Wednesday, February 24, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 30: തകർന്നുപോയ  വീടുകൾ 


കഴിഞ്ഞുപോയ പ്രതാപത്തിൻറെ തകർന്ന സ്മാരകം പോലെ, കല്ലുവീട്ടിൽ തറവാടിൻറെ, കരിയിലകൾ പരന്നുകിടക്കുന്ന മുറ്റത്ത്  ലാസർ പകച്ചു നിന്നു. ആ വീട്ടിലൊരു മനുഷ്യ ജീവിയും, കുറേയധികം കാലങ്ങളായി താമസിക്കുന്നില്ലെന്ന് അവനു മനസ്സിലായി.


ബൈജുവച്ഛൻറെയും ഉമയമ്മയുടേയും ഇമ്മാനുവലായി വളർന്ന ലാസർ, ബിരുദവും, ബിരുദാനന്തര ബിരുദവുമെടുത്തു. അവൻറെ ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടായിരുന്നു. എല്ലാ രാത്രിയിലും, അവൻ കാണുന്ന ദുഃസ്വപ്നങ്ങൾ അവനെയാ ലക്ഷ്യമോർമ്മിപ്പിച്ചുകൊണ്ടിരുന്നു.


വെള്ളത്തിലേക്കാണ്ട് പോകുന്ന അമ്മച്ചിയുടെ നിലവിളി. മരണത്തിലേക്ക് പ്രിയപ്പെട്ടവളോടൊപ്പം മുങ്ങാംകുഴിയിട്ട അപ്പച്ചൻ. അമ്മച്ചിയുടെ വയറ്റിൽ നിന്നും ഇച്ചായീയെന്നു വിളിച്ച കുഞ്ഞു മേരി. ആ മൂന്ന് ആത്മാവുകൾ, അവൻറെ മനസ്സിൻറെ തടവറയിൽ മോക്ഷം തേടിക്കരയുന്നുണ്ടായിരുന്നു.   എന്നും! എപ്പോഴും! 


കഴിഞ്ഞ കുറെ കാലങ്ങളായി അവൻ ഈ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇന്നാണ് അതിനായത്. നാടാകെ മാറിയിരിക്കുന്നു. പുഴയ്ക്ക് കുറുകെ പാലം വന്നു. ഇടവഴികൾ റോഡായിരിക്കുന്നു. എങ്കിലും കല്ലുവാതിൽ തറവാട്ടിലേക്കുള്ള വഴി അവനൊട്ടും പിഴച്ചില്ല! 


മനസ്സിലവൻ ഒരായിരം പ്രാവശ്യമെങ്കിലും, ഫ്രെഡിയെ കൊന്നുകഴിഞ്ഞിരിക്കുന്നു. ഒരിക്കൽ പോലും, ഫ്രെഡിയെ കൊല്ലണോ വേണ്ടയോ എന്നൊരു സംശയം അവനുണ്ടായിരുന്നില്ല. ഫ്രെഡി അന്നൊരു കൊച്ചു കുട്ടിയായിരുന്നെന്നും, അവനത് മനഃപൂർവ്വം ചെയ്തതല്ലെന്നും, അവനൊരിക്കലും ചിന്തിച്ചില്ല. 


അവൻറെ ഉള്ളിലെപ്പോഴുമുണ്ടായിരുന്നത്, വെള്ളത്തിലേക്ക് മുങ്ങിപ്പോകുന്ന അമ്മച്ചിയുടെ നിലവിളിയും, പരസ്പരം പുണർന്ന് കിടക്കുന്ന അപ്പച്ചനുമമ്മച്ചിയും, പിന്നെ അമ്മച്ചിയുടെ വീർത്ത വയറിനുള്ളിൽ ശ്വാസം മുട്ടി മരിച്ച മേരിയുമായിരുന്നു. പോരാത്തതിന്, താനനുഭവിച്ച കൊടിയ പീഢനങ്ങളും. ഒരു മനുഷ്യനായി ജീവിക്കണമെന്നുണ്ട്. അതിന് എല്ലാം മറന്നേ പറ്റൂ. ഫ്രെഡിയെ ബലികൊടുത്തുകൊണ്ടല്ലാതെ അതിനാവില്ല. കേൾക്കുന്നൊരാൾക്കും, എത്ര ബാലിശമായ പക എന്ന് തോന്നാമെങ്കിലും, അവൻറെയുള്ളിൽ, അതിനൊരഗ്നിപർവ്വതത്തിൻറെ ഉഷ്ണമുണ്ടായിരുന്നു.   


ആരാണെന്നൊരു ചോദ്യം കേട്ടപ്പോൾ ലാസർ തിരിഞ്ഞു നോക്കി. ഒരു വയസ്സൻ. വളഞ്ഞ ശരീരവും കുഴിഞ്ഞ കണ്ണുകളും. പഞ്ഞിപോലെ നരച്ച മുടിയിൽ പകുതിയും കൊഴിഞ്ഞു പോയിരിക്കുന്നു. 


“ഇവിടെയുണ്ടായിരുന്ന ഫ്രെഡിയൊക്കെ ഇപ്പോളെവിടെയാണ്?”


അവൻറെ ചോദ്യം കേട്ടപ്പോൾ അയാൾ പകച്ചുപോയി. 


“ഫ്രെഡിക്കുഞ്ഞോ? ഇങ്ങോട്ടാരും വരാറില്ല. ഔതച്ചായൻ മരിച്ചപ്പോൾ... മൂപ്പരുടെ അളിയൻ ഫ്രെഡിക്കുഞ്ഞിനേം കൊണ്ട് പോയി. ഫ്രെഡി കുഞ്ഞല്ലായിരുന്നോ അന്ന്?” 


ലാസറൊന്നും മിണ്ടിയില്ല. ആ വൃദ്ധൻറെ ആരാണെന്ന ചോദ്യം അവൻ പരിഗണിച്ചതേയില്ല. അവിടന്ന് നേരെ പോയത് തൻറെ വീട്ടിലേക്കായിരുന്നു. ആകെ കാടും പടലും പടർന്നു പിടിച്ചിരിക്കുന്നു. 


ചിതലരിച്ചു തീർന്ന വാതിൽ.  വളർന്നു നിൽക്കുന്ന പുൽച്ചെടികൾക്കിടയിലൂടെ  സ്ഥിരമായി നടക്കുന്ന ചവിട്ടടയാളങ്ങൾ. അത് വീടിൻറെ അകത്തേയ്ക്ക് കയറിപ്പോകുന്നു. ഇവിടെ സ്ഥിരമായി ആരൊക്കെയോ വരവും പോക്കുമുണ്ടെന്ന് തോന്നുന്നു. 


മെല്ലെ അകത്തേയ്ക്ക് കയറി. പൊളിഞ്ഞു വീണ അടക്കളയും അകമുറിയും. അവൻറെയുള്ളിൽ ഓർമ്മകളുടെ വേലിയേറ്റമുണ്ടായി. പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ വികാരങ്ങൾ. കൺകോണുകളിൽ രണ്ടു തുള്ളികൾ പൊടിഞ്ഞു. 


അകമുറിയുടെ ഒരു ഭാഗം  ആരോ അടിച്ചു വാരിയിട്ടിട്ടുണ്ട്. മറുഭാഗത്ത് ഒഴിഞ്ഞ മദ്യക്കുപ്പികൾ. ഭക്ഷണം പൊതിഞ്ഞുകൊണ്ടുവന്ന കടലാസുതുണ്ടുകൾ. മുട്ടയുടെ തോടുകൾ. മിഠായിക്കടലാസുകൾ. ഉപയോഗിച്ചതിൻറെ ശേഷം ഊരിയെറിഞ്ഞ ഏതാനും കോണ്ഡങ്ങൾ. ചിതറിക്കിടക്കുന്ന സിഗരറ്റു കുറ്റികളും, ബീഡിക്കുറ്റികളും. 


ഒരു മൂലയിൽ എന്തോ പൊതിഞ്ഞു വച്ചിരിക്കുന്നത് കണ്ടു. അഴിച്ചുനോക്കിയപ്പോൾ, ഉപോയോഗിക്കാത്ത കോണ്ഡങ്ങൾ. പകുതിയായി ഒരു ക്വർട്ടർ ത്രിഗുണൻ. പൊളിക്കാത്ത ഒരു ചാർമിനാർ സിഗരറ്റും. ഈ വീടിപ്പോൾ ഏതൊക്കെയോ സാമൂഹ്യ വിരുദ്ധരുടെ സംഗമ സ്ഥലമാണെന്ന് വേദനയോടെ ലാസർ തിരിച്ചറിഞ്ഞു.


പൊതി ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞ് മെല്ലെ പുറത്തേയ്ക്കിറങ്ങി. കിണറിൻറെ അരികിലെ, വള്ളിച്ചെടികൾ പടർന്നുകയറിയ അലക്കു കല്ലിൽ അവനിരുന്നു. 


അവിടെയൊക്കെ അമ്മച്ചിയുടെ സാന്നിദ്ധ്യം അവനറിഞ്ഞു. പണികഴിഞ്ഞു വരുന്ന അപ്പച്ചൻറെ വിയർപ്പിൻറെ മണമറിഞ്ഞു. അവൻറെ കണ്മുമ്പിലൂടെ ഒരു കുഞ്ഞു സുന്ദരി കൊഞ്ചിക്കുഴഞ്ഞുകൊണ്ടോടിക്കളിച്ചു. അവളുടെ വെള്ളിപ്പാദസരത്തിൻറെ കിലുക്കം പോലും കേൾക്കാം.   


കണ്ണുകളടച്ച് ലാസർ ശ്വാസമൊന്നാഞ്ഞ് വലിച്ചു. ഉവ്വ്. ഇവിടെ  ഇപ്പോഴുമുണ്ട് അപ്പച്ചൻറെ മണം. അമ്മച്ചിയുടെ മണം. നിറഞ്ഞ പുഞ്ചിരിയോടെ അമ്മച്ചി തൻറെ അരികിലേക്കെത്തി തൻറെ തലയിലൂടെ വിരലോടിക്കുന്ന പോലെ. 


“മോനെ...” എത്ര ഹൃദ്യമാണാ വിളി. 


പുഴ ശുഷ്കിച്ചിരിക്കുന്നു. അപ്പച്ചനെയും അമ്മച്ചിയേയും കിടത്തിയ പാറയിൽ അവനിരുന്നു. ഇലഞ്ഞിക്കയത്തിലേക്കവൻറെ കണ്ണുകൾ നീണ്ടു. നെഞ്ചിൽ ഓർമ്മകൾ പകയോടെ മുരളുന്നുണ്ട്. 


ഒരു പണക്കാരൻറെ മകനായതുകൊണ്ടു മാത്രമാണ്, ഫ്രെഡി അന്ന് രക്ഷപ്പെട്ടത്. ഒരു ചെറിയ ശിക്ഷ പോലും അവനു കിട്ടിയിട്ടില്ല. അന്നവനെ പോലീസുകാർ പിടിച്ചുകൊണ്ടു പോയിരുന്നെങ്കിൽ... അത് കണ്ടുകൊണ്ടാണ് ഞാനീ നാട്ടിൽ നിന്നും പോയിരുന്നെതെങ്കിൽ... അമ്മാവനെന്ന മനുഷ്യമൃഗം ഇത്തിരിയെങ്കിലും സ്നേഹം തന്നിരുന്നെങ്കിൽ... എനിക്കൊരു പക്ഷേ ദുഃസ്വപ്നങ്ങൾ കാണാതെ ഉറങ്ങാമായിരുന്നു. ഇല്ല ഫ്രെഡീ. നിന്നോട് പൊറുക്കാനെനിക്കാവില്ല. നീയേത് നരകത്തിൽ പോയൊളിച്ചാലും, നിന്നെ തേടി ഞാനെത്തും.


ഇരുൾ വീണു തുടങ്ങിയപ്പോൾ ലാസർ തിരികെ മടങ്ങി. ബൈജുവച്ഛൻറെയും ഉമയമ്മയുടേയുമടുത്തേയ്‌ക്ക്. അവരുടെ സ്നേഹത്തിലേക്ക്. അവിടെ അവൻ ഇമ്മാനുവലായിരുന്നു. നാട്ടിലെല്ലാവർക്കും ഇഷ്ടമുള്ള, മിടുക്കനായ ഇമ്മാനുവൽ. ആ കുഗ്രാമത്തിൽ നിന്നും ബിരുദാനന്തര ബിരുദം  വരെ പഠിച്ച ഒരേ ഒരാൾ.


ഒരുടലിൽ ജീവിക്കുന്ന രണ്ടു വ്യക്തികളായിരുന്നു, ഇമ്മാനുവലും ലാസറും. പകയുടെ നെരിപ്പോടുമായി ഇരയെ തേടിനടക്കുന്ന ലാസറും, നല്ലൊരു ജീവിതമെന്ന സ്വപ്നത്തെ താലോലിക്കുന്ന ഇമ്മാനുവലും. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലുകൾ പലപ്പോഴും ഉണ്ടാവാറുണ്ട്.


ലാസറിന് ഫ്രെഡിയെ കൊന്ന് എത്രയും വേഗം അപ്പച്ചൻറെയും അമ്മച്ചിയുടെയും മേരിയുടെയും അരികിലെത്തണം. അവൻ ജീവിതമെന്ന സ്വപ്നം കാണുന്നേയില്ല. അവൻറെ ഉള്ളിൽ മുഴുവൻ പകയാണ്. പക മാത്രം. പക തീർക്കണം! പിന്നെ മരിക്കണം!!


ഇമ്മാനുവൽ അങ്ങിനെയല്ല. ഫ്രെഡിയോട് പ്രതികാരം ചെയ്യണം. കൊല്ലുന്നതിനേക്കാൾ ക്രൂരമായി പ്രതികാരം ചെയ്യണം. അതിൻറെ ശേഷവും തനിക്ക് സുഖമായി ജീവിക്കണം. തൻറെ അപ്പച്ചനെയും അമ്മച്ചിയേയും മേരിയെയും കൊന്നുകളഞ്ഞിട്ട്, ഫ്രെഡി സുഖമായി ജീവിച്ച പോലെ!!


ഈ രണ്ടു വിരുദ്ധാഭിപ്രായങ്ങൾ അവൻറെ ഉള്ളിൽ സദാസമയവും പരസ്പരം പോരടിക്കുന്നുണ്ട്. ഒരു മനുഷ്യൻറെ മുൻപിലും തൻറെ ഉള്ളം തുറന്നു കാണിക്കാതിരിക്കാൻ അവൻ മിടുക്കനായിരുന്നു. അമ്മാവൻറെ നെഞ്ചിലൊരു കത്തി കുത്തിയിറക്കി, ഇരുട്ടിലൂടെ ബൈജുവിൻറെയും ഉമയുടെയും അരികിലെത്തിയയന്നു മുതൽ, അവർക്കെല്ലാം മുൻപിൽ നല്ല കുട്ടിയായി അഭിനയിക്കുകയാണവൻ. അമ്മാവൻറെ അവസ്ഥയൊന്നും അവൻ തിരക്കിയിട്ടില്ല. ചത്തുപോയിട്ടുണ്ടാവും എന്നാണു അവൻ വിശ്വസിക്കുന്നത്. അന്വേഷിച്ചിട്ടില്ല. ചത്തിട്ടില്ലെങ്കിൽ കൊല്ലാൻ തോന്നും. വേണ്ട. വേണ്ടത് ഫ്രെഡിയെ ആണ്. ഫ്രെഡിയെ മാത്രം.


ഫ്രെഡിയുടെ അമ്മാവൻറെ നാടൊക്കെ അന്വേഷിച്ചറിഞ്ഞ്, അവനൊരു ദിവസം അങ്ങോട്ട് പോയി. കൊട്ടാരസമാനമായ ആ വലിയ വീട്ടിലേക്ക് അവൻ കയറിയില്ല. അവിടെ കണ്ട ഒരാളോട് ഫ്രെഡിയെ കുറിച്ചന്വേഷിച്ചപ്പോൾ, ഫ്രെഡി കുറെയായി ദൂരെയുള്ളൊരു നഗരത്തിലാണെന്ന് മനസ്സിലായി. വാർദ്ധക്ക്യം തളർത്തിയ ശരീരവുമായി അമ്മാവനും അദ്ദേഹത്തിൻറെ മക്കളും മാത്രമേ ഇവിടെ ഉള്ളൂ. ഫ്രെഡി വല്ലപ്പോഴും മാത്രം വരുന്ന ഒരു വിരുന്നുകാരൻ മാത്രമാണിപ്പോൾ!


ഫ്രെഡി ചേക്കേറിയ നഗരത്തിലേക്കായിരുന്നു പിന്നത്തെ യാത്ര. ഒരു ജോലി തിരഞ്ഞു പോകുന്നു എന്നായിരുന്നു എല്ലാവരോടും പറഞ്ഞത്. സംഗതിവശാൽ വേറൊരു സ്ഥലത്ത് ഒരു ഇന്റർവ്യൂവിനുള്ള കാർഡും വന്നിരുന്നു. ആ വലിയ നഗരത്തിൽ, അപരിചിതനായ തനിക്ക് ഫ്രെഡിയെ അത്ര വേഗമൊന്നും തേടിക്കണ്ടെത്താനാവില്ല എന്ന് വളരെ വേഗം മനസ്സിലായി. ഒരു ജോലി വളരെ അത്യാവശ്യമാണെന്നും.


അഭ്യസ്തവിദ്യർക്കിടയിലെ  തൊഴിലില്ലായിമ രൂക്ഷമായിരിക്കുന്ന സമയമാണെങ്കിലും, ഒരു ജോലി കിട്ടാൻ വലിയ പ്രയാസമുണ്ടായില്ല. അതും നല്ലൊരു ജോലി തന്നെ. നഗരത്തിലെ അറിയപ്പെടുന്ന ടെക്സ്റ്റയിൽസിലെ സെയിൽസ് മാനേജർ. കച്ചവടം ചെയ്യാനറിയാത്ത ഒരു സാധുമനുഷ്യൻ്റെ ആ തുണിക്കടയിൽ അവൻ ജോലിക്ക് കയറുമ്പോൾ അത് മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലായിരുന്നു. അധികം താമസിയാതെ, തൻറെ ജോലിയിൽ താൻ അഗ്രഗണ്യനാണെന്ന് തെളിയിക്കാൻ അവനായി. 


പക്ഷെ അപ്പോഴെല്ലാം അവൻ ഫ്രെഡിയെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അവസാനം ഫ്രെഡിയെ ഇമ്മാനുവൽ എന്ന ലാസർ കണ്ടെത്തി.


തുടരും


2 comments: