Wednesday, January 6, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം16: അതിഥികൾ


ഇമ്മാനുവലിൻറെ മുഖത്തൊരു ആശങ്ക പരന്നു. അവൻ ചോദ്യ ഭാവത്തോടെ നോക്കിയപ്പോൾ, ലീലാകൃഷ്ണൻ പുഞ്ചിരിയോടെ ചോദിച്ചു. “സത്യത്തിൽ അവർ നിങ്ങളെ സഹായിക്കുകയല്ലേ ചെയ്തത്...? അവർ പോലുമറിയാതെ. അതു കൊണ്ടല്ലേ നിങ്ങൾ വിവാഹം ചെയ്തത്?” 


“ഓ... അങ്ങിനെ.” ഇമ്മാനുവൽ പുഞ്ചിരിയോടെ പറയുമ്പോൾ അയാളുടെ കണ്ണുകളും കൂടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. “ശരിയാണ്.. അവരങ്ങനെ പറഞ്ഞു നടന്നില്ലായിരുന്നെങ്കിൽ... ഞങ്ങൾ വിവാഹത്തെ കുറിച്ച് ചിന്തിക്കുക പോലുമില്ലായിരുന്നു. പക്ഷെ അവരെല്ലാം കൂടി ഞങ്ങളെ ഒരു കോർണറിൽ കൊണ്ട് നിർത്തി.”


“ആ... അതെന്തായാലും നന്നായല്ലേ...” സ്വന്തം മൊബൈൽ ഫോൺ റിംഗ് ചെയ്തപ്പോൾ അതിലേക്ക് നോക്കിക്കൊണ്ട് ഒന്ന് രണ്ടു നിമിഷം സംസാരം നിർത്തിയ ലീലാകൃഷ്ണൻ, പിന്നെ അശ്രദ്ധനായി തുടർന്നു. “....ഉള്ളൂ?”


ഫോൺ അറ്റൻഡ് ചെയ്ത് ഹലോ ഹലോ എന്ന് നാലഞ്ചാവർത്തി പറഞ്ഞു. അവസാനം ദേഷ്യം പിടിച്ച മുഖവുമായി പറഞ്ഞു. "നശൂലം പിടിച്ച ഈ ഫോണൊന്ന് മാറ്റണം. ഇങ്ങോട്ട് പറയുന്നത് കേൾക്കാം. അങ്ങോട്ട് പറയുന്നത് പലപ്പോഴും കേൾക്കില്ല. വാങ്ങിച്ചിട്ട് നാലഞ്ച് മാസമേ ആയുള്ളൂ. ഒരു ചൈനാ കുരുപ്പ്‌...."


"സാറിന് വേണമെങ്കിൽ ഇത് യൂസ് ചെയ്‌തോളൂ." ഇമ്മാനുവൽ സോഫയിലുണ്ടായിരുന്ന തൻറെ മൊബൈൽ ഫോൺ എടുത്ത് അയാളുടെ നേരെ നീട്ടി. നന്ദിപൂർവ്വം പുഞ്ചിരിച്ചുകൊണ്ട് ലീലാകൃഷ്ണൻ അത് വാങ്ങി. തൻറെ ഫോണിലേക്ക് അപ്പോൾ വന്ന നമ്പറിലേക്ക് വിളിച്ചു. പക്ഷെ റിംഗ് ചെയ്തതല്ലാതെ ആരും എടുത്തില്ല. 


"ഛെ. എടുക്കുന്നില്ല പണ്ടാരം. ആരായിരുന്നോ ആവോ?" പിറുപിറുക്കുന്നതിനിടയിൽ  ഉള്ളം കയ്യിലിട്ട് അതൊന്ന് കനം നോക്കുന്നത് പോലെ ആട്ടി. തിരികെ കൊടുക്കുന്നതിനിടയിൽ ചോദിച്ചു. "ഇത് ഐഫോൺ ആണോ?"


ഇമ്മാനുവൽ “അതെ” എന്ന് പറഞ്ഞപ്പോൾ “വല്ല്യ വില കാണുമല്ലോ” എന്ന് ചോദിച്ചു. അതിന് ഇമ്മാനുവൽ പ്രത്യേകിച്ച് മറുപടിയൊന്നും പറഞ്ഞില്ല. ലീലാകൃഷ്ണൻ സൂസനെ നോക്കി. "നിങ്ങളും ഐഫോൺ ആണോ യൂസ് ചെയ്യുന്നത്?"


അവൾ തലയാട്ടി. "അതെ. ഫ്രെഡിക്ക് അതെ പറ്റുമായിരുന്നുള്ളൂ. അതോണ്ട് ഇവിടെ എല്ലാം ആപ്പിളാ. ഐപാഡ്... മാക്ബുക്ക്... ഐഫോൺ അങ്ങിനെ."


"ആഹാ... മാക്ബുക്കുമുണ്ടോ?" അയാൾ ആകാംഷയോടെ ചോദിച്ചപ്പോൾ വിഷാദത്തോടെ സൂസൻ പറഞ്ഞു. 


“ഫ്രെഡിയുടെ കയ്യിലൊരെണ്ണം ഉണ്ടായിരുന്നു. വാങ്ങിയതെനിക്കൊർമ്മയുണ്ട്. പക്ഷെ അത് പിന്നെ കണ്ടിട്ടില്ല. ഞാൻ ചോദിച്ചിട്ടുമില്ല. ഞാനതൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു.”


“ആ... അത് പോട്ടെ. എന്തായാലും ഞാനധികം ബുദ്ധിമുട്ടിക്കുന്നില്ല. ഫ്രെഡിക്ക് ആരെങ്കിലും ശത്രുക്കളുണ്ടായിരുന്നോ എന്നൊന്നറിയണമായിരുന്നു. നിങ്ങളിൽ നിന്ന് ആ നിലയ്ക്ക് വല്ല സൂചനയും കിട്ടുമെന്ന് കരുതി. ഹസ്സൻ സാർ പറഞ്ഞതാണ്. വല്ല്യ പ്രയോജനമൊന്നും ഉണ്ടാവില്ലെന്ന്. പക്ഷെ നേരിട്ട് ചോദിച്ചറിഞ്ഞില്ലെങ്കിൽ എനിക്കൊരു സുഖമാവില്ല. നിങ്ങൾ പക്ഷെ... വിഷമിക്കേണ്ട. കല്ലറ പൊളിച്ചതിൻറെ പിന്നിലെ കാരണം നമ്മൾ കണ്ടെത്തിയിരിക്കും. അയാളെ നമ്മൾ പൊക്കിയിരിക്കും. ഉറപ്പ്. പിന്നെ...” 


അയാൾ മുഴുവിപ്പിക്കാതെ നിർത്തിയപ്പോൾ അവർ ആകാഷയോടെ അയാളെ നോക്കി. ഒരു നേരിയ ചമ്മലോടെ അയാൾ തുടർന്നു.


“എനിക്കൊരു കപ്പ് ചായ കൂടി വേണം.” ചിരിച്ചു കൊണ്ട് സൂസൻ പറഞ്ഞു. 


“ഓ... അതിനെന്താ. ദാ... ഇപ്പൊ വരാം.” 


സൂസൻ അടുക്കളയിലേക്ക് പോകുന്നത് നോക്കിയിരിക്കെ ലീലാകൃഷ്ണൻ ഇമ്മാനുവലിനോട് പറഞ്ഞു. “യു ആർ സോ ലക്കി. നല്ല ആഢ്യത്വമുള്ളൊരു സ്ത്രീ...”  


ഇമ്മാനുവലിൻറെ ചുണ്ടിലൊരു ചെറു പുഞ്ചിരി വിടർന്നു. “ യാ... ഷീ ഈസ്.”


തിരികെ ഇമ്മാനുവലിനെ നോക്കി ലീലാകൃഷ്ണൻ ചോദിച്ചു. "അന്നത്തെ ആ ആക്സിഡന്റിൽ കേസൊന്നുമുണ്ടായില്ലേ?"


ഇമ്മാനുവൽ മനസ്സിലാകാത്ത പോലെ അയാളെ നോക്കി. പിന്നെ സംശയത്തോടെ ചോദിച്ചു. "ഏത് ആക്സിഡന്റ്? ലിസിയുടെ ആണോ?"


അതെയെന്ന് ലീലാകൃഷ്ണൻ തല കുലുക്കിയപ്പോൾ അയാൾ തുടർന്നു. "യെസ്. ഒരു ഹിറ്റ് ആൻഡ് റൺ കേസൊക്കെ ഉണ്ടായിരുന്നു. അതൊന്നും എവിടെയും എത്തിയില്ല. ഹസ്സൻ സാറിൻറെ ഭാഗത്തു നിന്നും നല്ല പ്രഷറുണ്ടായിട്ടും അന്നത്തെ ഇൻവെസ്റ്റിഗേഷൻ ടീമിന് അധികമൊന്നും മുന്നോട്ടുപോകാനായില്ല. ഏതോ ഒരാളെ ചോദ്യം ചെയ്തിരുന്നു. ഒരു ഡ്രൈവർ. പക്ഷെ അയാളാണെന്ന് തെളിവില്ലത്രെ. ഡീറ്റയിൽസൊക്കെ ഹസ്സൻ സാറിനറിയാം.   ആ അപകടം ഉണ്ടാക്കിയ ആളെ കിട്ടിയാൽ... എനിക്കൊരു ചോദ്യമേ ചോദിക്കാനുള്ളൂ. ഒന്ന് ആശുപത്രിയിലേക്കെങ്കിലും എത്തിച്ചുകൂടായിരുന്നോ എന്ന്? എങ്കിൽ അവളിപ്പോൾ ജീവിച്ചിരുന്നേനെ.”


ലീലാകൃഷ്ണൻ തല കുലുക്കി.  "വിഷമിക്കേണ്ട. ഞാനൊന്ന് അന്വേഷിക്കട്ടെ. ആദ്യം ഈ കല്ലറക്കേസൊന്ന് തീർക്കട്ടെ."


ഇമ്മാനുവൽ ഒന്നും  പറഞ്ഞില്ല. വെറുതെ നോക്കിയിരുന്നു.  അപ്പോഴേക്കും സൂസൻ ചായയുമായി വന്നു. കൂടെ ഒരു കണ്ടെയ്നറിൽ കുറച്ച് ചായപ്പൊടിയും. 


ഇതെന്താണെന്ന ലീലാകൃഷ്ണൻറെ ചോദ്യത്തിന് സൂസൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു. "ഒരൽപം തേയിലയാ. മാർക്കറ്റിൽ കിട്ടില്ല. സാറിന് ഈ ചായ ഒത്തിരി ഇഷ്ടമായെന്ന് തോന്നി."


“ഓ... ഇത് ഒത്തിരിയുണ്ടല്ലോ.”  ലീലാകൃഷ്ണൻ അത്ഭുതം കൂറി. സൂസൻ വെറുതെ ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളൂ.  ചായ ചൂടോടെ ഊതിയൂതിക്കുടിക്കുന്ന ലീലാകൃഷ്ണനെ നോക്കി അവർ ഒന്നും മിണ്ടാതിരുന്നു. ഒഴിഞ്ഞ ചായക്കപ്പ് മുന്നിലെ ടീപ്പോയിൽ വച്ച്  എഴുനേൽക്കവേ ലീലാകൃഷ്ണൻ പറഞ്ഞു.


“ഓക്കെ. നന്ദി പറഞ്ഞ് ചെറുതാവുന്നില്ല ഞാൻ. പോട്ടെ.” രണ്ടു പേരും സമ്മതഭാവത്തിൽ തല കുലുക്കി. വാതിൽക്കലോളം ചെന്ന അയാൾ, തിരിഞ്ഞുനിന്ന് തന്നെ അനുഗമിക്കുന്ന സൂസൻറെ കണ്ണുകളിലേക്ക് നോക്കി.


“അന്ന്... ഫ്രെഡി തോട്ടത്തിൽ നിന്ന് ഇറങ്ങിയതിൻറെ ശേഷം... സൂസനെ വിളിച്ചിരുന്നോ? വഴിയിലെവിടെയെങ്കിലും വച്ച്?”


“ഇല്ല.. വിളിച്ചിട്ടില്ല. ഇറങ്ങുകയാണെന്ന് വിളിച്ചു പറഞ്ഞിരുന്നു. വേറെ ഇല്ല.” 


സൂസൻറെ മറുപടിയിൽ ഒരമ്പരപ്പുണ്ടായിരുന്നു. ലീലാകൃഷ്ണൻ ഒരു മൂളലോടെ നിലത്തേയ്ക്ക് നോക്കി തലകുലുക്കി.. പിന്നെ പെട്ടെന്ന് മുഖമുയർത്തി. അപ്പോളാ ചുണ്ടിലൊരു പുഞ്ചിരിയുണ്ടായിരുന്നു.


“അപ്പോൾ ഫ്രെഡി തോട്ടത്തിൽ നിന്നും ഇറങ്ങുന്ന സമയം സൂസന് അറിയാമായിരുന്നു. ചുമ്മാ ചോദിച്ചെന്ന് മാത്രം. ലീവ് ഇറ്റ്. Ok. സീ യു.”


അയാളത് പറയുമ്പോൾ, ഒരു കാർ മുറ്റത്തേയ്ക്ക് കയറിവന്നു. അതിൽ നിന്നും ഹസ്സനും റുഖിയ്യയും മക്കളും ഇറങ്ങി. ആദം തുള്ളിച്ചാടിക്കൊണ്ട് അവരുടെ അടുത്തേയ്ക്കോടി. ഹസ്സനെ കണ്ടപ്പോൾ ലീലാകൃഷ്ണൻ സല്യൂട്ട് ചെയ്തു. തിരികെ സല്യൂട്ട് ചെയ്ത ഹസ്സൻ അയാളോട് ചോദിച്ചു.


“എന്താ കൃഷ്ണാ? നീയിവരെ കുറേനേരം ബുദ്ധിമുട്ടിച്ചെന്ന് തോന്നുന്നല്ലോ. കല്ലറ പൊളിച്ചതാരെന്ന് വല്ല തുമ്പും.....?”


“എൻറെ പൊന്നു സാറെ... അവനൊരസ്സൽ മായാവിയാണ്. നമ്മൾ കുറെ വെള്ളം കുടിക്കും” 


“ഇതെന്താ കയ്യിലൊരു ബോക്സ്?”  അയാളുടെ കയ്യിലെ കണ്ടയ്നർ നോക്കിക്കൊണ്ട് ഹസ്സൻ ചോദിച്ചു. ജാള്യതയോടെ തല ചൊറിഞ്ഞുകൊണ്ട് ലീലാകൃഷ്ണൻ പറഞ്ഞു. 


"സാറേ... ഇത്തിരി ചായപ്പൊടിയാ. ഇസ്ക്കിയതല്ല. തന്നതാ. എന്നാ പിന്നെ ഞാനങ്ങോട്ട്...."       


ഹസ്സൻ ഒരു പുഞ്ചിരിയോടെ നോക്കി നിൽക്കെ, അയാൾ മോട്ടോർ സൈക്കിൾ ഓടിച്ച് പോയി. ഹസ്സൻ സൂസനോട് ചോദിച്ചു.


“ആളൊരു കഥയാ.... ആവശ്യമില്ലാത്തതൊക്കെ ചോദിച്ച് ബുദ്ധിമുട്ടിച്ചോ?” 


“ഏയ്... ഇല്ല... ഒരു സാധു. എനിക്കത്രയേ തോന്നിയുള്ളൂ.” സൂസൻ പറഞ്ഞപ്പോൾ ഹസ്സൻ ചിരിച്ചു കൊണ്ട് പറഞ്ഞു.


“ആ... സാധു ദുഷ്ടൻറെ ഫലം ചെയ്യുമെന്നാ. സൂക്ഷിച്ചോ. അല്ലേ ഇമ്മാനുവലേ?”


ഇമ്മാനുവൽ ഒന്ന് ചിരിക്കുകമാത്രംചെയ്തു.  പിന്നെ, സ്വർണം പൂശിയ പോക്കുവെയിൽ ചന്തം കൂട്ടിയ, കൂമ്പിത്തുടങ്ങിയ പൂക്കളുള്ള ആരാമത്തിൽ ഓടിക്കളിക്കുന്ന മക്കളെയും വിളിച്ചുകൊണ്ടവർ വീടിൻറെ അകത്തേയ്ക്ക് കയറി.


തുടരും


2 comments:

  1. ആരായിരിക്കും ഫോണിൽ വിളിച്ചിട്ടുണ്ടാവുക? ഇനി അതും വല്ല പ്രേതമായിരിക്കോ...

    ReplyDelete