അദ്ധ്യയം 12: ഭയാനകം
"ആഹാ... ഇത്ര രാവിലെ? എന്താ ചേച്ചീ?"
അതിരാവിലെ സൂസനെ അടുക്കളയിൽ കണ്ട സോഫിയക്ക് അത്ഭുതം.
"ഉറക്കം വന്നില്ല. നീയുറങ്ങിയോ?" സൂസൻറെ ശബ്ദത്തിന് പോലും ഉണ്ടായിരുന്നു ഒരു ഉറക്കച്ചടവ്. ക്ഷീണച്ച സ്വരത്തിൽ സോഫിയ പറഞ്ഞു.
"എവിടെ... പേടിച്ച് പാതി ചത്തു. ഇപ്പൊ പനിക്കുന്ന പോലെ." അവളുടെ കണ്ണുകളൊക്കെ ചുവന്നിരുന്നു. സൂസൻ അവളുടെ നെറ്റിയിലൊന്ന് തൊട്ടപ്പോൾ, നല്ല ചൂടുണ്ട്.
"ഉം... നല്ല പനിയുണ്ട്. ഒരു കാര്യം ചെയ്യ്. ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിയാ മതി. മറ്റേതൊക്കെ ഓർഡർ ചെയ്താൽ മതി. റസ്റ്റ് എടുക്ക്"
"ചേച്ചീ..." കാപ്പിക്കപ്പുമെടുത്ത് തിരിഞ്ഞ സൂസനെ സോഫിയ പിറകിൽ നിന്നും വിളിച്ചു. അവൾ തിരിഞ്ഞ് ചോദ്യഭാവത്തോടെ സോഫിയയെ നോക്കി. അവൾ ഒരല്പം സങ്കോചത്തോടെ ചോദിച്ചു.
"ചേച്ചീ... ഞാനൊന്ന് പൊയ്‌ക്കോട്ടെ? സാബുച്ചായനെ വിളിച്ചിരുന്നു. മൂപ്പര് പറയുന്നത് ഒന്നത്രടം വരെ ചെല്ലാനാ."
"ഓ... ഇനിയിപ്പോ ഈ പനിക്കോളും കൊണ്ടാ മലമൂട്ടിലേക്ക് പോണോ? പനി അവനും കൂടി കൊടുക്കേണ്ടിവരും... ല്ലേ?"
സൂസൻറെ ചോദ്യം കേട്ടപ്പോൾ തെല്ലൊരു നാണത്തോടെ സോഫിയ പറഞ്ഞു. "പനിക്കുള്ള മരുന്നൊക്കെ... സാബുച്ചായൻറെ കയ്യിലുണ്ടാവും."
"ഊം... ഊം. മനസ്സിലായി... മനസ്സിലായി. നിന്നെയെന്താടീ അവൻ ഫോണിലൂടെ പിടിച്ചുവലിച്ചോ? ഉം... പൊയ്ക്കോ. പോയേച്ച് ഊരവേദനയുമായി വരരുത്? ആട്ടെ.. എന്നാ തിരിച്ച്?" സൂസൻ ഒന്നൂറിച്ചിരിച്ചു. സോഫിയ ഇത്തിരി കെറുവോടെ പറഞ്ഞു.
"ഒന്ന് പോ ചേച്ചീ... കളിയാക്കാതെ. ഞാനൊരു രണ്ടാഴ്ചയാവും".
"യ്യോ... രണ്ടാഴ്ചയോ? ഇവിടിപ്പോ ഇമ്മാനുവലൊക്കെ ഇല്ലേ? ഈ രണ്ടാഴ്ച പുറത്തൂന്ന് ഫുഡ്..... പ്രശ്‌നമാണ്."
സോഫിയയുടെ മുഖം മങ്ങുന്നത് കണ്ടപ്പോൾ പുഞ്ചിരിച്ചുകൊണ്ട് സൂസൻ തുടർന്നു. "എന്നാലും സാരമില്ല. ഞാനഡ്ജസ്റ്റ് ചെയ്‌തോളാം. ഇനി സാബുവിന് മതിയായില്ല എന്ന് വേണ്ട."
സൂസൻ കാപ്പിയുമായി വരുമ്പോൾ ഹാളിൽ ഗ്ലാസ്സിൻറെ അരികിൽ നിന്ന് പുറത്ത് പൂന്തോട്ടത്തിലേക്ക് നോക്കിനിൽക്കുന്നു ഇമ്മാനുവൽ. സൂസൻ അടുക്കള ഭാഗത്തേയ്ക്ക് നോക്കി ഉറക്കെ വിളിച്ചു. "സോഫീ.. ഇമ്മാനുവലിന് കോഫി."
അവളുടെ ശബ്ദം കേട്ടപ്പോൾ തിരിഞ്ഞു നോക്കിയ ഇമ്മാനുവൽ പുഞ്ചിരിയോടെ ചോദിച്ചു. "ഈ വീട്ടിലാരും ഇന്നലെ രാത്രി ഉറങ്ങിയില്ലേ? ഞാനുറങ്ങിയിട്ടില്ല. ജീവിതത്തിൽ ഇത്രത്തോളം ഡിസ്റ്റർബ്ഡ് ആയിട്ടുള്ളൊരു രാത്രി ഉണ്ടായിട്ടില്ല! "
സൂസൻ ഒരു വിളറിയ പുഞ്ചിരിയിൽ തൻറെ മറുപടി ഒതുക്കി. ഇമ്മാനുവൽ ശബ്ദം താഴ്ത്തി ചോദിച്ചു. "ആ പെണ്ണ് ഇതിന് മുൻപിങ്ങനെ പ്രേതം പിശാചെന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കിയിട്ടുണ്ടോ?"
അപ്പോഴേക്കും സോഫിയ അങ്ങോട്ട് വരുന്ന ശബ്ദം കേട്ടു. ഇമ്മാനുവലിന് കോഫി കൊടുത്ത അവൾ തിരികെ പോയിക്കഴിഞ്ഞപ്പോൾ സൂസൻ പറഞ്ഞു. "ഇല്ല. അവള് സത്യത്തിൽ നല്ല ധൈര്യമുള്ള കൂട്ടത്തിലാണ്. ഇന്നലെയെന്തോ... എനിക്കറിയില്ല!"
അപ്പോഴേക്കും ആദം ചിണുങ്ങിക്കരഞ്ഞുകൊണ്ട് അങ്ങോട്ട് ഇറങ്ങി വന്നു. സൂസൻ പിന്നെ അവൻറെ പിന്നാലെയായി. ഇമ്മാനുവൽ ചുണ്ടിലെ ഒരിളം ചിരിയോടെ അത് നോക്കിയും ഇടയ്ക്കിടയ്ക്ക് ചൂടുള്ള കാപ്പി മൊത്തിക്കുടിച്ചും സോഫയിലിരുന്നു. പിന്നെ ടിവി ഓൺ ചെയ്തു.
ഫ്രെഡിയുടെ കല്ലറയ്ക്കരികിൽ ഉള്ളുവിങ്ങി, കണ്ണുകൾ കലങ്ങിക്കൊണ്ടാണ് സൂസൻ നിന്നത്. തലേന്നത്തെ സംഭവം അവളെ അങ്ങേയറ്റം ഉലച്ചു കളഞ്ഞിരുന്നു. തൻറെ കണ്ണുകൾ കൊണ്ട് കണ്ടത് വെറും തോന്നലാണെന്ന് എങ്ങിനെ വിശ്വസിക്കും. പിന്നെ സോഫിയയുടെ അനുഭവം. അതിനൊക്കെ പുറമെ കിടപ്പറയിലെ അനുഭവം. തനിക്ക് ചുറ്റും എന്തോ നടക്കുന്ന പോലെ. താനറിയാത്ത നിഗൂഢതയുടെ ഒരു മൂടൽമഞ്ഞ് തന്നെ, ഗ്രസിച്ചു നിൽക്കുന്ന പോലെ.
ഫ്രെഡീ... ആത്മാക്കളുടെ ലോകത്ത് നിന്നും നീയെന്നെ കാണുന്നുണ്ടോ? എൻറെ അരികിലേക്ക് നീ വരാറുണ്ടോ? നിനക്കറിയുമോ... എനിക്കെന്താണ് സംഭവിക്കുന്നതെന്ന്. ഒത്തിരി വട്ടം നിന്നെ ഞാൻ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. നല്ലതും ചീത്തയും ഒക്കെ. പക്ഷെ... ഇന്നലത്തെ പോലെ ഒരനുഭവം... ഇത് വരെ ഇല്ല. ഇന്നലെ... ഇന്നലെ നീയെൻറെ അരികിൽ വന്നോ? അതല്ലെങ്കിൽ.... എനിക്കെന്താണ് സംഭവിക്കുന്നത്?
നാലഞ്ച് ദിവസങ്ങൾ കഴിഞ്ഞു. ആ രാത്രി, ദാഹം സഹിക്ക വയ്യാതായപ്പോഴാണ് ഇമ്മാനുവൽ കിടക്കയിൽ എഴുനേറ്റിരുന്നത്. എന്താണെന്നറിയില്ല. ഇന്ന് വയറിനൊരു സുഖമില്ല. ഇന്നത്തെ ഫുഡ് പ്രശ്നമായെന്ന് തോന്നുന്നു. സൂസൻ ഒന്നും ഉണ്ടാക്കാറില്ല. അങ്ങേയറ്റം പോയാൽ കോഫീ/ടീ മേയ്ക്കറിൽ കാപ്പിയോ ചായയോ ഉണ്ടാക്കും. അവൾക്ക് ഒന്നും കുക്ക് ചെയ്യാനറിയില്ലത്രേ? അത്ഭുതം എന്നല്ലാതെ എന്ത് പറയാൻ! ചെറുപ്പം മുതൽ അവൾ അങ്ങിനെയാണ് ശീലിച്ചതത്രെ!
പ്രാതൽ മുതൽ അത്താഴം വരെ പുറത്തുനിന്നാണ്. മുന്തിയ ഹോട്ടലിൽ നിന്നൊക്കെയാണ് ഫുഡ് വരുന്നത്. പറഞ്ഞിട്ടെന്താ. ഹോട്ടൽ ഫുഡ് എങ്ങിനെയൊക്കയായാലും ഹോട്ടൽഫുഡ് തന്നെ. ആ സോഫിയ ഒന്ന് എത്രയും പെട്ടെന്ന് വന്നാൽ മതിയായിരുന്നു. അയാൾ മൊബൈലെടുത്ത് നോക്കി. സമയം രണ്ടരമണി.
മെല്ലെ എഴുനേറ്റു. വാതിൽ തുറന്നു. നേരെ ഡൈനിംഗ് ടേബിളിന്നരികിലേക്ക് ചെന്നു. അവിടെ ഒരു ബോട്ടിലിൽ ഉണ്ടായിരുന്ന വെള്ളം, കുടിച്ചു കൊണ്ടിരിക്കെ അടുക്കളയിലെന്തോ ഒരു ശബ്ദം!
ആദ്യം ഓർത്തു അത് സോഫിയ ആയിരിക്കുമെന്ന്. പിന്നെ സംശയം, ഈ രണ്ടര മണിക്കോ? ഒന്നുരണ്ടു നിമിഷം കഴിഞ്ഞാണ്, അവളിവിടെ ഇല്ലല്ലോ എന്നോർത്തത്. ഉള്ളിൽ നിന്നും എന്തെന്നറിയാത്തൊരു നടുക്കം നെഞ്ചിൽ വന്നു കനത്തു. ശരീരമാകെ ഒരു കുളിർ ഓടിനടക്കുന്ന പോലെ.
അടുക്കളയിൽ നിന്നും ആ ശബ്ദം വ്യക്തമായി കേൾക്കാം. ഒരു ഗ്ലാസിലേക്ക് പൈപ്പിൽനിന്നും വെള്ളമെടുക്കുന്ന ശബ്ദം. ഇമ്മാനുവൽ പതുക്കെ അടുക്കളയിലേക്ക് നടന്നു. ലൈറ്റിടണം എന്നാഗ്രഹമുണ്ട്. പക്ഷെ സ്വിച്ചുകളൊക്കെ എവിടെയെന്ന് നല്ല തിട്ടമില്ല. അല്ലെങ്കിൽ തന്നെ ഈ പണ്ടാരം പിടിച്ച വീട്ടിലെ മിക്ക കാര്യങ്ങളും ഇപ്പോഴും തനിക്കൊരു ചുക്കും മനസ്സിലായിട്ടില്ല.
മെല്ലെ മെല്ലെ ഒരു വിധം അടുക്കള വാതിൽക്കലെത്തി. അത് വരെ കേട്ടു കൊണ്ടിരുന്ന ശബ്ദം പെട്ടെന്ന് ഇല്ലാതായി. ഇമ്മാനുവലിൻറെ ഹൃദയം ചങ്കിൽ കേറി മിടിക്കാൻ തുടങ്ങി. അയാൾ മെല്ലെ അകത്തേയ്ക്ക് എത്തി നോക്കി. അപ്പോഴേക്കും കണ്ണുകൾ അവിടെയുള്ള മങ്ങിയ വെളിച്ചത്തിനോട് പൊരുത്തപ്പെട്ടിരുന്നു. ശ്വാസമടക്കിപ്പിടിച്ച് നോക്കിയ ഇമ്മാനുവലിന് അടുക്കളയിൽ ഒന്നും തന്നെ കാണാൻസാധിച്ചില്ല!
തപ്പിത്തടഞ്ഞ് അടുക്കളയിലെ ലൈറ്റിട്ടു. പൈപ്പിൽനിന്നും വെള്ളം വരുന്നില്ല! ഗ്ലാസുകളൊക്കെ അതതിൻറെ സ്ഥാനങ്ങളിൽ ഭംഗിയായി അടുക്കി വച്ചിട്ടുണ്ട്! പിന്നെ... ഞാൻ കേട്ടത്? ഇനിയിപ്പോൾ... എനിക്ക് തോന്നിയതാണോ? അയാൾ തല വെട്ടിച്ചു. “ഷിറ്റ്... വെറുതെ തോന്നിയതാ... ഓരോരോ പ്രാന്ത്. ഈ വീട്ടിലെന്താ ഇങ്ങിനെ? ഓരോരുത്തർക്കും ഓരോന്ന് തോന്നുന്നത്?”
ഫ്രിഡ്ജിൽ നിന്നൊരു ബോട്ടിൽ വെള്ളമെടുത്ത്, ലൈറ്റ് ഓഫ് ചെയ്ത് അടുക്കള വാതിൽക്കലോളമെത്തിയപ്പോൾ, പാമ്പിനെ ചവിട്ടിയാലെന്ന വണ്ണം ഞെട്ടിച്ചാടി. വളരെ വൃത്തികെട്ടൊരു ശബ്ദം തൊണ്ടയിൽ നിന്നും പുറത്തേയ്ക്ക് ചാടി!!!
നേരെ മുന്നിൽ ഡൈനിംഗ് ഹാളിൽനിന്നും മെയിൻ ഹാളിലേക്ക് കടക്കുന്നിടത്ത് ഒരു കറുത്ത രൂപം, ഒരു മനുഷ്യ നിഴൽ പോലെ!! ഒരു പ്രതിമ പോലെ നിന്നു പോയി ഇമ്മാനുവൽ. എന്താണ് ചെയ്യേണ്ടത് എന്നൊരു തിട്ടവുമില്ല. ധൈര്യത്തിൻറെ അവസാന കണികയും ചോർന്നു പോയിട്ടുണ്ട്.
എന്താണ് ഇപ്പോഴത്തെ തൻറെ അവസ്ഥയെന്നോ, എന്താണ് തൻറെ മുന്നിലെന്നോ ഇമ്മാനുവലിന് മനസ്സിലായില്ല. ഒന്ന് മാത്രം മനസ്സിലായി. ഈ അനുഭവം വളരെ വളരെ മോശമാണെന്ന്. തൻറെ ഹൃദയം ഇപ്പോൾ നിന്നു പോകുമെന്നോ, താൻ മരിച്ചു വീഴുമെന്നോ ഒക്കെ ഇമ്മാനുവൽ കരുതി. അപ്പോഴാണ് അതിനെക്കാൾ മോശമായി, ആ അനുഭവം പരിണമിച്ചത്!
“അച്ചായാ...” എന്നൊരു നേർത്ത വിളി. തൊട്ടു പിറകിൽ നിന്ന്. എന്ന് വച്ചാൽ കാതിലേക്ക് വിളിക്കുന്ന ആളിൻറെ ശ്വാസം തട്ടുന്നത്രയും അരികെ നിന്ന്!
ഇമ്മാനുവലിൻറെ സർവ്വ രോമങ്ങളും എഴുനേറ്റു നിന്നു. തൊണ്ടക്കുഴിലൊരു തീഗോളം നിന്ന് കത്തി. കൈകാലുകൾ തളരുന്ന പോലെ തോന്നി. കാരണം ആ കേട്ടത് ലിസിയുടെ ശബ്ദമായിരുന്നു. പ്രണയ പരവശയായ ലിസിയുടെ ശബ്ദം!
തുടരും
ഇതിപ്പോ... ആകെ കൺഫ്യൂഷനായല്ലോ!
ReplyDeleteഒരിത്തിരി കൺഫ്യുഷൻ ഉണ്ട്
Deleteഅത് നമുക്ക് മാറ്റിയെടുക്കാം
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം വേണമല്ലോ
പ്രശ്നം തന്നെയാണല്ലൊ
ReplyDelete