അദ്ധ്യായം15: ചോദ്യോത്തരങ്ങൾ
“ഹസ്സൻ സാർ.. ആ സെമിത്തേരിയിലെ കുരിശെടുത്ത് എൻറെ തലേലോട്ടാണ് വച്ചുതന്നത്. എനിക്കാണെങ്കിൽ എവിടെയെങ്ങിനെ തുടങ്ങണം എന്നൊരു ധാരണയുമില്ല. ഇവിടെ ജീവിച്ചിരിക്കുന്നവൻറെ തല പോയ കേസിനു തന്നെ തുമ്പില്ലാതിരിക്കുവാ. അപ്പോഴാ.... എങ്ങും കേൾക്കാത്ത ജാതി കേസൊക്കെ. പോലീസായില്ലേ.... അന്വേഷിച്ചല്ലേ പറ്റൂ.”
ലീലാകൃഷ്ണൻ അത്രയും പറഞ്ഞപ്പോഴാണ്, ഒരു അതിഥിയോട് കാണിക്കേണ്ട ഒരു മര്യാദയും താൻ ഇദ്ദേഹത്തോട് കാണിച്ചില്ലല്ലോ, എന്ന് സൂസനോർത്തത്. അവൾ ധൃതിപ്പെട്ട് ചോദിച്ചു. “കുടിക്കാൻ ചായയോ... കാപ്പിയോ? സോറി ട്ടൊ. ഞാനതങ്ങ് മറന്നു.”
“ചായ. പാല് നിർബന്ധമില്ല. വിരോധവുമില്ല.. പഞ്ചസാര കുറവ്. വലിയ കടുപ്പം വേണ്ട. ഇത്രയും കണ്ടീഷൻ നിർബന്ധമാണ്..” ലീലാകൃഷ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
സൂസൻ ഇമ്മാനുവലിനെ നോക്കി ഒന്ന് ചിരിച്ചു. ഇമ്മാനുവൽ അനുഭവിച്ചോ എന്ന് പറയാതെ പറയുന്ന മട്ടിൽ തലയാട്ടി ചിരിച്ചു. അത് കണ്ടപ്പോൾ ലീലാകൃഷ്ണൻ തുടർന്നു. "ചില ശീലങ്ങളുണ്ട്. ആ ശീലങ്ങളാണ് നമ്മളെ നമ്മളാക്കുന്നത്. ബുദ്ധിമുട്ടാച്ചാ... എനിക്കൊരു ഗ്ലാസ് വെള്ളം കിട്ടിയാലും മതി."
"ഹേയ്. എന്ത് ബുദ്ധിമുട്ട്?" സൂസൻ അടുക്കളയിലേക്ക് പോയി. ലീലാകൃഷ്ണൻ ഇമ്മാനുവലിനോട് സ്വരം താഴ്ത്തി ചോദിച്ചു.
"സൂസന് ഫുഡൊന്നും ഉണ്ടാക്കാനറിയില്ല... ല്ലേ? ഹസ്സൻ സാർ പറഞ്ഞിരുന്നു. അല്ല. അടുക്കളപ്പണി ചെയ്യാത്തതിൻറെ മെച്ചം ആ മുഖത്തുണ്ട്. ഞങ്ങടെ വീട്ടിലെ പെണ്ണുങ്ങളെ ഒക്കെയൊന്ന് കാണണം. കൊട്ടത്തേങ്ങ പോലെയാണ്. അല്ല ഇവിടെ ഒരു വേലക്കാരി ഉണ്ടായിരുന്നല്ലോ? ഒരു സോഫിയ. എവിടെ? കണ്ടില്ല."
“അവളവളുടെ വീട്ടിലേക്ക് പോയി. ഇടയ്ക്കിങ്ങനെ പോകാറുണ്ടത്രേ. അവളുടെ ഭർത്താവ് നാട്ടിൽ കൃഷിയൊക്കെ നോക്കിനടത്തുകയാണ്.”
“ഓ അത് ശരി. പോയിട്ട് അധികമായോ? അപ്പൊ... ഫുഡൊക്കെ?”
ഇമ്മാനുവൽ പുഞ്ചിരിച്ചു. സ്വന്തം വയറൊന്ന് ഉഴിഞ്ഞുകൊണ്ടാണ് പറഞ്ഞത്. "അവൾ കഴിഞ്ഞ ഞായറാഴ്ച.... അല്ല..... തിങ്കളാഴ്ച പോയി. ഫുഡൊക്കെ ഇപ്പൊ കണക്കാ. ഞാൻ പിന്നെ... പുറത്തുനിന്നൊക്കെ കഴിച്ച് ശീലമുള്ള ആളാണ്."
ലീലാകൃഷ്ണൻ വീണ്ടും കുലുങ്ങിച്ചിരിച്ചു. സ്വരം താഴ്ത്തി പറഞ്ഞു. "സൂസൻ കേൾക്കണ്ട."
ഇമ്മാനുവൽ നിസാരമായി പറഞ്ഞു. "ഹേയ്. കുഴപ്പമൊന്നുമില്ല. അവൾ അതൊന്നും മൈൻഡ് പോലും ചെയ്യില്ല. ചെറുപ്പത്തിൽ ചേച്ചിയും വലുപ്പത്തിൽ ഫ്രെഡിയും കൂടി വഷളാക്കി വച്ചതാ."
ലീലാകൃഷ്ണൻ തലയാട്ടിക്കൊണ്ട്: "ആഹാ... അത് കൊള്ളാമല്ലോ. ഈ ഫ്രെഡി ആളെങ്ങിനെയായിരുന്നു. അല്ല... മരിച്ചിത്രയുമായിട്ടും അയാളോട് ഇപ്പോഴും പകയുണ്ടാവാൻ മാത്രം ശത്രുക്കളുള്ള ആളായിരുന്നോ? ഇമ്മാനുവലിനെന്ത് തോന്നുന്നു. ബിസിനസിലൊക്കെ കുറച്ചുകൂടി അടുപ്പമുള്ള ആളായിരുന്നില്ലേ?"
നിഷേധാർത്ഥത്തിൽ തല വെട്ടിച്ചുകൊണ്ട് ഇമ്മാനുവൽ പറഞ്ഞു: "ഇല്ല. അങ്ങിനെ ആരെങ്കിലും ഉള്ളതായിട്ട് എനിക്കറിയില്ല. ആരും അങ്ങിനെ പറഞ്ഞുകേട്ടിട്ടുമില്ല. മാത്രമല്ല. ഫ്രെഡി അങ്ങിനെ ഉള്ള ഒരാളുമായിരുന്നല്ല. വളരെ സോഫ്റ്റായ.. വളരെ കൃത്യമായ തീരുമാനങ്ങളുള്ള ഒരാൾ. എന്നാലും ശത്രുക്കളുണ്ടാവാമെന്ന് വച്ചാൽ തന്നെ... ഇങ്ങിനെയൊക്കെയുണ്ടാവുമോ? കല്ലറ തകർക്കുക. തലയോട്ടിയെടുക്കുക. വിചിത്രം തന്നെ."
ലീലാകൃഷ്ണൻ കൈമലർത്തി: "ഇനി വല്ല ദുർമന്ത്രവാദികളും... വല്ല മന്ത്രവാദത്തിനും വേണ്ടി. അല്ല. ഫ്രെഡിയുടെ മരണം ഒരു ദുർമരണമായിരുന്നല്ലോ?"
സൂസൻ ചായയുമായി വരുന്നത് കണ്ടപ്പോൾ അവർ ആ സംഭാക്ഷണം നിർത്തി. തനിക്ക് കിട്ടിയ കപ്പിൽ നിന്നും ഒരു ഇറുക്ക് കുടിച്ചതിൻറെ ശേഷം ലീലാകൃഷ്ണൻ പുരികങ്ങൾ മേൽപ്പോട്ടുയർത്തി. “ഉം... കൊള്ളാം... സൂപ്പർ. ഇതേതാ ചായ....?”
“അത് തോട്ടത്തിൽ നിന്നും ഞങ്ങൾക്ക് സ്പെഷ്യൽ ആയി ഉണ്ടാക്കുന്നതാണ്. ഞങ്ങൾ വേറെ തേയില ഉപയോഗിക്കാറില്ല.”
സൂസൻ അത് പറഞ്ഞപ്പോൾ കപ്പുയർത്തിക്കാണിച്ച് അയാൾ പറഞ്ഞു: “ഓ... ഓ.... സ്വന്തമായി തോട്ടമുണ്ടല്ലോ അല്ലെ? അതിൻറെ ഒരു മെച്ചം. മുതലാളിമാർക്ക് സ്‌പെഷ്യൽ ചായ. കൊള്ളാം. അല്ലാ... ഫ്രെഡി മരിച്ച അന്ന്.... തോട്ടത്തിൽ നിന്ന് തിരികെ വരികയായിരുന്നു. അല്ലെ?”
അതെയെന്നവൾ തലയാട്ടി. പിന്നെ അയാളൊന്നും ചോദിച്ചില്ല. ചായ ഊതിയൂതി കുടിച്ചു. മുഴുവൻ ചായയും കുടിച്ചു തീരും വരെ ആരും ഒന്നും മിണ്ടിയില്ല. ഇടയ്ക്കിടയ്ക്ക് അയാളവരെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ചായ മുഴുവൻ വേഗം കുടിച്ച്, കപ്പ് ടീപ്പോയിൽ വച്ച്, അയാൾ ചുണ്ടുകൾ തുടച്ചു.
“എന്തെങ്കിലും കഴിക്കുമ്പോഴോ കുടിക്കുമ്പോഴോ സംസാരിക്കുന്നത് അമ്മയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല.”
അയാൾചിരിച്ചു. സൂസനും ഇമ്മാനുവലും കൗതുകത്തോടെ നോക്കിയിരിക്കെ അയാൾ ചോദിച്ചു
“സൂസൻ... ഫ്രെഡിക്ക് ആരും ശത്രുക്കളായിട്ടില്ല എന്ന് ഫ്രെഡി മരിച്ച സമയം പോലീസിനോട് പറഞ്ഞിരുന്നു. ഇന്നത്തെ സംഭവം വച്ച്... തിരുത്തിപ്പറയാൻ തോന്നുന്നുണ്ടോ?”
സൂസൻതലവെട്ടിച്ചു. “നോ... ഫ്രെഡിക്ക് ആരും ശത്രുക്കളുള്ളതായിട്ട് എനിക്കറിയില്ല. അന്നും ഇന്നും”
ലീലാകൃഷ്ണൻ പുരികം മേലോട്ട് വളച്ചു. തലയാട്ടിക്കൊണ്ട്. ഇടതു നെറ്റിയിൽ ഒരു വിരൽ കൊണ്ട് ചൊറിഞ്ഞു. അലക്ഷ്യമായ കണ്ണുകൾ ഒരിടത്തും ഉറച്ചു നിൽക്കാതെ അങ്ങോട്ടുമിങ്ങോട്ടും ചാടിനടന്നു. അവസാനം ആരോടെന്നില്ലാതെ ചോദിച്ചു. "ബിസിനസിൽ പങ്കാളിയാകാൻ വേണ്ടി ഏതോ ഒരു വമ്പൻ പണച്ചാക്ക് ഫ്രെഡിയെ സമീപിച്ചിരുന്നെന്ന് ഹസ്സൻ സാർ പറഞ്ഞല്ലോ. എന്താ അതിൻറെ ഒരു ഡീറ്റെയിൽസ്?"
സൂസനും ഇമ്മാനുവലും മുഖത്തോടു മുഖം നോക്കി. അവർക്ക് അത്ഭുതമായിരുന്നു. അങ്ങിനെ ഒരു സംഭവം നടന്നോ? എപ്പോ? അവർ ഒരേ ശബ്ദത്തിൽ പറഞ്ഞു. “ഇല്ല.... അങ്ങിനെയൊന്ന് നടന്നിട്ടില്ല. ഫ്രെഡിയെ ആരും സമീപിച്ചിട്ടില്ല. അങ്ങിനെ അറിയില്ല.”
“ആഹാ...” ലീലാകൃഷ്ണൻ തലയാട്ടിക്കൊണ്ടിരുന്നു. അയാൾ എന്തൊക്കെയോ ആലോചിക്കുകയാണെന്ന് മുഖം കണ്ടാലറിയാം. ഒരല്പ നേരത്തെ മൗനത്തിന് ശേഷം പെട്ടെന്ന് ചോദിച്ചു. “സൂസൻ... ഫ്രെഡി എപ്പോഴെങ്കിലും സാമ്പത്തിക ഞെരുക്കത്തിൽ പെട്ടിരുന്നോ?”
“ഫ്രെഡിക്കോ....?” സൂസൻ നെറ്റി ചുളിച്ചു. “ഇല്ല. ടെൻഷനടിച്ച് കണ്ടിട്ടേ ഇല്ല. അല്ലെങ്കിലും പ്രതിസന്ധികളെ സമർത്ഥമായി തനിക്കനുകൂലമാക്കാനുള്ളൊരു കഴിവ് ഫ്രെഡിക്കുണ്ടായിരുന്നു.”
“ഉം... മദ്യപിക്കുമായിരുന്നോ?”
“ഇല്ല... എത്ര കമ്പനി കൂടിയാലും കുടിക്കില്ലായിരുന്നു. പക്ഷെ സിഗരറ്റു വലിക്കാറുണ്ടായിരുന്നു. davidoff white”
“ഉം... ഇറ്റ് ഈസ് ഓക്കെ. നിങ്ങൾക്കെന്ത് തോന്നുന്നു? ആരായിരിക്കും ഇത് ചെയ്തത്?” അയാൾ അങ്ങിനെ ചോദിച്ചപ്പോൾ അവൾ കൈമലർത്തി.
“അറിയില്ല സാർ. എനിക്കറിയില്ല. ആർക്കെന്ത് ലാഭമാണിതു കൊണ്ട് കിട്ടുന്നതെന്ന് എനിക്കറിയില്ല. ഫ്രെഡിയോടാർക്കാണിത്ര വിരോധമെന്നും എനിക്കറിയില്ല.”
ലീലാകൃഷ്ണൻ ഇമ്മാനുവലിനെ നോക്കി. തനിക്കും ഒന്നുമറിയില്ലെന്ന് അയാളുടെ മുഖഭാവം തന്നെ വിളിച്ചു പറയുന്നുണ്ട്. ലീലാകൃഷ്ണൻ ഒന്നു മുന്നോട്ടാഞ്ഞിരുന്നു. ഒരു പുഞ്ചിരിയോടെ ചോദിച്ചു.
“അതിനയാൾക്ക് വിരോധം ഫ്രെഡിയോടല്ലെങ്കിലോ?”
ഒന്നും മനസ്സിലാകാതെ തന്നെ നോക്കുന്ന സൂസനോടും ഇമ്മാനുവലിനോടും പുഞ്ചിരിച്ചുകൊണ്ട് തന്നെ അയാൾ ചോദിച്ചു
“വിരോധം സൂസനോടാണെങ്കിലോ? സീ മിസ്റ്റർ ഇമ്മാനുവൽ.... ഹസ്സൻ സാർ പറഞ്ഞിരുന്നു. നിങ്ങളേയും സൂസനെയും കുറിച്ച് എന്തൊക്കെയോ കഥകൾ പരന്നിരുന്നു എന്ന്. അതാണ് പിന്നീട് നിങ്ങളുടെ വിവാഹത്തിലേക്കെത്തിച്ചതെന്നും. ശരിയല്ലേ?
അതേയെന്നർത്ഥത്തിൽ ഇമ്മാനുവൽ തലയാട്ടവേ അയാൾ തുടർന്നു. “സോ... അതുറപ്പിക്കാം. സൂസന് ഒരു ശത്രുവുണ്ട്. സൂസനെ ഇഷ്ടമില്ലാത്ത... മാനസികമായി തകർക്കാൻ ശ്രമിക്കുന്ന ആരോ ഒരാൾ. അല്ലെങ്കിലൊരു കൂട്ടം ആളുകൾ.”
നേരിയ ഭയം സൂസൻറെ ഉള്ളിലുണ്ടെന്ന് ആ കണ്ണുകൾ കണ്ടാൽ അറിയാം. ഇമ്മാനുവലും പകച്ചിരിക്കുകയാണ്. അവരുടെ കണ്ണുകളിലേക്ക് സൂഷ്മമായി മാറി മാറി നോക്കി അയാൾ പറഞ്ഞു.
“ഒരു പക്ഷെ. തങ്ങളുടെ എല്ലാ കുതന്ത്രങ്ങളും പൊളിഞ്ഞ് പാളീസാവുമ്പോൾ... അവർ നിങ്ങളെ ഇല്ലാതാക്കാനാവും നോക്കുക. കൊന്നുകളയാൻ. അതിനയാൾക്ക് നിഷ്പ്രയാസം കഴിയും. കാരണം ആ ശത്രുവിനെ മിത്രമായാണ് നിങ്ങൾ കാണുന്നത്. "
നട്ടെല്ലിൻറെ ഉള്ളിലൂടെ ഒരു തണുപ്പ് അരിച്ചു കയറുന്നത് സൂസൻ തിരിച്ചറിഞ്ഞു. അവൾ ഇരുണ്ട ഗുഹയിലേക്കെന്ന വണ്ണം ലീലാകൃഷ്‌ണൻറെ കണ്ണുകളിലേക്ക് തുറിച്ച് നോക്കി. ശവക്കല്ലറയ്ക്ക് മുകളിലിരുന്നൊരു വൃത്തികെട്ട ഭീകരരൂപം തന്നെ തുറിച്ചു നോക്കുന്നത് പോലെ. വളരെ വിദൂരത്തു നിന്നെന്ന വണ്ണം അവൾ അയാളുടെ ചോദ്യം കേട്ടു.
“എന്തായാലും... ഉർവ്വശീ ശാപം ഉപകാരമായി. അല്ലെ.... ഇമ്മാനുവൽ?”
തുടരും
ഉർവ്വശീ ശാപം ഉപകാരമായോ?
ReplyDeleteവായന തുടരുന്നു ...
ReplyDelete