അദ്ധ്യായം 9: പുതിയ നാടകങ്ങൾ
സൂസൻറെ രണ്ടു കവിളിലും ശക്തമായി കിള്ളിക്കൊണ്ടാണ്, ഡോക്ടർ റുഖിയ്യ പറഞ്ഞത്. “നീ പൊളിച്ചെടീ. നീ പൊളിച്ചു. പൊരിച്ചു പപ്പടം കാച്ചി. ഉമ്മ...”
അവൾ സൂസൻറെ കവിളിൽ ഗാഢമായൊരുമ്മ നൽകി. സൂസൻറെ ചുണ്ടിൽ സുന്ദരമായൊരു പുഞ്ചിരി വിടർന്നു. ഒരു പുനർ വിവാഹത്തിന് അവളൊരുങ്ങുന്നു എന്ന വാർത്ത ഹസ്സനും ഭാര്യ റുഖിയ്യയ്ക്കും അങ്ങേയറ്റം സന്തോഷം നൽകുന്നതായിരുന്നു. അത് ഇമ്മാനുവലിനെയാവുമ്പോൾ, അവളുടെ തിരഞ്ഞെടുപ്പൊട്ടും മോശമായില്ല എന്ന് തന്നെ അവർ വിശ്വസിച്ചു.
സോഫയിലിരുന്ന് കയ്യിലെ കോഫി ഊതിക്കുടിക്കുന്നതിയിൽ ഹസ്സൻ പറഞ്ഞു.
“നീയിങ്ങനെ നല്ലൊരു തീരുമാനത്തിലെത്തുമെന്ന് സ്വപ്നത്തിൽ പോലും കരുതീല്ല. നന്നായെടോ... നന്നായി. ആരുമാർക്കും പകരമാവില്ലെങ്കിലും... ചില നീക്കുപോക്കുകൾ ജീവിതത്തിൽ അത്യാവശ്യമാണ്.”
ബീച്ചിലെ കൂൾബാറിൽ വച്ച്, ഈ അപവാദങ്ങളിൽ നിന്നൊക്കെ രക്ഷപെടാൻ നമുക്ക് വിവാഹം കഴിക്കാമെന്ന് ഇമ്മാനുവൽ പറഞ്ഞപ്പോൾ, ആദ്യം അത് തീരെ ഉൾക്കൊള്ളാനായില്ല. പക്ഷെ ഇമ്മാനുവൽ ശരിക്കും അത്ഭുതപെടുത്തിക്കളഞ്ഞു.
“ലിസിയെയോ... ഫ്രെഡിയെയോ മറന്നു ജീവിക്കാനല്ല. നമ്മുടെ ജീവിതത്തിലേക്ക് ചുഴിഞ്ഞുനോക്കുന്നവരുടെ കണ്ണ് കെട്ടാൻ വേണ്ടി മാത്രമുള്ളൊരു വിവാഹം.”
ഒന്നും മനസ്സിലായില്ല. അവനെ തുറിച്ചുനോക്കിക്കൊണ്ടങ്ങിനെ ഇരുന്നു പോയി.
“ജനങ്ങളുട മുൻപിൽ... പള്ളിയുടെയും പട്ടക്കാരുടെയും മുൻപിൽ... കമ്പനിയിലെ സ്‌റ്റാഫിൻറെ മുൻപിൽ... ആദമിൻറെ മുൻപിൽ... നിയമത്തിൻറെ മുൻപിൽ... ഒക്കെ നമുക്ക് ഭാര്യാഭർത്താക്കന്മാരാവാം. പക്ഷെ നമ്മുടെ സ്വകാര്യതയിൽ.... നല്ല സുഹൃത്തുക്കൾ മാത്രമായിരിക്കും. നല്ല സുഹൃത്തുക്കൾ മാത്രം.”
എന്തെ ങ്കി ലും ആലോചിച്ചൊരു തീരുമാനമെടുക്കാൻ പ്രയാസപ്പെട്ടു. ഇമ്മാനുവൽ പറയുന്നത് ആജീവനാന്തം കളിക്കേണ്ട ഒരു നാടകത്തെ കുറിച്ചാണ്. പാളിപ്പോകാൻ എല്ലാ സാധ്യതകളുമുള്ള ഒരു നാടകം. ഈ അപവാദപ്രചരണങ്ങളെ ഭയന്ന് ഇങ്ങിനെ ഒരു നാടകം കളിക്കേണ്ടതുണ്ടോ? എല്ലാവരുടെയും വായ ഒറ്റയടിക്ക് അടഞ്ഞുകിട്ടുമെങ്കിൽ, ഇങ്ങിനെയൊരു നാടകം കളിക്കുന്നതിൽ എന്താണ് തെറ്റ്?
