെ അവിടെയൊക്കെ അതിഥികളുടെ ഇടയിൽ ഓടിനടക്കുന്നുണ്ട്. അവൾ ഒരു വയലറ്റ് ഷാൾ കഴുത്തിൽ ചുറ്റിയിട്ടുണ്ട്. അതിനൊരു പ്രത്യേക ഭംഗിയും ഉണ്ട്. ഒറ്റ നോട്ടത്തിൽ തന്നെ ആരും ശ്രദ്ധിച്ചുപോവുന്ന ആൾ. ഇമ്മാനുവൽ അറിയാതെ അവളെ നോക്കി കുറെ നേരം ഇരുന്നു. 


“ഹലോ... ഇമ്മാനുവൽ...” 


തിരിഞ്ഞു നോക്കിയപ്പോൾ ഹസ്സൻ. ബഹുമാനപൂർവ്വം എഴുനേറ്റു. പുഞ്ചിരിയോടെ ഹസ്സൻ ഹസ്തദാനത്തിനായി കൈനീട്ടി.


“ഞങ്ങൾ കുറച്ചു വൈകി. ഇറങ്ങാൻ നേരമാണ്, ഡോക്ടർക്കൊരു കാൾ വന്നത്. എ കാൾ ഫോർ ഡ്യൂട്ടി. പിന്നെ... എങ്ങിനെയുണ്ട്? സൂസൻ... കമ്പനി കാര്യങ്ങളിലൊക്കെ?”


“അയ്യോ.... മാഡം പുലിയല്ലേ സാർ. മാത്രമല്ല... ഫെർണാണ്ടസ് സാർ വളരെ ലോയലായ ഒരാളാണ്. പോരാത്തതിന് ഞങ്ങളൊക്കെ ഇല്ലേ?” 


“ഉം....”  ഹസ്സൻ തലകുലുക്കി. അപ്പോഴേക്കും കയ്യിൽ ഒരു ഗ്ലാസുമായി  ശീതളപാനീയവുമായി വയലറ്റ് ഷാളുകാരി എത്തി. ഗ്ലാസ് വാങ്ങിക്കുന്നതിനിടയിൽ ഹസ്സൻ ചോദിച്ചു. 


“ആഹാ... ടീച്ചർ വീട്ടുകാരിയായോ? ഉം... നടക്കട്ടെ...” 


അവൾ അവരെ നോക്കി സുന്ദരമായി ഒന്ന് പുഞ്ചിരിച്ചു. ഒന്നും പറയാതെ പോവുകയും ചെയ്തു. അതിഥികൾ മുഴുവൻ വന്നപ്പോൾ കേക്ക് കട്ട് ചെയ്യാൻ എടുത്തു വച്ചു. മാലാഖാമാരായി വേഷമിട്ട കുട്ടികളും, അതിഥികളുമൊക്കെ ആശംസാഗാനം പാടവേ, ആദം ആ കേക്കിൽ നിന്നും ഒരു കഷ്ണമെടുത്ത് സൂസന് നേരെ നീട്ടി. അവളത് വാങ്ങി അവൻറെ വായിൽ വച്ചുകൊടുക്കുമ്പോൾ, കണ്ണുകളിൽ രണ്ടു മുത്തുകൾ തിളങ്ങുന്നുണ്ടായിരുന്നു.  


ഫ്രെഡീ... നീയില്ലാത്ത ഒരു പിറന്നാളോഘോഷം... നമ്മുടെ മോന്. 


അതിഥികളുടെ ആശംസാ ഗാനത്തിനും കരഘോഷത്തിനും ശേഷം ഹസ്സൻ പറഞ്ഞു.


“വലിയ വേദനയുടെ ഇടയിൽ... നമ്മൾക്ക് കിട്ടിയൊരു കൊച്ചു സന്തോഷമാണ് ഇത്. ആദം ഇനിയും വളരട്ടെ. ആകാശം മുട്ടെ വളരട്ടെ.”


നീണ്ട കരഘോഷങ്ങൾക്കൊടുവിൽ ഹസ്സൻ തുടർന്നു.


“സൂസനും ആദമും നമ്മളുമൊക്കെ... ഫ്രെഡിയുടെ മരണം ഇല്ലാതാക്കിയ... ഈ വലിയ ശൂന്യത ചാടിക്കടക്കാൻ പ്രാപ്തരാവട്ടെ.  നമുക്കറിയാം. കഴിഞ്ഞ വർഷം... ഇതേ ദിവസം... ഫ്രെഡി നമുക്ക് വേണ്ടി ഒരു പാട്ട് പാടിയിരുന്നു. ഓർമ്മകൾക്ക് നമ്മെ അങ്ങേയറ്റം വേദനിപ്പിക്കാനുള്ള കഴിവുണ്ടെങ്കിലും... ആ ഓർമ്മകൾ നമുക്ക് പ്രിയപ്പെട്ടതാകുന്നു. നമുക്ക് ആ ഗാനം ഒന്നുകൂടി കേൾക്കാം.”


ഹസ്സൻ തൻറെ മൊബൈലിൽ ആ ഗാനം പ്ലേ ചെയ്തു. പിന്നെ അത് മൈക്കിൻറെ അടുത്തേയ്ക്ക് ചേർത്തു വച്ചു. ഫ്രെഡിയും ലിസിയും, ആദമിൻറെ കഴിഞ്ഞ പിറന്നാളാഘോഷത്തിനു പാടിയ ആ ഗാനം, ഒരിക്കൽ കൂടി അവരുടെ കാതുകളിൽ തേന്മഴയായി.


ഈ ജീവ നദി തൻ  

അക്കരെയിക്കരെ 

നാം കണ്ടൊരാ ദിവ്യനിമിഷം.

നീയെൻറെ ഹൃദയം; 

നിൻറെയാക്കീ

ഞാൻ നിൻറെ ഹൃദയം;

എൻറെയാക്കീ.


ഒരായിരം ഓർമ്മകളുടെ വേലിയേറ്റങ്ങളിൽ ഹൃദയമുലഞ്ഞ, സൂസൻ നോക്കിയപ്പോൾ. വിരൽ തുമ്പുകൾ കൊണ്ട് കണ്ണീർ തുടക്കുന്ന ഇമ്മാനുവലിനെകണ്ടു. അവൾ വല്ലാത്തൊരു സഹതാപത്തോടെ അവനെയും നോക്കി നിന്നു.


രാത്രി അതിഥികളൊക്കെ പോയി. ഹസ്സനും കുടുംബവും, ചേച്ചിയും മോളും പിന്നെ വേലക്കാരിയും മാത്രമായപ്പോൾ സമ്മാനപ്പൊതികളൊക്കെ തുറന്നു നോക്കുകയായിരുന്നു അവർ. സൂസന് ഇമ്മാനുവൽ കൊണ്ടുവന്ന സമ്മാനം എന്താണെന്നറിയാൻ ഒരു കൗതുകമുണ്ടായിരുന്നു.


അതൊരു കാസിയോയുടെ ചെറിയ മ്യൂസിക് കീബോഡ് ആയിരുന്നു. അവളുടെ ചുണ്ടിൽ അറിയാതൊരു പുഞ്ചിരി വിടർന്നു. 


ആദം അതെത്രയോ ഇഷ്ടത്തോടെ നെഞ്ചോട് ചേർത്തു. പിന്നെ അതിൽ ചറപറാന്ന് വിരലുകൾ അമർത്തി. അവൻറെ ആ കുസൃതിത്താളം അവിടെയാകെ ഒഴുകിനടന്നു!


തുടരും

 

2 comments:

  1. ആദമിന്റെ പിറന്നാൾ, ദുഃഖത്തിനിടയിൽ ഒരു ചെറിയ സന്തോഷം :)

    ReplyDelete