Saturday, December 5, 2020

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 7: അലയുന്നൊരു ആത്മാവ്


“ആദം... അങ്കിളിന് തിരക്കാവും. അതാവും വരാത്തത്. നിനക്ക് പഠിക്കാനില്ലേ? കൊഞ്ചാതെ പോയി പഠിക്കാൻ നോക്ക്.” 


ആദാമിൻറെ മുഖം നിറയെ സങ്കടമായിരുന്നു. മെല്ലെ തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവൻ തിരിഞ്ഞു നിന്ന് സങ്കടത്തോടെ ചോദിച്ചു.


“പപ്പാ പോയ പോലെ അങ്കിളും പോയോ?”


ഒരുനിമിഷം സൂസൻ അമ്പരന്നു. പിന്നെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.


“അങ്ങിനെയൊന്നും പറയൂല്ല ട്ടൊ. മോൻ ചെല്ല്... പഠിക്കാൻ നോക്ക്. അങ്കിൾ വരും. നാളെ ഓഫീസിൽ പോകുമ്പോൾ... മമ്മ പറയാം.... ആദം കാത്തിരിക്കുന്നുണ്ടെന്ന്.”


മനസ്സില്ലാ മനസ്സോടെ ആദം പോയി. സൂസൻ ഒരു നെടുവീർപ്പോടെ ഫ്രെഡിയുടെ വലിയ ഫോട്ടോയിലേക്ക് നോക്കി. 


ഇത് വല്ലതും അറിയുന്നുണ്ടോ നീ? ആദമിൻറെ സങ്കടം സഹിക്കാൻ വയ്യ. എത്ര വട്ടമാണവൻ ചോദിക്കുന്നത്?  ഞാൻ എന്താ ചെയ്യാ? എനിക്കിത് കയ്ച്ചിട്ട് ഇറക്കാനും... മധുരിച്ചിട്ട് തുപ്പാനും വയ്യ.


അവളൊരു നെടുവീർപ്പിട്ടു. ഒരു മാസത്തോളമായി ഓഫീസിൽ വച്ചല്ലാതെ ഇമ്മാനുവലിനെ കാണാറേ ഇല്ല. ഒഫീഷ്യൽ വിഷയങ്ങളല്ലാതെ മറ്റൊന്നും സംസാരിക്കാറുമില്ല. എന്നാൽ അതൊന്നും, തന്നെയോ ഇമ്മാനുവലിനെയോ ഒരു നിലക്കും ബാധിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ ആദം എപ്പോഴും അവനെ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു. 


അപവാദങ്ങൾക്കൊന്നും അറിഞ്ഞിടത്തോളം ഇപ്പോഴുമൊരു കുറവുമില്ല. ആളുകൾ നേരിട്ട് പ്രകടിപ്പിക്കുന്നില്ല എന്നെ ഉള്ളൂ. ആദ്യമൊക്കെ സങ്കടമായിരുന്നു. പിന്നെ യാതൊരു തെറ്റും ചെയ്യാത്ത താൻ എന്തിന് വിഷമിക്കണം എന്നൊരു ചോദ്യം മനസ്സിലിരുന്നാരോ ചോദിച്ചു. എല്ലാ വിഷമങ്ങളും അവിടെ തീർന്നു. 


അവളെഴുനേറ്റു. ഫ്രെഡിയുടെ ഫോട്ടോയ്ക്കരുകിൽ വന്നു. കൈവിരൽ കൊണ്ട് ഫോട്ടോയിലോന്നു തൊട്ടു. പിന്നെ ഉള്ളങ്കൈ ഫ്രെഡിയുടെ കവിളിൽ ചേർത്തുവച്ചു. 


ഐ ലവ് യു ഫ്രെഡീ... ഐ ലവ് യു. 


അവളുടെ ചുണ്ടുകളിൽ ഒരു വിതുമ്പൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.


എനിക്ക് വയ്യ ഫ്രെഡീ... നീയില്ലാതെ... എനിക്കിങ്ങനെ വയ്യ. നിൻറെ സ്നേഹം എത്ര സുന്ദരമായിരുന്നെന്നോ? ഞാൻ നിന്നെ എത്രത്തോളം സ്നേഹിച്ചിരുന്നെന്ന് പറയാൻ... എനിക്കായില്ലല്ലോ? അത് കാണിച്ച് തരാനും... എനിക്കായില്ലല്ലോ?         അതിനു മുൻപേ...


അവൾ വിതുമ്പാൻ തുടങ്ങി. പതുക്കെ പതുക്കെ അതിന് ശക്തിയാർജ്ജിച്ചു. ഏങ്ങിക്കരയുന്ന അവളുടെ ശബ്ദം കേട്ടപ്പോൾ ആദം അങ്ങോട്ടു വന്നു. ആദ്യമൊക്കെ പകച്ചു നോക്കിയ അവൻ പിന്നെ അവളുടെ കാലിൽ കെട്ടിപ്പിപ്പിടിച്ച് കരയാൻ തുടങ്ങി. 


വിദൂരതയിലെ കാഴ്ചകളും കണ്ട് കുന്നിൻ മുകളിലെ പാറപ്പുറത്ത് വെറുതെയിരിക്കുകയാണവൾ. കാട്ടുപൂക്കളുടെ തേനുണ്ട്, മത്തു പിടിച്ച ചില ശലഭങ്ങൾ അവളെ ചുറ്റിപ്പറ്റി പറക്കുന്നുണ്ട്. 


എന്നിട്ടും, ഭൂമിയിൽ താൻ മാത്രമേ ഉള്ളൂ എന്നൊരു തോന്നൽ. അതിൻറെ വർദ്ധിച്ച സങ്കടമുണ്ട്. കണ്ണുകൾ നിറയുന്നുണ്ട്. ചുണ്ടുകൾ വിറയ്ക്കുന്നുണ്ട്.


ഫ്രെഡിയെ കാത്ത് എത്രയോ കാലമായി താനീ കുന്നിൻമുകളിൽ ഇരിക്കുകയായിരുന്നോ? എണ്ണിയാൽ തീരാത്ത വർഷങ്ങളോളം!? 


അതല്ല ഭൂമി ഉണ്ടായത് മുതൽ ഒരു ശില പോലെ ഞാനിവിടെ ഉണ്ടോ?


സുന്ദരമായ ഈ കാഴ്ചകളൊന്നും ആസ്വദിക്കാതിരിക്കാനുമ്മാത്രം, ഹൃദയത്തിൽ വിരഹം വേദന നിറച്ചിരിക്കുന്നു. ആർക്കാണാ വേദന അറിയുക?


ഈ തഴുകുന്ന കാറ്റിനോ? പാടുന്ന കുയിലിനോ? പുഞ്ചിരിക്കുന്ന പൂക്കൾക്കോ? അതോ ശലഭങ്ങൾക്കോ? 


ശൂന്യമായ മനസ്സിൻറെ അമർത്തിയ നിലവിളികൾ പോലെ ചില ചോദ്യങ്ങൾ; ഉത്തരമില്ലാത്ത വെറും കെട്ടുകാഴ്ചകൾ മാത്രം!


മൊബൈൽ ഫോണിൽ പിന്നെയും പിന്നെയും ഡയൽ ചെയ്തു മടുത്തിരിക്കുന്നു. അവൻറെ ഫോൺ സ്വിച്ചോഫ്. 


ദൂരെയായി ഒരു കാറിൻറെ ഹോൺ കേട്ടുവോ? കേട്ടു. അത് ഫ്രെഡിയുടെ കാറിൻറെ ഹോൺ തന്നെ. അവൾ വേഗം എഴുനേറ്റു. തിരിഞ്ഞു നോക്കിയപ്പോൾ, താനിതുവരെ ഇരുന്ന പാറ, മരുഭൂമി പോലെ വിശാലമായ ഒന്നാണെന്ന് അവൾക്ക് മനസ്സിലായി. അതവളെ ഭയപ്പെടുത്തി. നോക്കെത്താ ദൂരത്തോളം പറന്നു കിടക്കുന്ന കറുകറുത്തൊരു പാറ!


ഏതോ വിദൂരതയിൽ നിന്നും അപ്പോഴും കേൾക്കാം, കാറിൻറെ ഹോൺ. അവൾ ആ ദിക്കിലേക്ക് ഓടി. കുറെ ഓടിയപ്പോൾ ഹോൺ ശബ്ദം പിറകിൽ ആയി. ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോൾ തൊട്ടുമുന്നിൽ ഒരു കിടങ്ങായിരുന്നു. 


അതിലേക്ക് വീണു പോയി. ഒരു അപ്പൂപ്പൻ താടി പോലെ ഭാരമില്ലാതെ അവളാ അഗാധ ഗർത്തത്തിലേക്ക് വീണുകൊണ്ടേയിരുന്നു. അവളുറക്കെ നിലവിളിച്ചു. പക്ഷെ അവൾക്ക് പോലും അത് കേൾക്കാനായില്ല.


ഞെട്ടിയെഴുനേറ്റപ്പോൾ ആദ്യം ചുറ്റിലും ഇരുട്ടായിരുന്നു. പിന്നെ പതുക്കെ പതുക്കെ കണ്ണുകൾ കാഴ്ചയെ തിരിച്ചെടുത്തു. തൊട്ടടുത്ത് ആദം ഉറങ്ങുന്നുണ്ട്. 


അവൻ ഇത് പോലുള്ള കിനാവുകൾ കാണുന്നുണ്ടാവുമോ? കാണാതിരിക്കട്ടെ. ഉറങ്ങട്ടെ. പാവം... നന്നായി ഉറങ്ങട്ടെ. അവൾ അവൻറെ മുടിയിഴകളിൽ കൂടി വിരലോടിച്ചു. 


നെഞ്ചിൽ വല്ലാത്തൊരു ഭാരമുണ്ട്. രണ്ടു ദിവസമായി തുടങ്ങിയിട്ട്. ഫ്രെഡി മരിച്ചു പോയി എന്നറിയാം. എന്നാലും അവനെന്തോ അപകടം പറ്റിയ പോലെ. എവിടെയോ അവൻ തന്നെയും തേടി അലയുന്ന പോലെ. അവൻറെ ആത്മാവിന് ശാന്തി കിട്ടിയില്ലേ? ഗതി കിട്ടാത്ത ഒരാത്മാവായി എൻറെ ഫ്രെഡി എവിടെയൊക്കെയോ അലഞ്ഞു നടക്കുകയാണോ? 


എങ്ങിനെയാണ് അറിയുക? ആരോടാണ് ചോദിക്കുക? അവളുടെയുള്ളിൽ ആ ചോദ്യങ്ങൾ പിന്നെയും പിന്നെയും മുഴങ്ങിക്കൊണ്ടേയിരുന്നു. അവളെ ഒട്ടും ഉറങ്ങാൻ സമ്മതിക്കാതെ.


ഫാദർ ഉറക്കെയുറക്കെ ചിരിക്കുന്നത് കണ്ടപ്പോൾ, ചോദിച്ചത് അബദ്ധമായോ എന്ന് പോലും അവൾക്ക് തോന്നി. ഒരു വിഢിച്ചിരി അവളുടെ ചുണ്ടിൽ പതിഞ്ഞിരുന്നു. 


“ആരാ മോളെ നിന്നോടിങ്ങനെയൊക്കെ പറഞ്ഞത്? അപകടത്തിൽ മരിച്ചവരുടെ ആത്മാവുകൾക്ക് ശാന്തി കിട്ടില്ല എന്നതൊക്കെ അന്ധവിശ്വാസങ്ങളാണ്. ചെല്ല്. നീ ചെന്ന് അവൻറെ കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്ക്.” 


കല്ലറയ്ക്ക് മുകളിൽ മെഴുകുതിരി കത്തിച്ച് അവൾ കണ്ണടച്ച് കുറെ നേരം പ്രാർത്ഥിച്ചു. ഫ്രെഡിക്ക് ശാന്തി കിട്ടണം. ശാശ്വതമായ ശാന്തി. ഒരിക്കലും ഫ്രെഡി ശാന്തി കിട്ടാതെ അലയാനിട വരരുത്. 


അശാന്തമായ മനസ്സുമായി അവൾ പ്രാർത്ഥിച്ചു. ഇടയ്‌ക്കൊരുവേള അപ്പുറത്തെ ലിസിയുടെ കല്ലറയിലേക്ക് വർദ്ധിച്ച ഹൃദയഭാരത്തോടെ നോക്കി. അതിൻറെ മുകളിൽ ഉണങ്ങിയ ഇലകൾ വീണുകിടക്കുന്നു. ഇമ്മാനുവൽ എന്നോ വച്ച പൂക്കൾ ഉണങ്ങിക്കരിഞ്ഞിരുന്നു. കു‌ടെ, ഒരു പ്രണയാർദ്രമനസ്സിൻറെ ഉണങ്ങാത്ത മുറിപ്പാടിൽ നിന്നും കിനിഞ്ഞിറങ്ങുന്ന രക്തത്തുള്ളികൾ പോലെ, കട്ടപിടിച്ച ഉരുകിയ മെഴുകുതിരിയുടെ അവശിഷ്ടവും. 


ഇമ്മാനുവലിനെ ഇപ്പോൾ ഇവിടെ കാണാറേ ഇല്ലല്ലോ എന്നവളോർത്തു. ഒരു പക്ഷെ അയാൾ വഴിമാറി നടക്കുകയാവും. 


ലിസിയുടെ കല്ലറയിലേക്ക് നോക്കിനിൽക്കെ അവളുടെ ചിന്ത ഏതിലെയൊക്കെയോ സഞ്ചരിച്ചു. അവളൊരു നെടുവീർപ്പോടെ തല വെട്ടിച്ചുകൊണ്ട്, തിരികെ ഫ്രെഡിയുടെ കല്ലറയിലേക്ക് നോക്കി. 


നമുക്കൊരൽപം കൂടി സമയം കിട്ടിയിരുന്നെങ്കിൽ!? പരസ്പരം കെട്ടിപ്പിടിച്ച്… കണ്ണീരു കൊണ്ട്... മനസ്സൊന്ന് കഴുകാനുള്ള അവസരമെങ്കിലും കിട്ടുമായിരുന്നല്ലേ.... ഫ്രെഡീ? നിനക്കിപ്പോളെല്ലാം അറിയാമായിരിക്കും... അല്ലെ? എല്ലാം! ഐ ആം സോറി... ഐ ആം സോറി.


തുടരും


2 comments:

  1. ഒരാളുടെ മരണം എത്ര വ്യക്തികളെയാണ് ബാധിക്കുന്നത്...

    ReplyDelete