Saturday, December 19, 2020

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യയം 11: പ്രേതം  


ഒരു തണുത്ത ചുംബനം, അത് മുഖത്തുകൂടി അങ്ങിനെ ഒഴുകിനടക്കുകയാണ്. ഗാഢമായ ഉറക്കത്തിൽ നിന്നും സൂസൻ മെല്ലെ മെല്ലെ കണ്ണുകൾ തുറന്നപ്പോൾ ആദ്യം കണ്ടത് മൂടൽമഞ്ഞിൻറെ വെള്ളി പുതച്ച ശിഖരങ്ങളാണ്. ഇലകളിലും പൂക്കളിലും, ഹിമബിന്ദുക്കളിൽ പ്രകാശ കിരീടം ചൂടിനിൽക്കുന്നു. അവയ്ക്കിടയിൽ പ്രണയം നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കി പുഞ്ചിരിക്കുന്ന ഫ്രെഡി!


"ഫ്രെഡീ... എൻറെ ഫ്രെഡീ..." അവളുടെ ആ വിളിയിൽ വിരഹവും പ്രണയവും ചേർന്നലിഞ്ഞിരുന്നു. അവൻറെ പുഞ്ചിരിയുടെ പ്രകാശം അവളുടെ കണ്ണുകളെ റാഞ്ചിയെടുത്തു. അവൻറെ മൂളൽ അവളിലെ ഉന്മാദത്തെ തട്ടിയുണർത്തി. ഒരു പിടച്ചിലോടെ എഴുന്നേറ്റ അവൾ അവനെ ആഞ്ഞു പുണർന്നു. പിന്നെ അവൻറെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി. "ഫ്രെഡീ... എൻറെ ഫ്രെഡീ..." എന്നവൾ ഒരു മന്ത്രം പോലെ വിളിക്കുന്നുണ്ടായിരുന്നു.


തന്നെയാരോ ദൂരെ നിന്നും ഉറക്കെ വിളിക്കുന്നതവൾ കേട്ടു. ഉവ്വ് ആരോ സൂസനെന്ന് വിളിക്കുന്നു. കൂടെ ചേച്ചിയെന്നും. അവൾ അമ്പരന്നുപോയി. ചുറ്റുപാടും നോക്കിയപ്പോൾ തൻറെ അരികിൽ വിളറിയ മുഖത്തോടെ നിൽക്കുന്ന സോഫിയയെ കണ്ടു. ഇവൾക്കിവിടെ എന്ത് കാര്യമെന്നവൾ ഈർഷ്യയോടെ ചിന്തിച്ചു. തന്നെയും ഫ്രെഡിയെയും തുറിച്ചുനോക്കി നിൽക്കുന്ന അവളുടെ  കണ്ണിലെ ഭാവം സൂസന് തിരിച്ചറിയാനായില്ല. അവൾ മെല്ലെ ഫ്രെഡിയെ നോക്കി.


കറണ്ടടിച്ച പോലെ ഞെട്ടിപ്പിടഞ്ഞുകൊണ്ടവൾ പിന്നോട്ട് മാറി. അത് ഇമ്മാനുവലായിരുന്നു. കടലാസ് പോലെ വെളുത്ത അയാളുടെ മുഖം. എന്തൊക്കെയോ പറയണം എന്നാഗ്രഹിക്കുന്ന ഭാവം. ഹൊ... കഷ്ടം.. ഞാൻ മനസ്സിൻറെ ഏതോ മായാജാലത്തിൽ പെട്ടുപോയി. അപ്പോഴാണ് അവൾക്ക് സോഫിയ ഓടിവന്നു പറഞ്ഞ കാര്യം ഓർമവന്നത്.


അവൾ ഫ്രെഡിയെ കണ്ടെന്ന്. അല്ല. ഫ്രെഡിയുടെ പ്രേതത്തെ കണ്ടെന്ന്. അവൾ സോഫിയയെ തുറിച്ചു നോക്കി. കള്ളിയാണവൾ. പെരുങ്കള്ളം പറയുന്ന കള്ളി. അവളെ വിശ്വസിക്കാനേ പാടില്ല. എൻറെ ഫ്രെഡി ഒരു പ്രേതമായി അലഞ്ഞു തിരിഞ്ഞു നടക്കുന്നെന്ന് എന്നോട് പറയാൻ അവൾക്കെങ്ങിനെ ധൈര്യം വന്നു? സൂസൻ സോഫിയയെ ക്രൂദ്ധയായി നോക്കിക്കൊണ്ടിരുന്നു. 


"സൂസൻ...." ഇമ്മാനുവലിൻറെ ശബ്ദം നേർത്തുനേർത്തില്ലാത്ത പോലെ ആയിരുന്നു. അവൾ പതുക്കെ അയാളുടെ നേരെ മുഖം തിരിച്ചു. 


"അവിടിരുന്നോളൂ..." സോഫയിലേക്ക് ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞപ്പോൾ,  ആദ്യം അവളിൽ നിന്നൊരു  നെടുവീർപ്പ് പൊടിഞ്ഞു വീണു. പിന്നെ മുഖം പൊത്തി ഒറ്റക്കരച്ചിലായിരുന്നു. ഒന്ന് രണ്ടു നിമിഷങ്ങൾ ഇമ്മാനുവൽ അവളെ നോക്കി നിന്നു. പിന്നെ പതുക്കെ അവളെ തൻറെ നെഞ്ചിലേക്ക് ചേർത്തു. തന്നിലേക്ക് ചാഞ്ഞ് പൊട്ടിക്കരയുന്ന സൂസൻറെ മുതുകിൽ തലോടിക്കൊണ്ടയാൾ അവളുടെ കാതിൽ പതുക്കെ പറഞ്ഞു. 


"ടേക്ക് ഇറ്റ് ഈസി സൂസൻ.  ടേക്ക് ഇറ്റ് ഈസി. അവൾക്ക് തോന്നിയതാവും. ടേക്ക് ഇറ്റ് ഈസി."


കുറെ നേരം കഴിഞ്ഞപ്പോൾ അവൾ അയാളിൽ നിന്നും മെല്ലെ അടർന്നു മാറി. സോഫിയയെ നോക്കിയപ്പോൾ അവളുടെ കയ്യിൽ വെള്ളമുണ്ടായിരുന്നു. അവൾ അത് വാങ്ങി മടമടാന്ന് കുറെ കുടിച്ചു. ബോട്ടിൽ തിരികെ കൊടുത്ത്, സോഫയിൽ ഉറങ്ങുന്ന ആദമിൻറെ അരികിലിരുന്നു. അപ്പോഴും അവളുടെ കണ്ണുകൾ സോഫിയയുടെ കണ്ണുകളിൽ തന്നെയായിരുന്നു. ആ കണ്ണുകൾ സോഫിയയോട് ചോദിക്കുന്നുണ്ട്, എന്താണ് സംഭവിച്ചതെന്ന്!


സോഫിയ കിടക്ക വിരിക്കുകയായിരുന്നു. അടുക്കളയോട് ചേർന്ന് അവൾക്കൊരു ചെറിയ മുറിയുണ്ട്. ഹാളിൽ നിന്നും വന്ന ഉടനെ, അവിടെയുള്ള ക്രൂശിത രൂപത്തിൻറെ മുൻപിൽ കുറെ നേരം നിന്നിട്ടാണവൾക്ക് ഒന്ന് കിടക്കാനുള്ള ധൈര്യം വന്നത്.  ഉള്ളിലപ്പോഴും ഇമ്മാനുവൽ പറഞ്ഞ കാര്യമായിരുന്നു. ഇരട്ടത്തലയുള്ള മനുഷ്യൻറെ കാര്യം. ഒറ്റമുലയക്ഷിയും, ഒടിയനും, മറുതയും, ചാത്തനും, പൊട്ടിയുമൊക്കെ മുത്തശ്ശിക്കഥകളിൽ ഇന്നും ജീവിച്ചിരിക്കുന്ന, ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് വന്ന അവൾക്ക്, ഇരട്ടത്തലയുള്ള മനുഷ്യൻ ഒരു അത്ഭുതമൊന്നുമായിരുന്നില്ല. അത് കൊണ്ട് തന്നെ നല്ല ഭയമുണ്ടായിരുന്നു. മാത്രമല്ല, അതിനെ കണ്ടത് സൂസൻ ആണ്. അതും ഈ വീടിൻറെ മുറ്റത്ത്. നേരിയ ഭയത്തോടു കൂടി കിടക്കവിരി ശരിയാക്കിക്കൊണ്ടിരിക്കെയാണ് അടുക്കളയ്ക്കകത്തൊരു ശബ്ദം കേട്ടത്. വിചിത്രമായൊരു ശബ്ദം. ഇന്നോളം കേൾക്കാത്തത്. ഒരു  ഹൂങ്കാരശബ്ദം. ഹൃദയത്തിലേക്ക് ആ ശബ്ദം ഭയത്തിൻറെ ശൂലം കുത്തിയിറക്കി. അവളുടെ രോമകൂപങ്ങളെല്ലാം വടി പോലെ എഴുനേറ്റു നിന്നു.


വിറച്ചുവിറച്ചുകൊണ്ടവൾ അടുക്കളയിലേക്കെത്തി നോക്കി. ലൈറ്റണച്ചിട്ടുണ്ടായിരുന്നു. അടഞ്ഞു കിടക്കുന്ന, പുറത്തേയ്ക്കുള്ള വാതിലിൻറെ അരികിലെ ഇരുട്ടിൽ, ഇരുട്ടിന് കട്ടികൂടിയ പോലെ ഒരു രൂപം. കരിമ്പടം പുതച്ചൊരു ആൾരൂപം. ആ രൂപത്തിന് രണ്ട് തലയുണ്ടായിരുന്നു. അയാളുടെ വലതു ഭാഗത്തെ തലയുടെ കണ്ണുകൾ കനൽ പോലെ തിളങ്ങുന്നുണ്ടായിരുന്നു. അവൾക്ക് കടുത്ത മൂത്രശങ്കയുണ്ടായി. ഒരു അമർത്തിയ നിലവിളി തൊണ്ടയിൽ പുറത്തേയ്ക്ക് വരാനാവാതെ പിടഞ്ഞു. 


പെട്ടെന്ന് അവളുടെ സപ്തനാഡികളും തളർത്തിക്കൊണ്ട്, ആ മൂളൽ ശബ്ദം അവിടെ ഉയർന്നു. അവൾ ഭയന്ന് ചൂളി വിറച്ച് നോക്കി നിൽക്കെ, ആ രൂപത്തിൻറെ വലതുഭാഗത്തെ തല അയാളിൽ നിന്നും വേർപ്പെട്ടു. അതിന് രണ്ട് ചിറകുകൾ മുളച്ചു. അത് തൻറെ നേരെ പറന്നു വരുന്ന പോലെ. സർവ്വശക്തിയുമെടുത്ത് അവൾ ഉറക്കെ നിലവിളിച്ചു. അപ്പോഴാണ് ആ രൂപം ഇരുട്ടിൽ നിന്നും കുറച്ചുകൂടി മുന്നോട്ട് വെളിച്ചത്തിലേക്ക് വന്നത്. ആ മുഖം കണ്ടതോടെ അവളുടെ സകല നിയന്ത്രങ്ങളും വിട്ടു.


അത് ഫ്രെഡിയായിരുന്നു. കറുത്തിരുണ്ട് വിണ്ടുകീറി വികൃതമായ മുഖം. വരണ്ടു വിണ്ട ചുണ്ടുകൾക്ക്  കറുത്ത നിറം. പാറിപ്പറന്ന ജഡകുത്തിയ മുടിയും കുഴിഞ്ഞ കണ്ണുകളും. ഒട്ടിയ കവിളുകളും ഉന്തിയ മോണയും. നഖം വളർന്ന വിരലുകൾ വിടർത്തി തൻറെ വലങ്കൈ അവളുടെ നേരെ നീട്ടി. പറന്നുയർന്ന മൂങ്ങ,  പ്രദക്ഷിണം വച്ച് തിരികെ ആ തോളിൽ തന്നെ വന്നിരുന്നു. അതിനകം, അവളുടെ നിലവിളി കാരണം, വീട്ടിലെ അലാറം സിസ്റ്റം ഓൺ ആയി. എങ്ങിനെയൊക്കെയോ ധൈര്യം സംഭരിച്ച് അവൾ അവിടെ നിന്നും തിരിഞ്ഞു നോക്കാതെ ഓടിരക്ഷപ്പെട്ടു. 


സൂസനും ഇമ്മാനുവലും മുഖത്തോട് മുഖം നോക്കി. സൂസൻ വെറുതെ തലവെട്ടിച്ചുകൊണ്ടിരുന്നു. ഈ കേട്ടതൊന്നും വിശ്വസിക്കാനാവുന്നില്ലെന്ന പോലെ. ഇമ്മാനുവൽ ഗാഢമായ എന്തോ ആലോചനയിലായിരുന്നു. 


ഈ മനുഷ്യനെ തന്നെയല്ലെ സൂസൻ കണ്ടത്? അതെ. ഇരുട്ടിൽ അയാളുടെ തോളിൽ ഉണ്ടായിരുന്ന മൂങ്ങ, അയാളുടെ രണ്ടാമത്തെ തലയായി തോന്നിയതാണ്. അപ്പോൾ അങ്ങിനെ ഒരാൾ അവിടെ ഉണ്ടായിരുന്നോ. ഒരേ സംഭവം തന്നെ രണ്ടു പേർക്ക് എങ്ങിനെ തോന്നും? എന്നാലും, എങ്ങിനെയാണയാൾക്കകത്ത് കയറാനാവുക? എന്ത് കൊണ്ടാണ് സെക്യൂരിറ്റി സിസ്റ്റം അയാളെ ഡിറ്റക്ട് ചെയ്യാത്തത്? ഇനി അത് ഇവൾ പറഞ്ഞ പോലെ ഫ്രെഡിയുടെ പ്രേതം തന്നെ ആണോ? ഹേയ്... പ്രേതങ്ങളൊക്കെ വെറും അന്ധവിശ്വാസങ്ങളല്ലേ? ഇത് വേറെന്തോ കളിയാണ്. ഇനിയത് ശരിക്കും ഫ്രെഡിയാണോ? ആണെങ്കിൽ നേരെ വരില്ലേ? ഇത്രയും കാലം അവനെവിടെയായിരിക്കും? ഇനി ഇവൾക്ക് തോന്നിയതാണോ? ചിലപ്പോൾ സൂസൻ രണ്ട് തലയുള്ള ആളെ കണ്ടു എന്ന് പറഞ്ഞപ്പോൾ, ആ ഭയത്തിൽ നിന്നും ഉണ്ടായതാവും. ഒരു തരം ഹാലൂസിനേഷൻ. അപ്പോൾ പിന്നെ ആ മൂങ്ങ? ഹാലൂസിനേഷൻ ആണെങ്കിൽ രണ്ടു തലയുള്ള ആളെ തന്നെയല്ലേ കാണുക? അവൻറെയുള്ളിൽ നിരവധി ചോദ്യങ്ങൾ കരയിൽ പിടിച്ചിട്ട മീൻ പോലെ പിടഞ്ഞു. 


ഇമ്മാനുവൽ മെല്ലെ അടുക്കള ഭാഗത്തേയ്ക്ക് നടന്നു. ഇനി അഥവാ അങ്ങിനെയൊരു ആൾ അവിടെ ഉണ്ടെങ്കിലോ എന്നൊരു ഭയമുണ്ട്. ഡൈനിംഗ് ഹാളിൻറെ വാതിലിൻറെ ഭാഗത്തെത്തിയപ്പോൾ ഒന്ന് തിരിഞ്ഞു നോക്കി.  സ്ത്രീകൾ രണ്ട് പേരും പ്രതിമ പോലെ ഭീതിനിറച്ച കണ്ണുകളുമായി അവിടെ നിന്ന് തന്നെ നോക്കുന്നു. വരുന്നത് വരട്ടെ എന്ന രീതിയിൽ അടുക്കളയിലേക്ക് നടന്നു. അവിടെ അങ്ങിനെ ഒരാളുണ്ടായിരുന്നു എന്നതിൻറെ യാതൊരു അടയാളവും കണ്ടെത്താനായില്ല. 


"ഇവിടെങ്ങും ആരുമില്ല" എന്ന അയാളുടെ പ്രഖ്യാപനം കേട്ടപ്പോഴാണ് ഡെയ്‌നിംഗ് ഹാളിൻറെ വാതിൽക്കലോളം വന്നു എത്തിനോക്കുകയായിരുന്ന സോഫിയ അടുക്കളയിലേക്ക് വന്നത്. പിന്നാലെ സൂസനും വന്നു. ശരിയായിരുന്നു. അവിടെ അങ്ങിനെ ഒരു മനുഷ്യനോ ഒരു മൂങ്ങയോ ഉണ്ടായിരുന്നില്ല. അടുക്കളയുടെ വാതിൽ അകത്ത് നിന്നും ടവർ ബോൾട്ട് ഇട്ടിട്ടുണ്ട്. സൂസൻ സോഫിയയെ തറപ്പിച്ചൊന്ന് നോക്കി. ആ സമയം ഇമ്മാനുവൽ സ്റ്റോർ റൂമിലെ ലൈറ്റിട്ട് പരിശോധിക്കുകയായിരുന്നു. എല്ലായിടവും അവർ അരിച്ചു പെറുക്കി. സോഫിയയുടെ മുറിയിലെ അലമാരിയും, കട്ടിലിൻറെ അടിയും എന്ന് വേണ്ട ഒരു പൂച്ചയ്‌ക്കൊളിച്ചിരിക്കാവുന്ന സ്ഥലങ്ങൾ പോലും പരിശോധിച്ചു. അങ്ങിനെ ഒരാളിൻറെ ഒരടയാളവും അവിടെ ഇല്ല. അവസാനം ഇമ്മാനുവൽ പറഞ്ഞു. 


"ഇവൾക്ക് തോന്നിയതാവും. സൂസൻ പുറത്തൊരാളെ കണ്ടെന്ന് പറഞ്ഞില്ലേ. അപ്പോൾ എന്തോ ഒരു ശബ്ദം കേട്ടപ്പോൾ... പിന്നെ ബാക്കിയൊക്കെ മനസ്സ് സ്വയമുണ്ടാക്കിയതാണ്. വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ. ഈ മൂങ്ങയൊക്കെ നാട്ടുമ്പുറങ്ങളിൽ ഒരു പ്രേതജീവി അല്ലെ."


സോഫിയ അയാളെ പകച്ചു നോക്കി. തനിക്ക് തോന്നിയതോ? ഏയ്. അല്ല. ഞാൻ... ഞാൻ ശരിക്ക് കണ്ടതല്ലേ. അവളുടെ മനസ്സ് ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു. എങ്കിലും സൂസനെ ഓർത്തവൾ ഒന്നും മിണ്ടിയില്ല. 


സൂസനും ഇമ്മാനുവലും പോയപ്പോൾ അവൾ വേഗം കിടപ്പുമുറിയുടെ വാതിലടച്ച് കുറ്റിയിട്ടു. ലൈറ്റ് ഓഫ്‌ചെയ്യാതെ അവൾ ക്രൂശിത രൂപമെടുത്ത് നെഞ്ചോട് ചേർത്തു വച്ച് കിടക്കയിൽ ഇരുന്നു കണ്ണടച്ച് എന്തൊക്കെയോ മന്ത്രിക്കാൻ തുടങ്ങി.


കിടപ്പുമുറിയിലെത്തിയ സൂസൻ ആദമിനെ ബെഡിൽ കിടത്തി. വാർഡ്രോബിൻറെ ഡ്രോവറിൽ നിന്ന് ഒരു ഐപാഡ് പുറത്തെടുത്തു. ഒരു വീഡിയോ പ്ലേ ചെയ്തു. അതൊരു പിറന്നാൾ വീഡിയോ ആയിരുന്നു. കേക്ക് മുറിക്കുന്ന സൂസൻ. ആദം അടുത്തുണ്ട്. ഫ്രെഡിയുടെ പിറന്നാൾ ആശംസാ ഗാനം കേൾക്കാം. അത് തീരുന്ന മുൻപേ, ഫ്രെഡി ക്യാമറയ്ക്ക് മുന്നിലെത്തി. അവൾ നീട്ടിയ കേക്കിൻ കഷ്ണം വാങ്ങി അവൾക്ക് നേരെ നീട്ടി. അതിൻറെ പകുതി അവൾ കടിച്ചെടുത്തപ്പോൾ ബാക്കി അവൻ ആദമിന് നേരെ നീട്ടി.


"ഫ്രെഡീ....." സൂസൻ വിളിച്ചു. ഫ്രെഡി കഴിക്കാതിരുന്നത് അവൾക്കിഷ്ടമായില്ല എന്നാ മുഖം വിളിച്ചു പറയുന്നുണ്ട്. അവനൊരു കള്ളച്ചിരിയോടെ അവളുടെ അടുത്തെത്തി. അവളുടെ ചുണ്ടിൽ പറ്റിയിരുന്ന കേക്കിൻറെ ക്രീം വിരൽ നീട്ടി തോണ്ടിയെടുത്തു. അത് നുണഞ്ഞു കൊണ്ടവൻ അസ്സലായിരിക്കുന്നു എന്നാംഗ്യം കാണിച്ചു. അവൾ ഒരല്പം നാണത്തോടെ നിൽക്കെ, അവൻ ഇരു കൈകളിലും അവളുടെ മുഖം കോരിയെടുത്തു. അതൊരു ഗാഢമായ ചുംബനത്തിൻറെ തുടക്കമായിരുന്നു.  


സൂസൻ പറഞ്ഞറിയിക്കാനാവാത്തൊരു നിർവൃതിയോടെ അത് നോക്കിനിൽക്കുകയായിരുന്നു. പെട്ടെന്നാണ് അവൾക്ക് തൻറെ പിറകിൽ ആരോ ഉണ്ടെന്നെ തോന്നൽ ഉണ്ടായത്. ഒരു  ഉച്ഛ്വാസവായുവിൽ പിൻകഴുത്തിലെ രോമരാജികൾ ഉലയുന്ന പോലെ. ഒരു രോമാഞ്ചം ഉടലാകെ പടരുന്ന പോലെ.  


അവൾ ഞെട്ടിത്തിരിഞ്ഞു നോക്കി. കണ്ണുകളഞ്ചിപ്പോയി. പ്രകാശം പൊഴിക്കുന്ന ഫ്രെഡിയുടെ സുന്ദരമായ മുഖം. അവൻറെ മനോഹരമായ കണ്ണുകളിൽ നിറയെ തിരയിളകുന്ന പ്രണയം. ചുണ്ടിൽ വിടർന്നു നിൽക്കുന്ന, ചുവന്ന പനനീർ പൂ പോലുള്ള പുഞ്ചരി. അവളിൽ നിന്നും അറിയാത്തൊരു ശബ്ദം പുറത്തു വന്നപ്പോൾ, അവൻ അവളുടെ വായ പൊത്തിപ്പിടിച്ചു. അവൻറെ കൈക്ക് മഞ്ഞിനേക്കാൾ തണുപ്പുണ്ടായിരുന്നു. അവൻറെ ചുണ്ടുകൾ അവളുടെ കാതുകൾ വരെയെത്തി.


"ശ്ശ്ശ്ശ്ശ്ശ്..... എന്നെ പേടിയാണോ?"


അവൾക്ക് ശബ്ദിക്കാനായില്ല. അവൻറെ കണ്ണിലേക്ക് നോക്കി ഒരല്പ നേരം അങ്ങിനെ നിന്നു. പിന്നെ, തൊണ്ടയിൽ നിന്നും ചിതറിവീണ ഒരു തേങ്ങലോടെ, ആ നെഞ്ചിലേക്ക് വീണു. അവളുടെ മുഖത്തുകൂടെ അവൻറെ തണുത്ത വലതുകരം തഴുകിക്കയറി. കണ്ണുകൾ തുടച്ചുകൊണ്ടത്, കാർകൂന്തലിലൂടെ, മുതുകിലൂടെ പാർശ്വഭാഗത്തിലൂടെ നിതംബം വരെ ഇറങ്ങിച്ചെന്നു.  


"സൂസൻ....." അവൻറെ പ്രേമാർദ്രമായ വിളി.


" ഊം...." ഒരു മൂളലിൽ അവളുടെ മുഴുവൻ പ്രണയവുമുണ്ടായിരുന്നു. 


"പോരുന്നോ...? എൻറെ കൂടെ....!"


" ഊം... പക്ഷെ...!?"


"എന്തേ...?"  

 

"ആദം. അവൻ കുഞ്ഞല്ലേ...?"


അവനൊന്നും പറഞ്ഞില്ല. അവളുടെ നിതംബത്തിലവൻറെ കൈകളമർന്നു. അവളുടെ കണങ്കാലുയർന്നു. വിരൽ കുത്തിക്കൊണ്ടവൾ നിന്നു. തൂവ്വൽ പോലെ മൃദുലമായ അവളുടെ അധരങ്ങളെ അവൻറെ അധരങ്ങൾ കോർത്തെടുത്തു. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു. ഭാരമില്ലാത്ത ഒരപ്പൂപ്പൻ താടി പോലെ, അനുഭൂതിയുടെ ആകാശത്തിലെവിടെയോ അവളൊഴുകിനടന്നു. നിശ്വാസങ്ങളുടെ നീണ്ട ഇടനാഴിയിൽ അവർ പരസ്പരം കൊരുത്തു കിടന്നു. 


ഉറക്കമുണർന്നപ്പോൾ, അരികിൽ ഒരു വശം ചെരിഞ്ഞു കിടക്കുന്ന ആദം. പകുതി അഴിഞ്ഞുലഞ്ഞ വസ്ത്രവും, അല്പം അനാവൃതമായ മാറിടവും അവളിൽ ഞെട്ടലുണ്ടാക്കി. അറിയാതെ ചുണ്ടിലൊന്ന് തൊട്ടു നോക്കി. ഉവ്വ്. അവിടെ ഇപ്പോഴും ഉണ്ട്... അനുഭൂതിയുടെ ഒരു തണുപ്പ്. അവളിൽ നിന്നൊരു അമർത്തിയ തേങ്ങൽ പുറത്തേയ്ക്ക് പിടഞ്ഞു വീണു. 


ഫ്രെഡീ... എന്നെ ഇങ്ങിനെ പരീക്ഷിക്കണോ? ഇനിയുമെന്നെ ഇങ്ങിനെ പരീക്ഷിക്കണോ?


തുടരും


2 comments: