Wednesday, December 2, 2020

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യയം 6: അപവാദം 


മേശയിൽ കൈ മുട്ടുകളൂന്നി, വിരലുകൾ കൊണ്ട് ഇരുചെന്നികളിലും ഞെരടി, സൂസൻ കണ്ണുകളടച്ചിരുന്നു. അവൾക്കു മുന്നിലിരിക്കുന്ന ഫെർണാണ്ടസിൻറെ മുഖവും വിഷാദത്തിൻറെ മാറാല കെട്ടിയതു തന്നെ.


കുറെ നേരമായിട്ടും അവളൊന്നും മിണ്ടാതെ വന്നപ്പോൾ, ഫെർണാണ്ടസ് പറഞ്ഞു:  “മാഡം... ഞാനൊന്ന് സൂചിപ്പിച്ചെന്നേ ഉള്ളൂ. മാഡം വെറുതെ ടെൻഷനാവണ്ട. അത് കാര്യമാക്കുകയും വേണ്ട.”


സൂസൻ തലയുയർത്തി. ആ കണ്ണുകൾ ചുവന്നിരുന്നു. “ഞാൻ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു. അല്ലേ..?”


“നോ.. നോ. അങ്ങിനെ കരുതുകയേ വേണ്ട. മാഡത്തിനങ്ങിനെ ആരുടെയെങ്കിലും സർട്ടിഫിക്കറ്റ് കൊണ്ടു നടക്കേണ്ട കാര്യമൊന്നുമില്ല. പ്രത്യേകിച്ചും ഈ സദാചാര പുങ്കവന്മാരുടെ. ടേക്ക് ഇറ്റ് ഈസി. ഇങ്ങിനെയൊരു റൂമർ ഇവിടെയുണ്ടെന്നേ സൂചിപ്പിച്ചുള്ളു. ഇതിനേക്കാൾ വലിയ തോന്ന്യാസം... നാളെ ഇതേ കൂട്ടർ പറഞ്ഞുണ്ടാക്കി എന്നും വരാം.” 


സജലനേത്രങ്ങളോടെ അവൾ ചോദിച്ചു. “ഡൂ യു നോ? ഫ്രെഡി മരിച്ചിട്ട് രണ്ടര വർഷമായി. ഇന്നലെയെന്ന പോലെ... ഇന്നും അതെന്നെ വേദനിപ്പിക്കുന്നുണ്ട്. ഫ്രെഡിയെ ഓർക്കാതെ ഒരു ദിവസം പോയിട്ട്... ഒരു മണിക്കൂറു പോലും... എനിക്കുണ്ടായിട്ടില്ല... ആ എന്നെ....”


ഫെർണാണ്ടസ് തലകുലുക്കുക മാത്രം ചെയ്തു. അതെല്ലാം എനിക്കറിയാമല്ലോ എന്ന മട്ടിൽ. 


അവൾ തുടർന്നു. “ആ മനുഷ്യൻ അരുതാത്ത ഒരു നോട്ടം പോലും നോക്കിയിട്ടില്ല. ഒരു വാക്കുപോലും. എന്നിട്ടിപ്പോ... ഈ നായിൻറെ മക്കൾ.....”


ശബ്ദമില്ലാതെ കുലുങ്ങിച്ചിരിച്ചു ഫെർണാണ്ടസ്. 


“സോറി... ദേഷ്യം കൊണ്ട് പറഞ്ഞതാണ്...”  


സൂസൻ പറഞ്ഞപ്പോൾ അതൊന്നും സാരമില്ലെന്ന അർത്ഥത്തിൽ അദ്ദേഹം കൈകൊണ്ട് ആംഗ്യം കാണിച്ചു. സത്യത്തിൽ അയാൾക്ക് നല്ല സഹതാപമുണ്ട്. ഭർത്താവ് മരിച്ച ഒരു സ്ത്രീ. വലിയൊരു ബിസിനസ്സ് സാമ്രാജ്യം ഒറ്റയ്ക്ക് നടത്തി അതിൽ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ, അവളുടെ ഒരു ശമ്പളക്കാരനെയും അവളെയും ചേർത്ത്, അവളുടെ സ്ഥാപനങ്ങളിലെ സ്റ്റാഫുകൾക്കിടയിൽ അപവാദം പരക്കുന്നു. അതിനെക്കുറിച്ചൊന്ന് സൂചിപ്പിച്ചതാണ്. അതിപ്പോൾ അവളെ ആകെ അപ്സെറ്റാക്കി.


“മാഡം... ഇത് ഒറ്റയ്ക്ക് ജീവിക്കുന്ന മിക്ക സ്ത്രീകൾക്കും, അല്ലെങ്കിൽ എല്ലാ സ്ത്രീകൾക്കും നേരിടേണ്ടിവരുന്നൊരു ഇഷ്യൂ ആണ്. എനിക്ക് തോന്നുന്നത്... ഇതാ യുണിയൻകാരുടെ പണിയാകും. മാഡം വളരെ ഈസി ആയല്ലേ ആ സമരം പൊളിച്ചത്... അതിൻറെ ഒരു ചൊരുക്കാവും.” 


അവളൊന്നും മിണ്ടിയില്ല.  ആവും എന്നർത്ഥത്തിൽ തല കുലുക്കി. അപ്പോഴാണ് സെക്രട്ടറിയായ പെൺകുട്ടി വിളിച്ചത്. ഇമ്മാനുവൽ സമ്മതം കാത്ത് നിൽക്കുന്നത്രെ. അകത്തേയ്ക്ക് വന്ന ഇമ്മാനുവൽ ഫെർണാണ്ടസിനെ അവിടെ കണ്ടപ്പോൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..


“സാറും ഉണ്ടായതെന്തായാലും നന്നായി.”


അവൻ ഒരു കവർ അവളുടെ നേരെ നീട്ടി. കണ്ണുകളിലേക്ക് നോക്കാതെ പറഞ്ഞു.


“മാഡം... ഇതെൻറെ റെസിഗ്‌നേഷൻ ലെറ്ററാണ്. എനിക്ക് തോന്നുന്നു... ഇതാണ് നല്ല സമയമെന്ന്.” 


അവൾ കവർ തുറന്നതേ ഇല്ല. വെറുതെ അവൻറെയും ഫെർണാണ്ടസിൻറെയും മുഖത്തേയ്ക്ക് മാറി മാറി നോക്കി. 


ഫെർണാണ്ടസിൻറെ മുഖത്ത് അത്ഭുതമോ അമ്പരപ്പോ ഒക്കെ ആയിരുന്നു. അദ്ദേഹം ആ കവർ വാങ്ങി. തുറന്ന് വായിക്കാൻ തുടങ്ങി. സൂസൻ തൻറെ ഇരിപ്പിടത്തിലേക്ക് ചാരിയിരുന്നു. അവളുടെ മുഖത്ത് ഇമ്മാനുവലിൻറെ ആ പ്രവർത്തിയോടുള്ള അനിഷ്ടം ആകെ നിഴലിട്ടിരുന്നു. 


“ബുൾഷിറ്റ്... ഇമ്മാനുവലേ... ഇത് നടക്കുകേല...” 


തൻറെ കയ്യിലെ പേപ്പർ നിസാരമായി മേശപ്പുറത്തേയ്ക്കിട്ടു ഫെർണാണ്ടസ് ഇമ്മാനുവലിൻറെ നേരെ തിരിഞ്ഞു. ഇമ്മാനുവൽ ഇതികർത്തവ്യതാമൂഢനായിരിക്കുകയാണ്. ഇത്തിരി ക്ഷോഭത്തോടെ തന്നെയാണ് ഫെർണാണ്ടസ് സംസാരിച്ചത്.


“കണ്ണിൽ കണ്ടവനൊക്കെ എന്തെങ്കിലും പറഞ്ഞെന്നു വച്ച്?  അതിനൊക്കെ ഒളിച്ചോടാൻ നിന്നാൽ? ഇത് ജീവിതമാണ് ഇമ്മാനുവൽ. അത് ഇങ്ങനെയൊക്കെയാണ്. അല്ലാതെ...”


“ഹേയ്....  സോറി സാർ...” ഇമ്മാനുവൽ ഇടയ്ക്കു കയറി പറഞ്ഞു. “ഇതൊരു ഒളിച്ചോട്ടമൊന്നുമല്ല. ഞാൻ കുറച്ചു കാലമായി ചിന്തിക്കുന്നതാണ്. ഞാനതൊരിക്കൽ മാഡത്തിനോട് പറഞ്ഞിരുന്നു.” 


ഇല്ലേ എന്ന മട്ടിൽ അവൻ നോക്കിയപ്പോൾ, അതേയെന്ന മട്ടിൽ സൂസൻ തലകുലുക്കി. 


ഇരമ്പുന്ന കടലിനെ സാക്ഷിയാക്കി, കടൽ തിരകളോടൊത്ത് കുസൃതികാണിക്കുന്ന ആദമിനെ നോക്കിനിൽക്കുന്ന സൂസനോട്, ചുവന്ന സൂര്യനെ നോക്കി മടുത്തപ്പോൾ, ഒരിക്കലവൻ പറഞ്ഞിരുന്നു. 


തനിക്കൊരു ആത്മീയ യാത്ര നടത്തിയാൽ കൊള്ളാം. ഈ തിരക്കും ബഹളവും ഒന്നുമില്ലാതെ, ഒരു യാത്ര. മനസ്സ് ഏറ്റവും ശാന്തമാകുന്ന ഇടങ്ങൾ തേടിയുള്ള യാത്ര. അത് കേട്ട സൂസൻ, ഒരു ചെറു പുഞ്ചിരിയോടെ, കടൽ കാറ്റിൽ മുഖത്തേയ്ക്ക് വീണ മുടിയൊതുക്കി ചോദിച്ചു.


“അതിനുമാത്രം...  മനസ്സമാധാനം ഇല്ലാതായോ?”


“ഹേയ്. അതുകൊണ്ടൊന്നുമല്ല. എന്തോ... അങ്ങിനെ ഒരാഗ്രഹം. ലിസിയുടെ മരണശേഷം എന്നും ഞാനതിനെപ്പറ്റി ആലോചിക്കാറുണ്ട്. ഒറ്റപ്പെടുക എന്ന് പറഞ്ഞാൽ... അത് മാഡത്തിന് ഞാൻ മനസ്സിലാക്കിയ അർത്ഥമല്ല.”


ആദം ഓടിവന്നു. ഇമ്മാനുവലിൻറെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു: “കമോൺ അങ്കിൾ....   ലെറ്റസ് പ്ലേ.....”


തിരയിൽ ഇമ്മാനുവലിൻറെ അരക്കെട്ട് വരെ നനഞ്ഞിട്ടും കളിച്ചു മതിവരാത്ത ആദാമിനോടൊത്ത് അവൻ കളിച്ചു കൊണ്ടിരിക്കുന്നത് സൂസൻ വെറുതെ നോക്കി നിന്നു. ആദം, ഫ്രെഡിയെ എത്രയധികം മിസ്സ് ചെയ്യുന്നുണ്ടെന്ന്, ഒരു നെടുവീർപ്പോടെ അവളോർത്തു. ചുവന്ന സൂര്യകിരണങ്ങൾ അവളുടെ കണ്ണുകളിൽ രണ്ടു ചുവന്ന മുത്തുകൾ തീർത്തു. ആകാശത്ത് ചുവന്ന പട്ടങ്ങൾ പോലെ ചെറുമേഘങ്ങൾ ഒന്നിന്നൊടൊന്ന് മത്സരിച്ച്, ചക്രവാളത്തിൻറെ അരികിലൂടെ നീന്തി. 


സൂസൻ മേശപ്പുറത്തു നിന്നും ഇമ്മാനുവലിൻറെ റെസിഗ്‌നേഷൻ ലെറ്റർ എടുത്തു. 


“ശരിയാണ്... ഇമ്മാനുവൽ പറഞ്ഞിരുന്നു.  പക്ഷെ ഇതല്ല... അതിനു പറ്റിയ നേരം. രണ്ടു കാര്യങ്ങളുണ്ട്. ഇപ്പോൾ അപവാദം പറഞ്ഞു നടക്കുന്നവർ.... നിങ്ങൾ പോയാൽ... സൂസന് മടുത്തപ്പോൾ... അയാളെ വലിച്ചെറിഞ്ഞെന്ന് പറയും. ഐ ഡോണ്ട് കെയർ. എന്നാലും... അത് വേണ്ട. മറ്റൊന്ന്. മിത്രയുടെ M.V.P-യുടെ കസേര വെറുതെയിടാൻ പറ്റില്ലല്ലോ? അതങ്ങിനെ ആർക്കും ഇരിക്കാവുന്ന കസേരയല്ല. ആണോ?”


ഫെർണാണ്ടസ് തല കുലുക്കി. ഇമ്മാനുവൽ ഒന്നും പറയാനാവാതെ ഇരിക്കവേ, സൂസൻ തുടർന്നു.


“സോ..... നമുക്ക് നന്നായി ആലോചിച്ച്.. പിന്നീട് തീരുമാനിക്കാം. എന്താ പോരെ?”


അവൻ ഒന്നും പറഞ്ഞില്ല. അവിടന്ന് മെല്ലെ പോയി. ഡോർ അടഞ്ഞു കഴിഞ്ഞാണ് ഫെർണാണ്ടസ് പറഞ്ഞത്.


