Saturday, December 26, 2020

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം13: തകർന്ന കല്ലറയും നഷ്ടപെട്ട തലയോട്ടിയും


സർവ്വ നാഡികളും തളർന്നുപോയ ഇമ്മാനുവൽ വിറച്ചു കൊണ്ട് തിരിഞ്ഞു നോക്കിയെങ്കിലും അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല. ശൂന്യതയിൽ അവൻറെ കണ്ണുകൾ ഭീതിയോടെ അലഞ്ഞുനടന്നു. 


അഞ്ചാറ് നിമിഷങ്ങൾ അങ്ങിനെ   നിന്നതിൽ പിന്നെ, തിരിഞ്ഞു നോക്കിയപ്പോൾ, മുൻപ് കണ്ട നിഴൽ രൂപത്തെയും കണ്ടില്ല. എല്ലാ നിയന്ത്രണങ്ങളും വിട്ടു. ഭ്രാന്ത് പിടിച്ച പോലെ, ഒരൊറ്റ ഓട്ടമായിരുന്നു. എന്തൊക്കെയോ തട്ടിവീണ പോലെ തോന്നി. തനിക്ക് ചുറ്റും എന്തൊക്കെയോ ശബ്ദം കേൾക്കുന്നു. വളരെ നേർത്ത ശബ്ദത്തിൽ ഒരു ചിരി കേൾക്കാം. അത് ലിസിയുടെ ശബ്ദം തന്നെ.  ഒന്നും ശ്രദ്ധിച്ചില്ല. നേരെ തൻറെ മുറിയിൽ കയറി വാതിലടച്ചു. പേനായയെ പോലെ കിതച്ചു കൊണ്ടവൻ വാതിലും ചാരി കുറെ നേരം നിന്നു. 


ഇടയിലെപ്പോഴോ അറിയാതെ കണ്ണുകൾ ലിസിയുടെ വലിയ ഫോട്ടോയിലെത്തി. നോക്കി നിൽക്കെ, ആ കണ്ണുകൾ ഇമവെട്ടുന്ന പോലെ. ആ കണ്ണുകൾ വന്യമാകുന്നതും അത് തന്നെ തുറിച്ച് നോക്കുന്നതും അവൻ കണ്ടു. ആ കണ്ണുകൾക്കിപ്പോൾ വെള്ളാരം കല്ലിൻറെ നിറമായിരുന്നു.  സൂക്ഷിച്ചു നോക്കിയപ്പോൾ, ലിസിയുടെ ചുണ്ടിലെ പുഞ്ചിരിയുടെ രീതി മാറുന്നതും കണ്ടു. അവൾ ചുണ്ടുകൾ പിളർത്തിച്ചിരിച്ചു. അപ്പോൾ രണ്ട് തേറ്റപ്പല്ലുകൾ വ്യക്തമായിട്ട് കണ്ടു. 


ഒരലർച്ചയോടെ ഫോട്ടോയ്ക്കരികിലേക്ക് ചാടിവീണു. അതെടുത്ത് താഴേക്കിട്ടു. ചില്ലുടയുന്ന ശബ്ദം എങ്ങും മുഴങ്ങി. കനത്ത നിശബ്ദതയെ ഭേദിച്ചുകൊണ്ട്, കാത് കുത്തിത്തുളക്കുന്നൊരു അസഹനീയ ശബ്ദം അവിടെയാകെ മുഴങ്ങി. ചെവി പൊത്തിക്കൊണ്ട് എന്തൊക്കെയോ അലറിവിളിച്ചു. അലാറം നിന്നു. ഇമ്മാനുവൽ ആകെ ചുറ്റിലും നോക്കി. അവൻ ഭ്രാന്തമായൊരു അവസ്ഥയിലായിരുന്നു! 


അൽപ്പം കഴിഞ്ഞപ്പോൾ, വാതിലിൽ മുട്ടുന്നശബ്ദം. ആ കനത്ത നിശബ്ദതയിലത് അങ്ങേയറ്റം ഭീതിദായകമായിരുന്നു. വാതിൽക്കലേക്ക് തുറിച്ചുനോക്കി. വീണ്ടും മുട്ട് കേട്ടു. ഭയന്ന് ചൂളി മുറിയുടെ ഒരു മൂലയിലേക്ക് ചുരുണ്ടു. വാതിലിൻറെ ലോക്ക് ഹാൻഡിൽ തിരിയുന്നത് കണ്ടപ്പോൾ, ചിത്തഭ്രമം ബാധിച്ചവനെ പോലെ, ഒരു വല്ലാത്ത ശബ്ദമുണ്ടാക്കി.


വാതിൽ മെല്ലെ തുറന്നു. ഇമ്മാനുവൽ മൂലയിലേക്ക് ഒന്നുകൂടി ചുരുണ്ടു. വാതിൽക്കൽ അമ്പരന്ന മുഖവുമായി സൂസൻ. അവൾ മുറിയിലാകെ കണ്ണോടിച്ചു.


“എന്ത് പറ്റി...? എന്താ ഒരു ശബ്ദം കേട്ടത്...? അലാറവും അടിച്ചല്ലോ? അത് പിന്നെങ്ങിനെ നിന്നു?”


അപ്പോഴാണ് അവൾ താഴെ വീണു കിടക്കുന്ന ലിസിയുടെ ഫോട്ടോ കണ്ടത്. സംശയത്തോടെ അവൾ ഇമ്മാനുവലിനെ നോക്കി.  “ഇതെങ്ങിനെ....?”


ഇമ്മാനുവൽ അപ്പോഴും ഭീതിയോടെ സൂസനെ നോക്കുകയായിരുന്നു. സൂസൻ അടുത്തു വന്നപ്പോൾ അവൻ പേടിയോടെ, പിന്നെയും സ്വയം ചുരുണ്ടു. എന്താ എന്ന അവളുടെ ചോദ്യം പോലും അവനെ പേടിപ്പിച്ചു. 


എന്നാൽ അത് അധികം നീണ്ടു നിന്നില്ല. സൂസൻ അമ്പരന്ന് നോക്കിനിൽക്കെ ഇമ്മാനുവൽ പതുക്കെ സ്വബോധത്തിലേക്ക് തിരികെ വന്നു. ഒരു ജാള്യതയോടെ എഴുനേറ്റു. ഒത്തിരി ചോദ്യങ്ങൾ നിറഞ്ഞ സൂസൻറെ നോട്ടത്തിന് മുന്നിൽ ഒരൽപം പതറലോടെ നിന്നു. തന്നെ അങ്ങിനെ ഒരവസ്ഥയിൽ, അവൾ കാണാനിടയായതിൽ അവന് ലജ്ജയുണ്ടായിരുന്നു. 


“ഈ വീട്ടിലെന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു. ദാഹിച്ചെഴുനേറ്റപ്പോൾ ലേശം വെള്ളമെടുക്കാൻ ചെന്നതാണ്. അടുക്കളയിലൊരു ശബ്ദം കേട്ടു. ചെന്നപ്പോൾ ആരെയും കണ്ടില്ല. അതൊരു തോന്നലാവുമെന്ന് കരുതി. തിരിഞ്ഞപ്പോൾ മുന്നിലൊരു രൂപം. പെട്ടന്ന് കണ്ടപ്പോൾ പേടിച്ചു പേയി. അങ്ങിനെ പേടിച്ചു നിൽക്കവേ... പിറകിൽ നിന്ന് ലിസി വിളിക്കുന്നത് പോലെ. പിന്നെ അവളുടെ ഒരു വല്ലാത്ത ചിരിയും. ഞാനത് ശരിക്കും കേട്ടു. പേടിച്ച് ഭ്രാന്താവുക എന്നൊക്കെ കേട്ടിട്ടേഉള്ളൂ. ഒരുവിധത്തിൽ ഓടിയിങ്ങോട്ട് വന്നപ്പോൾ... ഇവിടെ ഈ ഫോട്ടോയ്ക്ക് ജീവനുള്ള പോലെ. പോരാത്തതിന്.... രണ്ട് കോമ്പല്ലും. എനിക്കറിയില്ല. ഒരു തരം ഭ്രാന്ത്... അല്ലാതെന്താ? ഇപ്പോൾ എനിക്ക് മനസ്സിലായി... സൂസനും സോഫിയയും എന്ത് കൊണ്ടാണ് അന്നത്രയ്ക്ക് ഭയന്നതെന്ന്. ഛെ... എനിക്കത് മനസ്സിലാക്കാനായില്ലല്ലോ. ”


ഒരൊറ്റ വീർപ്പിന് ഇമ്മാനുവൽ പറഞ്ഞു നിർത്തിയപ്പോൾ, ആദ്യമൊക്കെ സൂസൻ കൗതുകത്തോടെ നോക്കി നിന്നു. അവളുടെ കണ്ണുകളിൽ നേരിയ ഭയം തെളിഞ്ഞു. പതുക്കെ പതുക്കെ അത് മാറി ഹാസ്യരസം നിറഞ്ഞു. ചുണ്ടിൽ ഊറിവന്ന ചിരി അവൾക്ക് നിർത്താനായില്ല.  അവൾ ചിരിക്കാൻ തുടങ്ങിയപ്പോൾ, ആദ്യമൊരു ജാള്യത തോന്നിയെങ്കിലും, പിന്നെ പിന്നെ ഇമ്മാനുവലിൻറെ ചുണ്ടിലും ജാള്യത കലർന്നൊരു പുഞ്ചിരി വിടർന്നു. ചിരിച്ചുകൊണ്ട് സൂസൻ പറഞ്ഞു


“ഇപ്പോളെനിക്ക് മനസ്സിലായി. അന്ന് ഇമ്മാനുവലെന്തിനാണ് ചിരിച്ചതെന്ന്. എന്നാലും ലിസിയെ ഇമ്മാനുവൽ പേടിക്കുക എന്നൊക്കെ വച്ചാൽ.... ഇത്തിരി കടുപ്പം തന്നെ. അപ്പോളിത്രയെ ഉള്ളൂ... ല്ലേ?”


സൂസൻ ഒരു വിധം ചിരി അടക്കി. കിടക്കയിലിരുന്നു. ജാള്യത നിറഞ്ഞ മുഖത്തോടെ ഇമ്മാനുവൽ പറഞ്ഞു.


“ആ പഷ്ട്... എനിക്കുണ്ടായ അനുഭവം തനിക്കായിരുന്നെങ്കിൽ... താനിപ്പോൾ ചത്തിട്ടുണ്ടാവും. എവിടുന്നൊക്കെയോ എന്തൊക്കെയോ ശബ്ദം കേൾക്കുന്നു. ഇരുട്ടിൽ ഒരു ഇരുണ്ട രൂപം നോക്കിനിൽക്കുന്നു. തൊട്ടു പിറകിൽ നിന്നൊരു വിളി... അച്ചായാന്ന്. ആ വിളി കേട്ടിട്ട് കുളിര് കോരിപ്പോയി. കർത്താവേ... പ്രാണൻ പോയീന്ന് പറഞ്ഞാൽ മതിയല്ലോ... ഒരു വിധം ഇവിടെ വന്നപ്പോൾ.. അതിലും വലിയ കൂത്ത്. ഒക്കെ തോന്നലാവും. എന്നാലും ആ സമയം അതൊക്കെ മനസ്സിലാക്കാൻ കഴിയണ്ടേ?”


“എന്നാലും... ലിസിയെ ഇങ്ങനെ പേടിക്കേണ്ടായിരുന്നു. ലിസിയെ കാണുമ്പോൾ വേറൊരാൾ പേടിക്കുന്നത് മനസിലാക്കാം. പക്ഷെ...  ഇമ്മാനുവൽ....!?”


അവൾ മുഴുവിപ്പിച്ചില്ല. ഇമ്മാനുവൽ താഴെ വീണു കിടന്നിരുന്ന ബോട്ടിലെടുത്ത് വെള്ളം കുടിച്ചു. പിന്നെ അതിൻറെ മൂടി അടയ്ക്കുന്നതിനിടയിൽ ചോദിച്ചു.


“അപ്പോൾ ഫ്രെഡിയുടെ പ്രേതത്തെ കണ്ടാൽ... സൂസൻ പേടിക്കില്ലേ? സൂസൻ പ്രേതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ?”


സൂസൻ നിസ്സംഗതയോടെ ഒന്ന് നോക്കി. പിന്നെ ചെറുപുഞ്ചിരിയോടെ ചോദിച്ചു. “എന്തിന്...? ജീവിച്ചിരുന്നപ്പോൾ സ്നേഹമുള്ളവർക്ക്, മരിച്ചാലും അതുണ്ടാവും. നമ്മെ സ്നേഹിക്കുന്നവരെ എന്തിനാ പേടിക്കുന്നത്? പിന്നെ പ്രേതങ്ങളിലുള്ള വിശ്വാസം. എനിക്കറിയില്ല ഇമ്മാനുവൽ. ഇപ്പോഴെനിക്കത് തീരെ മനസ്സിലാവുന്നില്ല! പക്ഷെ ഒന്നറിയാം. പ്രേതമായാണെങ്കിലും ഫ്രെഡി ഒന്ന് വന്നെങ്കിൽ എന്ന് ഞാനെപ്പോഴും ആഗ്രഹിക്കുന്നുണ്ട്. ശരിക്കും ഞാനങ്ങനെ ആഗ്രഹിക്കുന്നു.”


ഇമ്മാനുവൽ വെറുതെ കേട്ടുകൊണ്ടിരിക്കെ സൂസൻ ഇടറിയ ശബ്ദത്തിൽ തുടർന്നു. “ഇതൊക്കെ ഒരു തരം ഭ്രാന്താവാം... അല്ലെ? എന്നാലും എനിക്കിഷ്ടമാണ്. ഫ്രെഡിയുമായി ബന്ധപ്പെട്ട എല്ലാം. അവനെ... അവൻറെ സ്നേഹം... അവൻറെ ഓർമ്മകൾ... ഇപ്പോൾ ഈ ഭ്രാന്തും.... ഒക്കെ എനിക്കിഷ്ടമാണ്.”


ഇമ്മാനുവൽ അവളെ കൗതുകത്തോടെ നോക്കി. മെല്ലെ അവളുടെ അടുത്തു വന്നു. കുനിഞ്ഞ് ചുമലിൽ പിടിച്ചു. മുഖത്തേയ്ക്ക് നോക്കി. അവളുടെ കൺകോണിൽ രണ്ടു നീർത്തുള്ളികൾ തിളക്കുന്നത് കണ്ടു. കണ്ണുകൾ പരസ്പരം കൊരുത്തപ്പോൾ അവൾ കണ്ണുകളടച്ചു. ഉറവ പൊട്ടുന്നത് പോലെ അടഞ്ഞ കൺപീലികൾക്കിടയിലൂടെ നീർത്തുള്ളികൾ പ്രവഹിച്ചു. തൻറെ വിരലുകൾ കൊണ്ടവ തുടയ്ക്കുന്നതിനിടയിൽ ഇമ്മാനുവൽ പറഞ്ഞു. 


“സൂസൻ.... നീയെത്ര മനോഹരമായാണ് ഫ്രെഡിയെ സ്നേഹിക്കുന്നത്. ഒരാളെ ഇങ്ങിനെ സ്നേഹിക്കാൻ നിനക്കേ കഴിയൂ. നിനക്ക് മാത്രം.” 


സൂസൻ കണ്ണുകൾ തുറന്നു. മെല്ലെ എഴുനേറ്റു. ഒരു വരണ്ട പുഞ്ചിരി മാത്രമായിരുന്നു ആ ചുണ്ടിലുണ്ടായിരുന്നത്. പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.


“ഇന്നിനി ഉറങ്ങുമെന്ന് തോന്നുന്നില്ല. ഞാൻ വേണമെങ്കിൽ ഒരു ചായയുണ്ടാക്കാം. ഫ്രെഡി പറയാറുണ്ട്... എൻറെ ചായ കൊള്ളില്ലെന്ന്. ഒരു ഭാഗ്യപരീക്ഷണത്തിന് തയ്യാറാണെങ്കിൽ.....?”  


“ഓ.... അതിനെന്താ... അതിനും വേണമല്ലോ... ഒരു ഭാഗ്യം.” 


അയാൾ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അവൾ കൗതുകത്തോടെ ചോദിച്ചു. “ഭാഗ്യമോ...?”


“മിത്രയുടെ ചെയർപേഴ്സൻറെ കൈ കൊണ്ടുണ്ടാക്കിയ ചായ..... അതൊരു ഭാഗ്യം തന്നെയാണെ.” 


“ആ... അങ്ങിനെ.... ഈ അഭിപ്രായം കുടിച്ചാലും വേണം... ട്ടോ.” അവൾ ചിരിച്ചു കൊണ്ടങ്ങിനെ പറഞ്ഞ് നേരെ അടുക്കളയിലേക്ക് നടന്നു. പിറകിൽ നിന്നും ഇമ്മാനുവൽ വിളിച്ചു ചോദിച്ചു. 


“ഒറ്റയ്ക്ക് പേടിയാകുമോ? ഞാൻ കൂടെ വരണോ...?”


“ഓ... ഒറ്റയ്ക്കവിടെ നിൽക്കാൻ പേടിയുണ്ടെങ്കിൽ പോര്. ഞാനുള്ളിടത്തെന്തായാലും ലിസിയുടെ പ്രേതം വരില്ല. അതെനിക്കുറപ്പുണ്ട്.”


“അതെന്താ...” 


“അതങ്ങിനെയാ.... അല്ലെങ്കിലിനി വരുമ്പോൾ ലിസിയോട് ചോദിച്ച് നോക്ക്.”  


ഡൈനിംഗ് ഹാളിൽ നിന്നും സൂസൻ വിളിച്ചു പറഞ്ഞു. ഇമ്മാനുവൽ ഒന്നുറക്കെ ചിരിച്ചു. പിന്നെ അലങ്കോലമായ മുറിയൊക്കെ ഒതുക്കാൻ തുടങ്ങി. നിലത്തു വീണു കിടക്കുന്ന ലിസിയുടെ ഫോട്ടോ എടുത്തു. അതിൻറെ ചില്ലു പൊട്ടി ചിലന്തിവല പോലെ യായിട്ടുണ്ട്. പുഞ്ചിരിക്കുന്ന ലിസിയുടെ മുഖം. അയാളാ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. അതീവ വശ്യതയുള്ള മനോഹരമായ കണ്ണുകൾ, നീലനക്ഷത്രം പോലെ തിളങ്ങുന്നു. 


അതേ സമയം, അടുക്കളയിൽ സൂസൻ ചായയിട്ടു കൊണ്ടിരിക്കെ, സ്റ്റോർ റൂമിൻറെ അൽപ്പം തുറന്ന വാതിൽ വിടവിൽ കൂടി ഒരു ചുവന്ന കണ്ണ് അവളെ നോക്കുന്നുണ്ടായിരുന്നു. ചായയുണ്ടാക്കി സൂസൻ അടുക്കളയിൽ നിന്നും പോകുവോളം ആ കണ്ണൊന്ന് ഇമവെട്ടിയത് പോലുമില്ല. 


സൂസൻ ചെല്ലുമ്പോൾ ഇമ്മാനുവൽ ലിസിയുടെ ഫോട്ടോയിൽ വലങ്കൈ കൊണ്ട് തഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ചായക്കപ്പ് നീട്ടി സൂസൻ പറഞ്ഞു. “ഇനിയതിൻറെ ചില്ല് കൊണ്ട് കയ്യ് മുറിയണ്ട. അതങ്ങ് മാറ്റിവച്ചേ.” 


ഇമ്മാനുവൽ അവളെ ഒന്ന് നോക്കി. പിന്നെ ഫോട്ടോ വാർഡ്രോബിലേക്ക് വച്ചു. ചായ ഊതി ക്കുടിക്കുന്നതിനിടയിൽ പറഞ്ഞു.  “ചായ അത്ര മോശമൊന്നുമല്ല...”


സൂസൻ വെറുതെ തലയാട്ടുക മാത്രം ചെയ്തു. അതെനിക്ക് സുഖിച്ചു എന്ന മട്ടിലൊരു പുഞ്ചിരി ചുണ്ടിലുണ്ടായിരുന്നു. അവർ പിന്നെ ഹാളിലെ സോഫയിലിരുന്ന് ഓരോന്ന് സംസാരിച്ച് നേരം വെളുപ്പിച്ചു. കമ്പനി കാര്യങ്ങളും, ലിസിയും, ഫ്രെഡിയും, ആദമും ഒക്കെ അവരുടെ സംസാരത്തിൽ കടന്നു വന്നു. 


സമയം ആറു മണിയായപ്പോൾ, ബെല്ലടിക്കുന്ന സൂസൻറെ മൊബൈൽ ഫോണുമായി ആദം താഴേക്കിറങ്ങി വന്നു. അവനാ ബെല്ലടി കേട്ടുണർന്നതാവും. ഒരു ഉറക്കച്ചടവുണ്ട്, ആ മുഖത്ത്. ആരാണ് ഇത്രരാവിലെ എന്ന ആകാംഷയോടെ നോക്കിയപ്പോൾ ഫാദറാണ്. 


“ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ..... എന്താ ഫാദർ...? ഇത്ര രാവിലെ...?”


“ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ... കുഞ്ഞേ.... ഒന്നിത്രടം വരെ വന്നേ. രാത്രി ആരോ ഫ്രെഡിയുടെ കല്ലറ പൊളിച്ചു. ഇപ്പോൾ പോലീസൊക്കെ വന്നിട്ടുണ്ട്. അവര് പറയുന്നത്.... ഫ്രെഡിയുടെ സ്കള്ള് കാണുന്നില്ലെന്നാണ്.”


സൂസന് തല മിന്നുന്നത് പോലെ തോന്നി. ഒരു തളർച്ചയോടെ തല താങ്ങിയിരിക്കവേ ഇമ്മാനുവൽ കാര്യമെന്തെന് ആകാംഷയോടെ ചോദിച്ചു. വേദനയോടെ അവളത് പറഞ്ഞപ്പോൾ, ഇരുകരങ്ങളും തലയിൽ വച്ച്, ഇമ്മാനുവൽ സ്വയം ചോദിച്ചു!


“ഓ.. മൈ ഗോഡ്. വാട്ട് ദ ഹെൽ ഈസ് ഹാപ്പനിംഗ് ഹിയർ....???”


തുടരും


4 comments:

  1. ഇനി സൂസന് എന്താണ് യാഥാർത്ഥ്യത്തിൽ ഉണ്ടാവുക ..?

    ReplyDelete
    Replies
    1. കാത്തിരുന്നു കാണണം മാഷേ

      Delete
  2. ചുവന്ന കണ്ണുകളും, പിന്നെ പള്ളിയിൽ നിന്ന് ഫാദറിന്റെ വിളിയും ... ആകാംഷയേറുന്നു 

    ReplyDelete