Tuesday, January 12, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 18: ഫ്രെഡിയുടെ ചോദ്യം 


ഇരുണ്ട രാവിൻറെ നിഗൂഢതയിലെവിടെയോ നിന്നും, ഫ്രെഡി തങ്ങളെ നോക്കി ചിരിക്കുന്നുണ്ടെന്ന് ഹസ്സന് തോന്നിയ നിമിഷങ്ങളാണത്. അതിവേഗം അയാളിലെ പോലീസുകാരൻ ഉണർന്നു. അയാൾ സൂസനോട് പറഞ്ഞു. 


"എനിക്ക് ഇവിടത്തെ സർവെയ്‌ലൻസ് ഫൂട്ടേജുകൾ വേണം. ഇപ്പോൾ ഈ നിമിഷം. ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ രണ്ടാഴ്ചത്തേത്." 


സൂസൻ അത്ഭുതത്തോടെ ഒന്ന് നോക്കി. പിന്നെ സമ്മതഭാവത്തിൽ തലയാട്ടി. ഇമ്മാനുവലിൻറെ മുഖത്തൊരു ഇച്ഛാഭംഗം ഉണ്ടായിരുന്നു. ഈ വീടിന് നിരീക്ഷണക്യാമറകളുണ്ടെന്ന് അറിയാമായിരുന്നിട്ടും, താനതിനെക്കുറിച്ചൊട്ടും ആലോചിച്ചില്ലല്ലോ എന്നായിരുന്നു അത്. 


ഏകദേശം ഒരു മണിക്കൂറെടുത്താണ് സൂസൻ ഫൂട്ടേജുകളെടുത്ത് ഹസ്സന് കൊടുത്തത്. സർവെയ്‌ലൻസിൽ ശബ്ദം കൂടി രേഖപ്പെടുത്തുമായിരുന്നെങ്കിലും, സൂസൻ ഹസ്സന് കൊടുത്തത് ഓഡിയോ ഇല്ലാത്ത ഫൂട്ടേജുകളാണ്. ഇമ്മാനുവലും താനും തമ്മിലുള്ള നാടകം ഹസ്സൻ അറിയാതിരിക്കാനായിരുന്നു അത്. മെയിൻ ഹാളിലെ ക്യാമറയിൽ നിന്നുമുള്ള ഫൂട്ടേജുകളും, മുകൾ നിലയിൽ നിന്നുള്ളതും അവൾ അതിനായി ഒഴിവാക്കി. 


ഹസ്സനും കുടുംബവും പോയ ശേഷം ഇമ്മാനുവൽ സൂസനോട് നമുക്കും ഫൂട്ടേജുകളൊന്ന് നോക്കിയാലോ എന്ന് ചോദിച്ചു. അവർ ഫൂട്ടേജുകൾ പരിശോധിക്കാൻ തുടങ്ങി. ഇമ്മാനുവൽ നിഴൽ രൂപത്തെ കണ്ട് പേടിക്കുന്ന ഭാഗത്ത്, ദൃശ്യങ്ങൾ ആകെ മങ്ങിയിരുന്നു. എന്തോ ശബ്ദം കേട്ടാലെന്ന പോലെ ഞെട്ടിത്തിരിഞ്ഞു നോക്കുന്ന ഇമ്മാനുവലിനെ കാണാം. പക്ഷെ അവിടെങ്ങും ഒരു നിഴൽ പോലുമില്ലായിരുന്നു. അവസാനം സൂസൻ വാതിലിൽ മുട്ടുന്നിടമെത്തിയപ്പോൾ,  വീഡിയോ നിറുത്തി അവർ പരസ്പരം മുഖത്തോട് മുഖം നോക്കി. 


ഇമ്മാനുവൽ ചോദിച്ചു. "നമുക്ക് സോഫിയ പേടിച്ച സമയത്തെ ഒന്ന് നോക്കിയാലോ?"


അടുക്കളയിൽ നിന്നും സ്റ്റോർ റൂമിൻറെ അരികിലുള്ള തൻറെ മുറിയിലേക്ക് സോഫിയ കയറിപ്പോയതിൻറെ ശേഷമുള്ള ദൃശ്യത്തിൽ, പുറത്തേക്കുള്ള വാതിൽ പതുക്കെ തുറക്കുന്നത് അവർ ശ്വാസമടക്കിപ്പിടിച്ച് കണ്ടു. ഒരു നിഴൽ അകത്തേയ്ക്ക് വരുന്നു. പെട്ടെന്ന് ആ ഭാഗത്തും വ്യക്തതയില്ലാതായി. സോഫിയ വാതിൽ തുറന്ന് വരുന്നതും, പേടിക്കുന്നതും, നിലവിളിക്കുന്നതുമൊക്കെ കാണാം. പിന്നെ  ആകെ ഇരുട്ട് മാത്രമായി. 


ഇമ്മാനുവൽ സൂസനോട് അതിനു മുൻപത്തെ ഗാർഡനിലേക്കുള്ള ഫൂട്ടേജുകൾ നോക്കാൻ പറഞ്ഞു. അപ്പോഴാണ് അത് സംഭവിച്ചത്. സ്‌ക്രീൻ ആകെ ഇരുണ്ടു. വീട്ടിലെ ലൈറ്റുകൾ അണഞ്ഞു. നാലഞ്ച് നിമിഷങ്ങളോളം അങ്ങിനെ നിന്നു. ഇരുട്ടും നിശബ്ദതയും കൂടിക്കലർന്ന ചില നിമിഷങ്ങൾ. 


സൂസൻ ഇമ്മാനുവലിനെ മുറുകെ പിടിച്ചു. ഒരാലിംഗനം പോലെ. നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. ആ കനത്ത നിശബ്ദതയും ഇരുട്ടും ഭയപ്പെടുത്തുന്നതായിരുന്നു. പെട്ടെന്ന് വിളക്കുകൾ പ്രകാശിച്ചു. മുന്നിലെ സ്‌ക്രീൻ തെളിഞ്ഞു. സൂസൻ മെല്ലെ ഇമ്മാനുവലിൽ നിന്നും അകന്നു മാറി. 


അവർ സ്ക്രീനിലേക്ക് നോക്കി. പിന്നെ പരസ്പരം മുഖത്തോട് മുഖം നോക്കി. അവിടെ ഇപ്പോൾ, ഒരു ഫൂട്ടേജ് പോലും ഇല്ല. ഭയം അവരെ വരിഞ്ഞു മുറുക്കി. ഇമ്മാനുവൽ പതുക്കെ എഴുനേറ്റ് പോയി സോഫയിലിരുന്നു. പിന്നാലെ വന്ന സൂസൻ ചോദിച്ചു.


"എന്താണിതിൻറെ ഒക്കെ അർത്ഥം? ആരാണിതൊക്കെ നമ്മോട് ചെയ്യുന്നത്? ഫ്രെഡിയുടെ ആത്മാവോ? എന്തിന്? അല്ല. ഫ്രെഡിക്ക് എന്നെയിങ്ങനെ പേടിപ്പിക്കാനാവില്ല. ഇത് വേറെന്തോ ആണ്. ഇത് വേറെ ആരോ ആണ്. വേറെ ആരോ."


അവൾ അതീവ ദുഃഖിതയായിരുന്നു. ചിന്താനിമഗ്നനായ ഇമ്മാനുവൽ അവളെ പകച്ചു നോക്കി. ഈ സിസ്റ്റമെല്ലാം വേറെ ആരോ നിയന്ത്രിക്കുന്നുണ്ടെന്ന് അവനു തോന്നിയെങ്കിലും അവനത് സൂസനോട് പറഞ്ഞില്ല. അവനാകെ കൺഫ്യുഷനുമായിരുന്നു.


തൻറെ വീട്ടിലെ ഓഫീസ് റൂമിൽ ഒരു വെരുകിനെ പോലെ ഉലാത്തുകയാണ് ഹസ്സൻ. ഡോക്ടർ റുഖിയ്യ ഉറങ്ങാൻ പോയിരിക്കുന്നു. അവർക്കറിയാം, ഹസ്സൻ ഇനി ഇപ്പോഴൊന്നും ഉറങ്ങാൻ വരില്ലെന്ന്. മക്കൾക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണത്രെ. സത്യം. എല്ലാവരും നന്നായി പേടിച്ചിട്ടുണ്ട്. അതുകൊണ്ടവർ മക്കളുടെ കൂടെയാണ് കിടന്നത്. 


ഹസ്സൻറെ മനസ്സിൽ നിറയെ ചോദ്യങ്ങളായിരുന്നു. എന്താണിന്ന് സംഭവിച്ചത്? എന്തിനാണ് കുട്ടികളെയടക്കം പേടിപ്പിച്ചത്? മുന്നിലൊത്തിരി ചോദ്യങ്ങളുണ്ട്. നിറയെ നിറയെ ചോദ്യങ്ങൾ!


വീണ്ടും കസേരയിലിരുന്നു. ലാപ്ടോപ്പിലേക്ക് നോക്കി. സ്‌ക്രീനിൽ സോഫിയ ഉറങ്ങാൻ കിടന്ന ശേഷമുള്ള അടുക്കളയിലെ രംഗം പോസ് ചെയ്ത് നിർത്തിയിരിക്കുന്നു. അതിൽ പുറത്തേക്കുള്ള വാതിൽ പാതി തുറന്ന നിലയിലാണ്. വാതിലിൻറെ അപ്പുറത്ത് നിന്നും അകത്തേക്കൊരു നിഴൽ. അവിടം മുതൽ ആ വാതിലിൻറെ ഭാഗത്ത്, ഫൂട്ടേജിൽ ആരോ കൃതിമത്വം കാണിച്ചിരിക്കുന്നു. 


പുറത്തൊരു ബുള്ളറ്റിൻറെ ശബ്ദം കേട്ടു. ഹസ്സൻ ചെന്ന് പ്രധാന വാതിൽ തുറന്നപ്പോഴേക്കും ലീലാകൃഷ്ണൻ വാതിലിൻറെ മുൻപിലെത്തിയിരുന്നു. സല്യൂട്ട് ചെയ്ത അയാളോട് ഹസ്സൻ പറഞ്ഞു. 


"കേറിവാ. നാളത്തേയ്ക്ക് വെക്കാൻ പറ്റാത്ത ചിലതുണ്ടായി. അതാ ഈ രാത്രി ഇത്ര വൈകി വിളിച്ചത്. വാ.. പറയാം"


ഹസ്സൻ ഫ്ലാസ്കിൽ നിന്നും ഓരോ കപ്പ് ചായ പകർന്ന് അതിലൊരെണ്ണം ലീലാകൃഷ്ണന് നേരെ നീട്ടി. ലീലാകൃഷ്ണൻ ചൂടുള്ള ചായ ഊതിക്കുടിക്കുന്നതിനിടയിൽ ഫൂട്ടേജുകൾ ഓരോന്നായി മാറി മാറി നോക്കി. അവസാനം നായ്ക്കളുടെ രംഗമെത്തി. പുറത്തേയ്ക്ക് പോകാൻ ഗേറ്റ് തനിയെ തുറന്നടയുന്നതുന്നത് കണ്ടപ്പോൾ, വീഡിയോ പോസ് ചെയ്ത് ചോദിച്ചു.


"സാർ. ആ വീടിൻറെ ഗേറ്റ് പരിചയമുള്ള ആളുകളുടെ മുൻപിൽ മാത്രമല്ലേ തുറക്കൂ? അതായത്, ആ വീടിൻറെ സെക്യൂരിറ്റി സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത വ്യക്തികളുടെ മുൻപിൽ മാത്രം. അല്ലെങ്കിൽ ഒരാൾ സെക്യൂരിറ്റി ഓവർറൈഡ് ചെയ്യണം. അല്ലെ? "


"Yes.. അതാണ് സിസ്റ്റം. സോഫിയ പേടിച്ച അന്നത്ത ഔട്ട് സൈഡ് ഫൂട്ടേജ് ഒന്ന് നോക്ക്. ഗാർഡനിൽ ചിലയിടങ്ങളിലെല്ലാം... ക്ലിയറല്ലെങ്കിലും ഒരു നിഴൽ കാണാം. ആ നിഴലാണ് കിച്ചണിൽ സോഫിയയെ പേടിപ്പിച്ചത്. ആ നിഴൽ തന്നെയാണ് സൂസൻ ഗാർഡനിൽ കണ്ടത്. "


ലീലാകൃഷ്ണൻ മേശയിൽ കൈമുട്ടൂന്നി വിരലുകൾ കൊണ്ട് താടിയിൽ വെറുതെ ചൊറിഞ്ഞു. അയാൾ എന്തോ ഗാഢമായി ആലോചിക്കുകയാണ്. അയാളുടെ ആലോചനയ്ക്ക് ഭംഗം വരുത്തേണ്ട എന്ന് കരുതി ഹസ്സൻ പിന്നെയൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല. അയാൾ ക്ഷമയോടെ കാത്തിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ അയാൾ ഹസ്സനെ വിളിച്ചു. "സാർ". ഹസ്സൻ അയാളെ നോക്കി. "സാറിന് പ്രേതങ്ങളിൽ വിശ്വാസമുണ്ടോ?"


"ഇല്ല. ഒരിക്കലുമില്ല. പക്ഷെ... ഇന്നത്തെ അനുഭവം. അതിനെക്കുറിച്ചെന്താണ് പറയാനുള്ളത്?"


പുഞ്ചിരിയോടെ ലീലാകൃഷ്ണൻ കസേരയിലേക്ക് ചാരിയിരുന്നുകൊണ്ട് പറഞ്ഞു. “ഒന്നേയുള്ളൂ സാർ. മരിച്ച് രണ്ടര വർഷ ങ്ങൾക്ക് ശേഷം... ഫ്രെഡി തിരികെയെത്തിയിരിക്കുന്നു. ഫ്രെഡി നമ്മളോട് ചോദിക്കുന്നതെന്താണെന്ന് നമുക്ക് കൃത്യമായിട്ടറിയാമല്ലോ? ആരാണ് തന്നെ കൊന്നതെന്നാണ്. ആ ചോദ്യത്തിനുത്തരം കിട്ടാതെ... ഫ്രെഡി നമ്മളെ ആരെയും കിടത്തി ഉറക്കില്ല.”


നിശബ്ദനായി, ചിന്താനിമഗ്നനായി തന്നെ നോക്കിയിരിക്കുന്ന ഹസ്സനോട് ലീലാകൃഷ്‌ണൻ തുടർന്നു.


“ഫ്രെഡി ഇനി ആരെയും വിശ്വസിക്കില്ല. കാരണം... മൃഗീയമായ ചതിയിലൂടെ… പ്രിയപ്പെട്ടൊരാൾ… അയാളെ കൊന്നു കളഞ്ഞിരിക്കുന്നു. എന്നിട്ട് കപടക്കണ്ണീരിൽ കുളിപ്പിച്ച്... അടക്കം ചെയ്തിരിക്കുന്നു. അങ്ങേയറ്റം അസ്വസ്ഥനായി... പ്രതികാരാഗ്നിയിൽ വെന്തുനീറി...  എല്ലാം നഷ്ടപെട്ടവൻറെ കൊടും പകയുമായി... തന്നെ ആരാണ് കൊന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ്... ഫ്രെഡി!”


ഹസ്സൻ ലീലാകൃഷ്ണൻറെ മുഖത്തേയ്ക്ക് പകച്ചു നോക്കി. കുറച്ചു നേരത്തെ ആലോചനയ്ക് ശേഷം ഹസ്സൻ ചോദിച്ചു. “ആരാവും? എന്തിനാവും?”


ലീലാകൃഷ്ണൻ ഹസ്സൻറെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. "ഐ ഡോണ്ട് നോ സാർ.  ഐ ഡോണ്ട് നോ. അതാരുമാവാം. ആരും. എന്തിനധികം... ചിലപ്പോളത് സാറ് തന്നെ ആകാം."


"വാട്ട്...." ഹസ്സൻറെ ശബ്ദമുയർന്നു. ലീലാകൃഷ്ണൻ ഒന്ന് പുഞ്ചിരിച്ചു. "യെസ് സാർ. ഫ്രെഡി അങ്ങിനെ സംശയിക്കുന്നുണ്ടല്ലോ? ഇല്ലേ?"


ഒരല്പ നേരം ആലോചനയിലാണ്ട ഹസ്സൻ അതെയെന്ന് തലകുലുക്കി. "സാർ... കോമ്പ്ലിക്കേറ്റഡായ പ്രശ്നം എന്താണെന്ന് വച്ചാൽ... Angel’s Nest ഇപ്പോളൊരു പ്രേതഭവനമാണ്. എ ഹോണ്ടഡ് പാലസ്. അവിടെ ജീവിച്ചിരിക്കുന്ന ആർക്ക് വേണമെങ്കിലും... എപ്പോൾ വേണമെങ്കിലും... എന്തും സംഭവിക്കാം. കാരണം... അവരവിടെ തനിച്ചല്ല.”


Angel’s Nest രാത്രിയുടെ ഇരുട്ടിൽ ദുരൂഹതയുടെ മൂടൽമഞ്ഞ് പുതച്ച്, ആ ചെറുകുന്നിൻ മുകളിൽ നില കൊള്ളവേ, ഒരു മൂങ്ങ അതിൻറെ ചിമ്മിനിയുടെ മുകളിൽ ഇരിക്കുന്നുണ്ടായിരുന്നു.


തുടരും

2 comments: