Saturday, January 30, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 23: തിരകൾ നനഞ്ഞൊരു പ്രണയം


കടൽ ഏറെക്കുറെ ശാന്തമാണ്. ഉച്ചയായതിനാൽ ആളുകൾ നന്നേ കുറവായിരുന്നു. കടൽക്കരയിലെ കാറ്റാടിമരങ്ങളുടെ തണൽ മനുഷ്യരോടൊപ്പം പങ്കുവെക്കുന്ന തെരുവുനായ്ക്കൾ. തീരത്തിനോട് ചേർന്ന് പോകുന്ന റോഡിലൂടെ ഇരമ്പിപ്പോകുന്ന വാഹനങ്ങൾ.  കാറ്റാടിമരത്തിൻറെ തണലിൽ ക്ലാസ് കട്ട്ചെയ്തു വന്നിരുന്ന് സൊള്ളുന്ന കോളേജുകുട്ടികളിൽ അധികവും കാമുകീകാമുകന്മാരാണ്. ലീലാകൃഷ്ണന് അവരെ കണ്ടപ്പോൾ കൗതുകം തോന്നി. 


ഈ ഇരിക്കുന്നവരിലധികവും... ഈ കാറ്റാടി മരങ്ങൾക്കടിയിലിരുന്ന്... തങ്ങൾക്ക് ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങൾക്ക് വരെ പേരിട്ടിട്ടുണ്ടാവും. പക്ഷെ... കരയിലേക്കോടി വരുന്ന തിര... സ്വയം പിൻവാങ്ങുന്നത് പോലെ... നാളെ പ്രണയവും ഉൾവലിഞ്ഞു പോകും. പിന്നെ വേറെ വേറെ ചില്ലകളിൽ കൂട് കൂട്ടും. അതിന്നിടയിൽ... മനസ്സിലേക്ക് ഓർമ്മകളുടെ ഒരു കള്ളനോട്ടം മാത്രമായി... ഈ പ്രണയം മാറിയേക്കാം. നോ എന്ന് കേൾക്കാൻ കഴിയാത്ത എത്ര മനോരോഗികളായ കാമുകന്മാർ ഈ കൂട്ടത്തിലുണ്ടാവും? അവരിൽ ചിലർ ഇപ്പോഴേ കത്തി മൂർച്ച കൂട്ടി വച്ചിരിക്കും. അല്ലെങ്കിൽ പെട്രോൾ കരുതി വച്ചിരിക്കും. നിരാശാ കാമുകന്മാർ വിലാപകാവ്യമെഴുതിയിരുന്ന കാലം കഴിഞ്ഞു. ഇന്നിപ്പോൾ സംഹാര താണ്ഡവമാണ്. 


അയാളങ്ങിനെ ഓരോന്നാലോചിച്ചുകൊണ്ടിരിക്കെ റോഡരികിലൊരു ചുവന്ന AUDI കാർ വന്നു നിന്നു. അതിൽ നിന്നും സൂസൻ ഇറങ്ങി ചുറ്റും നോക്കി. അയാൾ കയ്യുയർത്തിയപ്പോൾ,  ഒരു പുഞ്ചിരിയോടെ സൂസൻ അരികിലെത്തി. 


"കുറെ നേരമായോ വന്നിട്ട്? ഓഫിസിൽ നിന്നിറങ്ങാനൊരല്പം വൈകി." അയാൾക്കഭിമുഖം ഇരിക്കുമ്പോൾ സൂസൻ ചോദിച്ചു.


"ഉം... സാരമില്ല. ഒരിത്തിരി പ്രൈവസിക്ക് വേണ്ടിയാണു ഇങ്ങോട്ടു വിളിച്ചത്. ബുദ്ധിമുട്ടായില്ലല്ലോ അല്ലെ?"


"എന്ത് ബുദ്ധിമുട്ട് സാർ? എത്ര ബുദ്ധിമുട്ടിയാലും വേണ്ടില്ല. എനിക്കയാളെ വേണം. എൻറെ ഫ്രെഡിയുടെ കല്ലറ  എന്തിനാണവൻ തകർത്തതെന്ന് എനിക്ക് ചോദിക്കണം. അതിൻറെ ഉത്തരം എനിക്ക് വേണം സാറെ?"


“തീർച്ചയായിട്ടും. ഞാൻ വാക്കു തരുന്നു. ഇപ്പോൾ കുടിക്കാൻ ഒരു ജ്യുസ് പറയട്ടെ. അതല്ല... ചായ... കോഫി... അങ്ങിനെന്തെങ്കിലും?” 


“എനിക്കൊരു കോഫി മതി സാർ.” 


ലീലാകൃഷ്ണൻ കൈമാടി വിളിച്ചപ്പോൾ വന്ന പെൺകുട്ടിയോട് ഒരു കോഫിയും ഒരു മുന്തിരി ജ്യുസും രണ്ട് കട്ലറ്റും ഓർഡർ ചെയ്തു. ശേഷം സൂസനോട് ചോദിച്ച്.


“ഈ കടൽക്കരയിൽ വച്ചാണ് ഫ്രെഡിയെ ആദ്യം കാണുന്നത് അല്ലെ?” 


വിഷാദഭാവത്തോടെ സൂസൻ ഒന്ന് തലകുലുക്കി. പതിയെ ആ മുഖത്തൊരു പ്രസരിപ്പ് വന്നു. ഓർമ്മകൾ അത്ര മധുരമായിരിക്കണം. അവൾ കടലിലേക്ക് നോക്കി. 


“അന്ന്... വൈകുന്നേരം. വെയിലാറിത്തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. തിരക്ക് കുറവായിരുന്നു. നല്ല തിരയുണ്ടായിരുന്നു. കോളേജിൽ നിന്നും ഞാനും നാലഞ്ച് കൂട്ടുകാരികളും കൂടി ചുമ്മാ കറങ്ങാൻ വന്നതാണ്. കടൽക്കരയിൽ കുഞ്ഞുകുഞ്ഞു ചിപ്പികൾ പെറുക്കുകയായിരുന്നു ഞാൻ. ഒരു തിരവന്ന് മുട്ട് വരെ നനച്ചുപോയി. തിരയെ കുറെ ചീത്ത വിളിച്ച് തിരിച്ചു നടക്കുമ്പോൾ വീണ്ടും വലിയൊരു തിര വന്നു. ഞാൻ വീണു പോയി. ആകെ നനഞ്ഞു. പ്രശ്നം അതല്ല. നനഞ്ഞപ്പോൾ തുണിയുടുത്തിട്ടും ഉടുക്കാത്ത പോലെയായി. അത് മേനിയിലേക്കൊട്ടി. ആകെ നാണക്കേടായി. അവിടവിടെ ഉണ്ടായിരുന്ന ചിലരൊക്കെ നോക്കിയപ്പോൾ തുണിയില്ലാതെ നിൽക്കുന്ന പോലെ തോന്നി. കരച്ചിൽ വന്നു. അപ്പോഴാണൊരാൾ വന്നത്. അയാൾ ഒന്നും ചോദിച്ചില്ല. ഒന്നും പറഞ്ഞുമില്ല. തൻറെ ഷർട്ടൂരി എനിക്ക് തന്നു. എന്നിട്ടൊന്നും പറയാതെ തിരികെ പോയി. ആയാളും കൂടെയുള്ള ആളും ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല. അത് ഫ്രെഡിയായിരുന്നു. കൂടെ ഹസ്സനും.” 


ഒരല്പനിമിഷം മിണ്ടാതിരുന്ന സൂസൻ പുഞ്ചിരിയോടെ തുടർന്നു. "ആ രാത്രി ഞാനുറങ്ങിയതേ ഇല്ല. ഒന്ന് പേര് പോലും ചോദിക്കാനായില്ലല്ലോ എന്ന സങ്കടവും... ഒന്ന് തിരിഞ്ഞുപോലും നോക്കിയില്ലല്ലോ എന്ന പരിഭവവും. ഇത്രയൊക്കെയായിട്ടും... ആ കണ്ണുകളും.... അതിലെ തിളക്കവും മനസ്സിലങ്ങിനെ ജ്വലിച്ചു നിന്നു. പിറ്റേന്നും അതിൻറെ പിറ്റേന്നുമൊക്കെ ഞാൻ ഇവിടെ വന്നു. ആളുകൾക്കിടയിൽ അയാളെ തിരഞ്ഞു. നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ... ആളെ കണ്ടു. അന്നും കൂടെ ഹസ്സനുണ്ടായിരുന്നു. ദാ അവിടെ... ആ ഭാഗത്തൊക്കെ അന്ന് ധാരാളം കാറ്റാടിമരങ്ങളുണ്ടായിരുന്നു. അതിലൊന്നിൻറെ ചുവട്ടിൽ അവരിരിക്കുന്നുണ്ടായിരുന്നു."


സൂസൻ ഒഴിഞ്ഞൊരു ഭാഗത്തേയ്ക്ക് നോക്കി. ലീലാകൃഷ്ണൻ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഒന്നും ചോദിയ്ക്കാൻ നിന്നില്ല. അവൾ പറയട്ടെ എന്ന് കരുതി കാത്തിരുന്നു. 


"ഞാനൊരു ചമ്മലോടെയാണ് അടുത്തേയ്ക്ക് ചെന്നത്. പക്ഷെ എന്നെ കണ്ടപ്പോൾ ഫ്രെഡി പുഞ്ചിരിച്ചു. എന്താ... പറയാ. എനിക്ക് അത് പോലെ സന്തോഷം തോന്നിയൊരു നിമിഷം എൻറെ ജീവിതത്തിൽ അതിനു മുൻപുണ്ടായിട്ടില്ല. പിന്നെ ഞങ്ങൾ പരിചയപ്പെട്ടു. ഒരു രണ്ടു വർഷക്കാലം മോശമല്ലാതെ... ഇതിലെയൊക്കെ പ്രേമിച്ച് നടക്കുകയും ചെയ്തു. "


“ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്? കാമുകനായ ഫ്രെഡിയായിരുന്നോ ഭർത്താവായ ഫ്രെഡിയായിരുന്നോ... കൂടുതൽ റൊമാന്റിക്ക്?”


ലീലാകൃഷ്‌ണൻ ചോദിച്ചപ്പോൾ പുഞ്ചിരിയോടെ സൂസൻ പറഞ്ഞു.


“ഫ്രെഡി എന്നും എപ്പോഴും ഒരു കാമുകനായിരുന്നു. ഫ്രെഡിയുടെ സ്നേഹം ഒരു ഭ്രാന്തമായ സ്നേഹമായിരുന്നു. ഈ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കുക എന്നൊക്കെ നമ്മൾ പറയില്ലേ. അതായിരുന്നു ഫ്രെഡി.” 


അവളൊരു നെടു വീർപ്പിട്ടു. മൗനത്തിലേക്ക് ഉൾവലിഞ്ഞ സൂസനോട് വളരെ പതുക്കെ അയാൾ ചോദിച്ചു. "സൂസന് ഫ്രെഡിയോട് എങ്ങിനെയായിരുന്നു? ഒരു സാധാരണ പ്രണയം? അതല്ല ഫ്രെഡിയെ പോലെ ഭ്രാന്തമായൊരു പ്രണയം?"


സൂസൻ അയാളെ തുറിച്ചുനോക്കി കുറെ നേരം ഇരുന്നു. നോക്കി നിൽക്കെ ആ കണ്ണുകൾ തുളുമ്പി. ഒരു നീർക്കണം കവിളിലേക്ക് ഒലിച്ചിറങ്ങി. തല വെട്ടിച്ചു കൊണ്ടവൾ പറഞ്ഞു. 


“എനിക്ക് ഫ്രെഡിയെന്നാൽ ഞാൻ തന്നെയായിരുന്നു. എൻറെ പ്രാണൻ. ഫ്രെഡി മരിച്ചപ്പോൾ ഞാനും മരിച്ചിട്ടുണ്ടാവും. അല്ല. മരിച്ചു. ആദമില്ലായിരുന്നെകിൽ.. ഫ്രെഡിയില്ലാത്ത ഈ ഭൂമിയിൽ ഞാനിങ്ങനെ തിന്നും കുടിച്ചും നടക്കില്ലായിരുന്നു.” 


മുന്തിരിച്ചാറിൻറെ അവസാനതുള്ളിയും നുകർന്നു ഗ്ലാസ് മേശപ്പുറത്തേക്ക് വച്ചാണ് ലീലാകൃഷ്ണൻ ചോദിച്ചത്.


“ഇപ്പോൾ ഇമ്മാനുവൽ കൂടെയുണ്ടല്ലോ? അതൊരു കണക്കിന് നന്നായി അല്ലെ?”


അവൾ വെറുതെ കോഫിക്കപ്പ് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചുകൊണ്ടിരുന്നു. അവൾ തന്നെ മൗനം ഭേദിക്കട്ടെ എന്ന് ലീലാകൃഷ്ണൻ കരുതി. കുറെ കഴിഞ്ഞപ്പോൾ അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി. പിന്നെ ഒരു നെടു വീർപ്പോടെ പറഞ്ഞു. 


“സാറായതോണ്ട് പറയാം. സാറിനോട് മാത്രം. വേറെ ആരും അറിയരുത്. അതൊരു നാടകമാണ്. അയാളൊരു ഫ്രണ്ട്... അത്രയേ ഉള്ളൂ. ആദമിനയാളെ ഇഷ്ടമാണ്. അയാൾക്ക് ആദമിനെയും. ആളുകൾ ഞങ്ങളെക്കുറിച്ച് അപവാദം പറഞ്ഞപ്പോൾ... ഇമ്മാനുവലാണ് ഇങ്ങിനെ ഒരു സ്വലൂഷൻ പറഞ്ഞത്. ആരോടും ചോദിക്കാനും പറയാനുമൊന്നും നിന്നില്ല. ആരോട് ചോദിച്ചാലും സമ്മതിക്കില്ല എന്നറിയാം. സാറിനി ഇത് പോയി ഹസ്സനോട് പറയണ്ട. മോശമല്ലേ...”


ലീലാകൃഷ്ണൻ പുഞ്ചിരിച്ചു. ഇല്ലെന്ന് തലവെട്ടിച്ചു. കുറച്ച് കഴിഞ്ഞാണ് അയാൾ ചോദിച്ചത്. "അപ്പോൾ ഫ്രെഡിയും സൂസനും തമ്മിൽ വളരെയധികം സാറ്റിസ്‌ഫൈഡ് ആയിരുന്നു."


"അതെ. ആയിരുന്നു."


"ഒരു കാര്യം ചോദിക്കട്ടെ. സോഫിയ ഫ്രെഡിയുടെ പ്രേതത്തെ കണ്ടെന്ന് പറഞ്ഞല്ലോ? സൂസനും എന്തോ കണ്ടു. അല്ലെ? എന്ത് തോന്നുന്നു. ശരിക്കും അത് ഫ്രെഡിയുടെ പ്രേതമാണോ?"


അവൾ വല്ലാതായി. "എനിക്കറിയില്ല. പക്ഷെ എന്തൊക്കെയോ എനിക്ക് ചുറ്റിലും ഉണ്ടെന്ന് തോന്നുന്നു."


“ആ നായ്ക്കളുടെ സംഭവം കഴിഞ്ഞ് പിന്നെ എന്തെങ്കിലും സംഭവിച്ചോ?”


“ഇല്ല. പ്രത്യേകിച്ചൊന്നും ഇല്ല. പക്ഷെ എനിക്കെപ്പോഴും തോന്നാറുണ്ട്. ആ വീട്ടിൽ ഫ്രെഡി ഞങ്ങളുടെ കൂടെയുണ്ടെന്ന്.“


“അപ്പോൾ സൂസന് പേടിയില്ലേ?” 


“എന്തിന്? എൻറെ ഫ്രെഡിയല്ലേ?” 


ലീലാകൃഷ്ണൻ തലകുലുക്കി. കുറച്ചുനേരത്തെ മൗനത്തിനു ശേഷം ചോദിച്ചു. "ഫ്രെഡിയെ കുറിച്ച് കൂടുതലെന്തെങ്കിലും പറയാമോ?"


സൂസൻറെ കണ്ണുകൾ തിളങ്ങി. "ഫ്രെഡിയെക്കുറിച്ചു പറഞ്ഞാൽ ഒത്തിരി പറയാം സാറെ. ചിലപ്പോൾ തോന്നും വെറും ഒരു സ്വപ്നജീവിയാണെന്ന്. നിസാര കാര്യത്തിന് പിണങ്ങുന്ന പോലെ തോന്നും. അതിനേക്കാൾ വേഗത്തിൽ ഇണങ്ങും. ആ ചുണ്ടിലെപ്പോഴുമൊരു മൂളിപ്പാട്ടുണ്ടാവും. നന്നായി പാടുമായിരുന്നു കേട്ടോ. ആരെയും വേദനിപ്പിക്കാനാവില്ല. ചില രാത്രികളിൽ ഉറക്കത്തിൽ ഞെട്ടിയുണരും. പിന്നെ ഉറങ്ങാൻ കഴിയില്ല. അതെന്താണെന്ന് എന്നോട് പറഞ്ഞിട്ടില്ല. ഒരിക്കലും. ഞാനും ആദമും ആയിരുന്നു അവൻറെ ലോകം. കുഞ്ഞുനാളിൽ ഒത്തിരി വേദനയും വിഷമവും അനുഭവിച്ചിട്ടുണ്ട്. എന്താണെന്ന് പറഞ്ഞിട്ടില്ല. എന്നാലും ആ ഓർമ്മകളിൽ ഫ്രെഡിയുടെ കണ്ണുകൾ നിറയും. എല്ലാവരോടും വലിയ ദയയായിരുന്നു. സങ്കടം പറഞ്ഞ് ആര് വന്നാലും സഹായിക്കും. ഒരാളുടെ കണ്ണീരും കാണാൻ കഴിയില്ല. മറ്റുള്ളവരുടെ തെറ്റുകളൊക്കെ പെട്ടെന്ന് ക്ഷമിച്ചുകൊടുക്കും. നഷ്ടങ്ങളെയോർത്ത് വേവലാതിപ്പെടുന്നത് കണ്ടിട്ടില്ല. മമ്മയില്ലാത്ത ബാല്യത്തെക്കുറിച്ചോർത്ത് മാത്രമേ നഷ്ടം പറഞ്ഞു കേട്ടിട്ടുള്ളൂ. ചെറിയ അസുഖങ്ങൾ വന്നാൽ പോലും വലിയ സങ്കടത്തോടെ പെരുമാറും. അപ്പോഴൊക്കെ ഫ്രെഡിയൊരു കൊച്ചു കുഞ്ഞും ഞാനവൻറെ അമ്മയുമാണെന്ന് തോന്നാറുണ്ട്. ഞാനടുത്ത് ഇരിക്കാൻ വാശിപിടിക്കും. എനിക്കോ ആദമിനോ അസുഖം വന്നാലും അങ്ങിനെ തന്നെ. അടുത്തു നിന്ന് മാറില്ല. അതൊരു വല്ലാത്ത കെയർ ആയിരുന്നു. വല്ലാത്ത കെയർ..."


അപ്പോഴേക്കും സൂസൻറെ ശബ്ദം ഇടറി. പിന്നെ അവൾക്ക് സംസാരിക്കാനായില്ല. കുറെ നേരം ഒന്നും മിണ്ടാതിരുന്ന് അവൾ പെട്ടെന്ന് എഴുനേറ്റു പോയി. യാത്ര പോലും പറയാതെ പോകുന്ന സൂസനെ നോക്കി അയാളിരുന്നു. വേറെയും ചോദ്യങ്ങളുണ്ടായിരുന്നു. അല്ല. ചോദിക്കാൻ കരുതിയ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. ആയില്ല. പക്ഷെ അല്ലാതെ തന്നെ പ്രതീക്ഷിക്കാതെ ഒരു വലിയ നിധി കിട്ടിയിട്ടുണ്ട്. സത്യം ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് കുറച്ചുകൂടി നീങ്ങി നിന്നിരിക്കുന്നു. ഫ്രെഡിക്കൊരു കാമുകി ഉണ്ടായിരുന്നെന്ന് സൂസന് ചിലപ്പോൾ അറിയാമായിരിക്കും. അതാരാണെന്ന് അറിയുമോ ഇല്ലയോ എന്ന് സംശയമാണ്. പക്ഷെ അറിയില്ലെങ്കിലിപ്പോൾ അവളോടത്‌ പറയുന്നത് ക്രൂരതയാണ്. വേണ്ട. അവളറിഞ്ഞിട്ടില്ലെങ്കിൽ അതറിയണ്ട. ഒരിക്കലും.


മൊബൈൽ ഫോൺ ബെല്ലടിച്ചു. ഹസ്സനായിരുന്നു. ഉടനെ കാണണമെന്ന് പറഞ്ഞു. ബില്ല് സെറ്റിൽ ചെയ്ത് ലീലാകൃഷ്ണൻ തൻറെ മോട്ടോർ ബൈക്കിൽ കയറി ഹസ്സൻറെ അരികിലേക്ക് പോയി. 


തൻറെ മുൻപിലിരിക്കുന്ന ലീലാകൃഷ്ണന് ഒരു കവർ നീട്ടിക്കൊണ്ട്  ഹസ്സൻ പറഞ്ഞു. "തൻറെ നിഗമനങ്ങൾ കൃത്യമാണ്. ടെസ്റ്റ് റിസൾട്ടാണിത്. നെഗറ്റീവ്. അന്ന് കാറിൽ വെന്ത് മരിച്ചത് ഫ്രെഡിയല്ല."


ആ റിപ്പോർട്ടിലേക്കും ഹസ്സൻറെ മുഖത്തേയ്ക്കും  അയാൾ മാറി മാറി നോക്കി. "സോ....ദാറ്റീസ് ഇറ്റ്."


അയാളുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു വന്നു. ഹസ്സൻ അയാളെ നോക്കി തലകുലുക്കി. ദുരൂഹതയുടെ ഒരു ചുരുൾ കൂടി അഴിഞ്ഞിരിക്കുന്നു. ഇനി ഇരുട്ടിൽ നിന്നും ചിലരെ വെളിച്ചത്തേയ്ക്ക് കൊണ്ട് വന്നാൽ മാത്രം മതി. അതിന് അധികം സമയമൊന്നും വേണ്ടി വരില്ല. കുറച്ച് സമയം കൂടി മതിയാകും. കുറച്ചു സമയം കൂടി!


തുടരും 

2 comments: