അദ്ധ്യായം14: ഡിറ്റക്ടീവ് ലീലാകൃഷ്ണൻ
സമയം വൈകുന്നേരം ഒരു നാലുമണിയെങ്കിലും ആയിട്ടുണ്ടാവും. Angel’s Nest ൻറെ ഗേറ്റിന് മുൻപിൽ തൻറെ മോട്ടോർ സൈക്കിളിൽ, ഹെൽമറ്റൂരി അക്ഷമനായി കാത്തിരിക്കുകയാണ് ഡിറ്റക്ടീവ് ലീലാകൃഷ്‌ണൻ. അയാൾ ഇടത്തേയ്ക്കും വലത്തേയ്ക്കും നോക്കി പരിസരം മനസ്സിലാക്കി വച്ചു. വലിയ മതിൽ, അതിൻറെ മുകളിൽ കമ്പിവേലി. അതും സാധാരണ കാണാത്ത രീതിയിൽ. ഒരു പൂച്ചക്കുഞ്ഞിന് പോലും അകത്തേയ്ക്ക് കയറാനാവില്ല. മുയൽ മാളത്തിനുള്ളിൽ അത്ഭുതലോകം കണ്ട ആലീസിനെ പോലെ അയാൾ അത്ഭുതം കൂറി.
"ഹും... ഇതെന്താ...!? നാസി കോൺസൻട്രേഷൻ ക്യാമ്പോ? ഇത്രയ്ക്ക് ചുറ്റിവെക്കാൻ. ഇതിനൊക്കെ പകരം... ഒരു സെക്യൂരിറ്റിയെ വെക്കുക. ഒന്നോ രണ്ടോ നായ്ക്കളെ വളർത്തുക. അത്രേ ഉള്ളൂ കാര്യം. പൈസയുണ്ടെങ്കിൽ പിന്നെ ഓരോരുത്തർക്ക് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ഒരു പിടുത്തവും ഇല്ല. ബാക്കിയുള്ളോരൊക്കെ ഒരു വീടുണ്ടാക്കാൻ മൂക്ക് കൊണ്ട് ഇനിയെഴുതാത്ത അക്ഷരമില്ല... മലയാളത്തിൽ."
അയാൾ സ്വയം പറഞ്ഞു. തൻറെ മുൻപിൽ ഗേറ്റ് തുറന്നപ്പോൾ വാഹനം മുന്നോട്ടെടുത്തു. കയറ്റം കയറി, പൂന്തോട്ടത്തിന്നിടയിലെ വഴിയിലൂടെ വീടിൻറെ വാതിലിന് മുൻപിലെത്തിയപ്പോൾ, ഇമ്മാനുവലും സൂസനും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഹെൽമറ്റൂരി ചുറ്റുപാടും നോക്കി. പുറത്ത് നിന്ന് നോക്കുമ്പോൾ തന്നെ ആ വീടിൻറെ ആഢംബരം തിരിച്ചറിയാനാവുന്നുണ്ട്. അവസാനം അയാളുടെ കണ്ണുകൾ സൂസനിലും ഇമ്മാനുവലിലും പൂന്തോട്ടത്തിൽ കളിച്ചുകൊണ്ടിരുന്ന ആദമിലും പതിഞ്ഞു.
സൂസൻറെ മുഖം നിറയെ സങ്കടമായിരുന്നു. പെയ്യാനൊരുങ്ങി നിൽക്കുന്ന മേഘങ്ങൾ നിറഞ്ഞ ആകാശം പോലെ. ഇമ്മാനുവലിൻറെ മുഖത്ത് അങ്കലാപ്പായിരുന്നു. സംഭവിക്കുന്നത് എന്താണ് എന്ന് മനസ്സിലാവാത്തവൻറെ ഒരമ്പരപ്പ്. വിളറിയൊരു പുഞ്ചിരി അയാൾ ചുണ്ടിൽ തേച്ചുപിടിപ്പിച്ചിട്ടുണ്ട്. ലീലാകൃഷ്‌ണൻ അവരെ നോക്കി ഹൃദ്യമായൊന്ന് പുഞ്ചിരിക്കുകയാണ് ആദ്യം ചെയ്തത്. പിന്നെ അവരുടെ അടുത്തേയ്ക്ക് ചെന്നു. അതെ പുഞ്ചിരിയോടെ ഇമ്മാനുവലിന് നേരെ കൈനീട്ടി.
"ഹായ്. ഐ ആം കൃഷ്ണൻ. ലീലാകൃഷ്ണൻ. പോലീസിലാണ്."
അയാൾ നീട്ടിയ കൈ പിടിച്ച് കുലുക്കുന്നതിനിടയിൽ ഇമ്മാനുവൽ പറഞ്ഞു.
"ഗ്ലാഡ് റ്റു മീറ്റ് യു. ഐ ആം ഇമ്മാനുവൽ. ആൻഡ് ഷീ ഈസ്...."
"ഐ നോ..." ലീലാകൃഷ്ണൻ ഇടയ്ക്ക് കയറിപ്പറഞ്ഞു. "ഐ നോ ബോത്ത് ഓഫ് യു. ഹസ്സൻ സാർ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്. പുള്ളിക്ക് നിങ്ങളെ വല്ല്യ കാര്യമാണല്ലോ?!"
തന്നെ നോക്കി പുഞ്ചിരിക്കുന്ന അയാളെ നോക്കി സൂസൻ ഒന്ന് ചിരിച്ചെന്ന് വരുത്തി. അവളുടെ മുഖത്ത് നിന്നും അവളനുഭവിക്കുന്ന മാനസിക വിഷമം, വളരെ നിസാരമായി ലീലാകൃഷ്ണൻ വായിച്ചെടുത്തു. അയാൾ ചോദിച്ചു. "നമുക്ക് അകത്തിരുന്ന് സംസാരിച്ചൂടെ?"
അപ്പോഴാണ് സൂസൻ വീട്ടിലേക്കൊരു അതിഥി വന്നിട്ട് കയറിയിരിക്കാൻ പറഞ്ഞില്ലല്ലോ എന്നോർത്തത്. അതൊരു മര്യാദകേടായിപ്പോയല്ലോ എന്നോർത്തുകൊണ്ട് അവൾ പെട്ടെന്ന് പറഞ്ഞു. "അയ്യോ.. സോറി. സാറ് കയറിവാ." ആദമിനെ നോക്കിക്കൊണ്ട്. "ആദം... കളിച്ചത് മതി മോനെ. വാ... അകത്തേയ്ക്ക് വാ!"
ആദം ഒരു ചുവന്ന തുമ്പിയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. അവൾ വിളിച്ചപ്പോൾ അവൻറെ ശ്രദ്ധ തെറ്റി. ആ തുമ്പി പറന്നു പോയി. അവൻ ഈർഷ്യയോടെ അവളെയൊന്ന് നോക്കി. പിന്നെ ഓടിവന്നു. എല്ലാവരും അകത്തേയ്ക്ക് കയറി. ആ വീടിൻറെ അകം കണ്ട് കണ്ണ് മഞ്ഞളിച്ച ലീലാകൃഷ്ണൻ ചോദിച്ചു. "ഇതൊരു വീടാണോ? അതല്ല... കൊട്ടാരമോ?"
സൂസൻ ഒന്നും പറഞ്ഞില്ല. അയാളെ നോക്കി വെറുതെ ഒന്ന് പുഞ്ചിരിച്ചു. ഇമ്മാനുവൽ പറഞ്ഞു. "ആദ്യമായി വന്നപ്പോൾ എനിക്കും അങ്ങിനെ ഒരു സംശയമുണ്ടായിരുന്നു."
ലീലാകൃഷ്ണൻ "ആഹാ" എന്ന് മാത്രം പറഞ്ഞ് വെറുതെ ഒന്ന് തല കുലുക്കി. അപ്പോഴേക്കും ആദം സൂസനോട് കൊഞ്ചലോടെ കുക്കീസ് വേണമെന്ന് പറഞ്ഞു. ലീലാകൃഷ്‌ണൻ സൂസനേയും ആദമിനെയും മാറി മാറി നോക്കി. പിന്നെ സൂസനോട് ചോദിച്ചു.
"ഈ കണ്ണിൽ കണ്ട ബിസ്കറ്റൊക്കെയാണോ കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത്? ഈ സമയം കുഞ്ഞൊരു രണ്ടു ബിസ്കറ്റ് തിന്നാൽ പിന്നെ രാത്രി ഒന്നും കഴിക്കൂല. രാത്രി ഒന്നും കഴിച്ചില്ലെങ്കിലോ...? ഒരു പ്രാവിൻറെ ഇറച്ചി കുറയുമെന്നാ പഴമക്കാര് പറയാറ്."
സൂസൻ ഒന്ന് പുഞ്ചിരിച്ചു. ഇമ്മാനുവലാണെങ്കിൽ, ഇയാളിതെന്താണീ പറയുന്നതെന്ന ഭാവത്തിൽ നോക്കി. സൂസൻ മെല്ലെ പറഞ്ഞു. "ഇവനിതൊക്കെയോ തിന്നൂ. എന്താ ചെയ്യാ...?"
ലീലാകൃഷ്ണൻ പുഞ്ചിരിയോടെ തല വെട്ടിച്ചുകൊണ്ട് പറഞ്ഞു. "നിങ്ങളിന്നത്തെ പെണ്ണുങ്ങൾക്ക്... മക്കളോട് സ്നേഹമില്ലെന്ന് ഞാൻ പറയില്ല. പക്ഷെ... വളർത്താനറിയില്ല. അല്ലെങ്കിൽ അതിനുള്ള ക്ഷമയില്ല. എന്താ ശരിയല്ലേ... ഇമ്മാനുവൽ?"
ഇമ്മാനുവൽ കടലിനും ചെകുത്താനും നടുവിൽ പെട്ടവനെ പോലെ അയാളെ തുറിച്ചു നോക്കി. നിങ്ങളിതെന്തിനാണെന്നോട് ചോദിക്കുന്നതെന്നൊരു ഭാവം ആ കണ്ണുകളിൽ ജ്വലിച്ചു നിന്നു. ലീലാകൃഷ്ണൻ തുടർന്നു.
"ഞാനൊക്കെ സ്കൂളിൽ പഠിച്ച കാലം! സ്കൂള് വിട്ട് വീട്ടിലേക്കെത്തുമ്പോൾ... അമ്മ എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കാത്തിരിക്കുകയാവും. ചിലപ്പോൾ എണ്ണക്കടികളെന്തെങ്കിലും. ചിലപ്പോൾ കപ്പയോ കാച്ചിലോ മധുരക്കിഴങ്ങോ. അല്ലെങ്കിൽ ദോശയോ അപ്പമോ ഒക്കെ. എന്തായാലും അതിനൊരു അസാധ്യ ടേസ്റ്റ് ഉണ്ടായിരുന്നു. ഓർക്കുമ്പോൾ... ദാ... നാവിലിപ്പോഴും വെള്ളമൂറുന്നു. ഇപ്പോഴത്തെ ഈ പെണ്ണുങ്ങൾക്കുണ്ടോ വല്ലതും വെച്ചുണ്ടാക്കാനറിയുന്നു. ഇനി ഉണ്ടാക്കിയാലോ... സുന്നാമക്കി കുടിക്കുന്ന പോലെ വേണ്ടേ കഴിക്കാൻ. വായ്ക്കും കൊള്ളില്ല. വയറിനും കൊള്ളില്ല."
ഇത്തവണ ഇമ്മാനുവൽ അറിയാതെ ചിരിച്ചുകൊണ്ട്, സൂസനെ നോക്കി. സൂസൻ പക്ഷെ ഇത്തിരി ഗൗരവത്തിലാണ്. അവരെ രണ്ടു പേരെയും നോക്കി അമർത്തിയൊന്ന് മൂളി അവൾ ആദമിനെയും കൊണ്ട് അടുക്കളയിലേക്ക് പോയി. ഒരു പുഞ്ചിരിയോടെ സോഫയിലേക്കിരിക്കുന്നതിനിടയിൽ ലീലാകൃഷ്ണൻ ചോദിച്ചു.
"ഇമ്മാനുവലിൻറെ പേരന്റസൊക്കെ...?"
"ആ... അവരെൻറെ ചെറുപ്പത്തിലേ മരിച്ചതാ. തോണിയപകടമായിരുന്നു. ബന്ധുവീട്ടിലൊരു കല്യാണത്തിന് പോയി വരുമ്പോൾ. അപ്പച്ചനും അമ്മച്ചിയും ഞാനും. അമ്മച്ചിക്ക് വയറ്റിലുണ്ടായിരുന്നു. എനിക്കിപ്പോഴും നല്ല ഓർമ്മയുണ്ട്... വലിയ വയറുമായി... പ്രയാസപ്പെട്ട്... അമ്മച്ചിയിങ്ങനെ ഊരയ്ക്ക് കയ്യൊക്കെ കൊടുത്ത് നടക്കുന്നത്. വെള്ളത്തിൽ നിന്നെന്നെ പൊക്കിയെടുത്ത് കരയിലെത്തിച്ച്, പിന്നെയും മുങ്ങിയതാണപ്പച്ചൻ. അമ്മച്ചിയെ രക്ഷിക്കാൻ. രണ്ടു പേരുടെയും ബോഡി ഒരേ ഭാഗത്തായിരുന്നു. പരസ്പരം കെട്ടിപ്പിടിച്ച്. മരണത്തിൻറെ ആ തണുത്ത കയത്തിലും... അമ്മച്ചിയെ അപ്പച്ചനും... അപ്പച്ചനെ അമ്മച്ചിയും കൈവിട്ടില്ല. പക്ഷെ... ഒത്തിരി സ്നേഹമുണ്ടായിട്ടും... എന്നെ അവരുടെ കൂടെ കൂട്ടിയതുമില്ല."
ഒരു നെടുവീർപ്പോടെ, നനഞ്ഞ ശബ്ദത്തിൽ ഇമ്മാനുവൽ പറഞ്ഞു നിർത്തി. അയാളുടെ മുഖത്തേയ്ക്ക് നോക്കിയിരിക്കെ ലീലാകൃഷ്ണൻറെ മുഖത്തും സങ്കടം നിഴലിട്ടു. പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു.
"ഓ. ഐ ആം സോറി. ചിലർക്കങ്ങിനെയാണ്. ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവരെ കുറിച്ചോർക്കുമ്പോൾ ഏറ്റവും വലിയ ദുഃഖമായിരിക്കും. അൺഫോർച്യുനേറ്റ്‌ലീ... ഇമ്മാനുവലിൻറെ ഫസ്റ്റ് വൈഫിൻറെ മരണവും ഒരു ട്രാജഡിയായിരുന്നു... അല്ലെ?"
ഇമ്മാനുവൽ തല കുലുക്കി. "യെസ്. ഇറ്റ് വാസ്. അവളോടിച്ചിരുന്ന കാറ് വേറെ ഏതോ വണ്ടിയുമായി ഇടിച്ചതാണ്. റോഡിൻറെ ഒരു ഭാഗം സാമാന്യം വല്ല്യ താഴ്ചയായിരുന്നു. ആരും ശ്രദ്ധിക്കാതെ അവിടെ കിടന്ന്... രക്തം വാർന്ന്..."
ഇമ്മാനുവൽ മുഴുവിച്ചില്ല. ഒരല്പ നേരത്തെ നിശബ്ദത അവർക്കിടയിൽ നിറഞ്ഞു നിന്നു. അപ്പോഴേക്കും സൂസനും ആദമും വന്നു. സൂസൻ ഇമ്മാനുവലിൻറെ അടുത്തിരുന്നു. വിഷാദം നിറഞ്ഞ കണ്ണുകളുയർത്തി ഇമ്മാനുവൽ അവരെ നോക്കി. സൂസൻ ലീലാകൃഷ്ണനെ നോക്കി. നിങ്ങളെന്തിനാണ് വന്നതെന്ന മട്ടിൽ. എന്നാൽ അയാളുടെ മുഖത്ത് പറയത്തക്ക വിഷമമോ മറ്റോ അവൾ കണ്ടില്ല. എന്തൊക്കെയായാലും പോലീസുകാരനല്ലേ? ഹൃദയം കല്ലായിട്ടുണ്ടാവും.
ഹസ്സൻ വിളിച്ചു പറഞ്ഞിരുന്നു. ഒരു പോലീസുകാരൻ വരുന്നുണ്ട്. അയാൾക്ക് എന്തൊക്കെയോ ചോദിക്കാനുണ്ട്. നിങ്ങൾ സഹകരിക്കണമെന്നൊക്കെ. സഹകരിക്കാതെ പിന്നെ? എൻറെ ഫ്രെഡിയുടെ കല്ലറ രാത്രിയുടെ മറവിലാരാണ് പൊളിച്ചതെന്നറിയണം. മരിച്ചു കഴിഞ്ഞിട്ടും അവനെ ദ്രോഹിക്കാൻ മാത്രം... ആർക്കാണവനോടിത്ര വിരോധമെന്നറിയണം.
ആദം തൻറെ കയ്യിലെ കുക്കീസിൽ ശ്രദ്ധിച്ചിരിക്കെ, വിഷാദം തുളുമ്പുന്ന കണ്ണുകളോടെ തന്നെ നോക്കുന്ന ഇമ്മാനുവലിനെയും സൂസനെയും, ലീലാകൃഷ്‌ണൻ നോക്കി. രണ്ടുപേരുടെയും മുഖത്ത് ദുഃഖം മാത്രമേ ഉള്ളൂ. അയാൾ മെല്ലെ പറഞ്ഞു തുടങ്ങി.
“ഐ ആം സോറി. നിങ്ങൾ ഓർക്കാനിഷ്ടപ്പെടാത്ത പല കാര്യങ്ങളും നിങ്ങളോട് ചോദിച്ചറിയാൻ വേണ്ടിയാണ് ഞാൻ വന്നത്. അതിപ്പോളെൻറെ ജോലിയുടെ ഒരു ഭാഗമാണ്. ക്ഷമിക്കുക. വേറെ നിവർത്തിയില്ല.”
അവർ തല കുലുക്കി. ലീലാകൃഷ്ണൻ തുടർന്നു. "സത്യത്തിൽ ഞാനും ഇപ്പോൾ ദുഃഖിതനാണ്. ഇമ്മാനുവലിൻറെ പേരന്റ്സിൻറെ ട്രാജഡി... അതെന്നെയും വേദനിപ്പിക്കുന്നതാണ്. അമ്മയുടെയും അച്ഛൻറെയും ഓർമ്മകൾ അതിളക്കിവിട്ടു. ഫാർമ്മറായിരുന്നു അച്ഛൻ. പേര് കൃഷ്ണൻ. അച്ഛൻ പറമ്പിൽ പണിയെടുക്കുമ്പോൾ നിഴല് പോലെ അമ്മയുമുണ്ടാവും. അവരെ ഒരുമിച്ചല്ലാതെ ഞാനധികം കണ്ടിട്ടേ ഇല്ല. അമ്മയുടെ പേര് ലീല എന്നായിരുന്നു. അത്കൊണ്ടാണ് അച്ഛനെനിക്ക് ലീലാകൃഷ്ണൻ എന്ന് പേരിട്ടത്."
അയാളൊന്ന് ചിരിച്ചു. ഇമ്മാനുവലും സൂസനും കൗതുകത്തോടെ നോക്കിവേ അയാൾ തുടർന്നു. "ഞാൻ ഒൻപതിൽ പഠിക്കുമ്പോഴാണ് അമ്മ പോയത്. പെട്ടെന്ന്... ഒരു ദിവസം അമ്മയങ്ങ് വീണു. എന്നിട്ട് അച്ഛൻറെ മടിയിൽ കിടന്ന്..." അയാളൊന്ന് നിർത്തി. "അന്നച്ഛൻ കരഞ്ഞില്ല. പക്ഷെ പിന്നീടൊരിക്കലും ചിരിച്ചിട്ടുമില്ല. അച്ഛനത് താങ്ങാനായില്ല. അന്നെനിക്ക് അച്ഛൻറെ അവസ്ഥ അറിയില്ലായിരുന്നു. ഇപ്പോളറിയാം. അമ്മ ഒരു കടലും... അച്ഛനാ കടലിൽ ജീവിച്ചിരുന്നൊരു മീനുമായിരുന്നെന്ന്. അമ്മയില്ലാതായപ്പോൾ അച്ഛൻ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു. ഒരുദിവസം രാവിലെ എണീറ്റ് മുറ്റത്തേക്കിറങ്ങിയ ഞാൻ കണ്ടത്... അമ്മയെ സംസ്കരിച്ചവിടെയുണ്ടായിരുന്ന പ്ലാവിൽ തൂങ്ങി നിൽക്കുന്ന അച്ഛനെയാണ്. ഒന്നും പറഞ്ഞില്ലെന്നോട്. ഒരു യാത്ര പോലും. അതിലെ സങ്കടമുള്ളൂ. അച്ഛൻ... അമ്മയുടെ അടുത്തേക്കല്ലേ പോയത്. അതോർത്ത് സമാധാനിക്കാനും... ഇത്തിരി സമയം വേണ്ടി വന്നേ."
അയാളൊരു വിളറിയ പുഞ്ചിരിയോടെ പറഞ്ഞു നിർത്തിയപ്പോൾ, കണ്ണിൽ നിന്നും കവിളിലേക്ക് ചാലിട്ടൊഴുകിയ കണ്ണുനീർ തുടക്കാൻ മറന്ന്, അയാളെ തന്നെ നോക്കിയിരിക്കുകയായിരുന്നു സൂസൻ. പറഞ്ഞറിയിക്കാനാവാത്തൊരു വികാരം ഇമ്മാനുവലിൻറെ മുഖത്ത് തളം കെട്ടിയിട്ടുണ്ട്. ചിരിച്ചുകൊണ്ട് ലീലാകൃഷ്ണൻ പറഞ്ഞു.
"ചിലരെന്നെ ലീലയെന്ന് കളിയാക്കി വിളിക്കാറുണ്ട്. പക്ഷെ അവർക്കറിയില്ല. എനിക്കങ്ങനെ വിളിക്കുന്നത് ഇഷ്ടമാണെന്ന്. അച്ഛനെന്നെ അങ്ങിനെയാണ് വിളിച്ചിരുന്നത്. അമ്മ കൃഷ്ണനെന്നും. അതൊക്കെ പോട്ടെ. കേസന്വേഷിക്കാൻ വന്ന ഞാൻ... കഥ പറഞ്ഞ് നിങ്ങളെ ബോറടിപ്പിച്ചു അല്ലെ? ഐ ആം സോറി. പക്ഷെ... ഞാൻ ശ്രദ്ധിച്ച ഒരു കോമൺ ഫാക്ടറുണ്ട്... നമ്മൾ നാല് പേർക്കും. നാല് പേരെന്ന് വച്ചാൽ, നിങ്ങൾ രണ്ടു പേരും... ഫ്രെഡിയും... പിന്നെ ഞാനും. എന്താണെന്നറിയുമോ?
സൂസൻ അത്ഭുതത്തോടെ അയാളെ നോക്കി. ഇമ്മാനുവൽ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. "യെസ്.. എല്ലാരും ചെറുപ്പത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ടവരാണ്"
"യെസ് യെസ്. യു ഗോട്ട് ഇറ്റ്. ഇപ്പൊ നമുക്ക് പരസ്പരം ഒരിഷ്ടമോ സ്നേഹമോ ഒക്കെ തോന്നുന്നില്ലേ? ഇപ്പോൾ നമുക്ക് പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാം. അല്ലെ? നമ്മളൊരു വൃത്തികെട്ട കടങ്കഥയുടെ ചുറ്റും ഇരിക്കുന്നവരാണ്. നമുക്കതിൻറെ ഉത്തരം വേണ്ടേ? വേണം! പക്ഷെ... അതിലേക്കുള്ള വഴിയിൽ.. നമുക്കിഷ്ടമല്ലാത്ത ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളുമുണ്ടാവും. ഒരു പദപ്രശ്നം പൂരിപ്പിക്കാൻ പരസ്പരം സഹായിക്കുന്ന നല്ല സുഹൃത്തുക്കളെ പോലെ... സന്തോഷത്തോടെ... പരസ്പര വിശ്വാസത്തോടെ... നമുക്കതൊക്കെ നേരിടാം. അല്ലെ?"
സൂസനും ഇമ്മാനുവലിനും ഇപ്പോൾ കാണാൻ കഴിയുന്നത്, കൗശലം നിറഞ്ഞ കണ്ണുകളോടെ തങ്ങളെ ഇമവെട്ടാതെ നോക്കിയിരിക്കുന്ന ലീലാകൃഷ്ണനെയാണ്. ഒരു ഗൂഢസ്മിതത്തോടെ അവരെ നോക്കിക്കൊണ്ട്, അയാൾ സോഫയിലേക്ക് ചാരിയിരുന്നു.
തുടരും
അങ്ങനെ ഒരു ഡിറ്റക്ടീവിന്റെ രംഗപ്രവേശം കഴിഞ്ഞു. ഇനിയാണ് ശരിക്കും അത്ഭുതങ്ങൾ സംഭവിക്കാൻ പോകുന്നത്...
ReplyDeleteലീലയെത്തി... ഇനി??
ReplyDeleteഅപ്പോൾ ലീല ഒരു ചാരത്തിയായി മാറി ..അല്ലെ
ReplyDelete