എന്നാലും ശരിയാകാത്ത എന്തോ ഒന്ന്, എവിടെയോ ഉള്ള പോലെ സൂസൻറെ മനസ്സിലിരുന്നാരോ വിളിച്ചു പറയുന്നുണ്ടായിരുന്നു. നാടകത്തിന്നിടയിൽ ഇമ്മാനുവൽ ഇതഭിനയമാണെന്ന് മറന്നാൽ?
ഫ്രെഡിയുടെ കല്ലറയ്ക്കടുത്ത് മുട്ടുകുത്തിയിരുന്നു സൂസൻ മന്ത്രിച്ചു. ഫ്രെഡി... എനിക്കൊരു അടയാളം കാണിച്ചു തരുമോ? ഈ തീരുമാനം തെറ്റാണെങ്കിൽ എനിക്കൊരു അടയാളം കാണിച്ചു തരുമോ?
രണ്ടു ദിവസം നീണ്ട ആലോചനയ്ക്ക് ശേഷമാണ് സൂസൻ ഇമ്മാനുവലിനോട് സംസാരിച്ചത്. “ശരിയല്ലാത്തൊരു കാര്യമാണ് ചെയ്യുന്നതെന്നറിയാം. but.. ഞാനീ നാടകത്തിന് തയ്യാറാണ്. കാര്യങ്ങളൊക്കെ പറഞ്ഞാൽ മനസ്സിലാകുന്ന പ്രായം... ആദമിനാകുന്നത് വരെ. അത് വരെ മാത്രം.”
ആദ്യമായി പറഞ്ഞത് ഹസ്സനോടും റുഖിയ്യയോടുമാണ്. അവരുടെ സന്തോഷം വളരെ പ്രകടമായിരുന്നു. പിന്നീട് സംസാരിച്ചത് ഫാദറിനോടായിരുന്നു. “വളരെ നന്നായി കുഞ്ഞേ. വളരെ നന്നായി. ഒറ്റയായ ആടിനെയാണ് ചെന്നായ പിടിക്കുന്നത്.”
ഫെർണാണാണ്ടസ് പ്രകാശമാനമായ പുഞ്ചിരിയോടെ ചോദിച്ചു. “അപ്പോൾ ആ വഴി തന്നെ തീരുമാനിച്ചു. അല്ലെ? മരിച്ചവർ മരിച്ചു. അവരുടെ ഓർമ്മകൾക്ക് മോക്ഷം കൊടുത്ത്... നമ്മൾ നമ്മുടെ ജീവിതവുമായി മുന്നോട്ട് പോവണം. ഇതൊരു നല്ല തീരുമാനമാണ്. മാഡം. വളരെ നല്ല തീരുമാനം.”
രജിസ്ട്രാർ ഓഫീസിൽ വധുവായി ഒപ്പിടുമ്പോൾ സൂസൻറെ കൈ മാത്രമല്ല, കരൾ കൂടി വിറച്ചു. ഒരു സാക്ഷി ഡോക്ടർ റുഖിയ്യയും, വേറൊരു സാക്ഷി ഫെർണാണ്ടസുമായിരുന്നു. പള്ളിയിലെ ചടങ്ങുകൾ തൊട്ടടുത്ത ഞായറാഴ്ചയായിരുന്നു. അരമനയിൽ നിന്നും അതിനായി ഫെർണാണ്ടസ് പ്രത്യേക അനുമതിയൊക്കെ വാങ്ങി.
വേദനയോടെ, ഫ്രെഡി തൻറെ കഴുത്തിൽ കെട്ടിയ മിന്ന്, അവൻറെ ഫോട്ടോയ്ക്ക് മുൻപിൽ അഴിച്ചു വച്ചാണ് സൂസൻ പള്ളിയിലേക്ക് പോയത്. നാടകമാവുമ്പോൾ, ഇത്തിരി നൊമ്പരപ്പെടുത്തുന്ന രംഗങ്ങളും വേണമല്ലോ?
മിത്ര ഹാളിൽ വളരെ വേണ്ടപ്പെട്ടവരെ മാത്രം വിളിച്ചൊരു പാർട്ടിയുണ്ടായിരുന്നു. അവിടെ നിൽക്കെ, ഒരു ചൂളയ്ക്കകത്തു പെട്ട പോലെയാണ് സൂസന് തോന്നിയത്. ഇമ്മാനുവൽ പക്ഷെ ഭാവഭേദമൊന്നുമില്ലാതെ സന്തോഷാനവായി കാണപ്പെട്ടു. ആദം ഹസ്സൻറെ കുഞ്ഞുങ്ങളുടെ കൂടെയായിരുന്നു. വല്ലപ്പോഴുമൊക്കെ അവൻ മമ്മയുടെ അരികിലെത്തും.
അപ്പോഴെല്ലാം, ഇതൊന്നും വേണ്ടായിരുന്നെന്ന്, സൂസനൊരുപാട് വട്ടം തോന്നി. ഇമ്മാനുവൽ അണിഞ്ഞ താലി ചുട്ടുപഴുത്തൊരു ലോഹക്കഷണം പോലെ നെഞ്ചിൽ പൊള്ളലുണ്ടാക്കുന്നു. അതൊന്നഴിച്ചു വലിച്ചെറിയാൻ അവൾ അതിയായി കൊതിച്ചു.
അവസാനം യാത്രപറഞ്ഞു പിരിഞ്ഞപ്പോൾ, നെഞ്ചോട് ചേർത്തുപിടിച്ച്, റുഖിയ്യയും, ഫെർണാണ്ടസിൻറെ ഭാര്യയും മറ്റു ചിലരുമൊക്കെ ഒരു പുതുജീവിതം ആശംസിച്ചപ്പോൾ, അവളുടെ ഉള്ളു പിടഞ്ഞു പോയി. പ്രിയപ്പെട്ട എല്ലാവരെയും, എത്ര ക്രൂരമായാണ് താൻ വഞ്ചിക്കുന്നത് എന്നോർത്തപ്പോൾ, ആത്മനിന്ദ തോന്നി.
Angel’s Nest ൻറെ ഗേറ്റ് അവരുടെ കാറിൻറെ മുൻപിൽ താനേ തുറന്നപ്പോൾ അത്ഭുതപ്പെട്ട ഇമ്മാനുവൽ, ശരിക്കും അത്ഭുതപ്പെട്ടത് കൊട്ടാരം പോലുള്ള ആ വീടിൻറെ വാതിൽ, തങ്ങൾക്കു മുൻപിൽ തനിയെ തുറന്നപ്പോഴാണ്. വീടിൻറെ ഓരോ കോണിലെ ദീപങ്ങളും തനിയെ പ്രകാശിക്കുന്നത് കൂടി കണ്ടപ്പോൾ അതിനേക്കാൾ അത്ഭുതം. അവർ അകത്തേയ്ക്ക് കടക്കുന്നതിൻറെ മുൻപ് വേലക്കാരിയും ചേച്ചിയും ഒരേ സ്വരത്തിൽ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു.
“ഒരു നിമിഷം. ഒന്ന് കുരിശു വരക്കട്ടെ.”
വീടിൻറെ അകത്തേയ്ക്ക് കയറിയിട്ടും അത്ഭുതം കൂറുന്ന കണ്ണുകളോടെ ആകെ മൊത്തം നോക്കിയ ഇമ്മാനുവൽ ചോദിച്ചു: "ഇതൊരു കൊട്ടാരമാണോ? അതോ, വല്ല മാന്ത്രികക്കോട്ടയോ?"
പുഞ്ചിരിയോടെ സൂസൻ പറഞ്ഞു. "ഇതെല്ലാം ഫ്രെഡിയുടെ സ്വപ്നങ്ങളായിരുന്നു."
"ഈ വലിയ വീട്ടിൽ നിങ്ങൾ മൂന്നു പേര് മാത്രമോ? പേടിയാവില്ലേ?" ഇമ്മാനുവലിൻറെ അത്ഭുതത്തിന് അതിരില്ലായിരുന്നു.
സൂസൻ അതേ പുഞ്ചിരിയോടെ ചോദിച്ചു. “ആരെ പേടിക്കാൻ???”
അവൾ താലി അഴിച്ചു. തൻറെ നേരെ നീട്ടിയ താലി, ഒരു ഭാവവ്യത്യാസവും കൂടാതെ, പുഞ്ചിരിയോടെ ഇമ്മാനുവൽ വാങ്ങി.
ഫ്രെഡിയുടെ ഫോട്ടോയ്ക്കരികിലുണ്ടായിരുന്ന പഴയ താലി വീണ്ടും ധരിക്കുമ്പോൾ, അതുവരെ നെഞ്ചിൽ തളം കെട്ടി നിന്ന വിഷമം, കണ്ണിലൂടെ ഏതാനും തുള്ളികളായി ഒലിച്ചിറങ്ങി. അത് വെറുതെ നോക്കിനിൽക്കുന്ന ഇമ്മാനുവലിനെ നോക്കി അവൾ ചോദിച്ചു.
“വേണ്ടായിരുന്നു എന്ന് തോന്നുന്നില്ലേ ഇപ്പോൾ?”
അയാൾ തല വെട്ടിച്ചു. “ഇല്ല. മാഡത്തിനങ്ങിനെ തോന്നിയല്ലേ?”
അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. അതൊരു പ്രഹസനം മാത്രമായി. ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല. പകരം ഇങ്ങിനെ പറഞ്ഞു.
"ഇമ്മാനുവൽ ഇനി എന്നെ മാഡം എന്ന് വിളിക്കണ്ട. അത് കേൾക്കാനൊട്ടും സുഖമില്ലാതായിത്തുടങ്ങിയിട്ട് കുറച്ചായിരിക്കുന്നു. ഒരു സുഹൃത്തിൻറെ എല്ലാ അധികാരവും ഉപയോഗിച്ച്.... ഇനിമുതലെന്നെ സൂസൻ എന്ന് വിളിച്ചാൽ മതി."
അയാളവളെ അത്ഭുതത്തോടെ നോക്കി. അവൾ പുഞ്ചിരിച്ചു കൊണ്ട് അയാളോട് പറഞ്ഞു. “വാ.. ഞാനൊരൂട്ടം കാണിച്ചുതരാം.”
ഹാളിലെ പുരാതന ഘടികാരത്തിൻറെ വലതു വശത്തുള്ള ഒരു വാർഡ്രോബ്, സൂസൻ നമ്പർ ലോക്ക് ഉപയോഗിച്ച് തുറന്നു. അതിലുണ്ടായിരുന്ന സ്‌ക്രീനിൽ എന്തൊക്കെയോ ചെയ്തു. പിന്നെ ഇമ്മാനുവലിനെ അതിൻറെ മുൻപിലേക്ക് നീക്കി നിർത്തി. ഒന്നും മനസ്സിലായില്ലെങ്കിലും, ആ സ്‌ക്രീനിൽ തെളിയുന്ന നിർദേശങ്ങൾക്കനുസരിച്ച്, ഇമ്മാനുവൽ അവിടെ നിന്നു കൊടുത്തു. പിന്നീട് സ്‌ക്രീനിൽ തെളിഞ്ഞ വാചകം മുഴുവൻ വാക്കുകൾ നിർത്തി നിർത്തി വായിക്കാനായിരുന്നു നിർദേശം. ആദ്യം ഇംഗ്ളീഷിൽ. പിന്നെ മലയാളത്തിൽ. ഒരുപാട് സമയമെടുത്താണ് എല്ലാം പൂർത്തിയായത്. എല്ലാം കഴിഞ്ഞപ്പോൾ പുഞ്ചിരിച്ചുകൊണ്ട് അവൾ അയാളോട് പറഞ്ഞു.
“ഹാർട്ടി വെൽക്കം ടു Angel's Nest. നമ്മുടെ വീടിൻറെ സെക്യൂരിറ്റി സിസ്റ്റം ആണിത്. ഫ്രെഡി ജപ്പാനിൽ നിന്നും നേരിട്ട് വരുത്തിയതാണ്. ഒരു A. I. സിസ്റ്റം. ഇതിനൊരുപാട് പ്രത്യേകതകളുണ്ട്. മുഴുവനും എനിക്കറിയില്ല. ഫ്രെഡിക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ. ഞാനിത് റീസെറ്റ് ചെയ്തിട്ടില്ല. അതൊക്കെ ആദം ചെയ്‌തോളും. ഫ്രെഡി ചെയ്തതൊന്നും ഞാനായിട്ട് മാറ്റില്ല.”
നിലാവിൻറെ വെള്ളിവെളിച്ചം ചിതറിവീണ രാത്രിയിൽ, ഹാളിലെ സോഫയിൽ അവരെല്ലാവരുമുണ്ട്. ഇമ്മാനുവൽ, സൂസൻ, ചേച്ചി, അവരുടെ ഭർത്താവ്, മകൾ, വേലക്കാരി സോഫിയ, പിന്നെ ആദവും. ആദം ഉറങ്ങിയിരുന്നു. സംസാരിച്ചിരുന്നൊരുപാട് നേരം കഴിഞ്ഞപ്പോൾ ആദമിനെ എടുത്തുകൊണ്ട് ചേച്ചി എഴുനേറ്റു.
“ഉറങ്ങണ്ടേ... മോനിന്ന് എൻറെ കൂടെ കിടക്കട്ടെ.”
“വേണ്ട ചേച്ചീ.... അവനുറക്കത്തിൽ കരയും.” സൂസൻ വെപ്രാളപ്പെട്ട് പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.
“സാരമില്ല. ഒരു രാത്രിയല്ലേ. നീയും ചെറുപ്പത്തിൽ വല്ല്യ കരച്ചിൽകാരിയായിരുന്നില്ലേ?”
ചിരിച്ചുകൊണ്ടെഴുനേറ്റ അച്ചായൻ ഇമ്മാനുവലിനോട് പറഞ്ഞു. “സോറി... ഞാനേ... വർത്തമാനം പറയാൻ തുടങ്ങിയാൽ... അതിനൊരു ലിമിറ്റുണ്ടാവില്ല. ഞങ്ങൾ നാളെ പോകും. അതിരാവിലെ. ഇനി ഉറങ്ങുകയാണെങ്കിൽ യാത്രപറയാൻ നിൽക്കില്ല. ചെന്നില്ലെങ്കിൽ ശരിയാവില്ല. അമ്മച്ചിയുടെ അവസ്ഥ അത്ര മോശമാണ്. അപ്പോൾ ശുഭരാത്രി.”
പുഞ്ചിരിയോടെ ഇമ്മാനുവൽ തല കുലുക്കി. സൂസൻ വല്ലാതായിരിക്കുകയാണ്. അവർ മാത്രം ഹാളിൽ ബാക്കിയായപ്പോൾ, അവളയാളുടെ മുഖത്തേയ്ക്ക് നോക്കി. പിന്നെ എന്തോ ആലോചിച്ചുകൊണ്ട് പറഞ്ഞു. "വരൂ"
അവൾ നടന്നു. ഇമ്മാനുവലും. മുകൾ നിലയിൽ തൻറെ കിടപ്പുമുറിയുടെ വാതി ൽക്കലെത്തിയപ്പോൾ അവൾ പറഞ്ഞു.
“ഇമ്മാനുവൽ. ദാ.. ആ കാണുന്ന ബെഡ്‌റൂമിൽ കിടന്നോളൂ. നാളെ അവർ പോയിക്കഴിഞ്ഞ് താഴെയുള്ള ഏതെങ്കിലുമൊരു ബെഡ്‌റൂം ചൂസ് ചെയ്‌തോളൂ. അപ്പോൾ നാളെ കാണാം. ഗുഡ്നൈറ്റ്"
ഒരു പുഞ്ചിരിയോടെ തലകുലുക്കിക്കൊണ്ട് അയാൾ നടന്നകലുന്നതും നോക്കി അവൾ വെറുതെ നിന്നു. അയാൾ വാതിൽ തുറന്ന് അകത്തു കയറി. ആ വാതിലടഞ്ഞു. നെഞ്ചിലെ പറഞ്ഞറിയിക്കാനാവാത്തൊരു ഭാരം, അവളൊരു നെടുവീർപ്പായി പുറത്തേയ്‌ക്കെറിഞ്ഞു.
എവിടെയോ ഇരുട്ടിൻറെ നിറമുള്ളൊരു നായ, തേറ്റ കാട്ടി മുരണ്ടുകൊണ്ട് ഇരയുടെ അടുത്തേയ്ക്ക് വന്നു. മഞ്ഞു പെയ്യാത്ത പുലരിയിൽ, ഉന്മേഷത്തോടെ ഉണർന്നു പരന്നൊരു ശലഭം, തീരെ തിരിച്ചറിയാനാവാത്തൊരു ചിലന്തിവലയിൽ വീണുപിടഞ്ഞു. ശ്മശാനത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നൊരു ഭ്രാന്തൻ കാറ്റ്, സർവ്വനാശത്തിൻറെ കാഹളവും മുഴക്കിക്കൊണ്ടുണർന്നെഴുനേറ്റു!!!
തുടരും
സർവ്വനാശത്തിൻറെ കാഹളവും മുഴക്കിക്കൊണ്ടുണർന്നെഴുനേറ്റു!!! Waiting
ReplyDeleteനെഞ്ചിലെ പറഞ്ഞറിയിക്കാനാവാത്തൊരു ഭാരം, അവളൊരു നെടുവീർപ്പായി പുറത്തേയ്‌ക്കെറിഞ്ഞു...
ReplyDelete