“പാവം... അയാളൊഴിഞ്ഞു പോയാൽ.... മാഡം ഈ അപവാദത്തിൽ നിന്നും രക്ഷപ്പെടും എന്നയാൾ കരുതുന്നുണ്ടാവും. അല്ലെങ്കിൽ ഇതെല്ലം അയാളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടാവും. Ok മാഡം. ഞാൻ പോട്ടെ. ഇത്തരം അപവാദങ്ങൾക്കൊന്നും മാഡം ചെവി കൊടുക്കണ്ട. അർഹമായ പുച്ഛത്തോടെ അവഗണിക്കുക.”


പുഞ്ചിരിയോടെ സൂസൻ തലയാട്ടി. ഫെർണാണ്ടസ് പുറത്തേയ്ക്ക് പോയി. അയാൾ നേരെ പോയത് ഇമ്മാനുവലിൻറെ ഓഫീസിലേക്കാണ്. ഇമ്മാനുവൽ കണ്ണുകളടച്ച്, എന്തോ ആലോചനയോടെ, ചാരിയിരിക്കുകയായിരുന്നു. ഫെർണാണ്ടസിൻറെ സാമീപ്യമറിഞ്ഞപ്പോൾ ഭവ്യതയോടെ എഴുനേറ്റു. ഇരിക്കാൻ ഫെർണാണ്ടസ് കൈകൊണ്ട് ആംഗ്യം കാണിച്ചു. കസേരയിൽ ഇരിക്കുന്നതിനിടയിൽ ഫെർണാണ്ടസ് പറഞ്ഞു.


“ഇങ്ങനെ ഓടിപ്പോകാൻ ശ്രമിക്കുകയല്ല വേണ്ടത്. നീയിപ്പോൾ സൂസൻറെ കൂടെ നിൽക്കുകയാണ് വേണ്ടത്. അവൾക്ക് കൂട്ടായി... ശക്തിയായി.”


ഇമ്മാനുവൽ പകച്ചു നോക്കവെ ഫെർണാണ്ടസ് തുടർന്നു.


“ഈ അപവാദം ശൂന്യതയിൽ നിന്നും വന്നതാണെന്നാണോ രണ്ടാളും കരുതിയിരിക്കുന്നത്. നിങ്ങൾ തന്നെയാണ് കാരണം. സൂസനോടൊത്ത് എത്രയിടങ്ങളിൽ വച്ച് ഞാൻ തന്നെ നിങ്ങളെ കണ്ടിരിക്കുന്നു. മിക്ക വീക്ക് എൻഡിലും നിങ്ങൾ സൂസൻറെ വീട്ടിലെ സന്ദർശകനല്ലേ. പാർക്ക്... ബീച്ച്.. സിനിമാ ഹാൾ... എവിടെയൊക്കെ? എന്നിട്ടിപ്പോൾ ഈ അപവാദത്തിൻറെ നടുക്ക്... സൂസനെ ഒറ്റയ്ക്ക് നിർത്തി ഓടിപ്പോകാൻ....”


“സാർ പ്ലീസ്.....” ഇമ്മാനുവൽ കയ്യുയർത്തി. ആ മുഖം വലിഞ്ഞുമുറുകിയിരുന്നു. അവൻ പറഞ്ഞു.


“ഞാനവരുടെ വീട്ടിൽ പോയിട്ടില്ല. പക്ഷെ... ഞങ്ങൾ കാണാറുണ്ട്. ബീച്ചിൽ വച്ച്. പാർക്കിൽ വച്ച്. തിയേറ്ററിൽ വച്ച്. അപ്പോഴൊക്കെ ആദം ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഞങ്ങൾക്കിടയിൽ! ആദമിൻറെ സന്തോഷത്തിനു വേണ്ടിയായിരുന്നു അതെല്ലാം. അപ്പോഴൊക്കെ ഞങ്ങൾ സംസാരിച്ചിരുന്നത് ആദമിനെ കുറിച്ചായിരിക്കും. അല്ലെങ്കിൽ ലിസിയേയോ ഫ്രെഡിയേയോ കുറിച്ചായിരിക്കും. ഞങ്ങൾക്കിടയിൽ വേറൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല. മിത്രയെ കുറിച്ച് പോലും... ഇല്ല. ഫ്രെഡിയെ കുറിച്ച് പറയുമ്പോൾ ഇപ്പോഴും... ആ കണ്ണ് നിറയും. സർവ്വോപരി... അവർ എൻറെ ബോസ് ആയിരുന്നു. എന്നും... എപ്പോഴും! ”


ഒരല്പ നേരം അയാൾ നിർത്തി. ഫെർണാണാണ്ടസ് ഒന്നും പറയാതെ കേട്ടിരിക്കുകയായിരുന്നു.


“സാറിനറിയുമോ? ഞാനുണരുന്നത് എൻറെ ലിസിയെ ഓർത്തുകൊണ്ടാണ്. ഉറങ്ങാൻ പോകുന്നതും. ആ ഞാൻ....”


മതി മതി എന്ന അർത്ഥത്തിൽ ഫെർണാണ്ടസ് കയ്യുയർത്തി. ഒന്ന് മുരടനക്കിക്കൊണ്ടയാൾ പറഞ്ഞു.


“മരിച്ചുപോയവരെ മറക്കണം എന്ന് ഞാൻ പറയില്ല. പക്ഷെ അവരെ ഓർത്തുകൊണ്ടേയിരിക്കുന്നത്.... ഇറ്റ് ഈസ് സം കൈൻഡ് ഓഫ് സിക്ക്നെസ്സ്. നിനക്ക് മാത്രമല്ല ഈ അസുഖം. അവൾക്കുമുണ്ട്. തൻറെ അടുത്തെനിക്ക് പറയാം. അവളോടത്‌ വയ്യല്ലോ...”


ഫെർണാണ്ടസ് ചിരിച്ചു. ഒരു പുഞ്ചിരിയോടെ ഇമ്മാനുവൽ പറഞ്ഞു. 


“സാർ പറഞ്ഞ ആ രോഗമാണ് ഇപ്പോഴത്തെ ഞങ്ങളുടെ രണ്ടു പേരുടെയും ആശ്വാസം. അപ്പോൾ പിന്നെ ചികിത്സ വേണ്ട.”


ഫെർണാണ്ടസ് ഒന്നുറക്കെ ചിരിച്ചു: “ഹഹഹ... ഓക്കേ ഓക്കേ.... ഐ എഗ്രീ... ബട്ട്...” 


ആകാംഷയോടെ ഫെർണാണ്ടസിൻറെ കണ്ണുകളിലേക്ക് നോക്കി ഇമ്മാനുവൽ.


“എന്നാൽ പിന്നെ... താനെന്തിനാ എപ്പോഴും സൂസനോടൊപ്പം സമയം  ചിലവഴിക്കുന്നത്. അത് വേണ്ടെന്ന് വെക്ക്. ഈ അപവാദങ്ങളൊക്കെ തനിയെ കെട്ടടങ്ങിക്കൊള്ളും.”


ഇമ്മാനുവൽ തലകുലുക്കി. പിന്നെ പതുക്കെ പറഞ്ഞു.


“ആദമാണ് എൻറെ കൺസേൺ. അവനെ കാണുമ്പൊൾ... അവനോടൊത്ത് സമയം ചെലവഴിക്കുമ്പോൾ... എനിക്കെന്തോ... വല്ലാത്തൊരു സുഖമാണ്. അല്ലാതെ....”


ഉം.... ഫെർണാണ്ടസ് തൻറെ മീശ പിടിച്ചു വലിച്ചുകൊണ്ട് കുറച്ചു നേരം മിണ്ടാതിരുന്നു. പിന്നെ തലകുലുക്കിക്കൊണ്ട് പറഞ്ഞു.


“യാ... സോറി.... നിങ്ങൾ ജോലി നോക്കിക്കൊള്ളൂ... ഐ ആം നോട്ട് ഡിസ്റ്റർബിങ്ങ് യു.”


വൈകുന്നേരം സൂസൻ പ്രത്യേകം ശ്രദ്ധിച്ചു. ഓഫീസിലെ സ്റ്റാഫുകളുടെ മുഖത്ത് അതിഗൂഢമായ ഒരു പരിഹാസഭാവം. അത് അവളുടെ സെക്രട്ടറി മുതൽ പാറാവുകാരന് വരെ ഉണ്ടായിരുന്നു. രാവിലെയും അവരുടെ മുഖത്ത് അതുണ്ടായിരുന്നെങ്കിലും തനിക്കത് തിരിച്ചറിയാനായിരുന്നില്ല. 


ഉം... സാരമില്ല. ആരെന്ത് വേണമെങ്കിലും കരുതട്ടെ. അവരുടെ ഇഷ്ടത്തിന് ജീവിക്കാനാവില്ലല്ലോ?


വീട്ടിൽ എത്തി, ഫ്രഷായി പതിവുപോലെ ഫ്രെഡിയുടെ വലിയ ഫോട്ടോയ്ക്ക് മുന്നിലവൾ ഒരു വിങ്ങലോടെ നിന്നു. ഇന്നവൾക്ക് ഫ്രെഡിയോട് പറയാനും വിതുമ്പാനും, ഒരു പുതിയ കാരണം കൂടി ഉണ്ടായിട്ടുണ്ടല്ലോ?


തുടരും  


1 comment: