Saturday, January 9, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 17: അടയാളം 


ഡൈനിംഗ് ടേബിളിൽ വിഭവസമൃദ്ധമായ വിഭവങ്ങൾ നിരന്നിട്ടുണ്ട്. കുട്ടികൾ കൈനീട്ടി തങ്ങൾക്ക് ആവശ്യമുള്ളതെല്ലാം എടുക്കുന്ന തിരക്കിലാണ്. ആദമിന് ഹസ്സൻറെ മക്കളെന്നാൽ ജീവനാണ്. അവർക്കും അതെ. 


സത്യത്തിൽ ഇന്നൊരു സന്തോഷമില്ലാത്ത ദിവസമാണ്. തലേന്നത്തെ ഉറക്കം കണ്ണുകളെ ആക്രമിക്കുന്നുണ്ട്.  രാവിലെ മുതൽ നെഞ്ചിൽ ഭാരമായി ഫ്രെഡിയുടെ പൊളിഞ്ഞ കല്ലറയുണ്ട്. നഷ്ടപെട്ട അവൻറെ തലയോട്ടിയുണ്ട്. പോരാത്തതിന് കഴിഞ്ഞ  ദിവസങ്ങളിലെ ദുരനുഭവങ്ങളും.


വൈകുന്നേരം ഹസ്സനും കുടുംബവും വന്നതിൻറെ ശേഷമാണ്, മനസ്സിൻറെ മുറുക്കം ഇല്ലാതായത്. ഭക്ഷണം ഓർഡർ ചെയ്യാൻ നിന്നപ്പോൾ, റുഖിയ്യ പറഞ്ഞതാണ്, നമുക്കെന്തെങ്കിലും ഉണ്ടാക്കാമെന്ന്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കയാണ് ഹസ്സൻ സോഫിയയെ കുറിച്ചന്വേഷിച്ചത്. സൂസൻ ഇമ്മാനുവലിനെ നോക്കി. മക്കളെ നോക്കി. എന്നിട്ട് പതിയെ പറഞ്ഞു. 


“പറയാം. പറയാനുണ്ട്...”


ഹാളിലെ സോഫയിൽ അവർ വട്ടം കൂടിയിരുന്നപ്പോൾ മക്കളൊക്കെ മുകളിലായിരുന്നു. അപ്പോഴാണ് ഹസ്സൻ ചോദിച്ചത്.


“എന്താ പറയാനുണ്ടെന്ന് പറഞ്ഞത്? സോഫിയ പോയോ? വേറെ വേലക്കാരിയെ വേണോ?“


സൂസൻ ഇമ്മാനുവലിനെ ഒന്ന് നോക്കി. പിന്നെ പറഞ്ഞു. “സോഫിയ അവളുടെ വീട്ടിൽ പോയതാ. അവളിങ്ങ് വന്നോളും. പക്ഷെ.. എനിക്ക് പറയാനുള്ളത് അതൊന്നുമല്ല. ഹസ്സൻ അതെങ്ങിനെ എടുക്കുമെന്നെനിക്കറിയില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ലേ നമ്മളൊക്കെ ജീവിക്കുന്നത്?!”


ഹസ്സൻറെയും റുഖിയ്യയുടെയും മുഖത്ത് ഒരു കുന്നോളം അത്ഭുതഭാവം. അവർ കൗതുകത്തോടെ നോക്കിനിൽക്കെ സൂസൻ തുടർന്നു. "കഴിഞ്ഞ ഞായറാഴ്ച മുതൽ ഈ വീട്ടിൽ ചില സംഭവങ്ങളൊക്കെ ഉണ്ടായി. കേൾക്കുന്നവർക്ക്  കളിയാക്കാൻ മാത്രമേ തോന്നൂ. എന്നാൽ ഇന്നത്തെ സംഭവം കൂടിയായപ്പോൾ. എനിക്കെന്തോ... രാവിലെ മുതൽ ഒരു തോന്നൽ. ഈ വീട്ടിൽ ഞങ്ങൾ മാത്രമല്ല ഉള്ളതെന്ന്."


“പിന്നെ...?” ഹസ്സൻറെ ആകാംഷ നിറഞ്ഞ ചോദ്യം.


സൂസൻ ഒരല്പ നേരം ഒന്നും മിണ്ടിയില്ല. പിന്നെ ഓരോന്നായി അവൾ പറഞ്ഞു തുടങ്ങി. രണ്ടു തലയുള്ള മനുഷ്യനും, സോഫിയ കണ്ട ഫ്രെഡിയുടെ പ്രേതവും, രാത്രികാലങ്ങളിൽ തനിക്ക് ഫീൽ ചെയ്യപ്പെടുന്ന ഫ്രെഡിയുടെ സാമീപ്യവും ഒക്കെ പറഞ്ഞു. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ ഇമ്മാനുവലിനെ നോക്കി. ഇനി നീ പറയൂ എന്ന മട്ടിൽ.

ഇമ്മാനുവൽ ആ സംഭവം പറയാൻ തുടങ്ങി. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ റുഖിയ്യയുടെ മുഖത്ത് ഭയമുണ്ടായിരുന്നു. എന്നാൽ ഹസ്സൻ എന്തോ ആലോചനയിലായിരുന്നു. കുറെ നേരം ആരുമൊന്നും മിണ്ടിയില്ല. അവസാനം ഹസ്സൻ ചോദിച്ചു.


“അപ്പോൾ ഇതെല്ലാം പ്രേതമാണെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?” 


ആരുമൊന്നും മിണ്ടിയില്ല. എല്ലാവരും ഹസ്സനെ നോക്കുക മാത്രം ചെയ്തു. അയാൾ ചോദിച്ചു. “നിങ്ങൾ പ്രേതത്തിൽ വിശ്വസിക്കുന്നുണ്ടോ?” 


മിണ്ടാതെ നിന്ന സൂസൻ മെല്ലെ അതെയെന്ന് തലയാട്ടി. ഹസ്സൻ ഇമ്മാനുവലിനെ നോക്കി. അയാളുടെ മുഖഭാവത്തിൽ ഉണ്ടെന്നും ഇല്ലെന്നും തിരിച്ചറിയാനായില്ല. ആ മുഖം ഭയപ്പെട്ടവൻറെ മുഖമായിരുന്നു. അപ്പോഴാണ് ഡോക്ടർ റുഖിയ്യ പറഞ്ഞത്.    


“ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ നമുക്ക് മനസിലാവാത്ത എന്തൊക്കെയോ ഈ ഭൂമിയിലില്ലേ? അപ്പോൾ പിന്നെ ഇതൊക്കെ അങ്ങിനെ വല്ലതുമാണെങ്കിലോ?” 


“ആ പഷ്ട്... നീ മിണ്ടരുത്. ഡോക്ടറാണത്രെ. ഡോക്ടർ.” ഹസ്സൻറെ വാക്കുകൾ കേട്ടപ്പോൾ റുഖിയ്യയുടെ മുഖം കനത്തു. 


“അപ്പോൾ പിന്നെ ഇവർക്കുണ്ടായ അനുഭവങ്ങളോ? നിങ്ങൾ പോലീസുകാർ പറയുന്ന പോലെയൊന്നുമല്ല. ഈ ഭൂമിയിൽ നമ്മൾക്ക് മനസ്സിലാക്കാൻ പറ്റാത്ത എന്തൊക്കെയോ ഉണ്ട്.” 


സൂസനും ഇമ്മാനുവലും തല കുലുക്കിയപ്പോൾ ഹസ്സൻ റുഖിയ്യയെ തുറിച്ചു നോക്കി. കണ്ണുരുട്ടിക്കൊണ്ടയാൾ ചോദിച്ചു.


“സത്യം പറ.... നീ ഡോക്ടറായത് കോപ്പി അടിച്ചിട്ടല്ലേ?”


ചോദ്യം കേട്ട് സൂസന്  ചിരി വന്നെങ്കിലും, റുഖിയ്യയുടെ മുഖം മങ്ങിയിരുന്നു. ഇമ്മാനുവലിൻറെ മുൻപിൽ വച്ച് ഹസ്സൻ അങ്ങിനെ പറഞ്ഞത് അവൾക്ക് ഇഷ്ടമായില്ല. പക്ഷെ ഒരു തർക്കത്തിനൊന്നും നിന്നില്ല. വീട്ടിലേക്ക് വാ... കാണിച്ചു തരാം. എന്ന് കണ്ണുകൾ കൊണ്ട് ഹസ്സനോട് പറഞ്ഞു. സൂസൻ പറഞ്ഞു. 


“റുഖീ... സീരിയസായിട്ട് നമ്മളൊരു കാര്യം പറയുമ്പോളീ... ആണുങ്ങളെങ്ങിനെ അത് തമാശയയാക്കുന്നു എന്ന് നോക്കിയേ? എന്തായാലും ഞാൻ തൻറെ കൂടെയാ ട്ടൊ. നീ പറഞ്ഞ പോലെ നമ്മൾക്ക് മനസ്സിലാവാത്ത പലതും... ഈ ഭൂമിയിലുണ്ട്.”


ഒന്ന് രണ്ട് നിമിഷം മിണ്ടാതിരുന്ന സൂസൻ വീണ്ടും തുടർന്നു. എല്ലാ കണ്ണുകളും അവളുടെ മുഖത്തായിരുന്നു.


“ഞാൻ പറയുന്നത്... ഭ്രാന്തായി തോന്നാം. പക്ഷെ... എനിക്കുറപ്പുണ്ട്. എൻറെ ഫ്രെഡി... ഇവിടെ ഒക്കെ ഉണ്ട്. ഇപ്പോൾ.... ഈ നിമിഷം പോലും... എനിക്കവനെ ഫീൽ ചെയ്യുന്നുണ്ട്. ഇവിടെ... നമുക്കിടയിൽ... നമ്മൾ പറയുന്നതൊക്കെ കേട്ട്.... നമ്മൾ ചെയ്യുന്നതൊക്കെ കണ്ട്... ഫ്രെഡി ഇവിടെ ഉണ്ട്.” 


നേരിയ ഭയമാളുന്ന കണ്ണുകളോടെ, റുഖിയ്യ സൂസൻറെ ചുമലിൽ പിടിച്ച് അവളെ തന്നിലേക്ക് ചേർത്തു. നിറഞ്ഞു വന്ന അവളുടെ കണ്ണുകൾ മെല്ലെ തുടച്ചുകൊടുത്തു.


“ഇത്രയും അടുത്ത്... ഇത്രയും വ്യക്തമായി... ഞാനവനെ കണ്ടിട്ടുണ്ട്. ബട്ട്... അതൊക്കെ എന്നിൽ മാത്രം ഒതുങ്ങി നിൽക്കുമായിരുന്നു. ഇപ്പോൾ അതങ്ങിനെ അല്ല. ഇവരൊക്കെ കാണുന്നു. ആദം പോലും...”


“വാട്ട്.....” ഇമ്മാനുവലിൻറെ ശബ്ദമാണ് ഏറ്റവും ഉയർന്നുകേട്ടത്. റുഖിയ്യയുടെ കണ്ണുകൾ തുറിച്ചു നിൽക്കുകയാണ്. അവരെ നോക്കി തലകുലുക്കിക്കൊണ്ട് ഒരു മർമ്മരം പോലെ സൂസൻ പറഞ്ഞു.


“യെസ്... ഇറ്റ് ഈസ്. മിനിഞ്ഞാന് രാത്രി. അവൻ നേരത്തെ ഉറങ്ങിയിരുന്നു. ഞാനും ഇമ്മാനുവലും ഇവിടെ താഴെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൻ പറഞ്ഞു. അവനുണർന്നപ്പോൾ പപ്പ അവൻറെ അരികിലുണ്ടായിരുന്നെന്ന്. അവനെ ചുംബിച്ചെന്ന്. കവിളിൽ തലോടിയെന്ന്. ഫ്രെഡിയുടെ കൈ ഐസ് പോലെ തണുപ്പുള്ളതായിരുന്നത്രെ. അവനെ നോക്കിച്ചിരിച്ചുകൊണ്ട് മുറിക്ക് പുറത്തേയ്ക്ക് പോയത്രെ. അവനൊരു സ്വപ്നം കണ്ടതായിരിക്കുമെന്ന് കരുതി. പക്ഷെ അവൻറെ കവിളിൽ തൊട്ടപ്പോൾ ആ തണുപ്പ് എനിക്കും ഫീൽ ചെയ്തു. ആ തണുപ്പ് അപ്പോഴുമുണ്ടായിരുന്നു.”


ഇമ്മാനുവൽ ഉമിനീരിറക്കുന്ന ശബ്ദം മറ്റുള്ളവരൊക്കെ കേട്ടു. റുഖിയ്യ വല്ലാത്തൊരു അവസ്ഥയിലാണ്. ഹസ്സൻ എന്താണ് കേൾക്കുന്നത് എന്നൊരു ബോധമില്ലാത്തവനെ പോലെ ഇരിക്കുന്നു. സൂസൻ തുടർന്നു.


“ഇതൊക്കെ എന്താണെന്ന് എനിക്കറിയില്ല. എന്ത് കൊണ്ടാണെന്നും അറിയില്ല. ഇമ്മാനുവൽ പേടിക്കേണ്ട എന്ന് കരുതിയാണ് ഞാനത് പറയാതിരുന്നത്. പക്ഷെ... ഇനി പറയാതിരിക്കാനാവില്ലെനിക്ക്. ഗതികിട്ടാത്ത... മോക്ഷം കിട്ടാത്ത.... ശാന്തി കിട്ടാത്ത.. ഒരാത്മാവായി എൻറെ ഫ്രെഡി ഇവിടെ അലയുകയാണോ? അതല്ല... എന്നെയും മോനെയും വിട്ടുപോകാനാവാതെ അവനിവിടെ കുരുങ്ങിക്കിടക്കുകയാണോ? എനിക്കറിയില്ല ഹസ്സൻ. എനിക്കറിയില്ല. ഒന്നെനിക്ക് ഉറപ്പുണ്ട്. നമ്മളീ പറയുന്നത് പോലും... ഫ്രെഡി കേൾക്കുന്നുണ്ടെന്ന്.” 


“നിർത്ത്... നിർത്ത്...” റുഖിയ്യ ഇടയ്ക്കു കയറിപ്പറഞ്ഞു. “മനുഷ്യനെ പേടിപ്പിച്ച് കൊല്ലാനുള്ള പരിപാടിയാണോ? എവിടെ...? കുട്ടികളെവിടെ...?”


ചിരിച്ചുകൊണ്ട് സൂസൻ പറഞ്ഞു. “പേടിക്കേണ്ട..... ഫ്രെഡിയല്ലേ? ഫ്രെഡിക്ക് അവരെയുമറിയാം. അവർക്ക് ഫ്രെഡിയെയുമറിയാം. ഫ്രെഡി അവരെ പേടിപ്പിക്കില്ല.”


“അതേയ്... ഇത് നല്ല ചികിത്സ വേണ്ട ഭ്രാന്താണ്. മരിച്ചു പോയവരൊക്കെ ഇങ്ങിനെ വരാൻ തുടങ്ങിയാൽ... ഇവിടെ ജീവിക്കുന്നവരുടെ കാര്യമെന്താവും. നീ വെറുതെ അതുമിതും പറയാതെ പോയേ... ഇമ്മാനുവൽ... ഇവളെ നല്ലൊരു ഡോക്ടറെ കാണിക്കണം കേട്ടോ. ഞാനുറപ്പിച്ചു പറയുന്നു... ഇവിടെ അങ്ങിനെ ഒന്നുമില്ല. ഉണ്ടെങ്കിൽ ഇപ്പോൾ ഒന്ന് കാണട്ടെ. അല്ല പിന്നെ.” 


ആരുമൊന്നും മിണ്ടാതെ ഒരല്പ സമയം കഴിഞ്ഞു പോയി. എങ്ങും കനത്ത നിശബ്ദതയിൽ അമർന്നു. എന്തോ സുഖകരമല്ലാത്ത ഒന്ന് നടക്കാൻ പോകുന്ന പോലെ. റുഖിയ്യ ഭീതിയോടെ ചുറ്റിലും നോക്കി. ഇമ്മാനുവൽ അമ്പരന്നിരിക്കുകയാണ്. ഇടയ്ക്കിടെ അയാൾ ഹസ്സൻറെ മുഖത്ത് നോക്കും. പിന്നെ സൂസൻറെ. അതങ്ങിനെ മാറി മാറി നോക്കിക്കൊണ്ടിരിക്കെ, കുറെ കഴിഞ്ഞപ്പോൾ ഹസ്സൻ പറഞ്ഞു.


“പിന്നേ.... രണ്ടാള് കൂടിയാൽ അവിടെ വെളിപ്പെടാൻ ധൈര്യമില്ലാത്ത പരേതാത്മാവ്. നിങ്ങൾക്കൊക്കെ വേറെ പണിയില്ലേ. ഐ കാൻഡ് ബിലീവിറ്റ്. നെവർ... എവർ...”


അയാളത് പറഞ്ഞു തീരുമ്പോഴേക്കും കുട്ടികൾ എല്ലാരും കൂടി ഓടിപ്പിടഞ്ഞ് താഴേക്കെത്തി. അവർ നല്ല പോലെ ഭയന്നിട്ടുണ്ട്. പെട്ടെന്ന് കുട്ടികൾ അങ്ങിനെ വന്നപ്പോൾ അവരും ഒന്നമ്പരന്നു. ഹസ്സൻറെ മോൾ റുഖിയ്യയെ പറ്റിച്ചേർന്ന് നിന്നു. പിന്നെ വിറച്ചുകൊണ്ടവൾ   പുറത്തേയ്ക്ക് കൈ ചൂണ്ടി. 


“ഉമ്മച്ചീ... ദാണ്ടെ... ഗാർഡനിൽ ഒരു ഡോഗ്... ബിഗ് വൺ...”


“ഡോഗോ... എവിടെ... ഈ കോമ്പൗണ്ടിൻറെ അകത്തേക്കെങ്ങിനെ ഡോഗ് വരും?” ഹസ്സൻ എഴുനേറ്റു. ഗ്ലാസിൻറെ അരികിലെത്തി. മുറ്റത്തേയ്ക്ക് സൂക്ഷിച്ചു നോക്കിയപ്പോൾ, അവിടെ ഗാർഡനിലെ ചെടികളുടെ നിഴലുകൾക്കിടയിൽ ഒരു ഇരുണ്ട രൂപം. അതിൻറെ കണ്ണുകൾ എരിയുന്ന കനൽ പോലെയുണ്ട്. 


“സൂസൻ... അവിടെ ഒരു നായയുണ്ട്. കുട്ടികൾ അതിനെക്കണ്ട് പേടിച്ചതാണ്. ഇതെങ്ങിനെ അകത്ത് കടന്നു?” 


എല്ലാവരും  ഗ്ലാസിൻറെ അരികിലെത്തി.  അതിനെ കണ്ട ഇമ്മാനുവൽ പതറിയ ശബ്ദത്തോടെ ചോദിച്ചു. “അത്.... അത് നമ്മളെ തന്നെ നോക്കി നിൽക്കുകയാണല്ലോ? ഇതെന്താ ഇങ്ങിനെ?”


അയാളത് പറയേണ്ട താമസം. ആ ജീവി മെല്ലെ മുന്നോട്ടു വന്നു. ഗ്ലാസ്സിൻറെ രണ്ടുമൂന്ന് മീറ്റർ അരികെ വന്ന് അത് അവരെയും നോക്കിക്കൊണ്ട് നിന്നു. അതിൻറെ തിളങ്ങുന്ന കണ്ണുകളേക്കാൾ അവരെ ഭയപ്പെടുത്തിയത്, അതിൻറെ തേറ്റയും മുരൾച്ചയുമായിരുന്നു. ആ മുരൾച്ച വീടിൻറെ അകം മുഴുവൻ കേൾക്കാമായിരുന്നു.


“ഓ മൈ ഗോഡ്. ഒന്നൊന്നുമല്ല. ദാ... അവിടെയൊക്കെയുണ്ട്.” റുഖിയ്യ നിലവിളിക്കുകയായിരുന്നു. 


ശരിയാണ്. പല പല ഭാഗങ്ങളിൽ നിന്നായി ഒരു ആറേഴ് നായ്ക്കൾ കൂടി അങ്ങോട്ട് കടന്നു വന്നു. ഇമ്മാനുവൽ ഹസ്സൻറെ മുഖത്തേയ്ക്ക് നോക്കി. അയാളുടെ മുഖം ആകെ വിളറി വെളുത്തിരുന്നു. താനൊരു പോലീസ് ഓഫീസറാണ് എന്ന കാര്യം അയാൾ മറന്നെന്ന് തോന്നുന്നു. ഇമ്മാനുവലിൻറെ അവസ്ഥയും മറിച്ചായിരുന്നില്ല. ഇന്നലെ രാത്രിയിലെന്ന പോലെ തോന്നലാണ് എന്ന് പറഞ്ഞു തള്ളാനാവില്ലല്ലോ. അയാൾ വിറച്ചുകൊണ്ട് മുറ്റത്തേയ്ക്ക് നോക്കി.


പിശാചിൻറെ കോട്ടയ്ക്ക് കാവൽ നിൽക്കുന്ന ചെന്നായ്ക്കളെ പോലെ, അവറ്റകൾ മുരണ്ടുകൊണ്ട് അവിടെ അവരെയും നോക്കി നിൽക്കുകയാണ്. ഭയം ഉറുമ്പുകളെ പോലെ അവരുടെ മനസ്സിൽ അരിച്ചു നടക്കാൻ തുടങ്ങി. ജീവിതത്തിൽ ഇതുപോലൊരു അവസ്ഥ ആദ്യമായി നേരിടുകയാണ്. 


“അവറ്റകളെന്താ നമ്മളെ തന്നെ നോക്കി നിൽക്കുന്നത്?”  റുഖിയ്യ വിറയലോടെ ചോദിച്ചു.


“ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ?” ഹസ്സൻ ദേഷ്യത്തോടെ പറഞ്ഞു.

  

ആ നിമിഷമായിരുന്നു അത് സംഭവിച്ചത്. ഇടി വെട്ടുന്ന ശബ്ദത്തിൽ അവറ്റകൾ കുരയ്ക്കാൻ തുടങ്ങി. അറിയാതെ ഒരു നിലവിളി റുഖിയ്യയിൽ നിന്നുമുയർന്നു. ഇമ്മാനുവലും ഹസ്സനും പിന്നോട്ട് ചാടി. കുട്ടികൾ ഉറക്കെ കരയാൻ തുടങ്ങി. സൂസൻ മാത്രം ഒരു പ്രതിമ പോലെ ആ നായ്ക്കളെ നോക്കി നിന്നു. അവൾ പതുക്കെ മന്ത്രിക്കുന്നുണ്ടായിരുന്നു.


“ഫ്രെഡിക്ക് നായ്ക്കളെ പേടിയായിരുന്നു. ഭയങ്കര പേടി.” 


നായ്ക്കൾ മുന്നോട്ട് കുതിച്ചു. അവ ഗ്ലാസിലേക്ക് ചാടാനും മാന്താനും തുടങ്ങിയപ്പോൾ സൂസൻ പതുക്കെ പിന്നിലേക്ക് അടികൾ വച്ചു. റുഖിയ്യ തന്നെ ചുറ്റിപ്പിടിച്ച് കരയുന്ന കുഞ്ഞുങ്ങളെ തന്നിലേക്ക് ചേർത്തു പിടിച്ചുകൊണ്ട് ഹസ്സനോട് പറഞ്ഞു. 


“ഡൂ സംതിംഗ്...  അവറ്റകൾ ആ ചില്ല് പൊട്ടിച്ച് അകത്തേയ്ക്ക് വരും.” 


ഹസ്സനറിയാമായിരുന്നു ആ ഗ്ലാസുകൾ ശക്തമാണെന്ന്. വെടിച്ചില്ലിന് പോലും തുളച്ചുകയറാനാവാത്ത ആ ചില്ലിൻറെ ഇപ്പുറം തങ്ങൾ സുരക്ഷിതരാണെന്നും.


നായ്ക്കളുടെ കുര അവരുടെ ഹൃദയത്തെ പിടിച്ചു കുലുക്കി. അത് വീടിൻറെ അകത്ത് എല്ലാ ഭാഗത്തു നിന്നും കേൾക്കുന്നു. “മമ്മാ” എന്ന് നിലവിളിച്ചു കൊണ്ട് ആദം സൂസൻറെ കാലുകളിൽ കെട്ടിപ്പിടിച്ചു.  ഹസ്സനും ഇമ്മാനുവലും കല്ലിൽ കൊത്തിയ പ്രതിമകൾ പോലെ നിൽക്കുകയാണ്. രക്തശൂന്യമായ മുഖത്തോടെ. പെട്ടെന്ന് സൂസൻ ഉറക്കെ വിളിച്ചു പറഞ്ഞു.


“ഫ്രെഡീ.... സ്റ്റോപ്പിറ്റ്. കുട്ടികൾക്ക് പേടിയാണ് ഫ്രെഡീ. പ്ലീസ്...   സ്റ്റോപ്പിറ്റ്.”


നാലഞ്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ നായ്ക്കളുടെ കുര നിന്നു. അവ ശാന്തരായിരിക്കുന്നു. സൂസൻ മെല്ലെ ഗ്ലാസിൻറെ അരികിലെത്തി. പിന്നാലെ മറ്റുള്ളവരും. കുട്ടികൾ ഇപ്പോൾ കരച്ചിൽ നിർത്തിയിട്ടുണ്ട്. അവരെയും നോക്കി നിൽക്കുകയായിരുന്ന ആ നായ്ക്കൾ പെട്ടെന്ന് മോങ്ങിക്കൊണ്ട് അവിടന്ന് ഓടിപ്പോയി. സൂസൻ ഓടിച്ചെന്ന് സ്‌ക്രീനിൽ നോക്കുമ്പോൾ, അവറ്റകൾ ഗേറ്റിലേക്ക് ഓടുന്നത് കണ്ടു.  അവൾക്ക് തൊട്ടു പിന്നാലെ ഹസ്സനും ഇമ്മാനുവലും റുഖിയ്യയും വന്നു. ഗേറ്റ് തനിയെ തുറന്നു. നായ്ക്കൾ തെരുവിലേക്ക് ഓടിപ്പോയപ്പോൾ തനിയെ അടയുകയും ചെയ്തു.   സൂസൻ ഹസ്സൻറെ മുഖത്ത് നോക്കി.


“ഞാൻ പറഞ്ഞില്ലേ. ഫ്രെഡി ഇവിടെ ഉണ്ടെന്ന് ഞാൻ പറഞ്ഞില്ലേ. നമ്മൾ പറയുന്നതെല്ലാം കേട്ട്... നമ്മൾ ചെയ്യുന്നതെല്ലാം കേട്ട്... ഫ്രെഡി ഇവിടെ തന്നെ ഉണ്ട്.”


വിളറിയ മുഖത്തോടെ ഹസ്സൻ അവളെ നോക്കി നിൽക്കുമ്പോൾ, വർദ്ധിച്ച ഭയപ്പാടോടെ ഇമ്മാനുവൽ  സോഫയിലേക്കിരുന്നു. കുഞ്ഞുങ്ങളപ്പോഴും ഭയമാളുന്ന കണ്ണുകളോടെ അവരെ എല്ലാവരെയും മാറി മാറി നോക്കി. 


തുടരും


3 comments:

  1. ആദ്യംമുതൽ വായിച്ചുതുടങ്ങണം.കുറച്ചുനാളായി ബ്ലോഗിൽ വന്നിട്ട്...
    ആശംസകൾ

    ReplyDelete
  2. ഓരോ ലക്കം കഴിയുമ്പോഴും ആകാംക്ഷയേറുന്നു ...

    ReplyDelete
  3. ഒരാത്മാവായി എൻറെ ഫ്രെഡി ഇവിടെ അലയുകയാണോ? അതല്ല... എന്നെയും മോനെയും വിട്ടുപോകാനാവാതെ അവനിവിടെ കുരുങ്ങിക്കിടക്കുകയാണോ?

    ReplyDelete