Saturday, January 16, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 19: തുറക്കുന്ന വാതിലുകൾ 


തോട്ടത്തിലെ ഫാക്ടറിയുടെ മുറ്റത്ത് നിൽക്കെ, ലീലാകൃഷ്ണൻ തണുത്ത് വിറച്ചു. ഓർത്തില്ല. ഇവിടെ ഇത്ര തണുപ്പുണ്ടാകുമെന്ന്. ഫ്രെഡി കൊല്ലപ്പെട്ടതാണെങ്കിൽ, മരണത്തിലേക്കുള്ള അവൻറെ യാത്ര തുടങ്ങിയിടത്തെവിടെയോ, കഴിഞ്ഞ രണ്ടര വർഷങ്ങളായി ആരും ശ്രദ്ധിക്കാതെ കിടക്കുന്ന എന്തോ ഒന്ന്,  തന്നെയും കാത്തിരിക്കുന്നുണ്ടാവുമെന്ന് മനസ്സ് പറയുന്നു. ഒരു കുറ്റാന്വേഷകൻറെ ആറാമിന്ദ്രിയം അയാളോട് കളവ് പറയാറില്ലെന്നാണ് ലീലാകൃഷ്ണൻറെ അനുഭവം.


ജോലി കഴിഞ്ഞ് ഫാക്ടറിയിൽ നിന്നു ആളുകളെല്ലാം പോയിക്കഴിഞ്ഞിട്ടും അദ്ദേഹം ആ മുറ്റത്ത് തന്നെ നിന്നു. രാവിലെ വന്നതാണ്. ഫാക്ടറിയിലെ ജോലിക്കാരിൽ പലരോടും സംസാരിച്ചു. ഒരു തുമ്പും കിട്ടിയില്ല. ഫ്രെഡി താമസിച്ചിരുന്ന ഗസ്റ്റ് ഹൗസ്, വൃത്തിയാക്കുകയും മറ്റുമൊക്കെ ചെയ്തിരുന്ന സ്ത്രീയെ പോയിക്കണ്ടു. ഫ്രെഡിയുടെ കാര്യം പറഞ്ഞ് അവർ കുറെ കണ്ണീരൊഴുക്കി. അത് കണ്ടത് മിച്ചം. യൂണിയൻ നേതാക്കന്മാരെ കണ്ടു. അന്നത്തെ നേതാക്കന്മാരൊക്കെ ഇപ്പോൾ കൊമ്പത്താണ്. മേലോട്ട് പോവാതെ വരൾച്ച മുരടിച്ച് നിൽക്കുന്ന ഒരാളുണ്ടായിരുന്നു. അയാൾ കുറെ എന്തൊക്കെയോ പറഞ്ഞു. ആ വാചകക്കൂമ്പാരം മുഴുവൻ പരതിയിട്ടും, മനുഷ്യന് ഉപകാരമുള്ള ഒന്നും കിട്ടിയില്ല. 


അവസാനം കറങ്ങിത്തിരിഞ്ഞ് ഫാക്ടറിമുറ്റത്ത് തന്നെ തിരിച്ചെത്തിയതാണ്. ഇത് വരെ ഒരു തുമ്പും കിട്ടിയിട്ടില്ല. ആ രാത്രി, ഫ്രെഡി ഇവിടെ നിന്നും പോയി. സാധാരണ പോലെ. തോട്ടത്തിലെ തൊഴിൽ പ്രശ്നങ്ങളൊക്കെ തലേന്നേ പറഞ്ഞു തീർത്ത്, ശാന്തമായ മനസ്സോടെ, അയാളീ മലയിറങ്ങിപ്പോയതാണ്. പോകാൻ രാത്രിയായതിൻറെ കാരണം, തോട്ടത്തിലൊരാളുടെ മരണം നടന്നതാണ്. എല്ലാം കൃത്യം. സംശയിക്കത്തക്ക ഒന്നും തന്നെയില്ല. ഇവിടെ നിന്ന് വെറും കയ്യോടെ മടങ്ങേണ്ടി വന്നാൽ, ഈ കേസിൽ പിന്നെ ഒരടി പോലും മുന്നോട്ട് പോകാനാവില്ല. എവിടെയാണാ തുമ്പ്? ഏതൊരു പെർഫെക്ട് ക്രൈമിലും, അന്വേഷണോദ്യോഗസ്ഥനായി കുറ്റവാളി വിട്ടിട്ടു പോകുന്ന, ആ അടയാളം! അതെവിടെയാണ്?


വെയിലാറിത്തുടങ്ങിയിരിക്കുന്നു. പടിഞ്ഞാറൻ മാനത്തെ വെള്ളിമേഘങ്ങൾക്ക് ചുവപ്പ് രാശി വീണുതുടങ്ങി. ചില പേരറിയാ പറവകൾ  ആകാശത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പറക്കുന്നു. രാത്രിയായാൽ കോടയിറങ്ങും. മലയിറങ്ങാൻ പറ്റില്ല. തിരികെ മടങ്ങാനുള്ള നേരമായെന്നർത്ഥം.


ഫാക്ടറിയുടെ കുറച്ചപ്പുറത്തൊരു ചെറിയ ചായ്പുണ്ട്. അതൊരു ചായക്കടയാണ്. അവിടെ നിന്നും ഒരു ചായഗ്ലാസുമായി വന്ന വാച്ചർ ചോദിച്ചു. "അല്ല... സാറിതുവരെ പോയില്ലേ? രാത്രി കനക്കുന്നതിൻറെ മുന്നേ ചുരമിറങ്ങിയാൽ അതാവും നല്ലത്. കോടയിറങ്ങിയാൽ പിന്നെ..." 


ലീലാകൃഷ്ണൻ അയാളെ ചുഴിഞ്ഞൊന്ന് നോക്കി. ഒരു അൻപത്തിയഞ്ച് വയസ്സിൻറെ മേലെ എങ്കിലും ഉണ്ട്. വാച്ചറുടെ യൂണിഫോം ഒരു നീല കുപ്പായത്തിൽ മാത്രമേ ഉള്ളൂ. മുണ്ടാണ് ഉടുത്തിരുന്നത്. അത് മടക്കിക്കുത്തുകയും ചെയ്തിട്ടുണ്ട്. പാതി നരച്ച തലയും താടിയും മീശയും. ദുർബലമല്ലാത്ത ശരീരപ്രകൃതം. പ്രകൃതിയോട് മല്ലിട്ട് പഴകിയ ഉടൽ. ആരെയും  കൂസാത്ത കണ്ണുകൾ ജ്വലിച്ചു നിൽക്കുന്നു. തന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ലീലാകൃഷ്‌ണനോട്  അയാൾ ചോദിച്ചു.


"എന്താ സാറേ ചായ വേണോ? ശോശാമ്മേടെ ചായയാണ്. സാറിനിത് ഭൂമി മലയാളത്തിൽ വേറെ എവിടേം കിട്ടുകേല."


ലീലാകൃഷ്ണൻ ഒന്നു പുഞ്ചിരിച്ചു. "അതെന്താ... അത്രയ്ക്ക് കേമാണോ?"


വാച്ചർ കണ്ണിറുക്കിക്കാണിച്ചു. "സാറൊന്ന് കുടിച്ചുനോക്ക് സാറെ." പിന്നെ പെട്ടിക്കടയുടെ ഭാഗത്തേയ്ക് തല തിരിച്ച് ഉറക്കെ വിളിച്ചു പറഞ്ഞു. "ശോശേ... സാറിനൊരു ചായയെടുത്തേടി...". 


"ഓ... ദാ... ഇപ്പൊ വരാം" പെട്ടിക്കടയിൽ നിന്നും ഒരു സ്ത്രീ വിളിച്ചു പറഞ്ഞു. ശബ്ദം കേട്ടപ്പോൾ,  ഒരു നാല്പതിൻറെയും നാല്പത്തഞ്ചിൻറെയും ഇടയിലുള്ള സ്ത്രീയായിരിക്കുമെന്ന് ഊഹിച്ചു. ഒരൽപം കഴിഞ്ഞപ്പോൾ ഇരുണ്ട നിറമുള്ളൊരു സ്ത്രീ ചായയുമായി വന്നു. ഊഹം തെറ്റിയിട്ടില്ല. വീട്ടിയിൽ കടഞ്ഞെടുത്തത് പോലുള്ള ശരീരം.   നിറഞ്ഞ മാറും ഒതുങ്ങിയ വയറും.   ആരെയും വെട്ടിവീഴ്ത്താൻ പോന്ന കണ്ണുകൾ. ചുണ്ടിലൊരു പുഞ്ചിരിയുണ്ട്.  അതിൽ ശ്രിംഗാരം വൃത്തികേടില്ലാത്ത രീതിയിൽ ചാലിച്ചിട്ടുണ്ട്.  നടക്കുന്നത് കാണാൻ തന്നെ ഒരു ചന്തം. കാണാൻ ചന്തമുള്ളൊരു മാക്സിയാണ് ധരിച്ചിരിക്കുന്നത്. ആണായിപ്പിറന്ന ആരും ഒന്ന് നോക്കും. ഒന്ന് കൊതിക്കും. ഈ കറുപ്പിന് ഏഴഴകല്ല, ഏഴായിരം അഴകുണ്ടെന്ന് അവളെ കണ്ടാൽ ആർക്കും തോന്നും. 


ഇവളിവിടെ ആകെ ഉഴുതുമറിക്കുന്നുണ്ടാവുമല്ലോ... ഈശ്വരാ... ലീലാകൃഷ്ണൻ അറിയാതെ മനസ്സിലോർത്തു. വികാരത്തിൻറെ ഒരു വേലിയേറ്റം. മനസ്സിൽ മാത്രമല്ല. ഉടലിലും!


അയാളുടെ നോട്ടം ശോശാമ്മ ദൂരെ നിന്നെ തിരിച്ചറിഞ്ഞിരുന്നു. അനവധി ആണുങ്ങളുടെ കണ്ണും മനസ്സും കണ്ടതാണവൾ. അടുത്തെത്തി ചായഗ്ലാസ് അയാൾക്ക് നേരെ നീട്ടി, ഒരു കള്ളച്ചിരിയോടെ, എന്നാൽ ഒട്ടും ആടികുഴഞ്ഞല്ലാത്ത രീതിയിൽ ചോദിച്ചു. "സാറെ... കടി വല്ലതും വേണോ?"


ലീലാകൃഷ്‌ണൻ നേരിയ പുഞ്ചിരിയോടെ തല വെട്ടിച്ചു. "വേണ്ട... വേണെങ്കിലങ്ങ് വന്നോളാം."


ഓ. എന്നാ പിന്നങ്ങനാവട്ടെ... എന്നൊരു രീതിയിൽ അവൾ അയാളെ ഒന്ന് നോക്കി. പിന്നെ തിരിഞ്ഞു നടന്നു. ചൂടുള്ള ചായ ഒരു കവിൾ കുടിച്ച് അയാൾ അവൾ പോകുന്നതും നോക്കിയിരുന്നു. നടത്തത്തിന്നിടയിൽ അങ്ങോട്ടുമിങ്ങോട്ടും മാറിക്കളിക്കുന്ന നിതംബത്തിലാണ് കണ്ണ് അറിയാതെ ചെന്ന് നിന്നത്. വാച്ചർ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.


"ഇന്നിനി... ഈ നേരം പോണോ സാറേ? ഇവിടെയങ്ങ് കൂടിയാ... ശോശാമ്മേടെ ചായിപ്പിൽ ഒരാൾക്ക് അന്തിയുറങ്ങാനുള്ള സൗകര്യമൊക്കെ ഉണ്ടെന്നെ."


"അത് ശരിയാവുകേലെൻറെ ചേട്ടാ. ആ ഗ്രൗണ്ടിൽ കളിച്ചാൽ... ഞാൻ ചിലപ്പോൾ കിതച്ച് പോകും." ശോശാമ്മയെ നോക്കിക്കൊണ്ട് ലീലാകൃഷ്ണൻ പറഞ്ഞു.


വാച്ചർ  ഉറക്കെ ചിരിച്ചുപോയി. "ഹഹഹ… ഹാഹാ. അത് നേരാ. അവളുടെ അടുത്ത് കളിച്ച് ജയിക്കാൻ പറ്റൂല. ഈ നാട്ടിലെ എണ്ണം പറഞ്ഞ ആണുങ്ങളൊക്കെ പത തുപ്പിയിട്ടുണ്ട്. എന്നാലും സാറേ. അവൾ നല്ല കാട്ടു തേൻ പോലൊരുത്തിയാ. സാറിന് ചോദിയ്ക്കാൻ മടിയാണെങ്കിൽ... ഞാൻ പറഞ്ഞോളാം."


ഇയാൾക്കൽപ്പസ്വൽപം കൂട്ടിക്കൊടുപ്പും ഉണ്ടെന്ന് തോന്നുന്നു. എന്നാൽ പിന്നെ ഫ്രെഡിയെ പറ്റി ഒന്നു ചുഴിഞ്ഞാലോ? വല്ലതും കിട്ടിയാലായല്ലോ. ഒരു നാട്ടിലെ പിമ്പെന്ന് വച്ചാൽ, ആ നാട്ടിലെ പല മുതലാളിമാരുടേയും ഡയറിയാണ്. ലീലാകൃഷ്ണൻ മെല്ലെ പോക്കറ്റിൽ  നിന്നൊരു മൽബൊറോ സിഗരറ്റിൻറെ പായ്ക്കറ്റ് പുറത്തേയ്‌ക്കെടുത്തു. സ്ഥിരം വലിയൊന്നുമില്ല. ഇതുപോലുള്ള അവസരങ്ങളിൽ ഉപകരിക്കും. പ്രതീക്ഷിച്ച പോലെ വാച്ചർ സിഗരറ്റ് പാക്കറ്റിലേക്ക് കൊതിയോടെ നോക്കി. ഒരെണ്ണമെടുത്ത് തീപിടിപ്പിച്ച് പാക്കറ്റ് അയാൾക്ക് നേരെ നീട്ടി. "ചേട്ടന് വേണോ?"


അയാൾ ചിരിച്ചുകൊണ്ട് അതിൽ നിന്നൊരെണ്ണമെടുത്തു. കൈവെള്ളയിലിട്ട് അതിൻറെ നീളമൊന്ന് നോക്കി. “ഫോറീനാ അല്ല്യോ” എന്നൊരു ചോദ്യത്തിൻറെ ശേഷം ചുണ്ടിൽ വച്ച് കത്തിച്ചു. ഗുമഗുമാണ് രണ്ടു കവിൾ പുകയെടുത്തു.


"ഫ്രെഡി സാറുണ്ടായിരുന്നപ്പോൾ വല്ലപ്പോഴും കിട്ടിയിരുന്നു. അത് വേറേതാണ്ടൊരു സാധനമായിരുന്നു. ഈ തെറുപ്പൻ വലിച്ച് ശിലായോണ്ട്... ഇതൊന്നും അങ്ങോട്ടേൽക്കൂല. എന്നാലുമൊരു രസാ."  


"ചേട്ടൻറെ പേരെന്താ" ലീലാകൃഷ്ണൻ പതുക്കെ ട്യൂണിങ് തുടങ്ങി. അയാൾ ബീഡിക്കറ വീണ പല്ല് കാണിച്ചൊരു ചിരി. 


"വറീതെന്നാ. വാച്ചറ് വറീതെന്ന് പറഞ്ഞാൽ ആലയിലെല്ലാരുമറിയും."


"ഓഹോ. അപ്പോൾ വറീത് ചേട്ടനിവിടെ കുറേ കാലായിട്ടുണ്ടല്ലേ?"


"പിന്നെ...! ഞാനിപ്പോളൊരു പതിനാല്... അല്ല പതിനഞ്ച് കൊല്ലായിക്കാണും."   വറീത് സിഗററ്റാഞ്ഞു വലിച്ചു.


"ഈ ശോശാമ്മ... കുറെ ആയോ? ഇവിടെ?" 


"ഒരെട്ടൊമ്പത് കൊല്ലായിക്കാണും. ഫ്രെഡി സാറാ പറഞ്ഞത്. അവിടെ ഒരു ചായ്പ്പ് കെട്ടി കച്ചോടം ചെയ്‌തോളാൻ. അന്നൊക്കെ ഫാക്ടറിയിലേക്ക് ചായയും കടിയും സൈക്കിളിൽ കൊണ്ട് വന്നു കൊടുത്തിരുന്നത് ഇവളുടെ അപ്പനായിരുന്നു. ഒരു ദിവസം സൈക്കിളിൽ ലോറി തട്ടി പുള്ളിയങ്ങ് ഭിത്തിയേ കേറി. അന്നീ ശോശാമ്മ… കെട്ടിയോനിവളെ മേയ്ക്കാൻ പറ്റാഞ്ഞിട്ട് ഇട്ടേച്ച് പോയി നിക്കുവാ. വീട്ടിലുണ്ടാക്കിയ ചായയും കടിയും തൂക്കി അപ്പൻ ചത്തതിൻറെ നാലാം ദിവസം... ഇവള് ഫാക്ടറിയിലേക്കൊരു വരവ് വന്നു. എൻറെ പൊന്നു സാറെ... അതൊരു വല്ലാത്ത വരവായിരുന്നു. അന്ന് ഫ്രെഡി സാറിവിടുണ്ട്. സാറാ പറഞ്ഞത്. ഇങ്ങിനെ എടങ്ങേറായി ഫാക്ടറിയിലേക്ക് വീട്ടിൽ നിന്നും ഇതും താങ്ങിപ്പിടിച്ച് വരണ്ട. അവിടെ ഒരു ചായ്പ്പ് കെട്ടിക്കോളാൻ. "


"അല്ല ചേട്ടാ... ഫ്രെഡി ഈ കാര്യത്തിലൊക്കെ താല്പര്യമുള്ള ആളായിരുന്നോ? അല്ല... നോക്കിയാ കാണുന്ന ദൂരത്ത് തന്നെ ഒരുത്തിയെ സെറ്റാക്കി വച്ചല്ലോ?"


വറീത് സിഗരറ്റിൻറെ അവസാന പുകയും വലിച്ചൂതി കുറ്റി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു. "അയ്യോ... ഫ്രെഡി സാറിനെ കുറിച്ച് അങ്ങിനെയൊന്നും പറയണ്ടാട്ടോ. പാപം കിട്ടും. നല്ലോനായിരുന്നു സാറെ. എല്ലാരോടും നല്ല സ്നേഹായിരുന്നു. നല്ല മനസ്സലിവുള്ള ആളായിരുന്നു. പെണ്ണുങ്ങളോടൊക്കെ എന്ത് ഡീസന്റായിരുന്നെന്നോ? ഈ തണുപ്പത്തിവിടെ കള്ളും പെണ്ണുമില്ലാതെ എത്ര വേണേലും സാറ് കഴിയുമായിരുന്നു. എനിക്കൊക്കെ അത്ഭുതമായിരുന്നു. പക്ഷെ... ഒരിക്കൽ മാത്രം... ഒരു വരവിന്...”


പറഞ്ഞു വന്നത് പൂർത്തിയാക്കാൻ വറീതിനൊരു മടിയുള്ള പോലെ. ലീലാകൃഷ്ണൻ ആകാംഷയോടെ അയാളെ നോക്കി 


“ഒരു വട്ടം.. സാറ് വന്നപ്പോൾ... കൂടെ നിലാവ് പോലൊരു പെണ്ണുണ്ടായിരുന്നു. ഒരു കുട്ടി. പറ്റെ കിളുന്തല്ലെങ്കിലും മൂത്തിട്ടില്ല. രണ്ടാളും കൂടി ഇവിടെ ആകെ കറങ്ങിനടക്കുകയായിരുന്നു. രണ്ടീസം മുഴുവൻ. എൻറെ സാറെ. ആ കൊച്ചിനെ കണ്ടാലാരും പ്രേമിച്ച് പോകും."


ലീലാകൃഷ്ണൻറെ കണ്ണുകൾ കുറുകി. ഫ്രെഡിക്കൊരു എക്സ്ട്രാ അഫയർ ഉണ്ടായിരുന്നു എന്നല്ലേ ഇപ്പോൾ വറീത് പറഞ്ഞത്. യെസ്. പക്ഷെ അവളാരായിരിക്കും. ലീലാകൃഷ്ണൻ അത്ഭുതത്തോടെ ചോദിച്ചു. "ആ കുട്ടി അത്രയ്ക്ക് സുന്ദരിയായിരുന്നോ? 


"ൻറെ പൊന്നു സാറേ... ൻറെ ജീവിതത്തില്... ഞാനതുപോലൊരു പെണ്ണിനെ കണ്ടിട്ടില്ല. നിലാവ് പെണ്ണുടലായിട്ട് വന്നു നിന്ന പോലെ. ആ ചിരി... ഹൊ. എനിക്ക് അന്നാണ് സാറെ... ഫ്രെഡി സാറിനോടൊരു അസൂയ തോന്നിയത്. ഒരു സർപ്പ സുന്ദരി." 


വറീത് ഒരു സാഹിത്യകാരനാവുകയാണ്. അയാളൊരു ബീഡിയെടുത്തു. സിഗരറ്റു വേണോ എന്ന ലീലാകൃഷ്ണൻറെ ചോദ്യത്തിന് മറുപടി പറഞ്ഞില്ല. ഒരു ചിരി ചിരിച്ചു. ലീലാകൃഷ്‌ണൻ സിഗരറ്റ് അയാൾക്ക് കൊടുത്തു. 


"അപ്പൊ ചേട്ടന് അവളെയങ്ങ് ബോധിച്ചു….?"


"ഓ. ബോധിച്ചിട്ടും കൊതിച്ചിട്ടുമൊന്നും ഒരു കാര്യവുമില്ലല്ലോ. നിങ്ങൾ പൈസക്കാർക്ക് ഇതൊക്കെ നടക്കും. ഞങ്ങള് പാവങ്ങൾക്ക് ഇതൊക്കെ എങ്ങിനെ കൂട്ടിയാ കൂടാനാ. ഇതേ പോലെ കൊതിവെള്ളമൊലിപ്പിച്ച് കഴപ്പിച്ച് നടക്കാം."


അയാളൊരു നെടു വീർപ്പിട്ടു.  പദലജ്ജയില്ലാത്ത അയാളുടെ സംസാരം കേട്ടപ്പോൾ, ലീലാകൃഷ്‌ണൻ ഒന്ന് ചിരിച്ചു. ഒരു നാട്ടുമ്പുറത്തുകാരൻറെ ഒളിമറയില്ലാത്ത സംസാരം. വറീത് കൗതുകത്തോടെ നോക്കെ ലീലാകൃഷ്‌ണൻ ചോദിച്ചു. “അവളെ കണ്ടാൽ ചേട്ടനിനി തിരിച്ചറിയുമോ? എങ്കിൽ നമുക്ക് തപ്പാം. കണ്ടു കിട്ടിയാ ചേട്ടനും മെച്ചമുണ്ടെന്ന് കൂട്ടിക്കോ. ഏത്."


വറീത് വല്ലാത്തൊരു ചിരി ചിരിച്ചു. തലയാട്ടിക്കൊണ്ട് പറഞ്ഞു. "അറിയും സാറെ. ഏതിരുട്ടത്ത് കണ്ടാലും."


എന്തോ ആലോചനയിൽ തല കുലുക്കി,  ലീലാകൃഷ്ണൻ മറ്റൊരു സിഗററ്റിന് തീ കൊളുത്തി. അപ്പോൾ, ചുവന്നു തുടുത്ത സൂര്യൻ, ഒരു കുന്നിൻ ചെരുവിലേക്ക് വീഴാനൊരുങ്ങി നിൽക്കുന്നുണ്ടായിരുന്നു. കുറെ നേരത്തെ ആലോചനയ്ക്ക് ശേഷം ലീലാകൃഷ്ണൻ പതുക്കെ പറഞ്ഞു.


"എന്തൊരു കഷ്ടം അല്ലെ. നല്ലൊരു മനുഷ്യനായിട്ടും... ആ മഴയുള്ള ദിവസം മൂപ്പർക്കിവിടന്ന് പോകാതിരുന്നാൽ മതിയായിരുന്നു. അന്നൊറ്റയ്ക്ക് കാറോടിച്ചയാൾ നേരെ മരണത്തിലേക്ക് പോയി. കഷ്ടം. ആ... നല്ലവരെ ദൈവം നേരത്തെ വിളിക്കുന്നു."


“ആ സങ്കടം തീർത്താലും തീർത്താലും തീരൂല സാറെ. പിന്നെ സാറേ. ഫ്രെഡി സാറൊറ്റക്കല്ല അന്നിവിടന്ന് പോയത്. വേറൊരാള് കൂടിയുണ്ടായിരുന്നു. അയാളെ ഫ്രെഡിസ്സാർ അടിവാരത്തിറക്കിയിരിക്കും.” 


സങ്കടത്തോടെ വറീത് പറഞ്ഞത് കേട്ട് വിടർന്ന കണ്ണുകളോടെ ലീലാകൃഷ്‌ണൻ അയാളെ നോക്കി. അയാളുടെ ഉള്ളിൽ ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു. കൃഷ്ണാ... ഞാൻ പറഞ്ഞില്ലേ? ഈ കേസിൻറെ മിസ്റ്ററിയിലേക്കുള്ള താക്കോൽ... ഇവിടെ കിടക്കുന്നുണ്ടെന്ന്. അയാളുടെ ഉള്ളിലെ കുറ്റാന്വേഷകൻറെ ആറാമിന്ദ്രിയം അയാളോട് വിളിച്ചു പറഞ്ഞു. ഭാവമാറ്റം പുറത്ത് കാണിക്കാതെ അയാൾ ചോദിച്ചു.      


“അപ്പൊ... ഫ്രെഡി ഒറ്റയ്ക്കല്ല ഇവിടന്ന് പോയത്?” 


“അല്ലന്നെ. കൂടെ ആ തമിഴനുണ്ടായിരുന്നു. ശോശാമ്മയുടെ കൂടെയായിരുന്നു അയാള്. അവൻ ഫ്രെഡി സാർ വന്നതിൻറെ രണ്ടീസം കഴിഞ്ഞപ്പോൾ ജോലി അന്വേഷിച്ച് വന്നതാ. പിന്നെ ശോശാമ്മയുടെ കൂടെയായിരുന്നു പോകുന്ന വരെ. എനിക്ക് നല്ല ഓർമ്മയുണ്ട്. അന്ന് മഴയത്ത് സാറ് കാറിലേക്ക് കയറാൻ നേരം, ഒരു ചെറിയ ബാഗും തോളിൽ തൂക്കി അവൻ ചായിപ്പിൽ നിന്നും ഓടി വന്നത്. ഫ്രെഡി സാറിൻറെ കൂടെ കാറിൽ കയറി പോവുകയും ചെയ്തു.”


തുടരും


1 comment:

  1. കേസിൻറെ മിസ്റ്ററിയിലേക്കുള്ള താക്കോൽ...

    ReplyDelete