Wednesday, December 9, 2020

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 8: രക്ഷാമാർഗം


ഓഫീസിൽ ഒരു ഫയലുമായി തന്നെ കാണാൻ വന്ന ഇമ്മാനുവലിനോട്, തിരികെ പോകാൻ നേരം സൂസൻ ചോദിച്ചു. “ഇപ്പോൾ അപവാദങ്ങൾക്ക് കുറവുണ്ടോ?” 


ഇമ്മാനുവൽ വികൃതമായൊന്നു പുഞ്ചിരിച്ചു. പരാജിതൻറെ പുഞ്ചിരി പോലെ. ഇല്ലെന്ന് തല വെട്ടിച്ചു.


“ആ... എന്നാൽ ഈ വീക്ക് എൻഡിൽ ബീച്ചിലൊന്നു വരണം. ഞാൻ ആദമിനെയും കൊണ്ട് അങ്ങോട്ട് വരാം. അവനൊരു രക്ഷയുമില്ല. എപ്പോഴും ചോദിച്ചു കൊണ്ടേയിരിക്കും. വിരോധമുണ്ടോ?”


വരാമെന്നോ വരില്ലെന്നോ അയാൾ പറഞ്ഞില്ല. വരാമെന്നൊരു സമ്മതഭാവം മാത്രം ആ മുഖത്ത് കണ്ടു.  അയാൾ പോയിക്കഴിഞ്ഞും സൂസൻ ആലോചിച്ചത് അതായിരുന്നു. എന്തെ ഇമ്മാനുവൽ അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല? ഇനി അയാൾക്ക് വരാനിഷ്ടമല്ലേ? ബോസ് എന്ന നിലയിൽ ഞാൻ പറയുന്നത് കൊണ്ട് നിർബന്ധിതനായി വരികയാണോ? അവൾക്കാകെ ആശയകുഴപ്പമായി. അവൾ ഫെർണാണ്ടസിനെ വിളിച്ച് തൻറെ ഓഫീസിലേക്ക് വരാൻ പറഞ്ഞു. അവൾ പറഞ്ഞത് മുഴുവൻ കേട്ടപ്പോൾ കുറെ നേരം ഫെർണാണാണ്ടസ് ഒന്നും പറയാതിരുന്നു. പിന്നെ പറഞ്ഞു. 


“മാഡം... ഒരു ഉറച്ച തീരുമാനമെടുക്കേണ്ട സമയമാണിത്. നിങ്ങളൊരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാലും.. അതൊരു തെറ്റല്ല എന്ന് തന്നെയാണ് എൻറെ പക്ഷം.”


ഒരു ഞെട്ടലുണ്ടായി സൂസൻറെ മുഖത്ത്. പിന്നെ അനിഷ്ടത്തോടെ മുഖം ചുളിച്ചു.  “വാട്ട്...? ഞാനങ്ങിനെയൊന്ന് ചിന്തിച്ചിട്ട് പോലും ഇല്ല.....”


“ഐ നോ.... അങ്ങിനെ ആയാലും തെറ്റില്ല എന്നെ പറഞ്ഞുള്ളൂ.” 


വിഷാദം കലർന്ന മുഖത്തോടെ സൂസൻ പറഞ്ഞു.


“ലീവിറ്റ്... ഈ നായാട്ടുകാർ പ്രയോഗിക്കുന്ന ഒരു തന്ത്രമില്ലേ? നാലുപാട് നിന്നും ശബ്ദകോലാഹലങ്ങളുണ്ടാക്കി ഇരയെ പേടിപ്പിക്കുന്ന വിദ്യ. ഇരയെ അങ്ങിനെ പേടിപ്പിച്ചോടിച്ച്... ഒരു കോർണറിലേക്ക് ഒതുക്കി നിർത്തും. എന്നിട്ട് നിസാരമായി പിടിക്കും. വളരെ നിസാരമായി.”


ഒന്ന് നിർത്തി നിശ്വാസമുതിർത്ത്, അവൾ തുടർന്നു. “എനിക്കിപ്പോൾ തോന്നുന്നു... ഞാനൊരു ഇരയാണെന്ന്. ആരോ എവിടെയോ ഇരുന്നെന്നെ വേട്ടയാടുന്നുണ്ടെന്ന്. അവരെന്നെ പതുക്കെപ്പതുക്കെ... ഒരു കോർണറിലേക്ക് തള്ളിവിടുകയാണ്. ചിലപ്പോളെൻറെ തോന്നലാവാം. അല്ലെ?”  


ആരുമൊന്നും പറയാതെ അടർന്നു വീണ ചില നിമിഷങ്ങൾക്ക് ശേഷം അവൾ തുടർന്നു. “ഇല്ല സാറേ... ഈ പിത്തളാട്ടം കൊണ്ടൊന്നും ഞാൻ പേടിക്കില്ല. പേടിക്കാനെനിക്ക് മനസ്സില്ല. അത്ര തന്നെ.”


ഫെർണാണ്ടസിൻറെ മുഖത്ത് വിശാലമായൊരു പുഞ്ചിരി വിടർന്നു. “മാഡം. ഈ ധൈര്യം ഒരിക്കലും കൈവിടരുത്. നിഴൽ പോലും അന്യമാണെന്ന് തോന്നിയാൽ... പിന്നെ മനസ്സിന് നിവർന്നു നിൽക്കാൻ ഊന്നുവടിയുടെ സഹായം വേണ്ടിവരില്ല. താങ്ങാൻ ആളുള്ളവർക്കേ... തളർച്ചയുള്ളൂ.”


എഴുനേറ്റു പുറത്തേയ്ക്ക് നടക്കുന്നതിനിടയിൽ ഫെർണാണ്ടസ് ഒന്ന് തിരിഞ്ഞു നിന്നു. 


“ചില തീരുമാനങ്ങൾ മെഡിസിൻ പോലെയാണ്. അതിന് കയ്പുണ്ടാകും. ബട്ട്... സുഖമമായ ഉറക്കത്തിന് അതാവശ്യമായി വരും. ഫ്രെഡി പറയാറുണ്ട്. ഒരു തീരുമാനമെടുത്താൽ... അതിനേക്കാൾ നല്ലതിനു വേണ്ടി... പഴയ തീരുമാനം ഉപേക്ഷിക്കാനും... ഒരു കച്ചവടക്കാരൻ മടിക്കരുതെന്ന്. കച്ചവടക്കാരൻറെ കണ്ണുകൾ എപ്പോഴും ലാഭത്തിൽ മാത്രമായിരിക്കണം. ഏറ്റവും നല്ല ലാഭം ലഭിക്കുന്നതാണ്... അവൻറെ ഏറ്റവും നല്ല തീരുമാനം.” 


ഒരു നേർത്ത പുഞ്ചിരിയോടെ അവൾ പറഞ്ഞു. “ഊം... ഫ്രെഡിക്ക് അങ്ങിനെ കുറെ തത്വങ്ങൾ ഉണ്ടായിരുന്നു.”


ഏതോ സുഖകരമായൊരു ഓർമ്മയുടെ പ്രകാശം അവളുടെ മുഖത്തു തെളിഞ്ഞു. ചുംബനം പോലെ സുന്ദരമായ ഓർമ്മകളിലേക്ക് അവളെ വിട്ടുകൊണ്ട്, രണ്ടുമൂന്ന് നിമിഷങ്ങൾ നോക്കിനിന്ന ഫെർണാണ്ടസ്, ഒന്നും പറയാതെ പോയി. 


അതൊരു സുന്ദരമായ സായാഹ്നമായിരുന്നു. ആദമിൻറെ സന്തോഷം നിറഞ്ഞ കുസൃതികൾ കണ്ടിരിക്കുകയായിരുന്നു അവർ. ഒരു സിമൻറ് ബെഞ്ചിൻറെ രണ്ടറ്റത്ത്, ധ്രുവങ്ങളോളം അകലങ്ങളിൽ കൂടുകൂട്ടിയ, രണ്ടപരിചിതരെ പോലെ! 


അതവരെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടെന്ന്, രണ്ടുപേരുടെ മുഖവും വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്തിനു വേണ്ടിയാണു താനീ വീർപ്പുമുട്ടൽ സഹിക്കുന്നത് എന്നായിരുന്നു അവൾ ചിന്തിച്ചത്. ആർക്കുവേണ്ടി? തങ്ങളുടെ ആരുമല്ലാത്ത ആരൊക്കെയോ പറഞ്ഞുണ്ടാക്കിയ കഥകളിലെ നായകനും നായികയും ആകാതിരിക്കാൻ വേണ്ടിയോ? 


അതല്ല... ഞാനങ്ങിനെയല്ലെന്ന് സ്വയം വിശ്വസിപ്പിക്കാൻ വേണ്ടിയോ?


അവൾ മെല്ലെ തിരിഞ്ഞു നോക്കി. ആദമിൻറെ കളികളിൽ ശ്രദ്ധിച്ച്, കല്ലിൽ കൊത്തിയ പോലെ ഇമ്മാനുവലിരിക്കുന്നു!  


അവൾക്ക് കഷ്ടം തോന്നി. മുൻപൊക്കെ സരസമായി സംസാരിച്ചിരുന്നു. നന്നായി പുഞ്ചിരിച്ചിരുന്നു. അടുപ്പമുള്ള, സ്വന്തക്കാരനെന്നു തോന്നുന്ന ഒരാളായി പെരുമാറിയിരുന്നു. ഇപ്പോഴിതാ, വെറും അന്യനെ പോലെ.


എന്തിനു വേണ്ടി? ആർക്കു വേണ്ടി? അതാണല്ലോ ഏറ്റവും വലിയ തമാശ. നമ്മൾ മിക്കപ്പോഴും ജീവിക്കുന്നത് നമ്മുടെ ആരുമല്ലാത്ത ആർക്കൊക്കെയോ വേണ്ടി ആണോ? 


“ഇമ്മാനുവൽ....” 


അവളുടെ വിളി കേട്ടപ്പോൾ അവൻ നോക്കി. ജീവനില്ലാത്ത ഒരു പുഞ്ചിരി ആ മുഖത്തിന് ഒട്ടും അലങ്കാരമായിരുന്നില്ല. 


“ബുദ്ധിമുട്ടായി അല്ലെ? വരാൻ പറഞ്ഞത്....”


അവളുടെ ചോദ്യം കേട്ടപ്പോൾ നെറ്റി ചുളിച്ചുകൊണ്ടവൻ ചോദിച്ചു. “ബുദ്ധിമുട്ടോ!? അതെന്തേ അങ്ങിനെ തോന്നാൻ?” 


“ഏയ്... ഒന്നും മിണ്ടാതെ ദൂരെ മാറിയിരിക്കുന്നത് കണ്ടപ്പോൾ തോന്നി. ഫ്രെഡി മരിച്ചതിൻറെ പിന്നെയാണ് നിങ്ങളെ ഞാൻ പരിചയപ്പെട്ടത്. അതിൽ പിന്നെ നിങ്ങളെൻറെ നല്ലൊരു ഫ്രണ്ട് കൂടിയായിരുന്നു. ഇപ്പോളെനിക്കാ ഫ്രണ്ടിനെ നഷ്ടപെട്ട പോലെ...”


അവനൊന്ന് പുഞ്ചിരിച്ചു. അതിന് ജീവനുണ്ടായിരുന്നു. “നഷ്ടപ്പെടലല്ല മാഡം... അതൊരു കരുതലായിരുന്നു. ഒരു ശ്രദ്ധ. ഈ അപവാദം കൊണ്ട് എനിക്ക് മുറിവേൽക്കില്ലായിരിക്കും. പക്ഷെ മാഡം അങ്ങിനെ അല്ലല്ലോ?”


അവൾ കൗതുകപൂർവ്വം, പുരികം ചുളിച്ചു  നോക്കി. പറഞ്ഞതെനിക്ക് മനസ്സിലായില്ലെന്ന് ആ നോട്ടത്തിലുണ്ടായിരുന്നു. 


“അതിപ്പോൾ... നമ്മുടെ സൊസൈറ്റിക്ക് ചില പ്രത്യേക വൈരുദ്ധ്യങ്ങളുണ്ട്. ചിലത് വളരെ ഡിസ്ഗസ്റ്റിങ്ങ് ആണ്. ജുഗുപ്സാവഹം!”


“എന്താത്?” അവൾക്ക് ആകാംഷ..


“തുറന്നു പറയുന്നുതുകൊണ്ട് മാഡത്തിനൊന്നും തോന്നരുത്. ഒരു പുരുഷൻ നാടുനീളെ പെണ്ണുപിടിച്ചു നടന്നാൽ... അതയാളുടെ കഴിവായി വാഴ്ത്തപ്പെടും. ഒരു പെണ്ണ് ഭർത്താവല്ലാത്ത ഒരാളെയെങ്കിലും പ്രാപിച്ചാൽ... അവൾ പിഴച്ചവളാകും. ഒരുത്തൻ ബാറിൽ പോയി മദ്യപിക്കുന്നത് പോലെ അല്ല… ഒരു സ്ത്രീ അത് ചെയ്താൽ. അതാണ് പറഞ്ഞത്... ഈ അപവാദം എന്നെക്കാൾ മുറിവേൽപ്പിക്കുക മാഡത്തിനെ ആണ്. അതോർത്തപ്പോൾ അകലുന്നതാണ് നല്ലതെന്ന് തോന്നി.”   


“ഓ... അങ്ങിനെ....” അവൾക്ക് പുഞ്ചിരി. കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൻ ചോദിച്ചു.


“എന്നെ പേടിപ്പിക്കുന്നതെന്താണെന്നറിയാമോ?”


എന്താണ് എന്നവൾക്ക് ചോദിക്കാനായില്ല. അപ്പോഴേക്കും ആദം ഓടിവന്നു. ഇമ്മാനുവലിൻറെ കൈപിടിച്ച് വലിച്ചു. പതിവ് പോലെ പിന്നെ കുറെ നേരം അവർ ഒരുമിച്ച് തിരയിൽ കളിക്കുകയായിരുന്നു. അവൾ അക്ഷമയോടെ കാത്തിരുന്നു. അവസാനം ഇമ്മാനുവൽ ഒരു കിതപ്പിൻറെ അകമ്പടിയോടെ വന്നു. അവൻറെ കണ്ണുകളുടെ ആഴങ്ങളിലേക്കവൾ സൂക്ഷിച്ചു നോക്കി. എന്താണ് നീ പേടിക്കുന്നത് എന്നൊരു ചോദ്യം അവളുടെ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു. 


“അതേയ്... മാഡത്തിനത് മനസ്സിലായോ?”


ഇല്ലെന്നവൾ തലവെട്ടിച്ചു.


“മാഡം... വൃത്തികെട്ട ഈ കഥകളൊക്കെ... നാളെ ആദം അറിഞ്ഞാൽ എന്തായിരിക്കും അവൻറെ അവസ്ഥ എന്നാലോചിച്ചിട്ടുണ്ടോ? അവൻ എങ്ങിനെയായിരിക്കും നമ്മളെ കാണുക എന്നോർത്തിട്ടുണ്ടോ? എനിക്ക് പേടിയുണ്ട് മാഡം. നല്ല പേടിയുണ്ട്.”


അവളുടെ നെഞ്ചിലൊരു വെള്ളിടി വെട്ടിയിറങ്ങി. ചെകുത്താനെ കണ്ടപോലെ ആ മുഖം വിളറി വെളുത്തു. അവൾ പകച്ച  കണ്ണുകളോടെ അവനെയും ആദമിനെയും മാറി മാറി നോക്കി. കാതുകൾ കൊട്ടിയടക്കുന്ന പോലെ. ഒന്നും കേൾക്കുന്നില്ല. ആദം ഇമ്മാനുവലിനെ വിളിക്കുന്നുണ്ട്. അവൻ തിരിഞ്ഞ് ആദമിൻറെ, അടുത്തേയ്ക്ക് തന്നെ നടക്കുമ്പോൾ പേരറിയാത്തൊരു ഭീതി, ഒരു ഒച്ചിനെ പോലെ അവളുട നെഞ്ചിൽ ഇഴഞ്ഞു നടന്നു. 


അവൾക്ക് ചുറ്റിലും നായാട്ടുകാരുടെ ആർപ്പുവിളികളും തമ്പേറ് മുട്ടും ഉയർന്നു. താൻ കൂടുതൽ കൂടുതൽ ഇരുട്ടിലേക്ക് ആണ്ടുപോവുകയാണോ എന്നവൾ ഭയപ്പെട്ടു. നാളെ തൻറെ മകൻ തന്നെ ഒരു മോശം സ്ത്രീയായി കാണുകയോ? 


അവൾക്കത് ചിന്തിക്കാൻ തന്നെ പ്രയാസമായിരുന്നു. അല്ലെങ്കിലും ഏതൊരമ്മയ്ക്കാണ് അങ്ങിനെ ചിന്തിക്കാനാവുക?


എത്ര നേരം അങ്ങിനെ ആ ശൂന്യതയിൽ ഭയന്ന് ചൂളിയിരുന്നു എന്നവൾക്കറിയില്ല. ചുറ്റുമുള്ളതൊന്നും അവൾ കാണുന്നില്ലായിരുന്നു. മമ്മാ എന്നവിളിയും മാഡം എന്ന വിളിയും ഒരുപാട് വട്ടം കേട്ടതിൽ പിന്നെയാണ് സ്ഥലകാലബോധമുണ്ടായത്. 


ആദമിൻറെ പേടിച്ചരണ്ട കണ്ണുകളിലാണ് ആദ്യം കണ്ണുകളുടക്കിയത്. പിന്നെ ആകാംഷ നിറഞ്ഞ ഇമ്മാനുവലിൻറെ കണ്ണുകളിൽ. കൗതുകം നിറഞ്ഞ ഒരു കൂട്ടം ആളുകളുടെ കണ്ണുകളിൽ. 


തണുത്ത ജ്യുസ് സിരകളെ നല്ല പോലെ തണുപ്പിച്ചു. ഒരു വലിയ നെടുവീർപ്പ് അവളിൽ നിന്നും ഉതിർന്നു. മനസ്സ് ഇപ്പോഴും ചുട്ടുനീറുകയാണ്. മനസ്സിൻറെ അത്രയും ലോലമായ ഭാഗത്തേയ്ക്കാണ് ഇമ്മാനുവൽ തീ കോരിയൊഴിച്ചത്. 


“മാഡം...” ഇമ്മാനുവലിൻറെ വിളി കേട്ടവൾ നോക്കി. അവളുടെ കണ്ണുകളിലേക്ക് ഇമ്മാനുവൽ സൂക്ഷിച്ചുനോക്കി. പിന്നെ പതിയെ പറഞ്ഞു.


“ഇതിൽ നിന്നൊക്കെ രക്ഷപ്പെടാൻ... ഒരു മാർഗമുണ്ട്. ഒരേ ഒരു മാർഗം.”


എന്താത് എന്നൊരു ഭാവത്തിൽ അവനെ നോക്കുക മാത്രം ചെയ്തു. ചില നിമിഷങ്ങളുടെ നിശബ്ദതയ്ക്കു ശേഷം ഇമ്മാനുവൽ പറഞ്ഞു. 


“നമുക്കങ്ങ് കല്ല്യാണം കഴിക്കാം. പിന്നെ ആർക്കെന്ത് അപവാദം പറയാൻ?” 


അവളുടെ കയ്യിൽ ഗ്ലാസ് വിറച്ചു. ലോകത്തിലാർക്കും നിർവചിക്കാനാവാത്ത ഒരു ഭാവത്തോടെ അവൾ അവൻറെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി. 


എന്നാൽ പ്രത്യേക ഭാവവ്യത്യാസമൊന്നുമില്ലാതെ നിസ്സംഗമായൊരു നോട്ടത്തോടെ ഇമ്മാനുവൽ അവളെ നേരിട്ടു. അപ്പോഴും ഉണ്ടായിരുന്നു ആ ചുണ്ടിൽ സുന്ദരമായൊരു പുഞ്ചിരി. തിരിച്ചറിയാനാവാത്തൊരു ഗൂഢമുദ്ര പോലെ!!


തുടരും


2 comments:

  1. പ്രതീക്ഷ തെറ്റിയില്ല!

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി മുബീ

      Delete