Saturday, February 27, 2021

ചിലന്തിവലയിൽ ഒരു ചിത്രശലഭം!



അദ്ധ്യായം 31: മുഖാമുഖം 


ഫ്രെഡി ഇന്നാ ചെറിയ ചെക്കനല്ല. ഫ്രെഡിയെ കുറിച്ചോർക്കുമ്പോഴൊക്കെ ലാസറിൻറെ ഉള്ളിൽ ഉണ്ടായിരുന്നത്, ഔതച്ചായൻറെ പിറകിൽ നിന്നും തന്നെ ഭീതിയോടെ നോക്കുന്ന, ഒരു ഒൻപതുവയസ്സുകാരൻറെ മുഖമായിരുന്നു. പക്ഷെ, ഇപ്പോൾ അങ്ങിനെയല്ല. നഗരത്തിലെ അറിയപ്പെടുന്നൊരു ബിസിനസ്സ് മാഗ്നറ്റാണ്. മിത്ര എന്ന പേരിൽ, ചെറുതും വലുതുമായ അനവധി സ്ഥാപനങ്ങൾ നടത്തുന്നു. ജനങ്ങൾക്കിടയിൽ, വിശിഷ്യാ നഗരത്തിലെ വ്യാപാരി വ്യവസായികൾക്കിടയിൽ പേരും പെരുമയുമുള്ളയാൾ. 


ഫ്രെഡി പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ വച്ചാണ്, നീണ്ട കാത്തിരിപ്പിനൊടുവിൽ ലാസർ ഫ്രെഡിയെ കാണുന്നത്. ആ വലിയ സദസ്സിൻറെ മുന്നിരയിൽ തന്നെ ലാസർ ഇരിപ്പിടം കണ്ടെത്തിയിരുന്നു. ഏതോ ഒരു രാഷ്ട്രീയക്കാരനും, മേയറും, ഒരു പോലീസ് ഉദ്ധ്യോഗസ്തനും സംസാരിച്ചു കഴിഞ്ഞു. അദ്ധ്യക്ഷൻ ഒരുപാട് വർണ്ണനകൾക്ക് ശേഷം ഫ്രെഡിയുടെ പേര് വിളിക്കുമ്പോൾ സദസ്സിൽ വലിയ കരഘോഷമുണ്ടായി. ലാസർ തൻറെ ചുറ്റുപാടിലും പകച്ചു നോക്കി.


സുന്ദരനും, സുമുഖനുമായ ഫ്രെഡിയെ ലാസർ സൂക്ഷിച്ചുനോക്കുമ്പോൾ, അയാളുടെ ഉള്ളിൽ നിന്നൊരു മൃഗം മുരളുന്നുണ്ടായിരുന്നു. തൻറെ അരയിലൊളിപ്പിച്ച തോക്കെടുത്ത് ഒരൊറ്റ വെടിക്ക് ഫ്രെഡിയെ കൊന്നുകളയാൻ ലാസറിൻറെ ഹൃദയം വെമ്പൽ കൊണ്ടു. അവൻറെ ഉള്ളിൽ നിന്നും ഇമ്മാനുവൽ പറഞ്ഞു.


ധൃതി വേണ്ട. ഒട്ടും ധൃതി വേണ്ട. ആയുസ്സിലിത്രനാള് ഹോമിച്ച നിൻറെ ജീവിതം... ഇനി അവനെ കൊന്ന പേരിൽ, അഴികൾക്കു പിന്നിൽ ഒതുങ്ങാനുള്ളതല്ല. ജീവിതത്തിൻറെ എല്ലാ സുഖങ്ങളും അറിഞ്ഞുകൊണ്ട്... അവൻ ജീവിച്ചതിനേക്കാൾ അന്തസായി ജീവിക്കാനുള്ളതാണ്. അത് കൊണ്ട്... ധൃതി വേണ്ട.


"പ്രിയപ്പെട്ടവരേ..." ഫ്രെഡിയുടെ മിതമായ, ഹൃദ്യമായ ശബ്ദം കേട്ടുകൊണ്ടാണ് ലാസർ ചിന്തകളിൽ നിന്നുണർന്നത്. ആ കണ്ണുകൾ കുറുകി.  സൂഷ്മമായി ഫ്രെഡിയെ നോക്കിക്കൊണ്ട് ലാസറിരുന്നു.


"നമുക്കൊക്കെ അറിയാമല്ലോ... ഈ പരിപാടിയുടെ കാതലും കരുത്തും... ഈ നഗരത്തിലെ വ്യവസായ പ്രമുഖനും... നമ്മുടെയൊക്കെ സ്വന്തം സ്വകാര്യാഹങ്കാരവുമായ... ജനാബ് സൈതലവി സാഹിബാണെന്ന്. നമുക്കെല്ലാവർക്കുമറിയാം... അദ്ദേഹം പരമസാത്വികനും... പരമ സാധുവുമാണെന്ന്. സാധു ദുഷ്ടൻറെ ഫലം ചെയ്യുമെന്നാണല്ലോ? അതെനിക്കിപ്പോൾ ഉറപ്പായി. അല്ലായിരുന്നെങ്കിൽ... ഈ പ്രസംഗപീഠത്തിലേക്ക്... എന്നെ അദ്ദേഹം ആനയിച്ച് കൊണ്ടുവരില്ലായിരുന്നല്ലോ? ഞാനൊരു നൂറു പ്രാവശ്യം പറഞ്ഞതാണ്. ഞാനൊരു പ്രാസംഗികനല്ല... കച്ചവടക്കാരൻ മാത്രമാണെന്ന്. അദ്ദേഹം അതൊട്ടും ചെവി കൊണ്ടില്ല. എനിക്കസൂയ തോന്നുന്നുണ്ട്. എങ്ങിനെ അസൂയപ്പെടാതിരിക്കും? ഇപ്പോൾ തന്നെ നോക്കൂ... പ്രസംഗിക്കാനറിയാത്ത എന്നെക്കൊണ്ട് അദ്ദേഹം പ്രസംഗിപ്പിക്കുന്നു. എനിക്കറിയില്ല. എങ്ങിനെയാണ് നന്നായി പ്രസംഗിക്കേണ്ടതെന്ന്. അറിയാമായിരുന്നെങ്കിൽ... ഞാനിപ്പോൾ... ഇന്ത്യയുടെ പ്രധാനമന്ത്രിയായേന്നെ."


സദസ്സിൽ നിന്നും നിർത്താതെയുള്ള കരഘോഷം മുഴങ്ങി. അത് കുറെ നേരം നീണ്ടു നിന്നു. ഫ്രെഡി മിണ്ടാതിരുന്നു. കരഘോഷം കഴിഞ്ഞപ്പോൾ തുടർന്നു.


"ജീവിതത്തിൽ അറിയാതെ പറ്റിപ്പോയ ചില തെറ്റുകളുടെ പേരിൽ.. പാർശ്വവൽക്കരിക്കപ്പെട്ടുപോയ ഒരുപാട് ജീവിതങ്ങളുണ്ട്... നമ്മുടെ ചുറ്റുപാടുകളിൽ. സ്വന്തം സ്വാർത്ഥതയുടെ ഒന്നാംസ്ഥാനത്തേയ്ക്ക് മാത്രം നോക്കിയോടിക്കൊണ്ടിരിക്കുന്ന നമുക്ക്... അവരെ കാണാൻ സമയം കിട്ടാറില്ല. വല്ലപ്പോഴും നമ്മുടെ കണ്ണുകളിൽ അവരറിയാതെ വന്നുപെട്ടാൽ... നമ്മളവരെ വിളിക്കുന്ന പേര് ക്രിമിനലുകളെന്നാണ്. അല്ലെ?"


ഫ്രെഡി ഒന്ന് നിർത്തി സദസ്സിനെ നോക്കി. 


"അങ്ങിനെ പെട്ടുപോയ കുറച്ചാളുകൾക്ക്... നന്നായി ജീവിക്കാൻ... സമൂഹത്തിൻറെ മുഖ്യധാരയുടെ കൂടെ നടക്കാൻ... ഒരവസരമുണ്ടാക്കിക്കൊടുക്കണം... അതിനു വേണ്ടി നമ്മളെല്ലാവരും നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യണം ഈ കാര്യം പറഞ്ഞുകൊണ്ട്.. ജനാബ് സൈതലവി സാഹിബ് എൻറെ മുൻപിൽ വന്നപ്പോൾ... അപ്പോഴും എനിക്കാ മനുഷ്യനോട് അസൂയ തോന്നി. എന്ത്കൊണ്ട് എനിക്കീ കാര്യം നേരത്തെ ചിന്തിക്കാൻ കഴിഞ്ഞില്ല എന്നോർത്ത് വ്യസനം തോന്നി. അദ്ദേഹത്തിൻറെ ആ ചിന്തയുടെ പരിസമാപ്തിയാണ് ഇന്നിവിടെ നടക്കുന്നത്. ഇവിടേയ്ക്ക് ഞാൻ വന്നതും... ഈ പ്രസംഗപീഠത്തിലേക്ക് കയറി നിന്നതും... നിങ്ങളോട് ഈയൊരു കാര്യം പറയാൻ വേണ്ടി മാത്രമാണ്. ഇത്തരം സംരഭങ്ങൾ നമ്മുടെ നാടിൻറെ ആവശ്യമാണ്. അത് വിജയിപ്പിക്കേണ്ടത് നമ്മുടെ കടമയുമാണ്. അത് മാത്രം ഞാൻ പറയുന്നു. നന്ദി.. നമസ്കാരം."


സദസ്സിൽ നിന്നും നിർത്താതെയുള്ള കരഘോഷം മുഴങ്ങിക്കൊണ്ടിരിക്കെ, കൈകൂപ്പിക്കൊണ്ട് ഫ്രെഡി പിൻവാങ്ങി. ലാസർ ഫ്രെഡിയെ തന്നെ സസൂഷ്മം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ആളുകൾക്കിടയിൽ നല്ല മതിപ്പുള്ള ഒരാളാണ് ഫ്രെഡിയെന്ന ലാസർ മനസ്സിലാക്കി. അത്രയും കാലമായി തൻറെ മനസ്സിലുണ്ടായിരുന്ന ഫ്രെഡിയുടെ രൂപം, വളരെ പ്രയാസപ്പെട്ടാണ് ലാസർ മാറ്റി വരച്ചത്. 


ഭീതിയാളുന്ന കണ്ണുകളുമായി, സ്വന്തം പിതാവിൻറെ നിഴലിലൊളിച്ച ബാലനിൽ നിന്നും; ഒരു സാമ്രാജ്യത്തിൻറെ  അധിപനായി, സ്വന്തം മനസ്സിൽ ഫ്രെഡിയെ രേഖപ്പെടുത്തിക്കഴിഞ്ഞപ്പോൾ; ലാസറും ഇമ്മാനുവലും ഒരു മനസ്സിൽ പരസ്പരം അംഗം വെട്ടുകയായിരുന്നു. 


വളരെ നിസാരമായി ഫ്രെഡിയെ കൊന്നു കളയാമെന്ന് ലാസർ ഉറപ്പ് പറഞ്ഞപ്പോഴൊക്കെ, ഇമ്മനുവൽ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. നഷ്ടപ്പെട്ട ജീവിതം... ഇനിയുള്ള കാലമെങ്കിലും ജീവിച്ച് തീർക്കണമെങ്കിൽ... ഒരു വേട്ടക്കാരൻറെ കൗശലത്തോടെ അവസരം പാർത്തിരിക്കണം. 


കാര്യപരിപാടികളൊക്കെ കഴിഞ്ഞ് ആളുകൾ ഭക്ഷണം കഴിക്കുകയായിരുന്നു. ബൊഫെ സിസ്റ്റമാണ്. തൻറെ പാത്രത്തിലേക്ക് അല്പം ഭക്ഷണം മാത്രം എടുത്ത ലാസർ, കുറച്ചപ്പുറത്ത് പൊലീസുദ്ധ്യോഗസ്ഥനോടും, വേറൊരാളോടും, എന്തോ തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഫ്രെഡിയെ തന്നെ നോക്കി നിൽക്കുകയാണ്. 


"അല്ല... ഇമ്മാനുവലെന്താ ഒന്നും കഴിക്കാത്തെ"


ചോദ്യം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ സൈതലവി സാഹിബ്. തൻറെ വിശാലമായ പുഞ്ചിരിയോടെ അദ്ദേഹം ലാസറിൻറെ ചുമലിൽ കൈവച്ചു.


"നിങ്ങള് കഴിക്കീന്ന്... അല്ല... നിങ്ങളാരെയാ നോക്കുന്നത്?"


ലാസർ ജോലി ചെയ്യുന്ന സ്ഥാപനത്തിൻറെ മുതലാളിയും, സൈതലവി സാഹിബും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. ഒരുപാട് വട്ടം അവർ കണ്ടിട്ടുണ്ട്. ലാസറിനെ സാഹിബിന് നല്ല മതിപ്പുമായിരുന്നു. ലാസർ സാഹിബിനെ നോക്കിയൊന്നു പുഞ്ചിരിച്ചു. പിന്നെ ഒന്നുമറിയാത്ത പോലെ ചോദിച്ചു.


"അത്... ആ പ്രസംഗിച്ച ആളല്ലെ അത്? പുള്ളി മിത്രയുടെ ഓണറാണോ?" 


"ആര്? ഫ്രെഡിയോ? വാ പരിചയപ്പെടുത്തിത്തരാം. നിങ്ങള് പരിചയപ്പെടേണ്ട ആളാണ്."


സാഹിബ് നടന്നപ്പോൾ ലാസർ പിന്നാലെ ചെന്നു. സാഹിബിനെ കണ്ടപ്പോൾ അവരൊക്കെ ഭവത്യയോടെ പുഞ്ചിരിച്ചു. 


"ന്താ ഫ്രെഡീ... കഴിക്കുന്നില്ലേ?" സാഹിബ് ഒരു കുശലാന്വേഷണത്തോടെയാണ് തുടങ്ങിയത്. സ്വന്തം വയറിൻറെ മേലെ കൈവച്ചുകൊണ്ട് ഫ്രെഡി പറഞ്ഞു. 


"യ്യോ... ഇനി കഴിച്ചാൽ വയറു പൊട്ടും. മാത്രമല്ല... വീട്ടിൽ ചെന്നാൽ സൂസൻറെ കൂടെ കഴിക്കാൻ ഒരിത്തിരി സ്ഥലം ബാക്കി വേണേ. അവളൊറ്റയ്ക്കിരുന്ന് കഴിക്കില്ല."


"ഹഹഹ... അത് പറ. അപ്പൊ... സൂസനെ പേടിയുണ്ട്." സാഹിബ് ചിരിച്ചുകൊണ്ട് പറഞ്ഞു. 


"പേടിക്കേണ്ടവരെ പേടിച്ചല്ലേ പറ്റൂ. സത്യം പറ. സാഹിബിനിപ്പോഴും ബീവിയെ പേടിയില്ലേ...?"


"ആ... പഷ്ട്. ബീവി കേക്കണ്ട. നിന്നെയവൾ വെട്ടിയരിഞ്ഞ് കൊണ്ടാട്ടമുണ്ടാക്കും." 


"ഉവ്വ് ഉവ്വേ..." ഫ്രെഡി കുലുങ്ങിച്ചിരിച്ചു. അതിനിടയിലാണ് ലാസറിനെ ശ്രദ്ധിച്ചത്. ഒരു അപരിചിത മുഖഭാവത്തോടെ നിൽക്കുന്ന അയാളെ നോക്കി ഫ്രെഡി സാഹിബിനോട് ചോദിച്ചു.


"ഇത്....?"


"ആ... ഞാനത് മറന്നു... ഇത് ഇമ്മാനുവൽ. നമ്മുടെ പ്രഭാകരേട്ടൻറെ ടെക്സ്റ്റയിൽസിലെ പുതിയ മാനേജരാണ്. അവിടെ ജോയിൻ ചെയ്തിട്ട് ഒരു വർഷമാകുന്നു. ആള് മിടുക്കനാട്ടോ..."


"ഓ... യെസ്... യെസ്... പ്രഭാകരേട്ടൻ എന്നോട് പറഞ്ഞിരുന്നു."  ഫ്രെഡി അയാളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. ഉള്ളിൽ പല്ലു കടിക്കുന്ന മൃഗത്തെ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ലാസറും പുഞ്ചിരിച്ചു. ഹസ്തദാനത്തിനിടയിൽ ഫ്രെഡി പറഞ്ഞു.


"ഇത്... മീരാൻ ഹസ്സൻ. ACP യാണ്. എൻറെ ബാല്യകാല സുഹൃത്തും സഹപാഠിയുമൊക്കെയാണ്. പിന്നെ ഇത് രാഘവ മേനോൻ. MRM ട്രാൻസ്പോർട്ടേസിൻറെ ഓണർ."


ലാസർ പുഞ്ചിരിയോടെ അവർക്ക് നേരെ കൈകൾ നീട്ടി. ചെറുപ്പം തൊട്ടേ തൻറെ മനസ്സ് മറച്ചുപിടിച്ച് ചിരിക്കാനും, മറ്റുള്ളവരോട് ഇമ്മാനുവലായി പെരുമാറാനും ലാസർ പഠിച്ചതാണല്ലോ. ഫ്രെഡി തൻറെ വിസിറ്റിംഗ് കാർഡെടുത്ത് ലാസറിൻറെ നേരെ നീട്ടി.


"കീപ് ഇൻ ടച്ച്…. മിസ്റ്റർ ഇമ്മാനുവൽ."


"ഓ... താങ്ക്യൂ സാർ."


പുരികങ്ങൾ വളച്ചുകൊണ്ട് എന്തോ ആലോചനയുടെ ഫ്രെഡി ചോദിച്ചു.


"നമ്മളിതിന് മുൻപ് കണ്ടിട്ടുണ്ടോ? മുഖം വളരെ ഫെമിലറായി തോന്നുന്നു... നാടെവിടെയാണ്?"  


ലാസറിൻറെ മനസ്സ് ജാഗ്രതയിലായി. അയാൾ പറഞ്ഞു. "നോ... അതിന് സാധ്യതയില്ല. ഞാൻ സാറിനെ കാണുന്നത് ആദ്യമായിട്ടാണ്. ഞാനീ സിറ്റിയിൽ തന്നെ ഒരു വർഷമേ ആയിട്ടുള്ളൂ."


"നാടെവിടെയാണ്?"  ഫ്രെഡി പിന്നെയും സംശയത്തോടെ ചോദിച്ചു. ലാസർ സ്ഥലപ്പേര് പറഞ്ഞത് ബൈജുവച്ഛൻറെ നാടായിരുന്നു. അറിയില്ലെന്ന ഭാവത്തിൽ ഫ്രെഡി  വെട്ടിച്ചു. അവർ പിന്നെയും കുറച്ചു നേരം കൂടി അവിടെ നിന്നു. 


പിരിഞ്ഞുപോകവേ, നടന്നകലുന്ന ഫ്രെഡിയെയും ഹസ്സനെയും നോക്കിക്കൊണ്ട് ലാസർ നിന്നു. അയാളുടെ കയ്യിലപ്പോഴും ഫ്രെഡിയുടെ വിസിറ്റിംഗ് കാർഡുണ്ടായിരുന്നു. അയാൾ അതിലേക്ക് നോക്കിക്കൊണ്ടിരിക്കെ, ആ ചുണ്ടിൽ അതിഗൂഢമായ ഒരു പുഞ്ചിരി തെളിഞ്ഞു.


തുടരും

         

2 comments: