Wednesday, January 20, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!




അദ്ധ്യായം 20: ശോശാമ്മയുടെ കാമുകൻ


നിറഞ്ഞു വന്ന കണ്ണുകൾ ശോശാമ്മ അമർത്തിത്തുടച്ചു. തോളിലുണ്ടായിരുന്നൊരു തോർത്തുമുണ്ടിലേക്ക് മൂക്ക് ചീറ്റി. അവളുടെ മുഖം ആകെ സങ്കടം നിറഞ്ഞു നിൽക്കുകയായിരുന്നു. അവൾ ഗദ്ഗദത്തോടെ പറഞ്ഞു.


"ൻറെ സാറേ. ആ മനുഷ്യൻ... ഒരു കുന്നോളം മോഹവും തന്നേച്ച് പോയതാ. മല കേറി വരുന്ന ഓരോ വണ്ടീലും... ഞാനിപ്പളുമയാളെ നോക്കും. അയാളെ മാത്രം. ഫ്രെഡി സാറിൻറെ അപകടമറിഞ്ഞപ്പോൾ... ൻറെ നെഞ്ച് ആദ്യം കാളിയത്... ആ മനുഷ്യനെ ഓർത്താ. അപകടത്തിൽ സാറ് മാത്രമേ പെട്ടുള്ളൂന്നറിഞ്ഞപ്പോ... സന്തോഷവും സങ്കടവും ഒരുമിച്ചുണ്ടായി. ഫ്രെഡി സാറ് തങ്കപ്പെട്ടൊരു മനുഷ്യനായിരുന്നു. ഞാൻ കണ്ട ആണുങ്ങളിൽ... ൻറെ ഉടലിലേക്ക് നോക്കാത്ത ഒരേ ഒരാള്." 


ശോശാമ്മ എന്തോ ആലോചനയിലേക്ക് വഴുതി വീണു. ചായഗ്ലാസ്  രണ്ട് കൈകളുടെയും ഉള്ളം കയ്യിലിട്ട് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചുകൊണ്ടിരിക്കുകയാണ് ലീലാകൃഷ്ണൻ. അപ്പുറത്തൊരു ബെഞ്ചിൽ വറീത് എല്ലാം കേട്ടോണ്ടിരിക്കുന്നു. അയാളുടെ കയ്യിലൊരു ക്വർട്ടർ മദ്യക്കുപ്പിയുണ്ട്. ശോശാമ്മയ്ക്ക് ചെറിയ തോതിൽ വിദേശിയുടെ കച്ചവടമുണ്ട്. താനൊരു പോലീസ് ഓഫീസറാണെന്ന് ഇവർക്കാർക്കും അറിയുകയില്ലല്ലോ. 


ഫ്രെഡിയന്ന് മലയിറങ്ങുമ്പോൾ, ഫ്രെഡിയുടെ കൂടെ ഒരാൾ കൂടിയുണ്ടായിരുന്നു എന്ന വിവരം, വറീതിൽ നിന്നറിഞ്ഞപ്പോൾ തന്നെ, മനസ്സിൽ കാര്യങ്ങളുടെ ഒരു ഏകദേശ ചിത്രം തെളിഞ്ഞു. ഭാഗ്യം. ശോശാമ്മയുമായി ഇടപാടില്ലായിരുന്നെങ്കിൽ, ശൂന്യതയിൽ നിന്നും വന്ന് ശൂന്യതയിലേക്ക് തിരികെ പോകുന്ന, വെറുമൊരു യമദൂതനായി മാറുമായിരുന്നു അയാൾ. 


ഫ്രെഡിയുടെ ഏതെങ്കിലുമൊരു കമ്പനിയിൽ ജോലി കിട്ടുമോ എന്ന് അന്വേഷിച്ചു വന്ന തമിഴ്നാട്ടുകാരനായ ഒരാൾ. അയാൾ  ശോശാമ്മയോട് പറഞ്ഞ പേര് മുത്തു എന്നാണ്. അത് പിന്നെ ലോകത്തുള്ള മുഴവൻ തമിഴന്മാർക്കും മുത്തു എന്ന് തന്നെയല്ലേ പേര്. ആ പേര് വ്യാജമാണ്. ലീലാകൃഷ്ണനുറപ്പിച്ചു. 


ശോശാമ്മ ഉണ്ടാക്കിയ ഭക്ഷണവും കഴിച്ച്, അവളുടെ കള്ളും കുടിച്ച്,  അവളുടെ ഉടൽ ആവോളം നുകർന്ന്, അവൾക്ക് കുന്നോളം മോഹം കൊടുത്ത് അയാളിവിടെയുണ്ടായിരുന്നു. പത്ത് ദിവസം. ഫ്രെഡി തിരികെ പോകുന്ന ദിവസം വരെ അയാൾക്കിവിടെ നിൽക്കാനൊരിടം വേണമായിരുന്നു. അതായിരുന്നു ശോശാമ്മ.


ശോശാമ്മയോട് അയാൾ പറഞ്ഞത് താലി കെട്ടി കൂടെ പൊറുപ്പിച്ചോളാം എന്നാണ്. അത് പറഞ്ഞപ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു. പക്ഷെ സ്വന്തം ഉടലിൻറെ തീർത്താൽ തീരാത്ത ദാഹം ജീവിതത്തിൽ ആദ്യമായി ശമിപ്പിച്ച് കൊടുത്ത മനുഷ്യനെ ഓർത്തപ്പോൾ, അവളുടെ കണ്ണുകളിൽ കാമവും പ്രണയവും സമം നിന്ന് കത്തി. 


"ൻറെ സാറേ. ഓർമ്മ വച്ചിത്രേം കാലായിട്ട്.. ഇത് പോലൊരാണിനെ ഞാൻ കണ്ടിട്ടില്ല. ഏത് പെ ണ്ണും... അത് പോലൊരാണിൻറെ കൂടെ ജീവിക്കാൻ കൊതിക്കും. ഞാനും കൊതിച്ചു. എൻറെ ജീവിതത്തിൽ ഞാനിങ്ങനൊരാണിനെ വേറെ കണ്ടിട്ടില്ല. ആണെന്ന് പറഞ്ഞാൽ... അതയാളാ."


അവളുടെ സംസാരം കേട്ട്, വായയും പൊളിച്ചിരിക്കുകയാണ് വറീത്. ഈ നാട്ടിൽ അയാളടക്കമുള്ള ആണുങ്ങൾക്കില്ലാത്ത, എന്തോ ഒന്ന്, ആ വരത്തനുണ്ടെന്ന്, ശോശാമ്മയുടെ സാഷ്യം കേട്ടപ്പോൾ, അയാളിലെ പുരുഷത്വം തിളച്ചു മറിഞ്ഞിരിക്കണം.  അയാൾ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന മദ്യം, നേരെ തൊണ്ടക്കുഴിയിലേക്ക് കമഴ്ത്തി, നെഞ്ചുഴിഞ്ഞ് കണ്ണ് തുറിപ്പിച്ചു.  


മുത്തു പക്ഷെ പ്രൊഫഷണലാണ്. പെണ്ണിന് സ്വർഗം കാണിച്ചു കൊടുത്തു. മരിക്കും വരെ നെഞ്ചിൽ കൊണ്ട് നടക്കാൻ ഇഷ്ടം പോലെ മോഹവും കൊടുത്തു. അല്ലാതെ വേറൊരു ചുക്കും കൊടുത്തില്ല. മൊബൈൽ നമ്പറില്ല. അഡ്രസില്ല. തമിഴൻ എന്നല്ലാതെ വേറെ യാതൊരുവിധ വിവരവും ഇല്ല. മുത്തു എന്ന പേര് പോലും ഒന്നാന്തരം വ്യാജൻ.  ചുരുക്കിപ്പറഞ്ഞാൽ ആളൊരു ഗോസ്റ്റാണ്.


പേയ്‌സിൽ നിന്നും അയ്യായിരം രൂപയെടുത്ത്, രണ്ടായിരം വറീത് ചേട്ടനും മൂവായിരം ശോശാമ്മയ്ക്കും നൽകി. നോട്ടിലേക്ക് നോക്കി പകച്ചു നിൽക്കുന്ന അവരോട് പറഞ്ഞു.


"ഞാൻ നാളെ വരാം. നമുക്ക് ശോശാമ്മേടെ ചെക്കനേം... വറീത് ചേട്ടൻറെ പെണ്ണിനേം കണ്ടെത്തണം. എന്താ വേണ്ടേ? ഞാൻ സഹായിക്കാം നിങ്ങളെ."


ശോശാമ്മയുടെ കണ്ണുകളിൽ നന്ദിയും അത്ഭുതവും ഒരുമിച്ചു മിന്നി. പക്ഷെ വറീത് ചേട്ടൻ അപ്പോഴും ഒരു സ്റ്റേഷൻ കിട്ടാതെ അലയുന്ന മനസ്സുമായിരിക്കുകയാണെന്ന്, ആ ഇരുത്തം കണ്ടാലറിയാം. തമാശ രൂപത്തിൽ ശോശാമ്മയോട് ചോദിച്ചു.   


"എന്താ ശോശാമ്മേ. ഇത്ര ഇഷ്ടമുണ്ടായിട്ടും നീയൊരു ഫോട്ടോ പോലും എടുത്തു വച്ചില്ലേ? മോശമായല്ലോ." 


ശോശാമ്മയുടെ മുഖത്തൊരു നാണം. "ഫോട്ടോ ഒക്കെ എടുത്തിരുന്നു സാറെ. പുള്ളി അറിയാതെ. പക്ഷെ ആ ഫോൺ കേടായി. ഹാ... പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് വിധിയില്ല." 


അവസാനമായപ്പോഴേക്കും അവളുടെ തൊണ്ട ഇടറിയിരുന്നു. പക്ഷെ അവൾ പെട്ടെന്ന് സ്വയം നിയന്ത്രിച്ചു. അശ്ലീലമല്ലാത്തൊരു, ശൃംഗാരച്ചിരിയോടെ അവൾ ചോദിച്ചു.


“എന്താ സാറേ? ഇന്ന് തന്നെ പോണോ? നേരം ഒരുപാടായി. കോടയിറങ്ങും. നമുക്കൊരു കാട്ടുകോഴിയെ കൊന്ന് കറിവച്ച് ഇവിടെയങ്ങ് കൂടിയാലോ?” 


അതൊരു വല്ലാത്ത വിളിയായിപ്പോയി. ലീലാകൃഷ്ണൻറെ സകല ഞരമ്പുകളും ചൂടായി. എങ്കിലും ആത്മനിയന്ത്രണം പാലിച്ചു. എന്നിട്ടും അടുത്ത് കുണുങ്ങി നിൽക്കുന്ന ശോശാമ്മയുടെ കവിളിലൊരു നുള്ള് കൊടുക്കാതിരിക്കാനായില്ല. അപ്പോളയാൾ അവളുടെ കണ്ണുകളിൽ ആശയുടെ അഗ്നിസ്ഫുലിംഗങ്ങൾ കണ്ടു. 


"വേണ്ട ശോശാമ്മേ. വേണ്ട. ശരിയാവുകേല. അത്യാവശ്യത്തിന് വറീത് ചേട്ടനുണ്ടല്ലോ ഇവിടെ." ലീലാകൃഷ്ണൻ മുഴുവിപ്പിച്ചില്ല.


നിരാശയോടെ ശോശാമ്മ പറഞ്ഞു. "ഉം... ന്നാ പിന്നെ... സാറ് വേഗം പൊയ്ക്കോ. സമയം പോകുന്തോറും ചുരമിറങ്ങാൻ പാടാവും."


അവൾ ഒരു നിശ്വാസത്തോടെ വറീതിനെ കൊത്തിവലിക്കുന്ന പോലൊരു നോട്ടം നോക്കി. വറീതാണെങ്കിൽ കള്ളുകുടത്തിൽ വീണ വണ്ടിനെ പോലെ ആകെ ചുറ്റിലേക്കും പകച്ച് നോക്കുകയാണ്. ഒരു ക്വർട്ടർ മദ്യത്തിന് ഇത്ര പവറോ? ഇയാൾക്കിത്രയും കപ്പാസിറ്റിയില്ലേ? എന്തായാലും നാളെ നേരം വെളുക്കുമ്പോഴേക്കും, ശോശാമ്മ അയാളുടെ പല്ലും നഖവുമെങ്കിലും ബാക്കി വച്ചാൽ മതിയായിരുന്നു. ലീലാകൃഷ്ണൻ ഉള്ളിലോർത്തു.


“ഞാൻ വരും ശോശാമ്മേ. അന്ന് നീയൊരു കാട്ടുകോഴിയെ കൊന്ന് കറി വെക്കണം. നല്ല എരിവുള്ളത്. വെണ്ണപോലുള്ള ചീനി പുഴുങ്ങിയുടച്ചതും വേണം. നമുക്കൊരുമിച്ച് കഴിക്കാൻ. വിശപ്പാറിയാൽ പിന്നെ മാളത്തിൽ ചുരുളുന്ന പാമ്പുകളെ പോലെ നമുക്കൊരു പായയിൽ ചുരുണ്ടുകൂടാം.”  ശോശാമ്മയോട് അങ്ങിനെ പറയാൻ തോന്നി ലീലാകൃഷ്ണനെങ്കിലും, പറഞ്ഞില്ല. പകരം തമാശരൂപത്തിൽ ഇങ്ങിനെ പറഞ്ഞു. "ഈ പാവത്തിനെ നീയിന്ന് കൊന്ന് തിന്നരുത് കേട്ടോ. ഞാനിറങ്ങുന്നു." 


"പോ സാറെ. കളിയാക്കാതെ? അച്ചായാ.... വറീതച്ചായാ. ദാ... സാറ് പോണെന്ന്."


വറീത് അപ്പോഴും ഭയങ്കര ആലോചനയിലായിരുന്നു. വറീതിൻറെ കാതിലേക്ക് ചുണ്ടു ചേർത്ത് ലീലാകൃഷ്ണൻ പറഞ്ഞു. 


"ഹ... ചേട്ടൻ മറന്നോ. നമുക്കാ നിലാവ് പോലുള്ള പെൺകുട്ടിയെ പിടിക്കണ്ടെ. മരിക്കുന്നതിന് മുൻപ് ചേട്ടനും വേണ്ടേ... ഒരു ജന്മസാഫല്യമൊക്കെ. ഞാനതിനുള്ള സെറ്റപ്പുമായി നാളെ വരം."


മദ്യത്തിൻറെ ലഹരിയിൽ മുങ്ങി നിൽക്കുന്ന വറീതിൻറെ കണ്ണുകൾ തിളങ്ങി. "ആഹ... നിലാവ് പോലത്തെ പെണ്ണ്. വേണം. അവളെ വേണം. അവൾക്ക് വേണ്ടി വറീത് വേണമെങ്കിൽ... ഒരു രാജ്യത്തോട് വരെ യുദ്ധം ചെയ്യും. നിലാവ് പോലത്തെ പെണ്ണ്..."


ലീലാകൃഷ്ണൻ  പുലമ്പിക്കൊണ്ടിരിക്കുന്ന വറീതിൻറെ കവിളിൽ മെല്ലെ തട്ടി. പിന്നെ പുറത്തേയ്ക്കിറങ്ങി. നിലാവില്ല. നാട്ടുവെളിച്ചത്തിൽ വണ്ടിയുടെ അടുത്തേയ്ക്ക് നടന്നു. ഇടയ്ക്കൊരു വേള ഒന്ന് നിന്നു. തിരിഞ്ഞു നോക്കിയപ്പോൾ, ആശ കൊണ്ട് നെഞ്ചിൽ തീ പിടിച്ച പെണ്ണൊരുത്തി ചായക്കടയുടെ വാതിൽക്കൽ തന്നെയും നോക്കി നിൽക്കുന്നു. കാട്ടുതേൻ നുരയുന്നൊരു മാംസളപുഷ്പം. ഓരോ ഇതളിലും അഗ്നി നിറച്ചത്. അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു നിന്നു. ഉള്ളിലൊരു സുഖം തോന്നുന്നുണ്ട്. ഒരു വല്ലാത്ത സുഖം. ഒരു തീ ഉടലാകെ പടരുന്നു. മനസ്സിൽ ഒരു രുദ്രതാളം മുഴങ്ങുന്നു. ആരോ പെരുമ്പറ കൊട്ടുന്നു. അതിൻറെ താളവേഗവും ശബ്ദവും കൂടിക്കൂടി വരുന്നു. അതവസാനം ഇടിവെട്ടുന്ന ശബ്ദത്തിലായി.


സമയം ഉച്ചയോടടുത്തിരുന്നു. ശോശാമ്മയുടെ ചായക്കടയിൽ പത്രവും വായിച്ചിരിക്കുകയാണ് ലീലാകൃഷ്ണൻ. ഇടയ്ക്കിടയ്ക്ക് മല കയറി കിതച്ചു വരുന്ന വാഹനങ്ങളിലേക്ക് ആശയോടെ നീളുന്ന ശോശാമ്മയുടെ കണ്ണുകൾ അയാളെ വേട്ടയാടുന്നുണ്ട്. അയാൾക്ക് സഹതാപം തോന്നി. ഓരോരോ ജീവിതങ്ങൾ.  ഒരു ജീപ്പ് ഇരമ്പി വന്ന് ചായക്കടയുടെ മുന്നിൽ നിർത്തി. അതിൽ നിന്നും രണ്ടാളുകൾ ഇറങ്ങി. ജീപ്പ് പോയി. കയ്യിലെ സാധനങ്ങളുമായി അവർ ചായക്കടയിലേക്ക് കയറി.


ഉച്ചയൂണിന് ശോശാമ്മയ്ക്ക് സ്ഥിരം പറ്റുകാരുണ്ടായിരുന്നു. അവളുടെ ഭക്ഷണം രുചികരമാണ്. സ്നേഹത്തിലും സെക്സിലും ഭക്ഷണത്തിലും ശോശാമ്മ മായം ചേർക്കാറില്ല. എന്നിട്ടും അവളുടെ ജീവിതം, പൊട്ടിയ പട്ടം പോലെ കാറ്റിൻറെ ഗതിയിൽ എങ്ങോട്ടോ പോകുന്നു. നാളെ ഏതെങ്കിലും ഒരു മുൾമരത്തിൽ ആ പട്ടത്തിൻറെ യാത്ര അവസാനിക്കുമായിരിക്കും. 


തിരക്കൊക്കെ കഴിഞ്ഞപ്പോഴേക്കും, ലീലാകൃഷ്ണൻ ചട്ടം കെട്ടിയ പ്രകാരം, അതിലെ കറങ്ങി നടന്നിരുന്നൊരു ചെക്കൻ, വറീതിനെ വിളിച്ചുകൊണ്ട് വന്നു. ചായക്കടയിലിരുന്ന്, തങ്ങൾ കണ്ടു മനസ്സിലാക്കിയ രൂപങ്ങൾ, വറീതും ശോശാമ്മയും അവർക്ക് പറഞ്ഞു കൊടുത്തു. അവസാനം രണ്ടു പേരും സാക്ഷ്യപ്പെടുത്തിയ മുഖങ്ങളിലേക്ക് ലീലാകൃഷ്ണൻ സൂക്ഷിച്ചു നോക്കി.


വറീതിനും ശോശാമ്മയ്ക്കും എന്തോ ഒരു പന്തികേട് തോന്നിയിരുന്നു. ഈ രീതിയിൽ ചിത്രം വരയൊക്കെ സിനിമയിൽ കണ്ടിട്ടുണ്ട്. പക്ഷെ അത് പോലീസുകാരായിരുന്നു. അപ്പോൾ ഇവർ പോലീസുകാരാണോ? ചോദിച്ചില്ല. ചോദിക്കാൻ പേടിയായിരുന്നു. അവർ നോക്കുമ്പോൾ ലീലാകൃഷ്‌ണൻ ആ ഫോട്ടോകളിലേക്ക് മാറി മാറി നോക്കുന്നു. 


അപ്പോൾ ഇവളാണ് നിലാവ് പോലത്തെ ആ പെണ്ണ്. എടാ... കാട്ടുകള്ളൻ  ഫ്രെഡീ.. കണ്ടു പിടിച്ചെടാ... നിൻറെ മഹാരഹസ്യം ഞാൻ  കണ്ടു പിടിച്ചെടാ. ഇനിയിവളുടെ ജാതകം കൂടി ഞാനെഴുതും. 


വറീതിനെ കുറ്റം പറയാൻ പറ്റില്ല. ഇതെന്തൊരു പെണ്ണാണെൻറെ ഈശ്വരാ. വെറുതെയല്ല. വറീത് പറഞ്ഞത്. ഇവൾക്ക് വേണ്ടി ഒരു രാജ്യത്തോട് വേണമെങ്കിൽ യുദ്ധം ചെയ്യാമെന്ന്. ഒരു സർപ്പ സുന്ദരി തന്നെ. ശരിക്കും ഈ കാണുന്ന മുഖമായിരിക്കുമോ അവൾക്ക്? അവളുടെ കണ്ണുകൾ ഇത്രയും കാന്തികശക്തിയുള്ളതാവുമോ? അതോ, വറീത് ഭാവനയിൽ നിന്നും ഉണ്ടാക്കുന്നതാണോ? അറിയില്ല. എന്നാലും അന്വേഷിച്ചല്ലേ പറ്റൂ. അന്വേഷിക്കണം. ഇവളെവിടെയുണ്ടെങ്കിലും തേടിക്കണ്ടെത്തണം.


തമിഴൻറെ കണ്ണുകൾ ശാന്തമായിരുന്നു. പക്ഷെ ഷാർപ്പായിരുന്നു. ഒരു അമ്പത് വയസ്സെങ്കിലും തോന്നും. കണ്ണുകൾ കണ്ടാലറിയാം. ആൾ ചില്ലറക്കാരനല്ല. ഒരു ട്രെയിൻഡ് വേട്ടനായയുടെ എല്ലാ രൗദ്രഭാവവും ആ കണ്ണുകളിലുണ്ട്. കണ്ടിട്ട് ഒരു ലോക്കൽ സെറ്റപ്പ് അല്ല. നല്ല വില കൊടുക്കേണ്ടുന്ന ഇനമാണ്.  ഇനി ഇവനെ ഏതു മാളത്തിൽ പുകച്ചാലാണ് കിട്ടുക? ലീലാകൃഷ്‌ണൻറെ മനസ്സിൽ മീരാൻ ഹസൻറെ വാക്കുകൾ മുഴങ്ങി.   


"കൃഷ്ണാ. ഈ കേസ് ഞാൻ തന്നെ ഏൽപ്പിക്കുന്നത്... നിന്നിലുള്ള വിശ്വാസം കൊണ്ടാണ്. സത്യം... അതേത് ഉടുമ്പിൻറെ മാളത്തിലാണെങ്കിലും... നീ കണ്ടു പിടിച്ച് പുറത്തുകൊണ്ടു വരണം."


തുടരും


1 comment: