Wednesday, December 16, 2020

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 10: ഇരട്ടത്തലയുള്ള മനുഷ്യൻ 


രാത്രി മുഴുവൻ, ഉറക്കവും സൂസനും തമ്മിൽ ഒളിച്ചുകളിയായിരുന്നു. എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ട്, ഉറക്കത്തിൻറെയും ഉണർച്ചയുടെയും ഇടയിലെ നൂല്പാലത്തിലൂടെ, പകുതിയുറങ്ങിയും, ഞെട്ടിയെഴുന്നേറ്റും അവളങ്ങിനെ നേരം വെളുപ്പിച്ചു! 


ഇമ്മാനുവൽ രാവിൻറെ മട്ടുപ്പാവിലേക്ക് മിഴികൾ നട്ട് ജാലകത്തിങ്കൽ എന്തോ ഗാഢമായ ആലോചനയിലായിരുന്നു. ചിന്തകളുടെ സുഖം കൊണ്ടാവണം, ആ മുഖത്ത് ഇടയ്ക്കിടയ്ക്ക് ചെറുപുഞ്ചിരികൾ മിന്നിമറഞ്ഞു. രാത്രിയുടെ ഏതോ യാമത്തിൽ, കണ്ണുകളടച്ച് മലർന്നു കിടക്കവേ, അയാളുറങ്ങിപ്പോയി!


അതിരാവിലെ തന്നെ, അച്ചായനും ചേച്ചിയും മോളും പോയി. പതിവ് സമയത്തെഴുനേറ്റ, ഉറക്കച്ചടവുള്ള ഇമ്മാനുവലിനേയും സൂസനേയും കണ്ട സോഫിയയ്ക്ക് നാണം. ഡൈനിങ്ങ് ടേബിളിൻറെ അരികിൽ സൂസനെ തനിച്ച് കിട്ടിയപ്പോൾ അവൾ അടക്കം ചോദിച്ചു. "ചേച്ചിക്ക് കുറച്ചുനേരം കൂടി ഉറങ്ങിക്കൂടായിരുന്നോ."


സൂസൻ മറുപടിയൊന്നും പറഞ്ഞില്ല. വെറുതെ ഒന്ന് ചിരിച്ചുകാണിച്ചു. ആദം സ്‌കൂളിലേക്ക് പോയിക്കഴിഞ്ഞപ്പോൾ, അവൾ ഓഫീസിൽ പോകാനൊരുങ്ങിയിറങ്ങി.  ഇമ്മാനുവലിന് അത്ഭുതം. ഇന്ന് പോകുന്നുണ്ടോ എന്ന ചോദ്യത്തിന് അവളുടെ മറുചോദ്യം. "പിന്നെ! വരുന്നില്ലേ? നമ്മൾക്കിതൊരു സാധാരണ ദിവസമല്ലെ?"


ശരിയാണല്ലോ! ഇമ്മാനുവൽ തലകുലുക്കി. ഓഫീസിൽ അവരെ ഒരുമിച്ചു കണ്ടപ്പോൾ സ്റ്റാഫുകൾക്കിടയിൽ അത്ഭുതം. പിന്നെ ആശംസകൾ. അതൊഴികെ മറ്റേതൊരു ദിവസവും പോലെത്തന്നെയായിരുന്നു അവർക്കിന്നും. വൈകുന്നേരം ഇമ്മാനുവൽ തൻറെ ഫ്ലാറ്റിൽ നിന്നും കുറെ സാധനങ്ങൾ കൊണ്ട് വന്ന കൂട്ടത്തിൽ, ലിസിയുടെ വലിയൊരു ഫോട്ടോ ഉണ്ടായിരുന്നു. താഴെ താൻ തിരഞ്ഞെടുത്ത കിടപ്പുമുറിയിൽ അവനത് വച്ചു. അതിന് മുൻപിൽ നിൽക്കുന്ന ഇമ്മാനുവലിനെ കണ്ടപ്പോൾ, സൂസൻ അലിവോടെ നോക്കിനിന്നു. പിന്നെ ശബ്ദം താഴ്‌ത്തി, മെല്ലെ ചോദിച്ചു.


"ഇമ്മാനുവലിന് ലിസിയെ വലിയ ഇഷ്ടമായിരുന്നല്ലെ? ഒത്തിരി...?"


കുറെ നേരം അവളെ നിസംഗതയോടെ നോക്കിനിന്ന അയാൾ . പിന്നൊരു വിളറിയ പുഞ്ചിരിയുടെ വിഫലശ്രമത്തിനൊടുവിൽ പറഞ്ഞു: "ഇത് മുൻപ് ചോദിച്ചതല്ലേ? പറഞ്ഞായിരുന്നു.... ജീവനായിരുന്നെന്ന്."


സൂസൻതലകുലുക്കി. "ഉം... ഞാനോർക്കുന്നു. ചിലരങ്ങിനെയാണ്. അർഹതയില്ലാതെയും ഒരുപാട് നേടുന്നവർ." 


സൂസൻ പെട്ടെന്നവിടന്നു പോയി. ആദ്യമൊന്നമ്പരന്ന ഇമ്മാനുവൽ പിന്നാലെ ചെന്നു. മുകളിലേക്കുള്ള സ്റ്റെപ്പുകൾ പകുതി കയറിയിരുന്ന അവളോടയാൾ വിളിച്ചു ചോദിച്ചു.


"സൂസൻ... പറഞ്ഞതെന്താണെന്നെനിക്ക് മനസ്സിലായില്ല!?"


സൂസൻ തിരിഞ്ഞുനിന്ന്, ഒരു പുഞ്ചിരിയോടെ പറഞ്ഞു.  "ചുമ്മാ...  ഞാനെന്തോ ഓർത്ത്... ലീവ് ഇറ്റ്."


ഇമ്മാനുവലൊന്നും പറഞ്ഞില്ല.  വെറുതെ നോക്കിനിൽക്കുക മാത്രം ചെയ്തു. ഒരൽപം കൂടി അവളവിടെ നോക്കി നിന്നു. പിന്നെ മുകളിലേക്ക് കയറിപ്പോയി.


ദിനങ്ങൾ കടന്നുപോയി. അവർ ആ ജീവിതവുമായി വലിയ പ്രയാസമൊന്നുമില്ലാതെ പൊരുത്തപ്പെട്ടു. സോഫിയയ്ക്ക് മാത്രം ഒരു ആശയകുഴപ്പം ബാക്കിയായി. പക്ഷെ അവളത് പ്രകടിപ്പിച്ചില്ല. രണ്ടാമത്തെ ഞായറാഴ്ച! 


രാത്രിയുടെ കരിമ്പടത്തിലേക്ക് പ്രകൃതി ചുരുണ്ടുകൂടി. അമാവാസിയാണെന്ന് തോന്നുന്നു. സോഫിയ അടുക്കളയിലെവിടെയോ ആണ്. ബീച്ചിൽ നിന്നും വന്ന ക്ഷീണത്തിൽ ആദം സോഫയിൽ കിടന്നുറങ്ങിയിരിക്കുന്നു. സംസാരിച്ചുകൊണ്ടിരിക്കുകയാണ് സൂസനും ഇമ്മാനുവലും. ഇമ്മാനുവൽ എന്തോ ഒരു തമാശപറഞ്ഞതിന് പരിസരം മറന്ന് പൊട്ടിച്ചിരിച്ച സൂസൻറെ കണ്ണുകൾ അറിയാതെ മുറ്റത്തേയ്ക്ക് നീണ്ടു.


അവിടെ, മുറ്റത്തെ ഉദ്യാനത്തിലെ കൊച്ചുമാവിൻറെ തണലിൽ, ഇരുട്ടിൽ, മറ്റൊരിരുട്ടായി ഒരാൾ രൂപം! അയാൾക്ക് രണ്ടു തലകൾ! കനൽ പോലെ തിളങ്ങുന്ന കണ്ണുകൾ! അവളുടെ നട്ടെല്ലിൻറെ ഉള്ളിലൂടെ ഒരു തണുപ്പോടിപ്പോയി!!


അങ്ങേയറ്റം വൃകൃതമായൊരു ശബ്ദം അവളിൽ നിന്നുണ്ടായി. ഇമ്മാനുവൽ നടുങ്ങിക്കൊണ്ടെഴുനേറ്റു. വിളറിവെളുത്ത അവളുടെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ടയാൾ, എന്താണെന്ന് ചോദിച്ചത് വല്ലാത്തൊരു ഭാവത്തോടെയായിരുന്നു. 


തൻറെ തൊട്ടുമുൻപിൽ നിൽക്കുന്ന ഇമ്മാനുവൽ കാരണം ഇപ്പോൾ അവൾക്ക് ആ രൂപത്തെ കാണാൻ കഴിഞ്ഞില്ല. ഇമ്മാനുവലിനെ ഒരു വശത്തേയ്ക് തള്ളിമാറ്റി അവൾ പുറത്തേയ്ക്ക് നോക്കി. ആ രൂപം ഇപ്പോൾ അവിടെ ഇല്ല!    


വിറയ്ക്കുന്ന ശബ്ദത്തോടെ ആ ഭാഗത്തേയ്ക്ക് കൈ ചൂണ്ടിക്കൊണ്ടവൾ പറഞ്ഞു. "അവിടെ... അവിടെ ഒരാളുണ്ടായിരുന്നു."


ഇമ്മാനുവൽ പുറത്തേയ്ക്ക് സൂക്ഷിച്ചുനോക്കി. ഒന്നും ശ്രദ്ധയിൽ പെട്ടില്ല. അയാൾ അലസമായി പറഞ്ഞു. "നിനക്ക് തോന്നിയതാവും. അല്ലെങ്കിലും എങ്ങിനാ? നീയല്ലേ പറഞ്ഞത്... ഈ കോമ്പൗണ്ടിൽ അപരിചിതരാരെങ്കിലും കടന്നാൽ... അലാറമടിക്കുമെന്ന്...?"


അവൾ പുറത്തേയ്ക്ക് നോക്കികൊണ്ട് തന്നെ തല കുലുക്കി. പിന്നെ തന്നെ സൂഷ്മം നോക്കിക്കൊണ്ടിരിക്കുന്ന ഇമ്മാനുവലിനോട് ഭീതിയോടെ പറഞ്ഞു. "ഞാൻ കണ്ടതൊരു സാധാരണ മനുഷ്യനെ അല്ല."


"പിന്നെ...?" ഇമ്മാനുവലിന് കൗതുകം. അവൾ പതറിയ ശബ്ദത്തോടെ വിക്കികൊണ്ട് പറഞ്ഞു.


"അയാൾക്ക്... രണ്ട്... രണ്ട് തലയുണ്ടായിരുന്നു. (അവൾ രണ്ടു വിരലുകൾ ഉയർത്തിക്കാണിച്ചു.) പിന്നെ.... കണ്ണുകൾ തീക്കനൽ പോലുണ്ടായിരുന്നു."


സൂസൻറെ ശബ്ദം കേട്ടാവണം, സോഫിയ അങ്ങോട്ട് വന്നു. ഇമ്മാനുവൽ സൂസനെ തുറിച്ചുനോക്കിക്കൊണ്ട് നിന്നു. കുറെ നേരം അങ്ങിനെ നോക്കി നിന്ന അവൻറെ മുഖഭാവം മാറി. തമാശ കേട്ട പോലെ മുഖം വികസിക്കാൻ തുടങ്ങി. അവൻറെ ചുണ്ടിലൊരു ചിരി പൊട്ടിവിടർന്നു. മെല്ലെമെല്ലെ കുലുങ്ങിച്ചിരിക്കാൻ തുടങ്ങിയ അവൻ, പിന്നെ നിയന്ത്രണം വിട്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി.  അലറിച്ചിരിച്ചുകൊണ്ടവൻ വയർപൊത്തിപ്പിടിച്ച് സോഫയിലേക്കിരുന്നു. സൂസനാണെങ്കിൽ ഇതികര്‍ത്തവ്യതാമൂഢയായി നിൽക്കുകയാണ്. അവൾക്കൊന്നും മനസ്സിലായിട്ടില്ല താനും. ഇമ്മാനുവലിൻറെ ചിരി കേട്ട ആദം ഉണർന്നു. അവൻ ഭയപ്പെട്ടു. ഓടിവന്ന് സൂസനെ കെട്ടിപ്പിടിച്ചപ്പോൾ, സൂസൻ തെല്ല് ശബ്ദം കനപ്പിച്ച് പറഞ്ഞു. 


"ഇമ്മാനുവൽ... സ്റ്റോപ്പിറ്റ്. ഇറ്റ് ഈസ് നോട്ട് എ ഫൺ."


ഇമ്മാനുവലിന് ഒരല്പ സമയം കൂടി, വേണ്ടി വന്നു ഒന്ന് നിയന്ത്രണത്തിലാവാൻ. കിതച്ച് കൊണ്ട് പറഞ്ഞു. "ഐ ആം സോറി. റിയലി." 


ഒന്നും മിണ്ടാതെ നോക്കിനിൽക്കുന്ന അവളോടവൻ കൈ മലർത്തിക്കൊണ്ട് ചോദിച്ചു. "വാട്ട് ഹാപ്പെൻഡ് റ്റു യു? ഇറ്റ് വാസ് ജസ്റ്റ്... സം കൈൻഡ് ഓഫ് ഇല്ല്യൂഷൻ. കേട്ടപ്പോൾ ചിരിക്കാതിരിക്കാൻ കുറെ നോക്കി. സോറി. കയ്യീന് പോയി."


സൂസൻ പുറത്തേയ്ക്ക് നോക്കി. ശരിയാണോ? തോന്നിയതാണോ? ഈ ലോകത്ത് രണ്ടു തലയുള്ള മനുഷ്യരുണ്ടാവുമോ? ഹേയ്... ഉണ്ടാവില്ല. പക്ഷെ... അവളോരോന്ന് ആലോചിച്ചു നിൽക്കെ,  സോഫിയ ചോദിച്ചു. "ചേച്ചീ... എന്താ... എന്താ പറ്റീത്?"


സൂസൻ അവളെ ഒന്ന് തറപ്പിച്ച് നോക്കി. ചൂളിപ്പോയി സോഫിയ ഇമ്മാനുവലിനെ നോക്കി. ഇമ്മാനുവൽ പുഞ്ചിരിയോടെ പറഞ്ഞു. "അതേയ്.... നിൻറെ ചേച്ചി... ദാ... അവിടെ.. മുറ്റത്തൊരു മനുഷ്യനെ കണ്ടു. രണ്ട് തലയുള്ളൊരു മനുഷ്യനെ. അത്രേ ഉള്ളൂ."


സോഫിയ അവനെ തുറിച്ചു നോക്കി. അവൾക്ക് അതൊരു തമാശയായി തോന്നിയില്ല. അവളുടെ കണ്ണുകളിൽ ഭയമായിരുന്നു. രംഗം ശാന്തമാക്കാൻ ഇമ്മാനുവൽ പിന്നെയും എന്തൊക്കെയെ പറഞ്ഞുകൊണ്ടിരുന്നു. സൂസന് അതൊരു തോന്നലായിരുന്നെന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ, എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല. അവളുടെ ഉള്ളിൽ ഇപ്പോഴും ആ കാഴ്ചയുണ്ട്. പുറത്ത് നിന്നും തങ്ങളെ നോക്കി നിൽക്കുന്ന, കറുത്ത കരിമ്പടം പുതച്ച രൂപം. ആ തിളങ്ങുന്ന കണ്ണുകൾ. ഞാനത് കണ്ടതാണ്. കൃത്യമായി കണ്ടതാണ്!!


അവളുടെ മനസ്സിൽ എന്തൊക്കെയോ തിളച്ചു മറിയുന്നുണ്ട്. ഇമ്മാനുവൽ എത്ര നിസാരമായാണ് അതിനെ തള്ളിക്കളഞ്ഞത്. താൻ ശ്വസിക്കുന്നത് പോലെ അനുഭവിച്ച കാര്യം എങ്ങിനെ തൻറെ തോന്നലാവും. അവൾ ഓരോന്നാലോചിച്ചിരിക്കെ സോഫിയ അടുക്കളയിലേക്ക് പോയി. ആദം വീണ്ടും ഉറങ്ങിയിരുന്നു. ഇനി പോയി കിടക്കാം എന്ന തീരുമാനത്തിൽ അവളെഴുനേറ്റു. ആദമിനെ എടുക്കാനൊരുങ്ങവേ, ഞരമ്പുകളിൽ രക്തം കട്ടിയാവുന്ന വിധം പേടിപ്പിക്കുന്ന ഒരു നിലവിളി കേട്ടു. കൂടെ പേടിപ്പെടുത്തുന്ന വേറൊരു ശബ്ദവും കേൾക്കാം. ഒട്ടും പരിചയമില്ലാത്ത, ഭീതിപ്പെടുത്തുന്നൊരു ശബ്ദം.


അലാറം അടിക്കാൻ തുടങ്ങി. വീടാകെ ലൈറ്റുകൾ തെളിഞ്ഞു. വിളറിവെളുത്ത മുഖങ്ങളോടെ ഇമ്മാനുവലും സൂസനും പരസ്പരം നോക്കി. നിലവിളിച്ചുകൊണ്ട് സോഫിയ അങ്ങോട്ടോടിവന്ന്, സൂസൻറെ മേലേക്ക് വീണു. അവളെന്തൊക്കെയോ പിച്ചും പേയും പറയുന്നുണ്ടായിരുന്നു. പൂക്കുല പോലെ വിറച്ചുകൊണ്ടവൾ അടുക്കളയുടെ ഭാഗത്തേയ്ക്ക് പിന്നെയും പിന്നെയും തിരിഞ്ഞു നോക്കി. എന്താണെന്ന് ചോദിക്കാൻ മറന്ന അവരോട്, അവൾ വിറച്ചു പൊടിഞ്ഞ ശബ്ദത്തിൽ ഒരുവിധം പറഞ്ഞൊപ്പിച്ചു.


“അവിടെ... അവിടെ....” 


അവളുടെ കണ്ണുകൾ സൂസൻറെ കണ്ണുകളിൽ തറച്ചു നിന്നു. അതിൽ ഭയത്തിൻറെ ഒരു കടൽ ഇരമ്പുന്നത് സൂസൻ കണ്ടു. അവളോടെന്തെങ്കിലും ചോദിയ്ക്കാൻ സൂസൻ മറന്നു നിൽക്കെ, ഇമ്മാനുവൽ മെല്ലെ ചോദിച്ചു. 


“അവിടെ ആരാ?”


കിതച്ചു കൊണ്ട് സോഫിയ സൂസൻറെ കണ്ണുകളുടെ ആഴങ്ങളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. "അവിടെ.... അവിടെ ഫ്രെഡിസ്സാറിൻറെ പ്രേതം."


പെട്ടെന്ന് അലാറം ഓഫായി. അധികം തെളിഞ്ഞിരുന്ന ലൈറ്റുകൾ ഓഫായി. ആകെ ഭയപെടുത്തുന്നൊരു മൂകത  തളം കെട്ടി. അവർക്ക് പരസ്പരം ഹൃദയമിടിപ്പ് പോലും കേൾക്കാമായിരുന്നു. സൂസൻ സോഫിയയുടെ കണ്ണുകളിലേക്ക് ചൂഴ്ന്ന് നോക്കി. അങ്ങിനെ നോക്കി നിൽക്കെ താനൊരു ഇരുട്ട് നിറഞ്ഞ ഗർത്തത്തിലേക്ക് വീഴുന്നത് പോലെ അവൾക്ക് തോന്നി. ഇമ്മാനുവലിൻറെ കൈകളിലേക്ക് ഒരു വാടിയ ചേമ്പിൻ തണ്ട് പോലെ അവൾ കുഴഞ്ഞു വീണു.


തുടരും


3 comments: